Leaderboard Ad

എനിക്കവരെ സംശയമാണ്‌ ; അതിന്‌ കാരണങ്ങളുണ്ട്‌.

0

2015 മെയ്‌ 9 ന്‌ രാവിലെ പത്രങ്ങൾ തുറന്നവരൊക്കെ ഒന്നാം പേജിലെ ആ ചിത്രമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ എല്ലാ സൗരഭ്യവും വിടരുന്ന മുഖ കാന്തിയില്ലേ, അങ്ങനെയുള്ള പ്രസന്ന വദനവുമായി കുറച്ച്‌ ചെറുപ്പക്കാർ. ഫോട്ടോയുടെ അടിക്കുറിപ്പ്‌ വായിച്ചവരെല്ലാം രണ്ട്‌ തട്ടിലായിക്കാണണം. ഒരു കൂട്ടർ വെറുപ്പ്‌ കൊണ്ട്‌ ഒരിക്കൽ കൂടെ ആ ചിത്രം കാണാൻ ആഗ്രഹിക്കാത്തവർ, മറ്റൊരു കൂട്ടർ അഭിമാനം കൊണ്ടും ആവേശം കൊണ്ടും പിന്നെയും പിന്നെയും ആ ചിത്രത്തെ നോക്കി രോമാഞ്ചം കൊണ്ടവർ. നമുക്ക്‌ രണ്ടാമത്തെ കൂട്ടരെക്കുറിച്ച്‌ സംസാരിക്കാം.

അവരാണ്‌ സ്വയം വേറിട്ടും, വേർപ്പെടുത്തിയും ഒരു ധാരയെ ഒറ്റപ്പെടുത്തുന്നത്‌. മനുഷ്യൻ പരസ്‌പരം വരമ്പുകളില്ലാതെ പുണരേണ്ടതിന്റെ ജൈവ സാധ്യത അംഗീകരിക്കാത്തവർ. പരിഹാസങ്ങളെ, വിമർശനങ്ങളെ, വിയോജിപ്പുകളെ മതം ഉൾകൊള്ളില്ലെന്നും, അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കാൻ നമുക്ക്‌ ബാധ്യതയുണ്ടെന്നും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ. അവർക്കാണ്‌ എട്ട്‌ വർഷം ജയിൽ വാസത്തിന്‌ ശിക്ഷിക്കപ്പെട്ടവന്റെ ചിത്രം കണ്ടിട്ട്‌ രോമാഞ്ചം വന്നത്‌. തന്റെ മതത്തിന്റെ പ്രവാചകനെ അപമാനിച്ചെന്നും പറഞ്ഞ്‌ ഒരദ്ധ്യാപകന്റെ കൈ വെട്ടിയിട്ടാണ്‌ ശിക്ഷ വാങ്ങിയതെന്ന് അഭിമാനത്തോടെ അവതരിപ്പിക്കുന്നതവരാണ്‌. പ്രതികളുടെ പുഞ്ചിരിക്കുന്ന ഫോട്ടോ പ്രൊഫെയിലാക്കിയതവരാണ്‌. അവർ പോപുലർ ഫ്രണ്ടുകാരെന്ന് വിളിപ്പേരുള്ള, എസ്‌.ഡി.പി.ഐ എന്ന രാഷ്ട്രീയ പുകമറയുള്ള, മതഭ്രാന്ത്‌ മൂത്തവരുടെ ആശയാടിത്തറയുള്ള, തുരുമ്പുകളാണ്‌.

എന്താണ്‌ പോപുലർ ഫ്രണ്ടെന്ന് തിരക്കിയപ്പോഴൊക്കെ കിട്ടിയ മറുപടി മുസ്ലിം ശാക്തീകരണമെന്ന മിനിമം പരിപാടിയാണ്‌. ശാക്തീകരണമെന്ന് പൊതുവെ കരുതി വരുന്ന വിദ്യഭ്യാസം, സാമ്പത്തിക അടിത്തറ, സാമൂഹിക സന്തുലനം തുടങ്ങി മധ്യ വർഗ്ഗ മുസ്ലിം സാമാന്യത്തെ ആകർഷിക്കാൻ പോന്ന സംഗതികളൊക്കെ കയ്യിലുണ്ടെങ്കിലും പ്രധാന ആയുധം സംഘപരിവാർ അക്രമണമാണ്‌. ബാബരി മസ്‌ജിദ്‌ തകർച്ചയും ഗുജറാത്ത്‌ കലാപവുമൊക്കെയാണ്‌ വളമിട്ടത്‌. ഭയവും വിഷപ്പുമൊക്കെ കൂട്ടിച്ചേർത്താണ്‌ വിൽപനക്ക്‌ വെച്ചത്‌. സ്വത വാദികളാണ്‌ അടയിരുന്നത്‌. പള്ളി ഇമാമുകളുടെ സംഘവും രാഷ്ട്രീയ പാർട്ടിയുമൊക്കെയായി ദ്വയാർത്ഥങ്ങൾ ഒരേ സമയം കൊണ്ടാടി. പഠിക്കുന്നവനെയും പിന്തുടരുന്നവനെയും അങ്കലാപ്പിലാക്കുന്ന മെയ്‌ വഴക്കം കാട്ടി. അങ്ങനെ മുസ്ലിം ജനവിഭാകത്തിലെ തീവ്ര മനോഭാവികൾ മുഴുവൻ അവിടെ അടിഞ്ഞുകൂടി. പ്രാദേശിക തലത്തിൽ അക്രമണ സ്വഭാവമുള്ളവരും ഒറ്റയാനകളും വന്നു ചേർന്നു. സംഘപരിവാറിന്‌ ഉത്തരമാകുന്നുവെന്ന പ്രചാരണം ശക്തമായി മുസ്ലിങ്ങൾക്കിടയിൽ മാർക്കറ്റ്‌ ചെയ്തു. ആരാണ്‌ രൂപീകരിച്ചതെന്നോ എവിടെ വെച്ചാണ്‌ രൂപീകരണമെന്നോ അംഗങ്ങൾക്ക്‌ പോലും അറിയാത്തത്ര നിഗൂഡത അപ്പഴും അവർ സൂക്ഷിച്ചു. അങ്ങനെ രാജ്യത്തെ വലിയ മത മൗലിക സംഘടനയായി അവർ മാറി.

അവരുടെ വേരുകൾ അടിമണ്ണ്‌ പറ്റിത്തുടങ്ങിയെന്ന് പൊതു സമൂഹം തിരിച്ചറിയും മുൻപാണ്‌ പ്രവാചകനെ അപമാനിച്ച്‌ ചോദ്യപ്പേപ്പർ തയ്യാറാക്കിയെന്ന പേരിൽ തൊടുപുഴയിൽ ഒരു അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റുന്നത്‌. ഒരുഗ്രൻ തീവ്രവാദി ആക്രമണം. ആലോചനയിലും നടപ്പാക്കലിലും ഏറ്റെടുക്കലിലും ഉന്നത നിലവാരം പുലർത്തി. ആ സംഭവത്തോടെ അവർ ശ്രദ്ധിക്കപ്പെട്ടു. വാർത്തയായി, ജാഗ്രതാ വാഗ്ദാനങ്ങളായി, തള്ളിപ്പറയലുകളായി, പഴിചാരലായി. അങ്ങനെ അവരൊരു വിഷയമായി. ഗ്രൗണ്ടും കാണികളും അവരെത്തേടിയെത്തി. മാനം വ്രണപ്പെടുമെന്ന് അവർ കരുതിയ സിനിമക്കെതിരെയും, ചുംബന സമരത്തിനെതിരെയും കൊടിയേന്തി കരുത്തു കാട്ടി. കയ്യടിക്കാൻ ആളുകളുണ്ടായി. കൂട്ടുകൂടാൻ ചങ്ങാതിമാരുണ്ടായി. ഹദീസും ഖുർആനും വളച്ചും തിരിച്ചും ആശയ അടിത്തറ അഭിനയിച്ചു. പലരും അതിൽ മയങ്ങി, ചിലർ ചാരി, മറ്റു ചിലർ പ്രോൽസാഹിപ്പിച്ചു. അതിനിടക്ക്‌ കൈ വെട്ടിലെ പ്രതികളെ കോടതി ശിക്ഷിച്ചു. അവർ പുഞ്ചിരിച്ച്‌ അതേറ്റുവാങ്ങി. ആ പുഞ്ചിരി വാർത്തയായി. അഭിനന്ദിക്കാൻ ആളുണ്ടായി. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങളെ പരിരക്ഷിക്കാൻ പോപുലർ ഫ്രണ്ട്‌ മുന്നിൽ നിന്നു. ചെയ്‌തവർക്ക്‌ തങ്ങളുടെ പ്രവർത്തി അഭിമാനമായി തോന്നി. തങ്ങളിത്‌ തന്നെ ചെയ്യുമെന്ന് ആ സംഘടന ആവർത്തിച്ച്‌ പറയാതെ പറഞ്ഞു.

ജിംഷാർ എന്ന എഴുത്തുകാരൻ ആക്രമിക്കപ്പെടുമ്പോൾ കൈ വെട്ടിലെ പുഞ്ചിരി ഓർക്കാൻ കാരണങ്ങൾ വേറെ വേണ്ടതില്ലല്ലോ. തങ്ങൾ ചെയ്തതാണ്‌ ശരിയെന്ന് വിശ്വസിക്കുന്നവർ അതാവർത്തിക്കും എന്ന് തന്നെയല്ലേ നമ്മൾ കരുതേണ്ടത്‌. ചെയ്യുന്ന തെറ്റുകൾക്ക്‌ ശിക്ഷ അഭിമാനത്തോടെ സ്വീകരിക്കുന്നവർ അതിരട്ടിപ്പിക്കാൻ അവസരം തേടുമല്ലോ. ന്യായീകരിക്കാനും കൂടെ നിൽക്കാനും ജനസാമാന്യം സ്വന്തമായുണ്ടേൽ കരുത്ത്‌ കൂടുകയല്ലേ ഉള്ളൂ…

ഞാനവരെ ഒന്ന് സംശയിച്ചോട്ടെ..??

ലേഖകന്‍  : അഷ്കര്‍ കെ.എ

Share.

About Author

134q, 0.683s