Leaderboard Ad

മഹേഷിന്‍റെ പ്രതികാരം എന്തുകൊണ്ട് ഏറ്റവും മികച്ച മലയാള സിനിമകളില്‍ ഒന്നാകുന്നു ?

0

ഇന്നുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി യൂണിറ്റ്, മെസ് അംഗങ്ങളുടെ പേരുകള്‍ ആളൊഴിഞ്ഞ് അവസാനമല്ലാതെ മറ്റെല്ലാ ടൈറ്റിലുകള്‍ക്കും മുന്‍പ് ആദ്യം തന്നെ എഴുതിക്കാണിച്ച് കണ്ട ആദ്യ സിനിമയായിരുന്നു മഹേഷിന്‍റെ പ്രതികാരം. ’95 ശതമാനം പ്രേക്ഷകര്‍ക്കും ഇഷ്ട്ടമാകുന്ന സിനിമ’ എന്ന അപൂര്‍വ്വ പ്രതിഭാസം ദൃശ്യത്തിനു ശേഷം വീണ്ടും മഹേഷിന്‍റെ പ്രതികാരത്തിലൂടെ സംഭവിക്കുമ്പോള്‍ പതിവ് കാഴ്ചകളില്‍ നിന്നും അതിനെ മുന്നിട്ടു നിര്‍ത്തുന്ന ഒരു കൂട്ടം ഘടകങ്ങളില്‍ ആദ്യത്തേത്, പിന്നില്‍ നില്‍ക്കുന്നവരുടെ പേര് കാഴ്ച്ചയുടെ മുന്നിലേക്ക്‌ ഒരിക്കലെങ്കിലും എത്തിച്ച ഈ നിലപാടില്‍ തോന്നിയ ആകര്‍ഷണമായിരുന്നു.

ആദ്യ ഷോട്ട് തന്നെ എടുത്തു പറയേണ്ടതാണ്… ഹവായി ചെരുപ്പ് കഴുകി വെളുപ്പിച്ച് കുളിക്കാനായി വെള്ളത്തിലേക്ക്‌ ചാടുന്ന മഹേഷിലൂടെയുള്ള സിനിമയുടെ തുടക്കം ‘ഹാ എത്ര മനോഹരമെന്നു’ പറഞ്ഞു പോകുന്നത് കഥാപാത്രത്തിന്‍റെ പശ്ചാത്തലവും സ്വഭാവവും അയാളുടെ ജീവിതവും ആ സിനിമ പറയാന്‍ പോകുന്ന ആകെത്തുകയുടെ സാമ്പിളും ആ ഒരൊറ്റ ഷോട്ടില്‍ ലളിതമായി വരച്ചിട്ടതു കൊണ്ട് മാത്രമല്ല. ഒരു ശരാശരി മലയാളിയുടെ ഓര്‍മ്മകളെ അത് അത്ര മാത്രം ഉണര്‍ത്തുന്നുണ്ട് എന്നുള്ളത് കൊണ്ട് കൂടിയാണ്. ഒരു കാലത്ത് ഞാന്‍ വെളുപ്പിക്കാന്‍ ശ്രമിച്ച ഹവായ് ചപ്പലുകളുടെ ഓര്‍മ്മകള്‍ വാറഴിച്ചു കൊണ്ട് എത്ര പെട്ടന്നാണ് ആ ഒരൊറ്റ ഷോട്ടിലൂടെ മിന്നിയത്. കുളി സോപ്പ് തീരുമെന്ന പേടി കൊണ്ട് അലക്ക് സോപ്പ് പതപ്പിച്ച് ചകിരി കൊണ്ട് ഹവായി ചെരുപ്പ് വെളുപ്പിച്ചിട്ടുള്ള നാളുകള്‍ എത്ര പെട്ടന്നാണ് എന്നെപ്പോലുള്ളവര്‍ക്ക് തിരിച്ചു കിട്ടിയത്…

കളി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വരുമ്പോള്‍ “ചാച്ചന്‍ എണീക്കണ്ട ചാച്ചന്‍ എണീറ്റാ വിക്കറ്റ് പോകും” എന്ന് സോണിയ പറയുമ്പോള്‍ സച്ചിന്‍ ഔട്ട്‌ ആകാതിരിക്കാനായി ബാത്ത്റൂമില്‍ പോകാതെ പോലും പിടിച്ചിരുന്നിട്ടുള്ള എന്‍റെ അന്ധവിശ്വാസകാലം എങ്ങനെ ഓര്‍ക്കാതിരിക്കും? മേശയില്‍ മുട്ടി ചോറ്റും പാത്രം തുറക്കുന്ന മഹേഷിലും അതിലെ മുട്ട പൊരിച്ചതിലും മഞ്ഞക്കറിയിലുമുള്ള പച്ചയായ ജീവിതത്തിന്‍റെ മണം എങ്ങനെ അറിഞ്ഞില്ല എന്ന് വെക്കാനാകും? മൗസ് രണ്ടു കൈ കൊണ്ട് പിടിക്കുന്ന ബേബിച്ചായാനും, ബസിലിരിക്കുന്ന പെണ്‍കുട്ടികളെ നോട്ടമിടുന്ന കിളിയും നമ്മുടെ ചുറ്റുമുള്ള ഒരുപാട് മുഖങ്ങളെ ഓര്‍മ്മിപ്പിക്കുന്നില്ലേ? കുങ്ങ്ഫു അല്ലാതെ വേറെ ഒന്നിനെക്കുറിച്ചും വലിയ പിടിയില്ലാത്ത കുങ്ങ്ഫു മാഷ്‌ കല്‍ പണിക്കാരനും നിഷ്കളങ്കനുമായ എന്‍റെ കുങ്ങ്ഫു മാഷിന്‍റെയും മറ്റനേകം കുങ്ങ്ഫു മാഷുമാരുടെയും സിനിമാറ്റിക് പുനര്‍ജന്മമായിരുന്നു എന്നതല്ലേ സത്യം? വൈകിട്ട് സ്കൂളിലെ ജനഗണമനയ്ക്കിടയില്‍ പുസ്തകം എടുത്ത് ബാഗില്‍ വെച്ച് സിബ് അടയ്ക്കുന്ന കുട്ടിയില്‍ ഞാനും നീയും നമ്മളുമില്ലേ? വൈകുന്നേരം ചായയ്ക്ക് കഴിക്കാന്‍ ഒന്നും ഇല്ലാത്തതില്‍ ഇടയുന്ന നായിക വേറെ ആരാണ്? ചക്കയിടലും, കപ്പ വെട്ടും, മരിച്ചടക്കുമൊക്കെയായി ഒരു ശരാശരി മലയാളി ജീവിതത്തിന്‍റെ നഷ്ട്ടപെട്ടു പോയതോ അല്ലെങ്കില്‍ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നതോ ആയ സുവര്‍ണ്ണ നിമിഷങ്ങളുടെ ഒന്നാന്തരം നിരീക്ഷണവും തനിമ ഒട്ടും ചോരാതെയുള്ള കോര്‍ത്തെടുക്കലുമാണ് മഹേഷിന്‍റെ പ്രതികാരം. സിമ്പ്ലിസിറ്റിയുടേയും റിയലിസ്റ്റിക് അവതരണത്തിന്‍റെയും മികച്ച ഉദാഹരണങ്ങളില്‍ ഒന്ന്.

ചെറുതെങ്കിലും വലുതായ ഇത്തരം ജീവിത നിരീക്ഷണങ്ങളോടൊപ്പം സിനിമയില്‍ നിന്നും നിരീക്ഷിച്ചെടുക്കേണ്ട ഫിലിം മേക്കിംഗ് എന്ന കലയുടെ മിടുക്ക് ഏറെയുണ്ട് പറയാന്‍. തിരിച്ചു പ്രതികാരം ചെയ്യുക എന്നതില്‍ ഉപരിയായുള്ള പ്രതികാരത്തിന്‍റെ മനോഹരമായ പുതിയൊരു തലവും, ജീവിതത്തിലേക്ക് വരാന്‍ പോകുന്ന പെണ്‍കുട്ടി എത്രയോ മുന്‍പ് തന്നെ ആള്‍ക്കൂട്ടത്തില്‍ മഹേഷിനെ പാസ്‌ ചെയ്തു പോകുന്നതായി രണ്ടാം വട്ട കാഴ്ചയില്‍ ശ്രദ്ധയില്‍പെട്ട ഷോട്ടും ജീവിതത്തിന്‍റെ മനോഹരമായ ആകസ്മികതകളുടെ തുടിപ്പ് ചോരാതെയുള്ള ആവിഷ്കാരമായി കാണാതെ വയ്യ. വഞ്ചിച്ച കാമുകിയോട് ഫോണില്‍ പറഞ്ഞ് അവസാനിപ്പിച്ച് നേരെ വളര്‍ത്തു പട്ടിക്ക് ചോറ് കൊടുക്കാന്‍ പോകുന്ന മഹേഷിലൂടെ തിരക്കഥാകൃത്തും സംവിധായകനും പറയാതെ പറയുന്നത് എന്താണ് എന്നുള്ളത് പറഞ്ഞറിയിക്കാനുള്ളതല്ല സ്വയം ചിന്തിച്ചെടുക്കാനുള്ളതാണ് എന്നാണ് എനിക്ക് പറയാനുള്ളത്. അവളുടെ കല്യാണ ദിവസം വഴിയില്‍ ബൈക്ക് നിര്‍ത്തി യോഗിയെപ്പോലെ അവളെ നോക്കി നില്‍ക്കുന്ന മഹേഷിന്‍റെ ചിരി, അങ്ങനെയോരാള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടിയുടെ ആ മൂവിംഗ് ഷോട്ട്, എണ്ണം പറഞ്ഞ ഫ്രെയിമുകളില്‍ ഒന്നായി കണ്ടു പോയാല്‍ അതിശയമില്ല. തുടര്‍ന്ന് മനസു ശാന്തമാകുന്നത് പോലെ പെയ്തൊഴിയുന്ന മഴ, പിന്നീട് പ്രതികാരത്തിനായി ബെല്‍റ്റ്‌ മുറുക്കുമ്പോള്‍ മുഖത്ത് വീഴുന്ന സ്റ്റുഡിയോയിലെ ചുവന്ന വെളിച്ചം, എന്നിങ്ങനെ എടുത്തു പറയേണ്ടത് പലതുണ്ട്…

നാടന്‍ ചിന്താഗതിയുള്ള പെണ്‍കുട്ടികളെ വിശ്വസിക്കാമെന്നും മോഡേണ്‍ ചിന്താഗതിയുള്ള പെണ്‍കുട്ടികളെ ഒന്ന് കൂടെ ആലോചിക്കണം എന്നുമുള്ള ഇന്നും നിലനില്‍ക്കുന്ന തെറ്റിദ്ധാരണയിലേക്ക് പതിക്കുന്ന വെളിവിന്‍റെ വെളിച്ചമാണ് മഹേഷിന്‍റെ ജീവിതത്തില്‍വരുന്ന 2 പെണ്‍കുട്ടികള്‍. രണ്ടാളും നാട്ടിന്‍പുറത്തുകാര്‍ തന്നെയെങ്കിലും ഒരാള്‍ അല്‍പം കൂടി മോഡേണ്‍ ആണ്. ആദ്യത്തെയാള്‍ മഹേഷില്‍നിന്ന് ഇഷ്ട്ടം അറിഞ്ഞതാണെങ്കില്‍ മറ്റേയാള്‍ ഇഷ്ട്ടം അങ്ങോട്ട്‌ അറിയിക്കുകയാണ് ചെയ്യുന്നത്. രണ്ടു പേരുടെയും കാരക്റ്റര്‍ രണ്ട് മരണവീടുകളിലായി നമുക്ക് കൂടുതല്‍ മനസിലാക്കാവുന്നതാണ്. ഒരാള്‍ മരണ വീട്ടില്‍ വെച്ച് കാമുകനിലേക്ക്‌ മാത്രം കൊടുക്കുന്ന ശ്രദ്ധയും മുഖത്തെ ചിരിയും, അതേ സാഹചര്യത്തിലുള്ള മറ്റെയാളുടെ അടങ്ങിയ ഭാവവും രണ്ടാളുടെയും കാരക്റ്റര്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടു പേരുടെയും അമ്മമാരെ കൂടുതല്‍ നിരീക്ഷിക്കുമ്പോള്‍ ഇതിന് കൂടുതല്‍ വ്യക്തത കിട്ടുന്നു. രണ്ടു പേരില്‍ രണ്ടാമത്തെയാളാണ് മഹേഷിന്റെ ജീവിതം നിര്‍ണ്ണയിക്കുന്നത് എന്നത് മഹേഷിന്റെ ജീവിതം നമ്മളിലേക്ക് കൂടി വീശുന്ന പുതിയ വെളിച്ചമാകുന്നു.

“ഒന്ന് രണ്ട് പെണ്ണുങ്ങള്‍ പറ്റിച്ചു കടന്നു കളഞ്ഞപ്പോഴാണ് അറേഞ്ച്ഡ് മാരേജില്‍ വിശ്വാസം വന്നതെന്നു” പറയുന്ന കല്യാണ ചെക്കന്‍ മറ്റൊരാളെ പറ്റിച്ച പെണ്ണിനെ കല്യാണം ഉറപ്പിയ്ക്കുന്ന അവസ്ഥയില്‍ രണ്ടു തരം കല്യാണങ്ങളിലെയും രണ്ടു തരം സാധ്യതകളും വീണ്ടും ആലോചിക്കാന്‍ വല്ലാത്ത രസം. മഹേഷിന്‍റെ കയ്യില്‍ തറച്ച ആര് എടുത്തു കൊടുക്കുന്ന നായികയുടെ രംഗം, അവള്‍ അയാളുടെ ജീവിതത്തില്‍ എന്ത് മാത്രം താങ്ങാവുമെന്നുള്ള ആ ആഴത്തിന്‍റെ അറിയിപ്പ് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ രോമാഞ്ചമുണ്ടാക്കുന്നു. തന്റേടമുണ്ടെന്ന് തോന്നിക്കുന്ന ആ നായികയിലുമുള്ള സാധാരണ പെണ്ണിനെ വരച്ചിടുന്നത് കാണാം അവള്‍ മഹേഷിന്‍റെ പൂര്‍വ്വ കാമുകിയെക്കുറിച്ച് പറയുമ്പോള്‍. അവിടെ അവളില്‍ നിഷ്കളങ്കമായി പുറത്തു വരുന്ന സ്ത്രീ സഹജമായ ഒരു ഭാവമുണ്ട്. അതിപ്പോഴും ചിരിപ്പിക്കുന്നുണ്ട്.

അതുപോലെ മറ്റൊന്ന് ക്രിസ്പിന്‍ എന്ന സൗബിന്‍റെ കഥാപാത്രത്തിലൂടെ ബ്രേക്ക് ചെയ്യുന്ന ക്ലിഷേയാണ്. ജഗതി ശ്രീകുമാറും ഹരിശ്രീ അശോകനും സുരാജും മുതലുള്ളവരിലൂടെ രൂപപ്പെട്ട, നായകനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരിടപഴകുന്ന നായിക അല്ലാത്ത ഒരു പെണ്‍കുട്ടിയെ പ്രണയിക്കും എന്ന വിശ്വാസം അല്ലെങ്കില്‍ പ്രണയിക്കണം നിര്‍ബന്ധത്തെ ഭംഗിയായി കട്ട് ചെയ്യുന്നുണ്ട് ചിത്രത്തില്‍. “നീയും സോണിയയും തമ്മില്‍ എന്നതാടാ” എന്ന ബേബിച്ചായന്‍റെ ചോദ്യത്തിന് നമ്മുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായ ഉത്തരമാണ് സൗബിനില്‍ നിന്ന് കിട്ടുന്നത്. സൌബിന്‍റെ ക്രിസ്പിന്‍ ചിരിയോടൊപ്പം ഉള്ളിലൊരു പുകച്ചില്‍ കൂടി ഉണ്ടാക്കിയത് അവിടെയാണ്. ചിരിപ്പിച്ചു കൊണ്ട് ഉള്ളില്‍ നീറ്റലുണ്ടാക്കുക എളുപ്പമല്ല.

എടുത്തു പറയേണ്ട മറ്റൊരു നിധി മഹേഷിന്‍റെ ചാച്ചന്‍ വിന്സന്റ് ഭാവനയാണ്. ‘എന്താണ് ഫോട്ടോഗ്രഫി’ എന്ന തിരിച്ചറിവിലേക്ക് മകനെ എത്തിക്കാന്‍ അങ്ങനെയോരാള്‍ക്ക് തന്നെയേ കഴിയൂ എന്ന് ചിന്തിപ്പിക്കുന്ന, ഒരു ചിത്രത്തിന്‍റെ മുഴുവന്‍ ഫീല്‍ ഒതുക്കി വെച്ച, മുകളിലിരുന്ന് ദൈവം കാണും പോലെ മാറി നിന്ന് എല്ലാം നിശബ്ദമായി അറിയുന്ന, വേണ്ട സമയത്ത് മാത്രം ഇടപെടുന്ന, ആത്മീയ തലം ഉള്ള പാത്ര സൃഷ്ട്ടി. രണ്ടാളും വരുന്ന നിര്‍ണ്ണായകമായ ഒരു മൂവിംഗ് ഷോട്ടില്‍ കാമറയുടെ ഫോക്കസ് പുറത്തേക്കു നോക്കിയിരിക്കുന്ന ചാച്ചനിലാണ്‌ എന്നത് ആ കഥാപാത്രത്തിന്‍റെ റേഞ്ച് വിളിച്ചു പറയുന്നതാണ്. ഭാവന അച്ചായനില്‍ കൂടുതല്‍ അറിയേണ്ട ആഴമുണ്ട്. നല്ല അടിയൊഴുക്കും…

രണ്ടാം വട്ട കാഴ്ച്ചയിലും മഹേഷിനോടും അവന്‍റെ പ്രതികാരത്തോടുമുള്ള ഇഷ്ട്ടം വളരുകയാണ്… ജീവനുള്ള കഥയും ജീവിതമുള്ള തിരക്കഥാരചനയും സിംഗിള്‍ ഷോട്ടുകളിലും പശ്ചാത്തലങ്ങളിലും എന്തിന് കോസ്റ്റ്യൂമുകളില്‍ പോലും ജീവിതം കൊണ്ട് വന്നിട്ടുള്ള വല്ലാത്ത ഹൃദയമിടിപ്പുള്ള ഫിലിം മേക്കിങ്ങും സമം ചേര്‍ന്ന മേന്മയുടെ മാറ്റ് നോക്കുമ്പോള്‍ സംഘട്ടന രംഗത്തെ കാണികളുടെ പ്രതികരണത്തിന്‍റെ സൗണ്ട് എഫെക്റ്റ് പോലും മനസിലേക്ക് വരുന്നുണ്ട്. കൂടുതല്‍ അറിയുമ്പോള്‍, മഹേഷും, ഭാവന അച്ചായനും, ബേബിയും, ക്രിസ്പിനും, വിജിലേഷുമൊക്കെ ഒരു നാടിന്‍റെയും ഒരു സംസ്കാരത്തിന്‍റെയും പ്രതീകങ്ങള്‍ കൂടി ആവുന്നു. എട്ടിന്‍റെ ലൂണാര്‍ വെറുമൊരു ചെരുപ്പിലുപരിയും, പ്രതികാരം എന്നത് ഒരു മനുഷ്യന്‍റെ നിലപാടില്‍ ഉപരി അയാളുടെ രൂപീകരണവുമാകുന്നു. അവിടെ ഞാന്‍ ഏറ്റവും മികച്ച മലയാള സിനിമകളുടെ വ്യക്തിഗത പട്ടികയിലേക്ക് മഹേഷിന്‍റെ പ്രതികാരം ചേര്‍ക്കുന്നു. പടം കണ്ടിറങ്ങിയ ശേഷം മുന്‍പ് എഴുതി വെച്ചിരുന്ന കടലാസ് കെട്ടുകള്‍ എടുത്ത് വീണ്ടും മറിച്ചു നോക്കിയ ശേഷമുള്ള ആരുടെയോ ശപഥം എനിക്കിപ്പോള്‍ കേള്‍ക്കാം…”ഇതിനോളം പോന്നതോ ഇതിലും മികച്ചതോ ആയ ഒരു സിനിമ എടുത്തിട്ടേ ഇനി ഞാന്‍………!!!”

ബാക്കി സിനിമ പറയും…… :)

Share.

About Author

കോഴിക്കോട് സ്വദേശി. ഫ്രീലാന്‍സ് എഴുത്തുകാരന്‍, ബ്ലോഗര്‍, റേഡിയോ പ്രൊഫഷണല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍, ഫോട്ടോഗ്രാഫര്‍... 'കഥയില്ലാത്ത കഥകള്‍' എന്ന ചെറുകഥാ സമാഹാരം ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കപ്പ ടി വി ഷൂട്ട് ആന്‍ ഐഡിയ ആദ്യ സീസണില്‍ ഒന്നാം സ്ഥാനം. ഹോം, രണ്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഇ കാലത്ത്, അന്ന് പെയ്ത മഴയില്‍ എന്നിവ ഹ്രസ്വചിത്രങ്ങള്‍.

118q, 0.487s