Leaderboard Ad

മലയാളി ജീവിതം ആർത്തിക്കാരന്റെ കയ്യിൽ

0

കെ. പി രാമനുണ്ണി, സഫറുള്ള പാലപ്പെട്ടി “മുസ്ലീങ്ങള്‍ അഞ്ചു നേരം നിസ്കരിക്കുന്നുണ്ടെന്ന്‍ ഹിന്ദു രാജാവായ സാമൂതിരി ഉറപ്പു വരുത്തിയിരുന്ന നാടാണ് കേരളം. അതുപോലെ എന്‍റെ മുസ്ലീം കൂട്ടുകാരനായ ഖയ്യൂം നോമ്പ്എടുത്ത് വീട്ടില്‍ വരുമ്പോള്‍ അവന്‍റെ മുന്നില്‍ വച്ച് വെള്ളം കുടിക്കാന്‍ പോലും അമ്മ എന്നെ അനുവദിച്ചിരുന്നില്ല. ഖയ്യൂമിന്‍റെ നോമ്പ് മുറിയുന്നതിനു അവനെക്കാള്‍ ബേജാറെന്‍റെ അമ്മക്കായിരുന്നു. ” ഒരിക്കല്‍ അഭിമുഖത്തില്‍ രാമനുണ്ണി പറഞ്ഞ വാക്കുകള്‍ ആണിത്.

മലപ്പുറം ജില്ലയില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ രാമനുണ്ണി വഹിച്ച പങ്കു വളരെ ശ്ലാഘനീയമാണ്. മാറാട് കലാപകാലത്ത് കെ.പി.രാമനുണ്ണി തന്‍റെ സുഹൃത്തായ അഷറഫിനെ കൂട്ടി വാവരുടെ വീട്ടില്‍ നിന്ന് കെട്ടു നിറച്ചു ശബരിമലയിലേക്ക് പോയത് ഹൈന്ദവ വര്‍ഗീയവാദികളെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇതില്‍ പ്രകോപിതരായ ചിലര്‍ രാമനുണ്ണിയല്ല ഇതു ‘രാമന്‍ മദനി’യാണെന്ന് പറഞ്ഞു പരിഹസിക്കുകയുണ്ടായി.

എഴുത്തുകാരന്‍ ജീവിതത്തെ അതേപടി രേഖപ്പെടുത്തുകയോ ഒപ്പിടുകയോ അല്ല സ്വന്തം വീക്ഷണ വിശേഷത്തോടെ പുന:സൃഷ്ടിക്കുകയോ വ്യാഖ്യാനിക്കുകയോ ആണ് ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് കെ.പി.രാമനുണ്ണി. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതാവസ്ഥകളിലും കാണുന്ന എല്ലാതരം പരിതോവസ്ഥകളെയും അദ്ദേഹം അതിരൂക്ഷമായ പരിഹാസത്തോടെ അവതരിപ്പിക്കുന്നു.

ഉത്തരാധുനിക എഴുത്തുകാരില്‍ തന്‍റേതായ ഒരിടം തീര്‍ത്ത എഴുത്തുകാരനാണ്‌ കെ.പി.രാമനുണ്ണി. ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ് ഈ എഴുത്തുകാരന് ഏറെ പഥ്യം. അദ്ദേഹത്തിന്‍റെ സൂഫി പറഞ്ഞ കഥ, പ്രണയപര്‍വ്വം, ചരമവാര്‍ഷികം, ജീവതത്തിന്‍റെ പുസ്തകം എന്നീ നോവലുകളും കുര്‍കസ്, ജാതി ചോദിക്കുക, വിധാതാവിന്‍റെ ചിരി, വേണ്ടപ്പെട്ടവന്‍റെ കുരിശ്ശ്, അവള്‍ മൊഴിയുകയാണ്, പുരുഷ വിലാപം, പ്രകാശം പരത്തുന്ന ആണ്‍കുട്ടി, തിരഞ്ഞെടുത്ത കഥകള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും ജീവിതം ഒരാര്‍ത്തിക്കാരന്‍റെ കയ്യില്‍, ക്രിമിനല്‍ കുറ്റമാകുന്ന രതി, ശീര്‍ഷാസനം, അനുഭവം ഓര്‍മ്മ യാത്ര എന്നീ ലേഖന സമാഹാരങ്ങളും സമകാലിക ലോകം ഗൗരവമായി ചര്‍ച്ചകള്‍ നടത്തിയ കൃതികള്‍ ആണ്.

അബുദാബി ശക്തി അവാര്‍ഡ്‌, ഇടശ്ശേരി അവാര്‍ഡ്‌, സമസ്തകേരള സാഹിത്യ പരിഷദ് പുരസ്കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്‌, പത്മരാജന്‍ പുരസ്കാരം, സി.വി. ശ്രീരാമന്‍ അവാര്‍ഡ്‌, ടി.വി.കൊച്ചുബാവ പുരസ്കാരവും കഴിഞ്ഞ വര്‍ഷം വയലാര്‍ അവാര്‍ഡും രാമനുണ്ണിയെ തേടി എത്തുകയുണ്ടായി. അദ്ദേഹവുമായി നേർരേഖയ്ക്ക് വേണ്ടി സഫറുള്ള പാലപ്പെട്ടി നടത്തിയ അഭിമുഖം.

ലോകമെമ്പാടുമുള്ള കലാ സാഹിത്യ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗം ഇന്ന് വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണല്ലോ. കേരളവും പ്രതിസന്ധിയുടെ കാര്യത്തില്‍ വിഭിന്നമല്ല, ഇതു പ്രതിസന്ധിയുടെ തലമുറയായി മാറുന്നതെന്തുകൊണ്ട് ?

മുതലാളിത്തം സകല രംഗങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കും എന്നത് മാര്ക്സിസ്റ്റ് ദർശനത്തിന്റെ കാതലായിരുന്നുവല്ലോ. എന്നാൽ സോഷ്യലിസ്റ്റ് ചേരിയുടെ വ്യാപകമായ പതനത്തോടെ വലതുപക്ഷ പ്രത്യയശാസ്ത്രത്തിനു വല്ലാത്തൊരു ആദരണീയത കൈവന്നു. മുതലാളിത്തത്തിനു അതിന്റെ പ്രതിസന്ധികളെ സ്വയം അതിജീവിക്കാനുള്ള  കെൽപ്പുണ്ടെന്നും അതുകൊണ്ട് മറ്റൊരു സാമ്പതികക്രമത്തെ കുറിച്ച് ആലോചിക്കുന്നത് തന്നെ അസംബന്ധമാണെന്നുമായിരുന്നു ക്യാപ്പിറ്റലിസ്റ്റ്   ഗുരുക്കന്മാരുടെ കാഴ്ചപ്പാട്. എൻഡ് ഓഫ് ഹിസ്റ്ററി അതായത്  ചരിത്രത്തിന്റെ അവസാനം എന്ന വിഡ്ഢിത്തം അങ്ങനെ കൊട്ടിഘോഷിക്കപ്പെട്ടു. സമ്പത്തിന്റെ ഉൽപ്പാദനവും വിതരണവുമെല്ലാം കമ്പോള നിയമങ്ങൾ നോക്കിക്കൊള്ളുമെന്നും കമ്പോളത്തെ സ്വതന്ത്രമായി വിടുകയേ ആവശ്യമുള്ളൂവെന്നും ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ഉയര്‍ത്തപ്പെട്ട  വലതുപക്ഷ മുദ്രാവാക്യം. വേള്‍ഡ്  ബാങ്കിൽ നിന്നും പാസ് ഔട്ട്‌ ആയി എത്തിയ നമ്മുടെ പ്രധാനമന്ത്രി മൻമോഹൻസിംഗ് ആ ഐഡിയോളജിയുടെ അപ്പോസ്തലനായിരുന്നു. സോവിയറ്റ് യൂണിയനിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സോഷ്യലിസത്തിന്റെ പേരില് നടന്ന ദുർഭരണത്തെയും   എകാധിപത്യത്തെയും കുറിച്ച് പുറത്തു വന്നു കൊണ്ടിരുന്ന കഥകൾ മുതലാളിത്തത്തിന്റെ അപ്രമാദിത്വത്തെ കണ്ണടച്ചു വിശ്വസിക്കാനുള്ള അന്തരീക്ഷം സംജാതമാക്കി.

കെ. പി രാമനുണ്ണി

സെൻസർഷിപ്പിനെയും രഹസ്യപ്പൊലീസിനെയും  കൂട്ടവധങ്ങളെയും ഭരണാധികാരികളുടെ സ്വർണക്കക്കൂസുകളെയും ഓർക്കുമ്പോൾ കമ്പോളത്തിന്റെ തട്ടിപ്പറികളാണ് ഭേദമെന്നു തോന്നാൻ തുടങ്ങി.എന്നാൽ പല ദേശരാഷ്ട്രങ്ങളുടെയും (ഇന്ത്യയടക്കം) സോഷ്യലിസ്റ്റ് വീക്ഷണാധിഷ്ടിതമായ പൊതു മേഖലയും  സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിലുള്ള കടിഞ്ഞാണുകളുമായിരുന്നു ഒരു വെൽഫെയർ സ്റ്റേറ്റിന് അനോയോജ്യമാം വണ്ണം മുതലാളിത്തത്തെ മെരുക്കി നിര്‍ത്തിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ആളിപ്പടർന്ന കമ്പോളമൗലികവാദം ബിസിനസ് ഈസ് നോട്ട് ദ ബിസിനസ് ഓഫ് ഗവണ്‍മെന്റ് എന്ന വാദമുയർത്തി എല്ലാം ഉല്‍പ്പാദന വിതരണ മണ്ഡലങ്ങളിൽ നിന്നും സർക്കാരുകളുടെ നിയന്ത്രണം അഴിച്ചു മാറ്റി.ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ മൻമോഹൻസിംഗ് ഭരണകൂടം ലൈസന്‍സിംഗ് ചട്ടങ്ങളിലും വിദേശ സ്വകാര്യ നിക്ഷേപങ്ങളിലും അത്യുദാരനയം സ്വീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളാകട്ടെ ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മ വേതനം, പെൻഷൻ തുടങ്ങിയ സോഷ്യൽ സെക്യൂരിറ്റി പദ്ധതികളെല്ലാം കുറച്ചു കൊണ്ട് വരികയും അമേരിക്കനൈസേഷൻ ലോകം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്തു.കോര്‍പ്പറേറ്റ് കമ്പനികളുടെയും ഫൈനാൻസ്‌ ക്യാപ്പിറ്റലിന്റെയും അതിദ്രുതമായ വളർച്ചയായിരുന്നു ഇതിന്റെയെല്ലാം ഫലം.   രാജ്യാതിര്‍ത്തികളെ   അതിലംഘിക്കുന്ന ലോകഭരണ കേന്ദ്രങ്ങളായി കോർപ്പറേറ്റുകൾ വളർന്നു. പോലീസിനെയും പട്ടാളത്തെയും പോറ്റി ലോ എൻഡ് ഓർഡർ നിലനിര്‍ത്തുക മാത്രമാണ് ഗവണ്‍മെന്റിന്റെ പണിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. ദൈവമായി സങ്കല്‍പ്പിക്കപ്പെട്ടിരുന്ന കമ്പോളത്തിന് ചെകുത്താൻ തേറ്റകൾ മുളക്കാൻ അധികകാലം വേണ്ടി വന്നില്ല.സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ പത്തോളം മഹാന്മാരെ മന്ദബുദ്ധികളാക്കിക്കൊണ്ടായിരുന്നു ഒരു സുപ്രഭാതത്തിൽ അമേരിക്കയിൽ റിയൽ എസ്റ്റെറ്റ് കൂപ്പു കുത്തിയതും ബാങ്കുകൾ തകര്‍ന്നതും  വലിയൊരു ഗ്ലോബൽ റിസഷന് തുടക്കം കുറിച്ചതും. സാമ്പത്തിക രംഗത്തെ ഈ പ്രതിസന്ധി പൊടുന്നനെയാണ് സംഭവിച്ചതെങ്കിൽ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രതിസന്ധികൾ കുറെക്കാലമായി സാവധാനം തിട്ടം കൂടുകയായിരുന്നു. കലയും സാഹിത്യവുമെല്ലാം വല്ലാതെ കച്ചവടവല്‍ക്കരിക്കപ്പെടുക, അവയുടെ ജന്മനിയോഗം തന്നെ മാറ്റിമറിക്കപ്പെടുക,വ്യക്തികൾ ഒറ്റപ്പെടുക,വൃദ്ധ സദനങ്ങൾ വര്‍ദ്ധിക്കുക,സ്ത്രീ പുരുഷ ബന്ധങ്ങൾ നാശോൻമുഖമാകുക,പരിസ്ഥിതി ക്ഷയിക്കുക, ജീവലോകത്തോടുള്ള മനുഷ്യന്റെ ബയോഫീലിയ എന്ന നൈസര്‍ഗ്ഗിക സ്നേഹം തന്നെ പറ്റേപോകുക എന്നിങ്ങനെയാണ് അത് പ്രകടമാകുന്നത്.

 എന്ത് കൊണ്ടാണ് മുതലാളിത്തം എല്ലാ രംഗങ്ങളിലും ഒരേ തരത്തിൽ  പ്രതിസന്ധികൾ ഉണ്ടാക്കുന്നത്?ആദ്യമായി സാമ്പത്തിക രംഗത്ത് സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധികൾ പരിശോധിക്കാം.

മൂലധനത്തെ തീര്‍ച്ചയായും ക്രിമിനൽവൽക്കരിച്ചിരിക്കുമെന്നതുകൊണ്ടാണ് നിയോ ക്യാപ്പിറ്റലിസം എല്ലാ തുറകളിലും പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. വികസിത രാജ്യങ്ങളിൽ മുതൽ ദരിദ്ര രാജ്യങ്ങളിൽ വരെ ഇതിനുള്ള ദൃഷ്ടാന്തങ്ങൾ കാണാം. ധാരാളം ചെക്ക് എൻഡ് ബാലന്‍സ് സമ്പ്രദായങ്ങളുള്ള യു എസിൽ പോലും ബാങ്കുകൾ പൊളിഞ്ഞു പാളീസാകാൻ കാരണം പറിച്ചെറിയാനാകാത്ത വിധം ഫൈനാൻസ്‌ മൂലധനത്തിൽ ഇഴുകിച്ചേർന്നിരിക്കുന്ന കടുത്ത കുറ്റവാസനകളായിരുന്നു. ബാങ്കുകളുടെ ലോണ്‍ പ്രൊഡക്റ്റ്സ്   ചെലവാകണമെങ്കിൽ താമസിക്കാൻ ആവശ്യമില്ലെങ്കിലും  ആളുകൾ ഹൗസിംഗ് ലോണുകൾ വാങ്ങി വീടുകൾ കെട്ടിക്കൊണ്ടിരിക്കണം. ഇങ്ങനെ വീടുകൾ കെട്ടിക്കൊണ്ടിരിക്കണമെങ്കിൽ റിയൽ എസ്റ്റെറ്റ് മണ്ഡലങ്ങളിൽ വില കയറിക്കൊണ്ടിരിക്കണം. റിയൽ എസ്റ്റേറ്റിന്റെ വില വ്യാജമായി കയറിക്കൊണ്ടിരിക്കണമെങ്കിൽ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചു ആളുകൾ വായ്പകൾ വാങ്ങി വീടുകൾ നിരന്തരം പൊക്കിക്കൊണ്ടിരിക്കണം.ശരിയായ ആവശ്യത്തിന്റെയോ ഉപയോഗത്തിന്റെയോ ആലംബമില്ലാത്ത ബാബേൽ ഗോപുരം കെട്ടലാണ് ഒരു ദിവസം ഇടിഞ്ഞു പൊളിഞ്ഞു തകർന്നത്.

കമ്പനി ഷെയറുകളുടെ വില സ്റ്റൊക്ക്എക്സേഞ്ചുകളിൽ കൂടുകയും കുറയുകയും ചെയ്യുന്നതും അവരുടെ ഉല്‍പ്പന്നങ്ങളുടെ യദാർത്ഥ ചോദനത്തെ ആശ്രയിച്ചല്ല നടക്കുന്നതെന്ന് കാണാം. ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള മറ്റു ഘടകങ്ങളാണ് പലപ്പോഴും രംഗം ഭരിക്കുന്നത്. വ്യക്തിയും വ്യക്തിയും തമ്മിലും വ്യക്തിയും സ്ഥാപനവും തമ്മിലും ഉണ്ടായിരിക്കേണ്ട സുതാര്യത, ലഭിക്കാവുന്ന ലാഭത്തെക്കുറിച്ച് മാത്രം ഗിരി പ്രഭാഷണം നടത്തി നഷ്ടക്കണക്കുകൾ മറച്ചു വെക്കുന്നത് സ്വന്തം തൊഴിലിന്റെ കര്‍ത്തവ്യമായി ഷെയർ മാര്‍ക്കറ്റ് ബ്രോക്കേഴ്സ് കാണുന്നത് ഫൈനാൻസ്‌ ക്യാപ്പിറ്റലിസത്തിൽ ജന്മസിദ്ധമായുള്ള കള്ളത്തരത്തെയാണ്‌ കാണിക്കുന്നത്.

കെ. പി രാമനുണ്ണി

 ഈ കള്ളത്തരം കൂടുതൽക്കൂടുതൽ വിനാശകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കില്ലേ?

തീർച്ചയായും  നയിക്കും. പറഞ്ഞു പറ്റിപ്പിന്റെ നിലവാരത്തിലുള്ള ക്രിമിനൽ സ്വഭാവം മൂലധനത്തിന്റെ തട്ടകങ്ങൾ മാറുന്നതോടെ അക്രമാസക്തവുമായിത്തീരുന്നു. യുദ്ധോപകരണങ്ങളും ഫ്ലൈറ്റർ പ്ലെയിനുകളും നിർമിക്കുന്ന അമേരിക്കൻ കമ്പനികളുടെ ബിസിനസ് കൊഴുക്കനമെങ്കിൽ ലോകത്ത് സംഘർഷം നിലനിൽക്കേണ്ടത് ഒരു അനിവാര്യതയാണ്.ഇത്തരം കമ്പനികൾ ഗംഭീരമായി ഉത്പ്പാദനം നടത്തിയാലേ അവര്‍ക്ക് യന്ത്ര ഭാഗങ്ങൾ സപ്ലൈ   ചെയ്യുന്ന മറ്റു കമ്പനികൾക്കും പിടിച്ചു നില്ക്കാൻ സാധിക്കുകയുള്ളൂ.ഭൂലോകത്തെ മൊത്തം കച്ചവടത്തിന്റെ വലിയൊരു ശതമാനം യുദ്ധസാമഗ്രികളുടെതായതിനാൽ ആഗോള സമ്പത്ത് വ്യവസ്ഥ പച്ചപിടിക്കണമെങ്കിൽ എവിടെയെങ്കിലുമായി നടക്കുന്ന യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണ്. ഇറാക്കിൽ ഇല്ലാത്ത മാരകായുധങ്ങൾ കണ്ടെത്തിയത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മാത്രം ആവശ്യമായിരുന്നില്ല,അവരുടെ കോർപ്പറേറ്റ് കമ്പനികളുടെ ബിസിനസ് മെച്ചപ്പെട്ട് ഫോറിൻ ക്യാപ്പിറ്റൽ ഇങ്ങോട്ടോഴുകി ഇന്ത്യൻ ഷെയർ മാർക്കറ്റിന്റെ സെൻസെക്സ്  ഉയര്‍ന്നു ലാഭം നേടാൻ കാത്തുനില്ക്കുന്ന  നമ്മുടെ റിട്ടയേർഡ് ഉദ്യോഗസ്ഥന്മാരുടെ കൂടി ആവശ്യമായിരുന്നു. അമേരിക്കൻ യുദ്ധക്കൊതിക്കെതിരെ കണ്ഠക്ഷോഭം നടത്തുന്ന ബുദ്ധിജീവിക്കും ഷെയർ മാർക്കറ്റിൽ വിലയിടിഞ്ഞ് നഷ്ടം സഹിക്കുന്നത് സന്തോഷകരമല്ല.

 നമ്മുടെയെല്ലാം വ്യക്തി ജീവിതത്തെ കൂടി മുതലാളിത്ത വ്യവസ്ഥ പാപനിര്‍ഭരമാക്കുന്നില്ലേ ?

ഉണ്ട്. അടുത്ത കാലത്ത് വലിയ മനപ്രയാസമുണ്ടാക്കിയ ഒരു സംഭവം പറയാം. ഭൂകമ്പത്തോടനുബന്ധിച്ച ആണവ ദുരന്തങ്ങള്‍ ജപ്പാനെ മുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരു വെജിറ്റേറിയന്‍ സുഹൃത്ത് എന്നെ ആഹ്ലാദത്തോടെ ഫോണില്‍ വിളിച്ചു. ജപ്പാനിലെ ഓട്ടോ മൊബൈല്‍ ഇന്‍ഡസ്ട്രി തകരുന്നതോടെ  സമാന രംഗത്തുള്ള ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍ പ്രൈസ് കുതിച്ചുയരാന്‍ സാധ്യതയുണ്ട്, വേണമെങ്കില്‍ ഇന്‍വെസ്റ്റ് ചെയ്തോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അതായത് മറ്റുള്ളവരുടെ ചോരയും മരണവും പോലും മോഹന പ്രതീക്ഷയാക്കി മാറ്റുന്ന ഒരു ലാഭയുക്തി ഷെയര്‍ മാര്‍ക്കറ്റ് ബിസിനസ്സിലുണ്ട്.

 ഫൈനാന്‍സ് ക്യാപിറ്റലിസം സാംസ്ക്കാരിക രംഗത്ത് വരുത്തിവെക്കുന്ന പ്രതിസന്ധികളുടെ സ്വഭാവമെന്താണ് ?  

ഫൈനാന്‍സ് ക്യാപറ്റലിസം സാംസ്ക്കാരിക രംഗത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അതിന്റെ ഇരകളെ മാത്രമല്ല ഗുണഭോക്താക്കളേയും ആത്യന്തികമായി തകര്‍ത്ത് കളയും. മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ഗുണനിലവാരത്തെ അത് നിരന്തരം ഹനിച്ചുകൊണ്ടിരിക്കും. ഇന്‍സെക്യൂരിറ്റി ഫീലിംഗ് അതായത് അവസാനമില്ലാത്ത അരക്ഷിതാവസ്ഥയാണ് മൂലധന വാഴ്ച്ച ആധുനിക സംസ്കൃതിയില്‍ പടര്‍ത്തുന്ന ഒരു മാരക രോഗം. കോര്‍പ്പറേറ്റ് കമ്പനിയുടെ  സി.ഇ.ഓ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ മുതല്‍ കുഴിയിലേക്ക് കാലു നീട്ടിയ പെന്‍ഷണര്‍ വരെ വിവിധ തരത്തിലുള്ള അരക്ഷിതാവസ്ഥകളിലാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോലെ ആറക്ക ശമ്പളമുള്ള ജോലി നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന സിംഹങ്ങള്‍. വലിച്ചെറിഞ്ഞാലും പോകാത്തത് എന്ന് കരുതിയിരുന്ന സര്‍ക്കാരുദ്യോഗം ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ പേരില്‍ ആടിപ്പോകുമോ എന്ന് ആശങ്കപ്പെടുന്ന പാവങ്ങള്‍, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഏത് നിമിഷവും ഗവണ്‍മെന്റുകള്‍ പിന്‍വലിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകവ്യാപകമായി ആധിപ്പെടുന്ന വൃദ്ധജനങ്ങള്‍..

ശാസ്ത്രവും സാങ്കേതിക വിദ്യയും മാനവരാശിയുടെ അരക്ഷിതബോധം പരമാവധി ഇല്ലായ്മ ചെയ്യേണ്ട ചരിത്ര സന്ദര്‍ഭത്തില്‍ എന്തുകൊണ്ടാണ് മനുഷ്യന്‍ ടെന്‍ഷനടിച്ചും സ്ട്രെസ്സ് മാനേജ്മെന്റ് കൗണ്‍സിലിങ്ങുകള്‍ക്ക് വിധേയനായും ജീവിതം അരോചകമാക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പഴയ കാലത്തേത് പോലെ  പ്രകൃതിയില്‍ നിന്നുള്ള അനിശ്ചിതത്വങ്ങളെ കുറിച്ച് അവന് അത്രയൊന്നും വേവലാതിപ്പെടേണ്ടതില്ല. പകര്‍ച്ചവ്യാധികള്‍ക്കും മാരകരോഗങ്ങള്‍ക്കും തുലോം ഭേതപ്പെട്ട ചികിത്സാവിധികളുണ്ട്. യാത്ര കൂടുതല്‍ എളുപ്പമുള്ളതും വേഗതയാര്‍ന്നതായും മാറിക്കൊണ്ടിരിക്കുന്നു. സ്വന്തക്കാരും ബന്ധക്കാരുമായുള്ള സ്നേഹം പങ്കിടലിനും ആശയവിനിമയത്തിനും ദൂരം പ്രശ്നമേ അല്ലാതായിരിക്കുന്നു. വൈകാരിക സുരക്ഷിതത്വം അങ്ങേയറ്റം വര്‍ദ്ധിക്കേണ്ട കാലത്ത് വലിയവൻ മുതൽ ചെറിയവൻ വരെ അരക്ഷയുടെ  നെരിപ്പോടിൽ നീറേണ്ടിവരുന്നുണ്ടെങ്കിൽ അത് സമൂഹത്തെ ഭരിക്കുന്ന വ്യവസ്ഥിതിയുടെ കൊള്ളരുതായ്ക കൊണ്ട് തന്നെയാണ്. സ്വാർത്ഥത, കിടമത്സരം തുടങ്ങിയ സമൂഹവിരുദ്ധ വികാരങ്ങളിൽ നിന്ന് ഒരു സാമ്പത്തിക ക്രമം അതിന്റെ ചാലക ഊർജ്ജം സ്വീകരിക്കുമ്പോഴാണ് വ്യക്തിയും സമൂഹവും തമ്മിൽ അവസാനിക്കാത്ത വൈരുദ്ധ്യം സൃഷ്ടിക്കപ്പെടുന്നതും മനുഷ്യൻ കൂടുതൽകൂടുതൽ അരക്ഷിതനായി ഭവിക്കുന്നതും.

കെ. പി രാമനുണ്ണി

ഈ അരക്ഷിതത്വ ബോധമാണോ മനുഷ്യന്റെ ഒരുപാട് നന്മകൾ ചോർത്തിക്കളയുന്നത്?

സാംസ്കാരിക പരിണാമത്തിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരുപാട് ഗുണഗണങ്ങൾ ടെക്നോ ക്യാപ്പിറ്റലിസ്റ്റ് ലോകത്ത് നഷ്ടപ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഗാഢമായ സംഘബോധവും അതിന്റെ നിദാനമായ വിശ്വാസസ്ഥായിയും, പ്രകൃതിയും വന്യമൃഗങ്ങളുമായി മല്ലിടേണ്ടിവന്ന കാലം തൊട്ടേ മനുഷ്യനിൽ രൂപീകൃതമായതാണ്. എന്നാൽ ഒറ്റപ്പെടലും ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന ബന്ധങ്ങളുടെ അസ്ഥിരതയുമാണ് ദേശവംശ ഭേദമില്ലാതെ സകല ആധുനിക മനുഷ്യനും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൗതീകമായ ദുരന്തങ്ങൾ കുറയുന്നതിന്റെ പതിന്മടങ്ങ് വേഗത്തിലാണ് മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുന്നത്.  നവ സാങ്കേതിക സമൂഹത്തിന്റെ സാംസ്കാരിക ചിഹ്നമായ മൊബൈൽഫോൺ സ്നേഹബന്ധങ്ങൾ നിലനിർത്തുന്നതിനേക്കാൾ നിമിഷം വെച്ച് ആളുകളെ തെറ്റിക്കാനാണത്രെ ഇന്ന് കൂടുതൽ സഹായകമാകുന്നത്. ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ നൽകുന്ന പുതുബന്ധ സാധ്യതകളുടെ മുകളിൽ അസ്ഥിരതയും അവിശ്വാസവും ഫണം വിടർത്തിയാടുകയും ചെയ്യുന്നു. എത്ര ദൂരത്ത് നിന്നും കാതോട് കാതോരം സംസാരിക്കാൻ മനുഷ്യരാശിക്ക് ലഭിച്ച വരദാനമായ ടെലഫോൺ മനുഷ്യബന്ധ വിനാശങ്ങൾക്ക് എങ്ങനെയെല്ലാം കാരണമാകുന്നു എന്നത് ഗവേഷണം അർഹിക്കുന്ന വിഷയമാണ്. ഫോണിലൂടെയുള്ള അപമര്യാദ, ഫോണിലൂടെയുള്ള ധിക്കാരം, ചതി, ലൈഗീകാക്രമണം, ഭീകരപ്രവർത്തനം തുടങ്ങി ഈ ലിസ്റ്റ് എത്രയും നീട്ടാവുന്നതാണ്. ചുറ്റുമുള്ള സമൂഹത്തോട് ഒരു വ്യക്തിക്കുള്ള ഭയാശങ്കകൾ മുഴുവൻ അൺനോൺ നമ്പറിൽ നിന്ന് തന്റെ മൊബൈലിലേക്ക് വരുന്ന ഫോൺ വിളി സംശയിച്ചെടുക്കുന്ന വിദ്യാസമ്പന്നയായ സ്ത്രീയുടെ മുഖത്ത് കാണാം.

ദേശങ്ങളേയും രാഷ്ട്രങ്ങളേയും  ശാസ്ത്ര സാങ്കേതിക വിദ്യ ദൂരപരമായി അടുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യഹൃദയങ്ങൾ പരസ്പരം അകന്നുകൊണ്ടിരിക്കുന്നു. ഓരോ വ്യക്തികളും ഓരോരോ ദ്വീപുകളായി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ആളുകൾ ഒറ്റപ്പെടുക മാത്രമല്ല ഒറ്റപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്താണ് ഈ പ്രതിഭാസത്തിന്റെ സാമൂഹ്യ സാംസ്കാരിക വിവക്ഷകൾ ?

 ഒറ്റപ്പെടാൻ വിധിക്കപ്പെടുന്നവരുടേയും, ഒറ്റപ്പെടലാണ് ശരിയെന്ന് വിശ്വസിക്കുന്നവരുടേയും മുൻഗണനാക്രമം അത്യന്തം വ്യക്തിനിഷ്ഠവും ശരീരനിഷ്ഠവുമായി പരിണമിച്ചുകൊണ്ടിരിക്കും. സമൂഹപരമായ സകല സ്മൃതികളും ചോർത്തിക്കളയുന്ന ഈ രാസപ്രക്രിയയാണ് വൃദ്ധജനങ്ങൾ വേസ്റ്റ് മെറ്റീരിയൽസാണെന്ന അവബോധം ലോകമെമ്പാടും ഉത്പാദിപ്പിക്കുന്നത്. സമ്പന്ന വർഗ്ഗവും മദ്ധ്യവർഗ്ഗവും വൃദ്ധരായ അച്ഛനമ്മമാരെ കൂടുതൽ അവഗണിക്കുമ്പോൾ താഴെക്കിടയിലുള്ളവർ അവരോടുള്ള സ്നേഹാദരങ്ങൾ അത്രതന്നെ കൈവെടിയുന്നില്ല എന്നത് മുതലാളിത്ത മനഃശാസ്ത്രത്തിന്റെ സ്വാധീനവ്യത്യാസം സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ അവശരായ മാതാപിതാക്കളെ മക്കള്‍ ഒന്ന്‌ സംരക്ഷിച്ച്‌ കിട്ടാന്‍ വേണ്ടി ട്വിന്‍ ഫ്ലാറ്റ്സ്‌ അനുവദിക്കുക തുടങ്ങിയ പലപ്രലോഭനങ്ങളും സര്‍ക്കാര്‍ നടത്തി നോക്കുന്നുണ്ട്.  എന്നിട്ടും വൃദ്ധസദനങ്ങളിലേയ്ക്കുള്ള തള്ളിക്കയറ്റം വര്‍ദ്ധിച്ച്‌ വരികയാണ്‌. വൃദ്ധമാതാവിനെ തൊഴുത്തില്‍ കെട്ടിയതിനും വൃദ്ധപിതാവിനെ അടിച്ചിറക്കിയതിനും കേസ്സെടുക്കുന്ന പരിപാടി നമ്മുടെ നാട്ടിലും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

 അവനവന്റെ ഉപഭോഗത്തിനും ആര്‍ത്തിശമനത്തിനുള്ള വസ്തുക്കളില്‍ മാത്രം ആസക്തി ജനിപ്പിക്കുന്ന കമ്പോള സംസ്കൃതി പ്രകൃതി നിര്‍ദ്ദേശിക്കുന്ന ജൈവ ചോദനകള്‍ കൂടി മനുഷ്യനില്‍ നശിപ്പിക്കുന്നുണ്ട്. ഏതോ യൂറോപ്യന്‍ രാജ്യത്ത്‌ ദമ്പതികള്‍ കൈക്കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ വെച്ച്‌ മറന്നുപോയ വാര്‍ത്ത അടുത്ത കാലത്ത്‌ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവല്ലോ. ചെറുപ്പക്കാരായ അച്ഛനും അമ്മയും കുടിച്ച്‌ കൂത്താടുന്ന സമയത്ത്‌ കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സ്ഥിരം സംഭവമാണ്‌ . ആണിനും പെണ്ണിനും അധികകാലം പരസ്പരം പൊറുപ്പിക്കാനുള്ള പ്രയാസം കൊണ്ട്‌ പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹം കുറഞ്ഞ്‌ വരികയാണ്‌. കോ ഹാബിറ്റേഷനുകള്‍ താഴ്ന്നുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാര്‍ ഒന്ന്‌ കല്യാണം കഴിച്ച്‌ കുട്ടികള്‍ ഉണ്ടായിക്കിട്ടാന്‍ വേണ്ടി സിംഗപ്പൂര്‍ സര്‍ക്കാരും മറ്റും പല ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ കുട്ടിക്ക്‌ പതിനായിരം ഡോളര്‍, രണ്ടാമത്തെ കുട്ടിക്ക്‌ ഇരുപതിനായിരം ഡോളര്‍ എന്നിങ്ങനെ.  കൂടാതെ യുവമിഥുനങ്ങള്‍ക്ക്‌ ഫ്രീ ഹണിമൂണ്‍ ട്രിപ്പുകളുമുണ്ട്. സ്നേഹിക്കുകയും പ്രണയിക്കുകയും ഒന്നും വേണ്ട നിങ്ങളൊന്ന്‌ കാമിക്കുകയെങ്കിലും ചെയ്യൂ എന്നാണ്‌ ഇവിടങ്ങളിലെ ഭരണക്കാര്‍ പറയുന്നത്‌. എന്നാലും മൊബൈല്‍ ഫോണില്‍ തല പൂഴ്ത്തി, വെര്‍ച്വല്‍ ലോകത്ത്‌ വിഹരിച്ച്‌, ഐസ്ക്രീമും നുണഞ്ഞ്‌ നടക്കുന്ന ചെറുപ്പക്കാര്‍ കൂട്ടാക്കുന്നില്ല. എന്ത്‌ ചെയ്യും. പിന്നെ സര്‍ക്കാറിനേക്കാള്‍ വലിയ ദൈവങ്ങളായ, അവര്‍ ജോലിയെടുക്കുന്ന കമ്പനികള്‍ക്ക്‌ കല്യാണം കഴിക്കലും പ്രസവിക്കലുമൊന്നും അത്ര ഇഷ്ടമുള്ള കാര്യങ്ങളുമല്ല.

 ഛിന്നഭിന്നമായ സമൂഹം ഒറ്റപ്പെട്ട വ്യക്തികളുടെ ആള്‍ക്കൂട്ടം മാത്രമായി തകരുന്നത്‌ കലകളെയും സാഹിത്യത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുകയില്ലേ ?

കലകളുടെയും സാഹിത്യത്തിന്റെയും അവലംബം സാമൂഹികതയിലാണ്‌ . കലാകാരനും സാഹിത്യകാരനും സത്യത്തില്‍ സാമൂഹികതയുടെ ഉത്പ്പന്നമാണ്‌ . എഴുത്തിന്റെ പ്രക്രിയ തന്നെ നോക്കൂ, സഹജീവിയുടെ ദു:ഖവും ഹര്‍ഷവും ഉത്കണ്ഠകളുമെല്ലാം കവിയും കഥാകൃത്തും സ്വന്തമായി അനുഭവിക്കുന്നതില്‍ നിന്നാണല്ലോ സര്‍ഗ്ഗസൃഷ്ടികള്‍ ഉത്ഭവിക്കുന്നത്‌ . മറ്റുള്ളവരുമായുള്ള ഹൃദയബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെടുന്ന മനുഷ്യന്റെ നിലനില്‍പ്പ്‌ വെറും ബയോളജിക്കല്‍ എക്സിസ്റ്റെന്‍സായി മാറുകയാണ്‌ . വെറും തീറ്റയിലും കുടിയിലും ഇന്ദ്രീയങ്ങളുടെ സുഖദായകങ്ങളിലും മാത്രം മുഴുകുന്ന കമ്പോള മനുഷ്യര്‍ക്ക്‌ കലകളിലും സാഹിത്യത്തിലുമെല്ലാം താത്പര്യം നശിക്കുക തന്നെ ചെയ്യും. അതുകൊണ്ടായിരിക്കാം മുതലാളിത്ത സമ്പന്നതയുടെ കേദാരമായ സിംഗപ്പൂരില്‍ കലാകാരന്മാര്‍ ഞങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന സ്പീഷീസുകളാണ്‌ ഞങ്ങളെ രക്ഷിക്കൂ എന്ന്‌ പറഞ്ഞ്‌ റോഡരികില്‍ ആടിപ്പാടി പ്രചരണം നടത്തുന്നത്‌ .

 മുതലാളിത്ത സമ്പത്ഘടന ഇത്തരമൊരു അവസ്ഥയിലേക്ക് മാനവരാശിയെ നയിക്കാനുള്ള അടിസ്ഥാന പ്രശ്നം എന്താണ് ? 

 വസ്തുക്കളുടെ ഭൌതികത മാത്രമാണ് യാഥാര്‍ത്യമെന്നും ആശയജന്യങ്ങളായ മൂല്യങ്ങളോ സങ്കല്‍പ്പജന്യങ്ങളായ കലകളോ അയഥാര്‍ത്തങ്ങളോ പ്രതിനിധാനങ്ങളോ മാത്രമാണെന്നുള്ള പാശ്ചാത്യ ആധുനികതയുടെ വികല വീക്ഷണമാണ് സകല മുതലാളിത്ത സംവിധാനങ്ങളെയും ഭരിക്കുന്നത്. അതിനാല്‍ ഒരു പൌരന്‍റെ ക്വാളിറ്റി ഓഫ് ലൈഫ് നിര്‍ണ്ണയിക്കുന്നത് അവന്‍ അകത്താക്കുന്ന കലോറിയും ചെലവഴിക്കുന്ന ഇന്ധനവും ഉപയോഗിക്കുന്ന വിദ്യുച്ഛക്തിയും മറ്റുമാണ്. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളോ മനസ്സിനകത്തെ നന്മകളോ ജീവിത സംതൃപ്തിയോ ഒന്നും തന്നെയല്ല. ആന്തരികമായി പൊള്ളയാക്കപ്പെട്ട, മാനുഷിക ഗുണങ്ങളെല്ലാം തിരോഭവിക്കപ്പെട്ട, വെറും യന്ത്രമാക്കപ്പെട്ട മനുഷ്യനാണ് ഈ പ്രത്യയശാസ്ത്രത്തിന്‍റെ നുകത്തിന്‍കീഴില്‍ ഉല്‍പ്പാത്തിപ്പിക്കപ്പെടുന്നത്.

 നവമുതലാളിത്തത്തിന്‍റെ പ്രതിസന്ധികളെല്ലാം കേരളവും ഏറ്റുവാങ്ങുന്നുണ്ടല്ലോ. കുറെകാലമായി മാതൃഭാഷയോട് സര്‍ക്കാറും പൊതുസമൂഹവും കാണിക്കുന്ന അവഗണനയേയും അതിനെതിരെ ഈയിടെ മാത്രം ഉയര്‍ന്നുവന്ന പ്രതിരോധങ്ങളേയും എങ്ങനെയാണ് നോക്കി കാണുന്നത് ?

 കേരളത്തിന്‍റെ ഭൂമിശാസ്ത്രം കേരളജനതയ്ക്ക് ഒരു  സവിശേഷ  സ്വഭാവം പ്രദാനം ചെയ്തിട്ടുണ്ട്. മനസ്സിന്‍റെ തുറന്നിട്ട വാതായനങ്ങളിലൂടെ പുറത്തുനിന്നുള്ള എന്തും ഏതും അതിവേകം സ്വായത്തമാക്കുക എന്നതാണ് അത്. കുറെ ഗുണങ്ങള്‍ ചെയ്തിട്ടുള്ളതാണ് ഈ പാരമ്പര്യമെങ്കിലും ഇപ്പോള്‍ ദോഷമാണ് ചെയ്യുന്നത് എന്നു തോന്നുന്നു. എത്രയും വേഗം കമ്പോളത്തെ മാറത്തടക്കി വേര് പറിഞ്ഞ മനുഷ്യരാകാനായി മലയാളി കാണിക്കുന്ന തന്ത്രപ്പാട് ഇന്ന് ആരെയും പേടിപ്പെടുത്തും. വെറും ബൌദ്ധികപ്രയോജനവാദത്തിലുള്ള ഊന്നലാണ് കേരളത്തില്‍ മലയാള ഭാഷ അപ്രധാനമാക്കപ്പെടാനുള്ള കാരണം. എന്തു ചെയ്യുമ്പോഴും പണമായി എന്തു തടയും എന്നതാണ് എല്ലാവരുടെയും നോട്ടം. പണം വാരുന്ന യന്ത്രങ്ങളായി മക്കളെ വിദേശത്തേക്കയക്കാന്‍ വേണ്ടിയാണ് നാം മാതൃമലയാളത്തെ മറന്ന് ഇംഗ്ലീഷിനെ തലയിലേറ്റുന്നത്. മലയാള സംരക്ഷണ സമിതിയുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് ഈ “ആത്മഹത്യാവാസനക്കെതിരെ” നാട്ടുകാരെ ബോധവാന്‍മാരാക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. സര്‍ക്കാരും വലിയൊരളവില്‍ വഴങ്ങിയല്ലോ.

 പ്രസവിക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യേണ്ടിവന്നാലും മക്കള്‍ ലക്ഷങ്ങള്‍ ശംബളം പറ്റണമെന്നാണല്ലോ എല്ലാ മാതാപിതാക്കളുടെയും മോഹം. സാറിന്‍റെ പുസ്തകത്തിന്‍റെ പേര് പോലെ മലയാളിജീവിതം ഇന്ന് ആര്‍ത്തിക്കാരന്‍റെ കയ്യിലാണോ? 

എന്‍റെ പുസ്തകത്തിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്ന ജീവിതത്തോടുള്ള ആര്‍ത്തിയല്ല ഇത്. പണത്തിനോടും പണം കൊണ്ട് വാങ്ങാന്‍ കഴിയുന്ന വസ്തുക്കളോടുമുള്ള ആര്‍ത്തിയാണ്. പണം കൊണ്ട് ജീവിതം വാങ്ങാന്‍ കിട്ടാത്തതുകൊണ്ട് ശരിയായ അര്‍ത്ഥത്തിലുള്ള ജീവിതാര്‍ത്തി ഇവിടെ ശമിക്കപ്പെടാതെ കിടക്കുക തന്നെ ചെയ്യും. പണം നേടിത്തരുന്ന കാര്യങ്ങള്‍ക്ക് മാത്രം നിര്‍വ്വഹിക്കാനുള്ളതല്ല, മനസ്സിന്‍റെ ചിന്തകള്‍ക്കും സങ്കല്‍പ്പനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കൂടി നിര്‍വ്വഹിക്കാനുള്ളതാണ് ജീവിതത്തിന്‍റെ പൂര്‍ത്തീകരണം.

 കെ. പി രാമനുണ്ണി

ഒരു എഴുത്തുകാരൻ എന്നതിലുപരി സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ എന്നാ നിലയിൽ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ താങ്കൾ വേറിട്ട പാത സ്വീകരിച്ചതായി കാണുന്നു.  ഉദാഹരണമായി എല്ലാവരും അണ്ണാ ഹ്സാരെയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുമ്പോൾ അങ്ങ് ഇറോം ഷർമിളയ്ക്കു ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു.മാറാട് കലാപത്തിന്റെ സാഹചര്യത്തിൽ സി.അഷ്റഫിനെയും കൂട്ടി ശബരിമലയ്ക്ക് പോകുന്നു.ഈ വേറിട്ട പാത കൊണ്ടുദ്ദേശിക്കുന്നത് ?

സ്വന്തം നിലപാടുകളും അതുൽപ്പാദിപ്പിക്കുന്ന ആശയങ്ങളുമാണ്‌ ഒരു എഴുത്തുകാരനെ എഴുത്തുകാരനാക്കുന്നത്.എഴുതിലുപരി മറ്റു പ്രവർത്തനങ്ങളിലൂടെയും എഴുത്തുകാർക്ക്‌ നിലപാടുകളും ആശയങ്ങളും ആവിഷ്കരിക്കാവുന്നതാണ്. ഇത്തരം ആക്ടിവിസവും ഒരു തരത്തില്‍  പറഞ്ഞാല്‍  എഴുത്തിന്റെ ഭാഗം തന്നെയാണ്. പത്തു പതിനൊന്നു വർഷമായി ഒരു യുവതി അന്നവും വെള്ളവും ഉപേക്ഷിച്ചു കിരാതമായ പട്ടാളഭരണത്തിനെതിരെ പോരാടുന്നത് അനുഭവപരമായ സത്യസന്തത  പുലർത്തുന്ന ഏതൊരു എഴുത്തുകാരനും ഐക്യദാർഡ്യം പുലര്‍ത്തേണ്ട  വിപുലമായ അർത്ഥമാനങ്ങളുള്ള പ്രശ്നമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ ഇറോം ഷർമിളക്ക് വേണ്ടി നിരാഹാരം കിടന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കേരളത്തിലെ മതമൈത്രിക്ക് പോറലേൽക്കുമ്പോൾ   ആ പാരമ്പര്യ പ്രതീകങ്ങളെ ആശ്രയിച്ചായിരിക്കണം പ്രതിരോധമുയർത്തെണ്ടതെന്ന വിശ്വാസത്തിൽ നിന്നാണ് ഞാനും അഷ്റഫും കൂടി ശബരിമലക്ക് പോയതും.

Share.

About Author

148q, 0.799s