Leaderboard Ad

കുമാരന്‍ മാഷില്‍ നിന്നും രാമചന്ദ്രന്‍മാഷിലേക്ക്…. നാം മുന്നോട്ട്.

0

മയ്യഴി അധീനതയിലായിരുന്ന വടകര വാഴുന്നോരെ ഫ്രഞ്ചുകാര്‍ പണ്ടു വിളിച്ചത് ബയനോര്‍ എന്നായിരുന്നു. ബയനോര്‍ പോയി മൂപ്പന്‍ വന്നത് പഴയചരിത്രം.  മൂപ്പന്‍ പോയി മാഷു (കുമാരന്‍ മാഷ്) വന്നപ്പോള്‍ അടിമത്വത്തിന്റെ ഗതകാലം കപ്പലുകയറി മയ്യഴി ജനാധിപത്യം ശ്വസിച്ചു. പിന്നീട് അതിപ്രഗത്ഭരും മനുഷ്യസ്നേഹികളുമായ നേതാക്കള്‍ മയ്യഴിയെ നേര്‍വഴി നയിച്ചു. ലോകത്തെ ഏതു വികസിത രാജ്യത്തോടും കിടപിടിക്കുന്ന ആശുപത്രികള്‍, റോഡുകള്‍,വിദ്യാലയങ്ങള്‍……. വികസനത്തിന്റെ പുതിയ സന്ദേശവുമായി മയ്യഴി, സി.എച്ച്.

ഗംഗാധരന്റെ വാക്കുകളില്‍ കേരളത്തിന്റെ കുഞ്ഞുപെങ്ങളായി മയ്യഴി വിളങ്ങിനിന്നു….

1969ല്‍ ഐ.കെ.കുമാരന്‍മാസ്റ്ററുടെ അനിവാര്യമായ സ്ഥാനാരോഹണം സ്വതന്ത്രനായായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നത്തിലുണ്ടായിരുന്ന മയ്യഴി പൂഴീത്തലമുതല്‍ മൂലക്കടവുവരെ നിയമത്തിന്റെ പഴുതുകളിലൂടെ വികസിച്ചു മദ്യഴിയായത് കാല്‍നൂറ്റാണ്ടിന്റെ പുതുചരിത്രമാണ്. ലോകത്തെ ഏതു രാജ്യത്തെയും വികസനത്തിന്റെ മുന്തിയ അളവുകോല്‍ ആ പ്രദേശത്തെ ജനതയുടെ  ആരോഗ്യമാണ്. ആയുസ്സെത്താതെ യൗവ്വനത്തിന്റെ പടിവാതിലില്‍ നിന്നും നേരെ മരണത്തിന്റെ നീരാളിപിടുത്തത്തിലേക്ക് വഴുതിവീഴുന്ന മയ്യഴിയിലെ ചെറുപ്പക്കാര്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഈ തലതിരിഞ്ഞ വികസനത്തിന്റെ ദുരന്തഫലമാണ്.

വികസനനായകനും കൂട്ടാളികള്‍ക്കും മുങ്ങിച്ചാവാന്‍മാത്രമുള്ള കണ്ണീര്‍ അവരെ പോറ്റിവളര്‍ത്തിയ നിരാലംബരായ അമ്മമാര്‍ ഒഴുക്കിയിട്ടുണ്ട്. തരംതാണ മദ്യത്തിന് ഒരു സമൂഹത്തെ അടിമകളാക്കിയത് വികസനമാണോ? സമീപകാലങ്ങളില്‍
യൗവനം പിന്നിടാതെതന്നെ കാലപുരി പൂകിയ മയ്യഴിക്കാരുടെ എണ്ണത്തിന്റെ കണക്ക് കൃത്യമായെടുത്താല്‍ ലോകത്തെ അത്തരമൊരു ഏക പ്രദേശം എന്ന അപമാനത്തിനുതന്നെ അതു കാരണമായേക്കാം. ഈ അകാലമരണങ്ങളൊന്നും മാനവശേഷി വികസന ഇന്‍ഡക്സില്‍ വരാത്ത സംഗതിയായതുകൊണ്ട്, വികസനത്തിന്റെ പ്രവാചകനും സ്തുതിപാഠകര്‍ക്കും അതൊന്നും ഒരു വിഷയമാവണമെന്നില്ല.

ഇനിയങ്ങോട്ട് വികസിക്കാന്‍ ഇടമില്ലാത്തതാണ് ഇപ്പോള്‍ വികസനനായകന്റെ ഉറക്കം കെടുത്തുന്നത്. ഇതെല്ലാമാണ് വികസനമെങ്കില്‍ ആ വികസനസംസ്‌കാരത്തിന്റെ ജനാസനമസ്‌കാരത്തിനുള്ള കാലം കഴിഞ്ഞിരിക്കുന്നു. സ്വയം പ്രഖ്യാപിത വികസനനായകന്റെയും കൂട്ടാളികളുടെയും പിടിയില്‍ നിന്നും മയ്യഴിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള, നാടിന്റെ വിമോചനപ്രകൃയുടെ തുടക്കമാണീ തിരഞ്ഞെടുപ്പ്. കുമാരന്‍മാസ്റ്റര്‍ തുടങ്ങിവച്ച പ്രയാണം രാമചന്ദ്രന്‍മാഷ് തുടരട്ടെ. എന്തുകൊണ്ടു രാമചന്ദ്രന്‍മാഷ് എന്ന ചോദ്യത്തിനുത്തരം  കേന്ദ്രസര്‍ക്കാര്‍ കേന്ദ്രഭരണപ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍, വിനിയോഗിക്കുന്ന  ഫണ്ടുകള്‍ സ്വാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായവര്‍ കൊള്ളയടിച്ചതിന്റെ
നേര്‍ചിത്രമാണ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത്, ഒട്ടും താമസിയാതെ കൊട്ടിയടക്കപ്പെട്ട മയ്യഴിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം. പദ്ധതി നിര്‍വ്വഹണത്തില്‍  കയ്യിട്ടുവാരി, നിര്‍മ്മാണം അലങ്കോലമാക്കി, നാട്ടിലെ മൊത്തം ഐസുകട്ടകളും കൊണ്ടുവന്നു നിരത്തി എ.സിയാണെന്നു കേന്ദ്രമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ച് ഉദഘാടനം നടത്തിപ്പൂട്ടിക്കെട്ടിയ സ്റ്റേഡിയം ചോര്‍ന്നൊലിച്ച്, കാടുകയറി ഇന്നു തെരുവുപട്ടികളുടെ ആവാസമേഖലയായി മാറിക്കഴിഞ്ഞു. കൊട്ടിഘോഷിക്കപ്പെടുന്ന തലതിരിഞ്ഞ വികസനപ്രവര്‍ത്തനങ്ങളുടെ മകുടോദാഹണമാണ് ഇന്നത്.

കേന്ദ്രഭരണ പ്രദേശത്തിനായി കേന്ദ്രം വകയിരുത്തിയ പണം വികസനനായകര്‍ വൃത്തിയായി കൊള്ളയടിച്ചതിന്റെ കൃത്യവും സുന്ദരമായ തെളിവാണ് സി.എ.ജി റിപ്പോര്‍ട്ട്. വികസനമെന്നതിന്റെ അര്‍ത്ഥം ഒരു ജനതയുടെ നികുതിപ്പണത്തില്‍ കൈയ്യിട്ടുവാരിയ കോടികളുടെ കഥയാണെങ്കില്‍ മാഹി ഹാര്‍ബര്‍ മുന്തിയ  വികസനമാണ്. ഭാഗ്യത്തിന് ഒരു ഹാര്‍ബറിനു മാത്രമേ സ്ഥലമുണ്ടായിരുന്നുള്ളൂ… അല്ലെങ്കില്‍ ഒരു ലൈസന്‍സില്‍ യഥേഷ്ടം കൗണ്ടറു പോലെ തീരം മുഴുവനായും ഹാര്‍ബര്‍ പണിയുമായിരുന്നു…. ഒരൊറ്റ ഹാര്‍ബറിനായി വന്ന അധികച്ചിലവ് 33.63 കോടിയാണെന്നു സി.എ.ജി.

ഒരുകാലത്ത് മയ്യഴിയിലെ പൊതുവിദ്യാലയങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. മയ്യഴിക്കു പുറമേനിന്നുപോലും എത്രയോ വിദ്യാര്‍ത്ഥികള്‍ ആദ്യക്ഷരം കുറിച്ച അറിവിന്റെ ആ നിറദീപങ്ങള്‍ ഇന്ന് അന്ത്യകൂദാശ കാത്തുകിടക്കുന്ന കാഴ്ച ആരെയും വേദനിപ്പിക്കുന്നതാണ്. കുട്ടികളെയും വഹിച്ചുള്ള വാഹനങ്ങള്‍ നിരനിരയായി കൂണുപോലെ മുളപ്പിച്ചെടുത്ത
സ്വാകാര്യവിദ്യാലയങ്ങളിലേക്കു നിരനിരയായി നീങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. അടച്ചുപൂട്ടിക്കാനായി വ്രതംനോറ്റ്, കോളേജ് ഗ്രൗണ്ടടക്കം കൈക്കലാക്കി ഒരു ഐ.ഡി നോട്ടിന്റെ പഴുതിലൂടെ ഒന്നു കൂടി വികസിക്കാനായി നടത്തിയ ശ്രമം ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ടതോടെയാണ് മഹാത്മാവിന്റെ പേരിലുള്ള ആ കലാലയം ശ്വാസം വീണ്ടെടുത്തത്. ആ കാഴ്ച നാം കണ്ട് കാലമേറെയായില്ല.

കേരളത്തിലെ മലയോരമേഖലകളില്‍ നിന്നു കൂടി രോഗികള്‍ തേടിയെത്തുമായിരുന്ന മാഹി ജനറല്‍ ആശുപത്രി, നിലവിലെ സൗകര്യങ്ങളും കേന്ദ്രപദ്ധതികളും ഉപയോഗിച്ച് ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്ററായി മാറേണ്ടിയിരുന്ന സ്ഥാപനമാണ്. പനിയുമായെത്തിയ രോഗിക്കുവരെ മറ്റൊരിടം തേടിപോവേണ്ട  അവസ്ഥയിലേക്ക് ആ സ്ഥാപനവും കൂപ്പുകുത്തുമ്പോഴാണ് സ്വകാര്യ ദന്തല്‍ കോഴ കൊളേജ് വികസനനായകനും കൂട്ടരും കെട്ടിപ്പൊക്കിയത്. മയ്യഴിയുടെ കണ്ണായ സ്ഥലങ്ങളൊക്കെ കയ്യേറി മൂല്യങ്ങള്‍ കാറ്റില്‍ പറത്തി ചെയ്യുന്ന കച്ചവടം വികസനമല്ല, മൂല്യചുതിയുടെ മികച്ച ഉദാഹരണമാണ്.

കുപ്പയിലെ കോഴികണക്കെ എല്ലാം തങ്ങളിലേക്കു ചിള്ളിയടുപ്പിക്കുന്നതാണ് വികസനമെന്നു മാലോകരോടു വിളിച്ചുപറയുന്ന വികസനനായകരില്‍ നിന്നും മയ്യഴിയുടെ വിമോചനം ഒരു ചോദ്യചിഹന്മായി നില്ക്കുമ്പോള്‍ അതിനുള്ള ഉത്തരവും പ്രതീക്ഷയുമാണ് രാമചന്ദ്രന്‍മാഷ്. മയ്യഴിയുടെ സമഗ്രമായ  വികസനസങ്കല്‍പങ്ങള്‍ക്ക്, നേരും നെറിയുമുള്ള ഭരണത്തിനായി, സ്വാര്‍ത്ഥതയുടെ ഒരു നിഴലുപോലും ജീവിതത്തിലില്ലാതെ ദശാബ്ദങ്ങളായി കാരുണ്യസ്പര്‍ശവുമായി ആതുരസേവനമെന്ന തന്റെ കര്‍മ്മമേഖലയില്‍ നിറഞ്ഞുനില്ക്കുന്ന ആ  മനുഷ്യസ്നേഹിയുടെ നേതൃത്വം ഇന്നിന്റെ അനിവാര്യതയാണ്. ഐ. കെ. കുമാരന്‍മാഷ് തുടങ്ങിയത് രാമചന്ദ്രന്‍മാഷ് തുടരട്ടെ.

Share.

About Author

136q, 0.600s