Leaderboard Ad

കപട നിക്ഷ്പക്ഷതയിൽ പൊലിയുന്ന കമ്മ്യൂണിസ്റ്റ്‌ ജീവനുകൾ

0

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തെ നിലനിര്‍ത്താനും ഭരണകൂടം തെറ്റായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഒരു പ്രതിപക്ഷത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ആ നിലപാടിനെ തിരുത്താനുള്ള ചാലകശക്തിയാകുക എന്നൊരു ഉത്തരവാദിത്വം കൂടിയുണ്ട് മാധ്യമങ്ങള്‍ക്ക്. എന്നാല്‍ കേരളത്തിലെ മുഖ്യാധാരമാധ്യമങ്ങള്‍ ഒരിക്കല്‍ പോലും അവരുടെ ആ ഒരു ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല. അതിനു വേണ്ടിയൊന്നു ശ്രമിക്കുക പോലും ചെയ്തിട്ടില്ല. സ്വാമി വിവേകാനന്ദന്‍ “ഭ്രാന്താലയം” എന്ന് വിളിച്ച ഒരു സംസ്ഥാനം സാമൂഹ്യപരമായും സംസ്കാരീകമായും വിദ്ധ്യഭ്യാസപരമായും ഏറ്റവും മുന്‍പന്തിയില്‍ തന്നെ എത്തിയിട്ടുണ്ട് എങ്കില്‍ അതിനു കാരണം ഇവിടുത്തെ ജനതക്കുള്ള ഒരു ഇടതുപക്ഷ മനസ്സായിരുന്നു. അത് സൃഷ്ടിച്ചു എടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും. ആ ഒരു ഇടതുപക്ഷ മനസ്സിനെ തകര്‍ക്കാന്‍ എന്നും മാദ്ധ്യമങ്ങള്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കുടിച്ചു മരിക്കും എന്ന് പ്രഖ്യാപിച്ച മലയാള മനോരമയില്‍ തുടങ്ങുന്നു മാദ്ധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധത.

മലയാളികളുടെ ഇടയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത കുത്തിവയ്ക്കുന്നതില്‍ ആദ്യത്തെ പടിയായിരുന്നു കമ്മ്യൂണിസ്റ്റ്കാര്‍ എല്ലാവരും തന്നെ മതവിരുദ്ധര്‍ ആണെന്ന് വരുത്തിതീര്ത്തത്. അതിനു ശേഷം കംമ്യൂനിസ്ട്ടുകാര്‍ എല്ലാം ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ആണെന്നായിരുന്നു അടുത്ത പ്രചരണം. കണ്ണൂര്‍ എന്ന ജില്ലയെ ആക്രമണങ്ങളുടെ തലസ്ഥാനം ആയും അവിടുള്ളവരെ മുഴുവന്‍ ആക്രമണകാരികള്‍ ആയും ചിത്രീകരിക്കപ്പെടുകയുണ്ടായി. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വഴി കണ്ണൂരിനെ പറ്റി തെറ്റായൊരു പോതുബോധം സൃഷ്ടിച്ചു എടുക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് കഴിഞ്ഞു.

എന്നാല്‍ അതുവഴി വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ അഴിഞ്ഞാടാന്‍ ഉള്ള അവസരം ഒരുക്കല്‍ ആയിരുന്നു അവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊണ്ടിരിക്കുന്നത്. കാരണം വര്‍ഗീയത വളര്‍ത്തുന്നതില്‍ അവര്‍ക്ക് ഏറ്റവും തടസം ഇവിടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്നു. നുണകള്‍ക്ക് മുകളില്‍ നുണ കൊണ്ട് കെട്ടിപ്പടുത്ത ഒരു വര്‍ഗീയ കക്ഷിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആശയപരമായി എതിരിടുക അസാദ്ധ്യമാണല്ലോ. സ്വന്തം അണികളെ പിടിച്ചു നിര്‍ത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തളര്‍ത്താനും അക്രമങ്ങളിലൂടെ കഴിയുമെന്ന് അവര്‍ കരുതുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങളുടെ പ്രതിഫലനം എന്ന വണ്ണം ഏതെങ്കിലും ഒരു സംഘപരിവാര്‍ പ്രവര്ത്തകന് ചെറിയ പരിക്കെങ്കിലും പറ്റിയാല്‍ അവര്‍ അക്കാലമത്രയും ചെയ്തു കൂട്ടിയത് ഒരു നിമിഷം കൊണ്ട് വിസ്മരിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അക്രമസംഘടനയായി മുദ്ര കുതുവാനും എന്നും നിങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ മുന്നില്‍ തന്നെയുണ്ട്‌.

കണ്ണൂരിന്റെ രാഷ്ട്രീയം എന്നും വ്യത്യസ്തം ആയിരുന്നു. വമ്പന്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജില്ല. കയ്യൂരും കരിവള്ളൂരും കൂത്തുപറമ്പും എല്ലാം മങ്ങാതെ എല്ലാ പ്രവര്‍ത്തകരുടെയും നെഞ്ചിലുണ്ട്. അതോടൊപ്പം തന്നെ വര്‍ഗീയസംഘടനകളും (വിശിഷ്യാ സംഘപരിവാര്‍ സംഘടനകള്‍) അവിടെ ശക്തരാണ് എന്നതാണ് കണ്ണൂര്‍ എന്ന ജില്ലയുടെ പ്രധാന പ്രത്യേകത. അവര്‍ക്ക് മുന്‍കൈ ഉള്ള ഇടങ്ങളില്‍ വര്‍ഗീയആശയങ്ങള്‍ വളര്‍ത്തുന്നതില്‍ എന്നും വിലങ്ങുതടി ആയി നിന്നിരുന്നത് ഇടതുപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ ആയിരുന്നു. ബൌദ്ധീകമായി അവരെ വെല്ലുക അസാദ്ധ്യം ആയതുകൊണ്ട് അവരെ ശാരീരികമായി അക്രമിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു അവര്‍ക്ക്. ആദ്യമൊക്കെ ഇരുട്ടിന്റെ മറവിലും പിന്നീട് പകല്‍വെളിച്ചത്തിലും അവര്‍ കൂട്ടായി ആക്രമണങ്ങള്‍ നടത്തി. കെവി സുധീഷ്‌, പി ജയരാജന്‍ അങ്ങനെ ഒട്ടനവധി പേര്‍ അവരുടെ ആക്രമണത്തിന് ഇരയായി. ഒട്ടനവധി സഖാക്കള്‍ രക്തസാക്ഷികള്‍ ആയി. നാല് വയസ്സുള്ള പെണ്‍കുട്ടി പോലും അവരുടെ ആക്രമണത്തിന് ഇരയായി. അപ്പോഴൊക്കെയും മാധ്യമങ്ങള്‍ കണ്ണടച്ചു. ആക്രമണങ്ങളില്‍ സഹികെട്ട് തിരിച്ചടി ഉണ്ടാകുന്നതു വരെ അവര്‍, മാദ്ധ്യമങ്ങള്‍ കാത്തിരുന്നു. തിരിച്ചടിയുടെ അടുത്ത നിമിഷത്തില്‍ അവര്‍ അച്ച് നിരത്തി തുടങ്ങി. കണ്ണൂരില്‍ വീണ്ടും അക്രമം. പിന്നീട് ചര്‍ച്ചകള്‍.. എല്ലാ ചര്‍ച്ചകളിലും ഇടതുപക്ഷത്തെ ആക്രമിക്കാന്‍ കൂലിയെഴുത്തുകാര്‍ തന്നെ വന്നു. ഇടതുപക്ഷം ആക്രമപാര്‍ട്ടിയായി മുദ്ര കുത്തപ്പെട്ടു. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷത്തിനും അറിയാമായിരുന്നു ആരാണ് ഇതിനൊക്കെ കാരണക്കാര്‍ എന്ന്. യഥാര്‍ത്ഥ  വാര്‍ത്തകളും കണക്കുകളും പരിശോദിച്ചാല്‍ ഒരു നേരിയ സംശയത്തിനു പോലും ഇടവരാതെ അത് വ്യക്തമാകുമായിരുന്നു.

ചര്‍ച്ചകളില്‍ ഒരിക്കല്‍ പോലും സംഘപരിവാര്‍ അവരുടെ ആക്രമണം വെടിയണം എന്ന് പറഞ്ഞു കേട്ടിട്ടില്ല. കുറച്ചുപേര്‍ വിചാരിച്ചാല്‍ കണ്ണൂര്‍ ശാന്തമാക്കാന്‍ കഴിയും. രാവിലെ ഇറങ്ങുമ്പോള്‍ വൈകുന്നേരം തിരിച്ചെത്തും എന്ന ഉറപ്പില്‍ ഓരോ പ്രവര്‍ത്തകര്‍ക്കും വീട്ടില്‍ നിന്നിറങ്ങാന്‍ കഴിയും. ചെയ്യേണ്ടത് ഇത്രമാത്രമാണ് വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുക. ഉള്ളതിനും ഇല്ലാത്തതിനും ഇടതുപക്ഷത്തെ നന്നാക്കാന്‍ ശ്രമിക്കുന്നതിനു ഇടക്ക് ഒരല്‍പസമയം അവരെക്കൂടി ഒന്ന് ശ്രദ്ധിക്കുക. നിരന്തരമായി തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തുക. അവരെ സമൂഹത്തിനു തുറന്നു കാണിക്കാന്‍ വൈകുന്തോറും അവരും അവരുയര്‍ത്തുന്ന വര്‍ഗീയ ആശയങ്ങളും ഒരു ക്യാന്‍സര്‍ പോലെ സമൂഹത്തില്‍ പടര്‍ന്നുകൊണ്ടേ ഇരിക്കും. ഇപ്പോള്‍ തന്നെ അത് പടര്‍ന്നു തുടങ്ങി. ഒലിച്ചു പോകുന്നത് കാല്‍ച്ചുവട്ടിലെ മണ്ണാണ് എന്ന് തിരിച്ചറിയുമ്പോഴേക്കും സമയം ഒരുപാടു വൈകിയിരിക്കും..

Share.

About Author

134q, 0.496s