Leaderboard Ad

കാവ്യ വസന്തം വിട പറയുമ്പോൾ ….

0

ചില യാഥാർത്ഥ്യങ്ങൾ നമുക്ക് തീർത്തും അസ്വീകാര്യമായി തോന്നും. ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് മഹാനായ കവി ശ്രീ.ഒ എൻ വി വിട പറഞ്ഞ വാർത്തയറിയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ വാർത്ത ഏറെ അസ്വീകാര്യമാണ്. വേദനാജനകമാണ്……
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ തിരക്കിട്ട ജോലികളുടെ ഇടവേളയിൽ സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കെയോടും ഓഫീസ് സെക്രട്ടറി ഹേമന്തിനോടും സംസാരിക്കുന്നതിനിടയിൽ ഒ എൻ വി യുടെ ആരോഗ്യ വിവരങ്ങളും കടന്നു വന്നു. അദ്ദേഹത്തെ കൂറിച്ച് ആദരവോടെ ഞങ്ങൾ സംസാരിക്കുന്നതിനിടയിലാണ് ഒ എൻ വി യുടെ മരണവിവരം ടിവിയിൽ കേൾക്കുന്നത്. വല്ലാത്ത ഈ യാദൃശ്ചികത സൃഷ്ടിച്ച നടുക്കം ഞങ്ങളിൽ ഇപ്പോഴുമുണ്ട്.
ഈ വാർത്തയോട് യുക്തിപൂർവ്വം പ്രതികരിക്കാൻ എനിക്കാവില്ല. വികാരപരമായി മാത്രം ഓർക്കാൻ കഴിയുന്ന നിമിഷങ്ങൾ………. മനസിലെന്നും മയിൽ പീലിത്തുണ്ടു പോലെ ഞാൻ കാത്തുവെക്കുന്ന വാക്കുകൾ …..
ഹൃദയത്തിൽ കുറിച്ചിട്ട കാവ്യശകലങ്ങൾ ……
കാളവണ്ടിക്കാരന്റെ പാട്ടും, മയിൽപ്പീലിയും, ഭൈരവന്റെ തുടിയും, കോതമ്പുമണികളും, അപരാഹ്നവുംഎല്ലാം വായിച്ച് ഹൃദയത്തിൽ പ്രതിഷ്ഠിച്ച കവിയെ ഞാൻ ആദ്യമായി കാണുന്നത് പത്തു പതിനെട്ടു വർഷങ്ങൾക്ക് മുമ്പാണ് . കാട്ടാക്കടയിലെ നെയ്യാർഡാമിൽ വെച്ച് നടന്ന എസ് എഫ് ഐ യുടെ സംസ്ഥാന ക്യാമ്പിൽ വെച്ചായിരുന്നു അത്. ഇ എം എസിന്റെ വിയോഗത്തിന് ശേഷം നടന്ന ആ പരിപാടിയിൽ ഇ എം എസിനെ കുറിച്ച് ഏറെ വികാരപരമായി ഒഎൻവി ചെയ്ത പ്രസംഗത്തിലെ ഓരോ വാക്കും ഏന്റെ മനസിൽ ഇപ്പോഴുമുണ്ട്.
തൊട്ടടുത്ത വർഷം എസ് എഫ് ഐ യുടെ മലപ്പുറം ജില്ലാ സമ്മേളനം പെരിന്തൽമണ്ണയിൽ വെച്ചാണ് നടന്നത്. അന്ന് എസ് എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു ഞാൻ . ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഒ എൻ വി അന്ന് അവിടെയെത്തി. ഭൂമിക്ക് ഒരു ചരമഗീതം അദ്ദേഹം ആ വേദിയിൽ മധുരമായി ചൊല്ലുകയുണ്ടായി.
പിന്നീട് എത്രയോ തവണ അദ്ദേഹത്തെ നേരിൽ കണ്ടു. ദീർഘമായി സംസാരിച്ചു. എപ്പോഴും വിളിക്കാവുന്ന സ്വാതന്ത്ര്യം അദ്ദേഹമെനിക്ക് തന്നിരുന്നു. അനുഭവങ്ങളുടെ അക്ഷയഖനി എനിക്കു മുന്നിൽ പലപ്പോഴും അദ്ദേഹം തുറന്നു വയ്ക്കുമായിരുന്നു – പിതൃതുല്യമായ വാൽസല്യത്തോടെയും സ്നേഹത്തോടെയുമാണ് എന്നും അദ്ദേഹം പെരുമാറിയത്.
അദ്ദേഹത്തിന്റെ പല അനുഭവങ്ങളൂം എനിക്ക് പാഠപുസ്തകങ്ങളായിരുന്നു .ഇന്ദീവരത്തിൽ വെച്ചുള്ള അവസാനത്തെ കൂടിക്കാഴ്ചയിലും അനാരോഗ്യവാനായിരുന്നിട്ടും ഒരു മണിക്കൂറിലധികം അദ്ദേഹം സംസാരിക്കുകയുണ്ടായി. ഒ എൻ വി യുടെ വാക്കുകൾ എനിക്കു പകർന്നു നൽകിയ പ്രകാശം ചെറുതായിരുന്നില്ല.
കൂരിരുൾ പരക്കുന്ന നേരങ്ങളിൽ വെളിച്ചം പകരുന്ന വിളക്കായിരുന്നു ഒ എൻ വി. കാലമെത്ര മുന്നോട്ടു പോയാലും, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും എണ്ണമറ്റ യുഗങ്ങൾ തന്നെ കടന്നു പോയാലും ഒ എൻ വി എന്ന വിളക്ക് അണഞ്ഞുപോവില്ല തീർച്ച.
ഒരു മണ്ണടുപ്പാണീ ഉലകമെന്നും അതിൽ തിരുകി തീ പൂട്ടിയ വിറകാണെല്ലാമെന്നുമെഴുതിയ, നമ്മൾ കൊയ്യുന്ന വയലെല്ലാം നമ്മുടേതാകുമെന്ന മഹാ പ്രതീക്ഷ നിസ്വർക്ക് പകർന്നു നൽകിയ, അടിച്ചമർത്തപ്പെട്ട സകല മനുഷ്യരും ജയിക്കും ജയിക്കുമൊരുദിനമെന്നെഴുതിയ മഹാ മനുഷ്യ സ്നേഹി മരിക്കുന്നതെങ്ങനെ? ഇല്ല. ഈ വാർത്ത തെറ്റാണ്. ഒ എൻ വി ക്ക് മരണമില്ല .

Share.

About Author

ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയാണ്.

116q, 0.456s