Leaderboard Ad

പിരമിഡുകളുടെ നാട്ടില്‍ – ഭാഗം 3

0

പ്രോഗ്രാം ചാര്‍ട്ട് നേരത്തെ കിട്ടിയിരുന്നത് കൊണ്ട് പോകുന്നതിന് മുന്‍പേ തന്നെ കാണാനുള്ള കാഴ്ചകളെ കുറിച്ചെല്ലാം ഒരു സേര്‍ച്ച്‌ നടത്തി ഏകദേശ ധാരണ നേടിയിരുന്നു. മെഡിറ്ററെനിയനില്‍ നിന്നും വരുന്ന തണുത്ത കാറ്റ് ഈജിപ്ത് ഭൂരിഭാഗവും മരുഭൂമിയാണെന്ന് ഓര്‍മ്മപ്പെടുത്താതെ പൊരി വെയിലിലും ഞങ്ങള്‍ക്ക് കുളിരേകി . തണുപ്പാണ് സ്വെറ്റര്‍ കരുതിക്കോളൂ എന്ന് സുഹൃത്ത്‌ അലി നേരത്തെ പറഞ്ഞിരുന്നു . അവിടത്തെ സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ചും എനിക്ക് സംശയം ഉണ്ടായിരുന്നു . സൌദിയില്‍ പര്‍ദ്ദ നിര്‍ബന്ധമാണ് . പര്‍ദ്ദ വേണോ എന്ന് ചോദിച്ചപ്പോള്‍ അലി ഒന്ന് ചിരിച്ചു .’ ഈജിപ്തിലോ പര്‍ദ്ദ ‘ എന്ന് തിരിച്ചു ചോദിച്ചു . അറബ് വസന്തത്തിന് ശേഷം മതാധിപത്യം പിടിമുറുക്കിയിട്ടുണ്ടാകുമോ എന്ന സംശയത്താല്‍ ആണ് അങ്ങനെ ചോദിച്ചത് . പക്ഷെ ഈജിപ്ഷ്യന്‍ ജീവിതത്തില്‍ അങ്ങനെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായ അവര്‍ക്ക് വസ്ത്രധാരണത്തില്‍ ഒന്നും കടുംപിടിത്തം നടത്താനുമാകില്ല . ആര് എന്ത് വസ്ത്രം ധരിച്ചാലും അവിടെ മൈന്‍ഡ് ചെയ്യാനോ തുറിച്ചു നോക്കാനോ ഒരാളും ഇല്ല .

ഞങ്ങളുടെ അടുത്ത ലക്‌ഷ്യം കാറ്റാകോമ്പ് (catacombs) എന്ന അത്ഭുത ലോകത്തിലേക്കായിരുന്നു.ടിക്കെറ്റ് എടുക്കുമ്പോള്‍ക്യാമറ പാടില്ല എന്ന നിര്‍ദേശം കിട്ടി . അത്യാവശ്യം മൊബൈലില്‍ എടുക്കാം എന്ന് ഗൈഡ് പറഞ്ഞു . ശവസംസ്കാരത്തിനായി നിര്‍മ്മിക്കപ്പെട്ട ഭൂഗര്‍ഭ അറകളാണ് കാറ്റാകോമ്പ് . 1900 ല്‍ അലക്സാണ്ട്രിയയിലെ ഒരുഗ്രാമത്തിലൂടെ കടന്നു പോയ കഴുതവണ്ടി ഭൂമി താഴ്ന്ന് അപ്രത്യക്ഷമായി . ആസ്ഥലം മാന്തി നോക്കിയപ്പോള്‍ ആണ് അതിനുള്ളില്‍ ഒരുഅത്ഭുതലോകം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കിയത് . തുടര്‍ന്ന്നടന്ന excavation ആര്‍ക്കിയോളജി ചരിത്രത്തിലെ വിസ്മയകരമായ കണ്ടെത്തലിലെക്കാണ് നയിച്ചത് . ഈജിപ്തിലെ ഗ്രീക്ക് റോമന്‍ ഭരണകാലത്ത് രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ശവക്കല്ലറകള്‍ . നാലാം നൂറ്റാണ്ടു വരെ ഇത് ഉപയോഗിച്ചിരുന്നു എന്നാണ് കണ്ടെത്തലുകള്‍ .

നമുക്ക് പുറത്തുനിന്നുംനോക്കിയാല്‍ ഭൂമിക്കടിയിലേക്ക് ഒരു കിണര്‍ ആണ് കാറ്റാകോമ്പ് . കിണറിനെ ചുറ്റി താഴേക്കു പടവുകള്‍ .പടവുകള്‍ കിണറിന് അകത്തല്ല .കിണറിനെ ചുറ്റി ഭൂമിക്ക് അടിയിലേക്ക് . 2000 വര്‍ഷം മുന്‍പ് ഭൂമി ചവിട്ടിമെതിച്ച് നടന്നിരുന്നവര്‍ ഉറങ്ങുന്ന ഭൂഗര്‍ഭ അറകളിലേക്കു ഞങ്ങള്‍ ഇറങ്ങി . ഏകദേശം 30 മീറ്ററോളം ആഴംആണ് അതിനുള്ളത് . താഴോട്ട് ഇറങ്ങുമ്പോള്‍ ഇടയ്ക്കു കിണറിന് അകത്തേക്ക് കിളിവാതിലുകള്‍ . കിണറിന് മുകളില്‍ ഇപ്പോള്‍ താല്‍ക്കാലികമായി കെട്ടിഉണ്ടാക്കിയ മേല്‍ക്കൂര മാത്രമേ ഉള്ളൂ . കിണറിന്റെ വശങ്ങളിലേക്ക് ധാരാളം അറകള്‍ . 3 നിലകളില്‍ ആയാണ് ഇവ കാണുന്നത്. താഴേക്കു പോകുംതോറും ഇത്തരത്തിലുള്ള ധാരാളം അറകള്‍. വെളിച്ചം അധികമില്ല . ഏറ്റവും താഴെയുള്ള ഭാഗത്ത്‌ എത്തിയപ്പോള്‍ വെള്ളം . മുകളില്‍നടക്കാന്‍വേണ്ടിപാലം പോലെ പലക ഇട്ടിരിക്കുന്നു . കിണറിലെ വെള്ളത്തിന്‍റെ ലെവലില്‍ ഞങ്ങള്‍ താഴെ എത്തി എന്ന് മനസിലായി . അറകളുടെസമീപം വിശാലമായ ഹാള്‍ . ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ ഉള്ള ഹാള്‍ ആണെന്ന്മനസിലായി . അവിടെ ഒരു ടേബിളില്‍ ചില്ല്കൂട്ടിലാക്കി കുറെഅസ്ഥികള്‍ വച്ചിരിക്കുന്നു . ഈ കല്ലറകളില്‍ നിന്നുംശേഖരിച്ചത് . കുറെ നേരം അവിടെചുറ്റികറങ്ങി ആ ആത്മാക്കളെ അവിടെ തന്നെ ഉപേക്ഷിച്ച് ഞങ്ങള്‍ മുകളിലേക്ക് കയറി. പുറത്തും ചില ശവകുടീരങ്ങള്‍ ഉണ്ടായിരുന്നു . ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു അവ. രാജാവ് ദൈവത്തിനു കാണിക്ക അര്‍പ്പിക്കുന്നത്പോലെയുള്ള ചിത്രങ്ങള്‍ .

ആരെങ്കിലും പിറകെകൂടിയോ എന്ന് നോക്കിക്കോ , അവസാനം നാഗവല്ലി ആയി” വിടമാട്ടേന്‍”എന്ന് പറഞ്ഞു വരരുത് എന്ന് തമാശയും പറഞ്ഞുകൊണ്ട് വിചിത്രമായ ആ ലോകത്തോട്‌ വിടപറഞ്ഞ് വീണ്ടും വാഹനത്തിലേക്ക് . ഇടയ്ക്കു ഭക്ഷണം കഴിക്കാനായി മെഡിറ്ററെനിയന്‍  തീരത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് . ഏറെനാളായി സൌദിയില്‍ ജീവിക്കുന്നത്കൊണ്ട് യാത്രയില്‍ ലഭിക്കുന്ന ഭക്ഷണം ഒരുപ്രശ്നമായില്ല . എങ്കിലും തുടര്‍ച്ചയായി കഴിക്കുന്ന എരിവും പുളിയും ഇല്ലാത്ത ഭക്ഷണം എന്നെ കഞ്ഞിയും അച്ചാറും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു .

1

2

3

4

5

ഇനി അടുത്ത ലക്‌ഷ്യമായ bibliotheca എന്ന പ്രാചീന കാലത്തേ ഏറ്റവും വലിയ ലൈബ്രറിയി ലേക്ക് .
(അലക്സാണ്ട്രിയന്‍ കാഴ്ചകള്‍ തുടരും )

Share.

About Author

115q, 0.476s