ആതുരസേവന മേഖലയിലെ മാലാഖമാർ ഏതാണ്ട് അഞ്ച് വർഷക്കാലമായി നിരന്തര സമരത്തിലാണ്. മാലാഖമാരുടെ സമരങ്ങൾ ഒന്നിനു പുറകെ ഒന്നായി ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാരം വരെ എത്തിനിൽക്കുന്നു. ഈ സമരവും കഷ്ടപ്പാടിന്റെ നെരിപ്പോടിനു ആശ്വാസമേകി അവസാനിക്കും എന്ന് പ്രതീക്ഷിക്കാം. പക്ഷേ ഇത്രയും മേന്മയേറിയ ഒരു തൊഴിൽ, സമൂഹത്തിനാകെ വേണ്ടി ചെയ്യുന്ന ഈ മാലാഖമാരെ തെരുവിലിറക്കുന്നത് സാംസ്കാരിക കേരളത്തിനു ഭൂഷണമാണോ? ആശുപത്രി വിട്ട് തെരുവിലേക്കിറങ്ങിയെ ഈ മാലാഖമാരുടെ ദൈന്യതയ്ക്ക് സമൂഹവും ഉത്തരവാദികളല്ലേ? ആരോഗ്യ കച്ചവടത്തിന്റെ ഒന്നാം ഇര രോഗിയും രണ്ടാം ഇര നേഴ്സുമാരും എന്നത് നാം കാണാതെ പോകുന്ന സത്യം .
കുറച്ച് ആശുപത്രി കഥകൾ ചേർക്കാതെ എഴുത്ത് പൂർണ്ണമാവില്ല. സർക്കാർ കണക്കനുസരിച്ച് സ്വകാര്യ ആശുപത്രികൾ അടക്കം എല്ലാ ആതുരസേവന കേന്ദ്രങ്ങളും ലാഭേതര സംരംഭങ്ങൾ ആണ്. ഈ ലാഭേതര സംരഭങ്ങൾ യഥാര്‍ത്ഥത്തിൽ ഒരു സമൂഹത്തെയാകെ കൊള്ളയടിക്കുന്ന ധനകാര്യ സ്ഥാപനം ആയി മാറുന്നു എന്നത് നാംശ്രദ്ധയോടെ നോക്കി കാണണം
ആശുപത്രികളില്‍ ഒന്നിനും യാതൊരു ഏകീകരണവുമില്ല. ഒരേ മരുന്നുകള്‍ക്ക് പല ആശുപത്രികളിലും പല വിലയാണ് ഈടാക്കുന്നത്. ഓര്പ്പറേഷനുകള് അടക്കം ചികിത്സയ്ക്കും പതിനായിരങ്ങളുടെ വ്യത്യാസം കാണാം. ഈ വ്യത്യാസം യഥാര്‍ത്ഥത്തില്‍ അതാത് ആശുപത്രികളുടെ കൃത്രിമ സൃഷ്ടിയാണ്. ഗവര്‍മെന്റ് യാതൊരു ഇടപെടലുകളും നടത്തില്ല എന്ന കൃത്യമായ ബോദ്ധ്യമാണ് തങ്ങള്‍ക്ക് ഇഷ്ടമുള്ള അത്രയും പണം സേവനങ്ങള്‍ക്ക് ഈടാക്കാന്‍ ആശുപത്രി മാനേജ്മെന്റിന് സഹായകമാവുന്നത്. രണ്ടു രൂപയുടെ സിറിഞ്ചില്‍ അഞ്ച് രൂപയുടെ ടെറ്റനസ് ഇന്ജെക്ഷന് നിറച്ച് ഒരു നേഴ്സ് കൈകളില്‍ കുത്തുമ്പോള്‍ ഇന്ജെക്ഷന് ചാര്‍ജ് ആയി മാത്രം രോഗി നല്‍കേണ്ടി വരുന്നത് 50 മുതല്‍ 100 രൂപ വരെയാണ്. ലാഭേതരത്തിന്റെ “ലാഭം” വെറുതെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.
ഇങ്ങനെ രോഗികളുടെ സമ്പാദ്യം കൊള്ളയടിക്കുന്നവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലൂടെ ലഭിക്കുന്നത് അളവറ്റ പണമാണ്. ഇതെല്ലാം ചേര്‍ത്ത് വയ്ക്കുന്നിടത്തുനിന്ന് അവസാനം കേള്‍ക്കുന്നത് ശമ്പളമില്ലാത്ത തൊഴിലാളിയുടെ പതറിയ ശബ്ദമാണ്.
കേവലം സാധാരണ യുക്തിയുടെ ഒരു ചോദ്യത്തില്‍ നിന്നും തുടങ്ങാം. ഒരു ഇന്ജെക്ഷന്റെ 10% എന്ന കണക്കില്‍ ശമ്പളം കൊടുത്താല്‍ ഒരു നേഴ്സിന് ആയിരത്തിലധികം രൂപ ദിവസ വേതനം നല്‍കേണ്ടി വരില്ലേ ? മാന്യമായി ജോലി ചെയ്യുന്ന ഈ നേഴ്സിംഗ് സഹോദരങ്ങള്‍ക്ക് ഇന്ന് 350 രൂപയാണ് പരമാവധി കൂലി എന്നത് കേരളത്തിന്റെ പ്രബുദ്ധ സമൂഹമേ നിങ്ങള്‍ക്ക് ഞെട്ടലില്ലാതെ കേള്‍ക്കാന്‍ കഴിയുമോ ?
തോട്ടം തൊഴിലാളികള്‍ക്ക് പോലും അഞ്ഞൂറ് രൂപ കൂലി നടപ്പാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്ന സര്‍ക്കാര്‍ ആശുപത്രി മാനേജുമെന്റിന് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജാതി-മത-കോര്‍പ്പറേറ്റ് ശക്തികളുടെതാണ് പ്രമുഖമായ എല്ലാ ആശുമാത്രികളും എന്നതാണ് ഈ മേഖലയിലെ തൊഴിലാളികളെ കയ്യൊഴിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
നേഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ബലരാമന് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ച മട്ടാണ്. ആ റിപ്പോര്ട്ടിന്മേല് ഇതുവരെ യാതൊരു നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിക്കാത്തതാണ് നേഴ്സിംഗ് ജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ക്ക് വീണ്ടും കളമൊരുങ്ങിയിരിക്കുന്നത്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് തീരുമാനമുണ്ടാക്കാന്‍ നടത്തിയ സമരങ്ങള്‍ ഒരു മന്ത്രിസഭാ ഉപസമിതി തീരുമാനത്തിന് വിട്ടിട്ട് ഏതാണ്ട് രണ്ടുവര്‍ഷം തികയുന്നു. ആരോഗ്യമന്ത്രി ശ്രീ.വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷനായുള്ള ആ ഉപസമിതി ഇതുവരെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല എന്ന വസ്തുതയും ഖേദകരമാണ്. നേഴ്സിംഗ് മേഖലയോട് സര്‍ക്കാരിന്റെ അവഗണന എന്നാ അവരുടെ ശബ്ദത്തിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമുണ്ടോ ? താറുമാറായ പൊതു ആരോഗ്യരംഗം കൂടി നോക്കിയാല്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് ആശുപത്രി തൊഴിലാളികളെ മാത്രമല്ല കേരള സമൂഹത്തെയും വഞ്ചിക്കുകയാണ്.
കേരളത്തിൽ ആശുപത്രികളിൽ പല സ്ഥലങ്ങളിലും നേഴ്സുമാരുടെ ജോലി സമയത്തിന് യാതൊരു കൃത്യതയുമില്ല. ചിലയിടങ്ങളിൽ ഡ്യൂട്ടി സമയം കണക്കുകൂട്ടിയാൽ 250 മണിക്കൂറിന് മുകളിൽ വരും, ഇത് ഓവർ ടൈം ബെനിഫിറ്റ് പോലും നൽകാതെയാണ് ആശുപത്രികളിൽ ചെയ്യിക്കുന്നത്. ശരിയായ രീതിയിൽ ഗർഭിണികൾക്ക് അവധിയോ നൽകാറില്ല. ജോലി സ്ഥലത്തെ മാനസിക പീഡനം പരിധിയിൽ കവിഞ്ഞതാണ്. പെൺകുട്ടികൾ കൂടുതലായുള്ള ഈ മേഖലയിലെ ശബ്ദങ്ങൾ പലപ്പോഴും പുറം ലോകമറിയാറില്ല എന്നതാണ് സത്യം.
എന്തായാലും നേഴ്സുമാരുടെ നിശബ്ദ വിപ്ലവം യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ എന്ന സംഘടനയുടെ വരവോടെ കേരളത്തിന്റെ പൊതു സമൂഹത്തിലേക്കു ഉറച്ച ശബ്ദമായി കടന്നു വന്നിരിക്കുന്നു. ഈ ശബ്ദത്തെ ഏറ്റെടുക്കേണ്ടതും ഈ സമരത്തെ വിജയിപ്പിക്കേണ്ടതും സമൂഹത്തിന്റെ കൂടി ആവശ്യമാണ്. കേരളത്തിലെ മിനിമം വേതനം എന്ന നിയമം പോലും നടപ്പിലാക്കാത്ത ഗവണ്മെന്റ്-മാനേജ്മന്റ് തട്ടിപ്പിന് ഇനിയും കളമൊരുക്കാൻ ആശുപത്രി എന്ന ആതുര കേന്ദ്രങ്ങളിലെ തൊഴിലാളികൾ നിന്ന് കൊടുക്കരുത്. നിങ്ങളുടെ പ്രതിഷേധങ്ങളെ കണ്ടിലെന്നു നടിക്കാൻ കേരള സമൂഹത്തിനാവില്ല . നിലനിൽപ്പിന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി, നീതിയുടെ ഭാഗത്ത് സമൂഹം നിലയുറപ്പിക്കും എന്ന് എനിക്കുറപ്പുണ്ട്. ഈ സമര വിജയത്തിനപ്പുറം ശ്വാശ്വത പരിഹാരത്തിലേക്ക് എത്താൻ നേഴ്സുമാർക്ക് കഴിയുമെന്നും സമര വീഥിയിൽ ഒരു ചരിത്രം സൃഷ്ട്ടിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കാം