Leaderboard Ad

പരിസ്ഥിതി സംരക്ഷണത്തിന്റെ രാഷ്ട്രീയവും ദിശയും

0

രിസ്ഥിതിക്ക് മേൽ നിലവിൽ രണ്ടു തരം ചൂഷണം ആണ് നടക്കുന്നത്. ഒന്ന് പ്രത്യക്ഷത്തിൽ ദർശിക്കാൻ കഴിയും വിധം നടക്കുന്ന പ്രകൃതി ദ്രവ്യങ്ങളുടെ ചൂഷണവും, അതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പ്രവർത്തിക്കുന്ന നവയുഗ പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ ചൂഷണവും. ഈ രണ്ടു രീതികളുടെ ദിശാബോധം ഇഴ പിരിച്ചെടുത്തു നിലപാടുകൾ സ്വീകരിക്കുന്നിടത്തു മാത്രമേ പരിസ്ഥിതി സംരക്ഷണം വാക്കിലും അർത്ഥത്തിലും യഥാര്‍ത്ഥ്യം ആവൂ.പരിസ്ഥിതി സംരക്ഷണം

ഭൂമിയെ ആശ്രയിച്ചു വളരുന്ന/ജീവിക്കുന്ന എല്ലാ ജാലങ്ങൾക്കും പ്രകൃതിയെ ചൂഷണം ചെയ്തും പ്രകൃതിയുമായി സമരസപ്പെട്ടും കൊണ്ടുള്ള ജീവിതചര്യ സ്വീകരിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ല.. ഇതാണ് സത്യം എന്നിരിക്കേ തന്നെ, നൂറ്റാണ്ടുകൾ ആയി മനുഷ്യൻ പ്രകൃതിയുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണം അവിഘ്‌നം തുടർന്ന് കൊണ്ടിരിക്കുന്നു. സംസ്കൃതിയുടെ ആദ്യ കാലഘട്ടത്തിൽ അത് “പരിസ്ഥിതി സൗഹൃദ” കൃഷിയുടെ രൂപത്തിൽ മന്ദമായും, പിന്നീട് പുരോഗമനം എന്ന് നിലവിലെ സമൂഹം സ്വയം പരിചയപ്പെടുത്തുന്ന കാലഘട്ടത്തിൽ അത് വ്യാവസായികവളർച്ചയുടെ രൂപത്തിൽ കൂടുതൽ തീക്ഷ്ണം ആയും തുടർന്നു പോകുന്നു..

ഒരു പക്ഷെ 1990 -ലെ സോവിയറ്റ് റഷ്യയുടെ തകര്ച്ചയ്ക്ക് ശേഷം രൂപപ്പെട്ട ആഗോളവൽക്കരണ രാഷ്ട്രീയ കാലഘട്ടത്തിൽ ആണ് പരിസ്ഥിതി സംരക്ഷണം ഇന്നത്തെ നിലയിലുള്ള വിഷയം ആയി പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. വ്യാവസായിക രീതിയിൽ പ്രകൃതി ചൂഷണം കൂടുതൽ ശക്തി പ്രാപിച്ചതും ഈ കാലഘട്ടത്തിൽ ആണ് എന്നും നാം വിസ്മരിച്ചു കൂടാ. അതിനു മുന്നെല്ലാം തന്നെ പ്രകൃതി ചൂഷണത്തിന് എതിരേ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രതിരോധങ്ങൾ ഉയര്ന്നിരുന്നു എങ്കിൽ പോലും, ആഗോള വല്ക്കരണ രാഷ്രീയം ശക്തിപ്പെട്ടപ്പോൾ ആണ് അത് പരിസ്ഥിതി സംരക്ഷണത്തിന്റെ വാണിജ്യ താല്പര്യങ്ങൾ ഉയർത്തിക്കൊണ്ടു സമരപരിപാടികൾ രൂപപ്പെടുത്തി തുടങ്ങിയത് എന്ന് നിരീക്ഷിക്കാവുന്നതാണ്.

ഒരുപക്ഷെ ആ കാലഘട്ടത്തിൽ തന്നെ ആണ് പ്രമുഖ വിദേശ സര്‍വകലാശാലകളിൽ എല്ലാം മൂന്നാം ലോക രാജ്യങ്ങളിലെ പരിസ്ഥിതി പഠനങ്ങൾക്ക് ആവശ്യം ആയ സാമ്പത്തികവും സാങ്കേതികവും ആയുള്ള സഹായങ്ങൾ കൂടുതൽ ലഭിച്ചു തുടങ്ങിയത്.. ഇത്തരക്കാരുടെ പ്രാമാണ്യത്തിൽ ആണ് ഇപ്പോൾ വിശിഷ്യ കേരളത്തിൽ നടന്നു വരുന്ന എല്ലാ പരിസിസ്ഥിതി സംരക്ഷണ സമരങ്ങളും.

ആഗോളവൽക്കരണത്തിന്റെ വക്താക്കൾ ആയ പരിസ്ഥിതി സംരക്ഷണ / രാഷ്ട്രീയ സംഘടനകൾ കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിൽ കൈവയ്ക്കും മുന്നേ തന്നെ കേരളത്തിലെ ഇടതു യുവജന പ്രവർത്തകരും പ്രസ്ഥാനങ്ങളും പ്രകൃതി സംരക്ഷണം ഒരു ജനകീയ രാഷ്ട്രീയം ആണ് എന്ന് പ്രഖ്യാപിച്ചിരുന്നു, ഈ വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങിയിരുന്നു.

ആധുനിക മനുഷ്യ സംസ്കൃതിയ്ക്ക് തിരിച്ചു പോക്ക് സാധ്യമല്ല. ഈ ഒരു നിലയിൽ നിന്ന് വേണം പ്രകൃതി ദ്രവ്യങ്ങളുടെ ചൂഷണത്തിനും, “പ്രകൃതിയെ സംരക്ഷിക്കാൻ” വേണ്ടി പ്രവർത്തിക്കുന്ന മുതലാളിത്ത ദല്ലാളുമാരുടെ ചൂഷണത്തിനും ഒരു പരിഹാരം കണ്ടെത്താൻ. ഇതിനു ശാസ്ത്രീയമായ ഒരു സന്തുലിതാവസ്ഥ വികസിപ്പിചെടുക്കുക്ക അല്ലാതെ വേറെ മാർഗം ഒന്നും ഇല്ല. ഇതിനു മുന്നോട്ടു ഇറങ്ങേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളും, യുവജന പ്രസ്ഥാനങ്ങളും ആണ്.

Share.

About Author

140q, 0.747s