Leaderboard Ad

കമ്യൂണിസ്റ്റ്കൾക്ക് നീതി അകലെയോ?

0

നമ്മുടെ മഹത്തായ ജനാധിപത്യവും നീതിന്യായ സംവിധാനവും നിലനിൽക്കുന്നത് ഭരണകൂടത്തിന്റെ നിയമസംവിധാനമോ പോലീസോ ജയിലറകളോ തൂക്ക്മരമോ ചൂണ്ടികാട്ടി ഭീഷണിപെടുത്തിയല്ല
മറിച്ച് രാജ്യത്തെ ഓരോ പൗരനും ജനാധിപത്യ സംവിധാനത്തിലും നീതിനിർവഹണത്തിലും ഒരു പരിധിവരെയെങ്കിലും സമഗ്രവും നിക്ഷ്പക്ഷവുമാണെന്ന ബോദ്ധ്യത്തിലാണ് .

അങ്ങനെയെല്ലായെങ്കിൽ രാജ്യത്തെ 130 കോടി ജനങ്ങളിൽ 10% എങ്കിലും ഭരണകൂടത്തിന് എതിരെ ആയുധമേന്താൻ തയ്യാറായാൽ രാജ്യത്തെ അരക്ഷിതാവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ .

സായുധ സമരത്തിലൂടെ ഭരണകുടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മാവോവാദികൾക്ക് പത്തിരുന്നൂറ് ജില്ലയിൽ സ്വാധീനമുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക് തന്നെ ( ഏറ്റകുറച്ചിൽ ഉണ്ടാകാം) ആകെ അറന്നൂറിൽ ചില്യാനം ജില്ലകളിൽ ഇരുന്നൂറിൽ പരം ജില്ലകളിൽ സ്വാധീനമുണ്ടായിട്ടും ഭരണകൂടത്തിനെതിരെ മാവോവാദികൾക്ക് കാര്യമായ പ്രഹരം നടത്താൻ സാധിക്കാതെ പോകുന്നത് സ്വാധീനമുള്ള ജില്ലകളിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസത്തിന്റെ ഭാഗമാണ് .

അത്തരമൊരു വിശ്വാസമാർജിക്കാൻ രാജ്യത്തെ പരമോന്നത നീതിനിർവഹണ സംവിധാനത്തിനായിട്ടുണ്ട് .
ഇത്തരം മഹത്തായ പാരമ്പര്യത്തിനെതിരായി ഭരണകൂടത്തിന്റെ ചില പകപോക്കലിൽ നീതിന്യായ സംവിധാനവും അരുനിക്കുന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ സാധിക്കില്ല .

സഖാക്കൾ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊലപാതക കേസിൽ പ്രതിചേർക്കപെട്ടവർ എന്നത് നേര് തന്നെയാണ് .
ഇന്നീ നിമിഷം വരെ അവർ അന്വേഷണ സംവിധാനം “കണ്ടെത്തിയ ” പ്രതികൾ മാത്രമാണ് . കുറ്റവാളിയല്ല . കുറ്റം തെളിയുന്നത് വരെ അവർക്ക് ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേരാനുള്ള അവകാശം നിയമംഅനുശാസിക്കുന്നുമുണ്ട് .
അതു കൊണ്ട് തന്നെയാണ് ഇരുവരും യഥാക്രമം ജില്ലാ പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും മത്സരിച്ചത് .
മത്സരിക്കാനുള്ള അനുമതിക്കായി ഇരുവരും കോടതിയെ സമീപിച്ചപ്പോൾ കോടതി അനുവാദം നൽകുകയാണുണ്ടായത് .

കേസിന്റെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി നാട് കടത്തപെട്ട കാരായി രാജനും ചന്ദ്രശേഖരനും തിരെഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും സ്വന്തം ജില്ലയിൽ പ്രവേശിക്കുന്നതിനായി അനുമതി തേടേണ്ടതായി വന്നിട്ടുണ്ട് – അപ്പോഴൊക്കെ കോടതി ഇരുവർക്കും ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട് .
അപ്പോഴൊന്നും ജില്ലയിൽ പ്രവേശിച്ചാൽ സാക്ഷികളെ സ്വാധീനിക്കമെന്നോ ഭീഷണി പെടുത്തുമെന്നോ പറഞ്ഞ് C Bl യൊ കോടതിയോ അനുമതി നിഷേധിച്ചിട്ടുമില്ല . അതിലേറെ ഒരു പൗരന്റെ ജനാധിപത്യാവകാശമായ മത്സരിക്കാനുള്ള അവകാശത്തെ തടയാൻ നിയമം ഇല്ല എന്നതാണ് CBI മൗനം പാലിച്ചതും .

സഖാക്കൾ കാരായി രാജനും ചന്ദ്രശേഖരനും ഫസൽ വധത്തിൽ ഗൂഡാലോചന നടത്തി എന്നതാണ് CBI “കണ്ടെത്തിയത് ” . CBI തന്നെ കൃത്യം നടത്തി എന്ന് “കണ്ടെത്തിയ ” പ്രതികതക്ക് നിരുപാധിക ജാമ്യം നൽകി ഏഴ് വർഷം കഴിയുമ്പോൾ വധത്തിന് ഗൂഡാലോചന നടത്തി എന്ന് “കണ്ടെത്തിയ ” നേതാക്കൾക്ക് ഉപാധികളോടെ ( നാട് കടത്തൽ) ജാമ്യം നൽകി ഇരട്ട നീതി നടപ്പിലാക്കിയതും ഇത്തരുണത്തിൽ ഓർകേണ്ടതാണ് .

തിരെഞ്ഞെടുപ്പിൽ മത്സരിച്ച ഇരു നേതാക്കളും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയാണുണ്ടായത് .
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച കാരായി രാജനെ ജില്ലാ പഞ്ചായത്തംഗങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച കാരായി ചന്ദ്രശേഖരനെ മുനിസിപ്പൽ കൗൺസിലർമാർ മുനിസിപ്പൽ ചെയർമാനായും തിരെഞ്ഞെടുത്തു .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും മുനിസിപ്പൽ ചെയർമാനായും തിരെഞ്ഞെടുക്കപ്പെട്ട ഇരുവർക്കും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ, ജാനാധിപത്യപരമായി ജനങ്ങളോടുള്ള കടമ നിറവേറ്റാൻ ബാദ്ധ്യതയുണ്ട് .
ജനാധിപത്യപരമായി തിരെഞ്ഞെടുക്കപ്പെട്ട , ജനാധിപത്യ രാജ്യത്തിന്റെ യജമാനൻമാരായ ജനങ്ങൾ തിരെഞ്ഞെടുത്ത ഭരണാധികാരിക്ക് തന്റെ കൃത്യം നിർവഹിക്കാൻ അനുമതി നിഷേധിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് .

ഭരണ സഭാംഗങ്ങളുടെ പേരെഴുതി വെച്ച ബോർഡിൽ പേരുവരാനല്ല ഇരുവരും മത്സരിച്ചത് . ജനാധിപത്യപരമായി ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് .

സഖാക്കളെ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ച ഹൈകോടതി ജില്ലാ പഞ്ചായത്തിന്റെയും മുനിസിപാലിറ്റിയുടെയും ഭരണഘടനാപരമായ ദൈന്യംദിന ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനെയാണ് വിധിയിലൂടെ തടസ്ഥപെടുത്തിയിട്ടുള്ളത് .

ഇരുവർക്കും കോടതി മത്സരിക്കാനുള്ള അനുമതി നൽകുമ്പോൾ ഇരുവരും ഒരുപക്ഷേ ജയിക്കുമെന്നും ( ജയിക്കാനാണെല്ലോ മത്സരികുന്നത് തന്നെ ) ജയിച്ചാൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കേണ്ടി വരുമെന്നും കോടതിക്ക് അറിയാമായിരുന്നില്ലേ ?

പിന്നെന്തിന് മത്സരിക്കാൻ അനുമതി നൽകി ?
മത്സരിപ്പിക്കാതിരിക്കാമായിരുന്നില്ലേ ?

രാജ്യത്തെ നിരവധി മന്ത്രിമാർ , എം പിമാർ, എം എൽ എ മാർ , ക്രിമിനൽ കേസിൽ പ്രതിയായി മത്സരിക്കുകയും ഭരണരംഗത്തേക്ക് വരികയും ചെയ്തിട്ടുണ്ട് .
ഗുജറാത്ത് കലാപം പോലുള്ള , സിക്ക് കൂട്ടകൊല പോലുള്ള വലീയ കലാപങ്ങൾക്ക് നേതൃത്വം നൽകി പ്രതാപട്ടികയിൽ സ്ഥാനം പിടിച്ച എത്ര പേർ മത്സരിച്ച് ജയിച് വന്നിട്ടുണ്ട് ,
മന്ത്രിമാരായിട്ടുണ്ട് . ഇത്തരം സാഹചര്യത്തിൽ കേസിൽ പ്രതിയായി എന്നത് കൊണ്ട് ഒരു പൗരനെ മറ്റി നിർത്താൻ സാധിക്കില്ല എന്നത് കൊണ്ടു മാത്രമാണ് CBI കരായി സഖാക്കൾക്ക് മത്സരിക്കാനുള്ള അവകാശം നൽകേണ്ടി വന്നത് എന്ന് മനസിലാക്കാം .

കാരായി സഖാക്കളുടെ ജാമ്യം നിഷേധിച്ച ഹൈകോടതി തന്നെയാണ് ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയും .

കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കിടക്കുമ്പോഴാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രതി മത്സരിക്കുന്നത് മത്സരിച്ച് ജയിച്ചതിന്റെ ഭാഗമായി ജനപ്രതിനിധിയുടെ ഉത്തരവാധിത്വം നിറവേറ്റണം എന്നാവശ്യവുമായി ജാമ്യാപേക്ഷ നൽകിയപ്പോൾ പ്രതിക്ക് നിരുപാധിക ജാമ്യം നൽകിയതും ഇതേ ഹൈകോടതി .
NIA അന്വേഷിച്ച കേസും UAPA വകുപ്പുള്ള കേസും എന്നു കൂടിയും ആ കേസിന്നുണ്ടായിരുന്നു .

ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് ജാമ്യം അനുവധിച്ച ഹൈകോടതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറിനോടും മുനിസിപ്പൽ ചെയർമാനോടും അയിത്തമേന്തേ ?!!

ഇരുവരും സാക്ഷികളെ സ്വാധീനിക്കും ,ഭീഷണിപെടുത്തും എന്നുള്ള CBI അഭിഭാഷകന്റെ വാദം തൊണ്ട തൊടാതെ ഹൈകോടതി വിഴുങ്ങിയതെന്തുകൊണ്ടാണ് ?

ഫസൽ കൊല്ലപെടുമ്പോൾ DYSP ആയിരുന്ന ഇപ്പോൾ SP ആയിട്ടുള്ള ഫിലിപ്പിനെ യാണോ പ്രതികൾ ഭീഷണി പെടുത്തുക ? സ്വാധീനിക്കുക ? ഇദ്ദേഹമല്ലേ സാക്ഷി ?

ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇരുപത്തിമൂവായിരത്തിൽ പരം ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുള്ള ,അത്രയേറെ ജനപിന്തുണയുള്ള ഒരാൾക്ക് സാക്ഷിയെ സ്വാധീനിക്കാൻ ഏറണാകുളത്ത് നിന്നും കണ്ണൂരേക്ക് വണ്ടി കയറേണ്ടതുണ്ടോ?

നോമിനേഷൻ നൽകാൻ അനുമതി നൽകിയപ്പോഴും വോട്ട് ചെയ്യാൻ അനുമതി നൽകിയപ്പോഴും പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകിയപ്പോഴും ഇരുവർക്കും സാക്ഷികളെ സ്വാധീനിക്കാൻ സാധിക്കുമായിരുന്നില്ലേ ? കോടതിക്ക് ഇതൊന്നുമറിയാത്തതാണോ?

NIA പ്രതിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായപ്പോൾ ജാമ്യം നൽകിയ കോടതിക്ക് കാരായിമാർ കമ്മ്യൂണിസ്റ്റ്കൾ ആയത് കൊണ്ടാണോ അയിത്തം ?

കാരായിമാർക്ക് മത്സരിക്കാൻ അനുമതി കൊടുത്തിട്ടുണ്ട് എങ്കിൽ ഉത്തരവാദപെട്ട പദവിയിലേക്ക് തിരെഞ്ഞെടുക്കപെട്ട നേതാക്കൾക്ക് ചുമതല നിർവഹിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ടതും നീതിന്യായ സംവിധാനമാണ് .
കേന്ദ്ര സർക്കാരിന്റെ കൂട്ടിലെ തത്തയായ CBI യുടെ അജ്ഞാനുവർത്തിയായി ഹൈകോടതി അധപതിക്കാൻ പാടില്ല .

കാരായിമാരുടെ കേസിൽ മാത്രമല്ല കേരളത്തിലെ മറ്റ് പല കേസിലും അന്വേഷണ സംവിധാനവും കോടതിയും സംശയം ജനിപ്പിക്കുന്ന നടപടിയുമായാണ് മുന്നോട്ട് പോകുന്നത് .

കതിരൂർ മനോജ് എന്ന ക്രിമിനൽ കൊല്ലപെട്ടപ്പോൾ RSS നെ പ്രീതിപെടുത്താൻ ആഭ്യന്തരവകുപ്പ് കേസിൽ UAPA ചേർക്കുകയാണുണ്ടായത് . നിരവധി ക്രിമിനൽ കേസിൽ പ്രതിയായ , പല കേസുകളിലും ശിക്ഷിക്കപെട്ട ക്രിമിനലായിരുന്നു കൊല്ലപെട്ടത് എന്നത് പോലും ആഭ്യന്തരവകുപ്പിന് വിഷയമായില്ല .

കൃത്യം നടത്താൻ ബോംബ് ഉപയോഗിച്ചു എന്നാണ് UAPA ക്ക് ന്യായീകരണമായി ആഭ്യന്തര മന്ത്രി പറഞ്ഞത് .

മനോജിന്റെ കൊലപാതകത്തിന് ശേഷം കണ്ണൂരിൽ രണ്ട് സി പി എം പ്രവർത്തകർ കൊല്ലപെട്ടു രണ്ടിലും ബോംബ് ഉപയോഗം ഉണ്ടായിരുന്നു .
RSS നെ പ്രീണിപ്പിക്കാൻ UAPA ചാർത്താൻ ബോംബ് ന്യായീകരണം പറഞ്ഞ ആഭ്യന്തര വകുപ്പിന് സഖാവ് പ്രേമന്റെ കൊലപാതകത്തിലും വിനോദിന്റെ കൊലപാതക കേസിലും UAPA വകുപ്പ് ചേർക്കേണ്ടി വന്നു.

പക്ഷേ രണ്ടു കൊല കേസിലെയും UAPA ചാർത്തപെട്ട പ്രതികളും തലശ്ശേരി സെഷൻസ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ് . സഖാക്കൾ പ്രേമനും വിനോദവും കൊല്ലപ്പെടുന്നതിന് മാസങ്ങൾ മുന്നേ കൊല്ലപെട്ട മനോജിന്റെ കൊല കേസ് പ്രതികൾക്ക് ഇന്നും ജാമ്യം ലഭിച്ചിട്ടുമില്ല !

UAPA ചാർത്തപെട്ട RSS കാർക്ക് ജാമ്യം നൽകിയതും UAPA ചാർത്തപെട്ട CPM പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതും ഒരേ കോടതി !

മാത്രവുമല്ല മനോജിന്റെ കൊലപാതകത്തിൽ ഗൂഡാലോചനയും അന്വേഷണം CBI യും !
പ്രേമന്റെയും വിനോദിന്റെയും കൊലപാതകത്തിൽ ഗൂഡാലോചനയുമില്ല വലിയ അന്വേഷണ സംവിധാനവുമില്ല !

മനോജ് വധകേസിൽ പ്രതിചേർക്കപെട്ട പി ജയരാജന്റെ കാര്യവും വിഭിന്നമല്ല .
മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ജയരാജനെതിരെ ഒരു തെളിവും ലഭിക്കാതിരുന്ന CBI രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായി ജയരാജനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ചോദ്യം ചെയ്ത് പ്രതിചേർത്ത് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ട് ജയരാജൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഘട്ടത്തിൽ CBl കോടതിയിൽ പറഞ്ഞത് ജയരാജൻ പ്രതിയല്ല എന്നാണ് .

കോടതിയിൽ പ്രതിയല്ല എന്ന് പറഞ്ഞ് നേരം ഇരുട്ടി വെളുക്കുമ്പോൾ ജയരാജൻ പ്രതിയാണ് എന്ന് കോടതിയിൽ CBI കുറ്റപത്രം നൽകുകയാണുണ്ടായത് !!
എന്താണ് പുതിയ തെളിവ് ? ആരെയാണ് പുതുതായി ചോദ്യം ചെയ്തത് ?
എന്താണ് ജയരാജന് എതിരെയുള്ള കുറ്റം ?
ഇതിനൊന്നും CBI കോടതിയിൽ പോലും ഉത്തരം പറഞ്ഞില്ല .

ഒരു ശരാശരി മനുഷ്യന് കിട്ടേണ്ട നീതി പോലും രാജ്യത്തെ ദേശീയ പാർട്ടിയായ, കേരള സംസ്ഥാനം നിരവധി വർഷങ്ങൾ ഭരിച്ചിട്ടുള്ള ,കേരളത്തിലെ ഏറ്റവും വലിയ രാഷ്ടീയ പാർട്ടിയുടെ സമുന്നത നേതാക്കൾക്ക് ലഭിക്കുന്നില്ല എന്നത് അത്യന്തം അപകടകരമായ അവസ്ഥയാണ് .

സി പി എമ്മോ അതിന്റെ പ്രവർത്തകരോ ദേശവിരുദ്ധ സംഘടനയോ തീവ്രവാദ പ്രവർത്തകരോ ഒന്നുമല്ല നിഗൂഡമായ പ്രവർത്തന ശൈലി പിന്തുടരുന്നവരുമല്ല .
ഇന്ന് കാണുന്ന കേരളം പടുത്തർത്താൻ രക്തവും വിയർപ്പും നൽകിയവരാണവർ .

തന്റേതായ ഇടം ഇല്ലാത്ത മലയാളിക്ക് തന്റേതായ ഇടം നൽകി അവനെ തന്റേടിയാക്കിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ .
അവരെ ശത്രു രാജ്യത്തെ സൈന്യത്തെ നേരിടുന്നത്പോലെ നേരിടാമെന്ന് വ്യാമോഹമാണ്

ഒരു പഞ്ചായത്ത് അംഗം എന്നത് സ്വപ്നം കാണാൻ പോലുമാകാത്ത കാലത്ത് നിന്നും ഇന്നിത്ര ജനകീയടിത്തറയുള്ള പാർട്ടിയായി സി പി ഐ എം വളർന്നിട്ടുണ്ട് എങ്കിൽ അത് ഒരു പാട് ഒഴുക്കിനെതിരെ നീന്തിയായിരിക്കും എന്ന് മനസിലാക്കാൻ കേവല യുക്തിമതി .

ജയരാജനോ കാരായി രാജനോ കാരായി ചന്ദ്രശേഖരനോ ഒന്നുമല്ല നിങ്ങളുടെ ലക്ഷ്യമെന്ന് കമ്യൂണിസ്റ്റുകൾ തിരിച്ചറിയുന്നുണ്ട് .
കമ്യൂണിസ്റ്റ് പാർട്ടിയാണ് വലതുപക്ഷ ഭരണകൂട മാഫീയാ സംഘത്തിന്റെ ഉന്നമെന്ന് ഞങ്ങൾക്കറിയാം .

കള്ളകേസുകൾക്കെതിരെ നീതി നിഷേധത്തിനെതിരെ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ അവസാന അറ്റം വരെ പോരാടാൻ ഓരോ കമ്മ്യൂണിസ്റ്റുമുണ്ടാകുമെന്ന് ഭരണകൂടത്തെ ഓർമ്മപെടുതുകകൂടിയാണ് .

ബഹുമാനപെട്ട കോടതികളുടെ വിശ്വാസ്യത നില നിർത്തേണ്ടത് കോടതികൾ തന്നെയാണ് .

Share.

About Author

134q, 0.782s