Leaderboard Ad

അഹം ബ്രെയിനാസ്മി

0

‘ഇന്‍ഡിപെന്റന്‍സ് ഡേ’ സിനിമയില്‍ ബയോളജിക്കല്‍ വസ്ത്രങ്ങളണിഞ്ഞ അന്യഗ്രഹജീവിയെ കണ്ടിട്ടില്ലേ? ബയോളജിക്കല്‍ വസ്ത്രമെന്നാല്‍ നമ്മുടെ തൊലി പോലെ എക്ടോഡെര്‍മല്‍ ടിഷ്യൂവിനോടൊക്കെ സാമ്യമുള്ള ബാഹ്യപ്രതിരോധസംവിധാനം. അതിനകത്ത്‌ സകല പ്രോഗ്രാമുകളുമടങ്ങിയ ഒരു ഭീകരജീവി. ഏതാണ്ട് അതുപോലൊരു ഭീകരജീവിയാണ് നമ്മുടെയുള്ളില്‍ ഒളിച്ചിരുന്ന് നമ്മെ നിയന്ത്രിക്കുന്ന മസ്തിഷ്കവും! പക്ഷെ മസ്തിഷ്കത്തെയും നിയന്ത്രിക്കുന്ന ഭീകരന്മാരുണ്ടെങ്കിലോ ?! ഈ രണ്ട് ഭീകരന്മാരാണ് ഭൂമിയില്‍ മനുഷ്യസംസ്ക്കാരങ്ങള്‍ രൂപപ്പെടുത്തിയതും വികസിപ്പിച്ചതും. ”സ്വതന്ത്രചിന്ത” എന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്നത് പോലും വെറും അന്ധവിശ്വാസമാവുകയാണോ ? പരമ്പരാഗത വിശ്വാസങ്ങളും പരമ്പരാഗത മന:ശാസ്ത്രവുമൊക്കെ വസ്തുതകള്‍ക്ക്‌ വഴിമാറി കൊടുക്കേണ്ടത്‌ ഇവിടെയാണ്‌. മതങ്ങളുടെ അവകാശവാദം പോലെ നന്മകള്‍ മതസംഭാവനയാണോ ? മനുഷ്യസംസ്ക്കാരം രൂപപ്പെട്ടത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തലച്ചോറിലെ ഏതാനും ചില വറ്റുകളെടുത്ത് വേവ് നോക്കാം.
ആരെയാണ് നമ്മള്‍ പഴിക്കുന്നത്? എന്താണ് വസ്തുത ? 10 കാര്യങ്ങള്‍ നോക്കൂ :

11230028_10153485670773255_5382332403729444994_n

(1). മസ്തിഷ്കം നമ്മെ എങ്ങനെയൊക്കെ നിയന്ത്രിക്കുന്നു എന്നതിന് ചില കണ്ടെത്തലുകള്‍ പരിശോധിക്കാം. നമ്മുടെ വികാരങ്ങളെ സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും മസ്തിഷ്ക്കവും ന്യൂറോ കെമിക്കലുകളും ചേര്‍ന്നാർന്നാണ്. ഉദാഹരണത്തിന് മസ്തിഷ്കത്തിലെ ഹൈപ്പൊത്തലാമസ് സൃഷ്ടിക്കുന്ന ഓക്സിറ്റോസിൻ, എന്‍ഡോര്‍ഫീൻ തുടങ്ങിയവയുടെ വ്യതിയാനങ്ങളാണ് നമുക്ക്‌ പങ്കാളിയോടുള്ള പ്രണയവും സമര്‍പ്പണവുമൊക്കെ നിയന്ത്രിക്കുന്നത്. ഇതില്‍ സെറോടോണിന്റെ അളവ് കൃത്രിമമായി കുറച്ചു കൊണ്ടൊരു പരീക്ഷണം നടന്നിരുന്നു. സെറോടോണിന്‍ കുറച്ച ശേഷം മസ്തിഷ്കം സ്കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ , ഭയം എന്ന വികാരത്തിന്റെ കടിഞ്ഞാണ്‍ സ്ഥിതി ചെയ്യുന്ന മസ്തിഷ്ക്കത്തിലെ അമിഗ്ഡാല കോശങ്ങളില്‍ നിന്ന് പ്രീഫ്രെണ്ടല്‍ കോര്‍ട്ടെക്സിലേക്കുള്ള (പിഎഫ്സി) വിനിമയം നിലച്ചതായി കണ്ടു. നമ്മുടെ പെരുമാറ്റം, ആശയപ്രകാശനം തുടങ്ങിയവ എങ്ങനെയൊക്കെയെന്ന്‍ തീരുമാനിക്കപ്പെടുന്നത് കോര്‍ട്ടെക്സിന്റെ മുന്‍ഭാഗത്താണ്. (നമുക്കിത് പരിണമിച്ച് കിട്ടിയിട്ട് 75000 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ). സെറോടോണിന്റെ അളവിലൂടെ അമിഗ്ഡാല-പിഎഫ്സി വിനിമയം നിലച്ചപ്പോള്‍ അത് വ്യക്തികളിലുണ്ടാക്കുന്ന ഫലം ഞെട്ടിക്കുന്നതായിരുന്നു. വളരെ ചെറിയ കാര്യത്തിന് പോലും അതിഭീകരമായ പ്രതികരണമായിരുന്നു ഒരു ന്യൂറോ കെമിക്കലിന്റെ അളവിലുണ്ടാക്കിയ മാറ്റം കൊണ്ട് വ്യക്തിത്വത്തിനുണ്ടായ മാറ്റം! അനിയന്ത്രിത വികാരവിക്ഷുബ്ദതക്കും അനന്തരഫലങ്ങള്‍ക്കും മസ്തിഷ്കത്തിലെ സെറോടോണിന്‍ അളവുകള്‍ കാരണമാവുന്നു.

(2). ജീനിനനുസരിച്ച് മസ്തിഷ്കത്തില്‍ മാറ്റങ്ങളുണ്ടാവും. ജീനാണല്ലോ യഥാര്‍ത്ഥനിയന്താവ്‌. ജീന്‍ നിര്‍മ്മിക്കുന്ന മോണാമൈന്‍ ഓക്സിഡസ് -എ എന്ന എന്‍സൈം ആണുങ്ങളില്‍ തീക്ഷ്ണമായ അക്രമവാസനയുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്ങനെയും മറ്റുള്ളവരെ ഒതുക്കാനുള്ള പ്രവണത ഇവരുടെ സ്വഭാവമായിരിക്കും. സാമൂഹ്യവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ ജീന്‍വാഹകര്‍ പ്രധാനപങ്ക് വഹിക്കുന്നതായി പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്കത്തിന്റെ ഘടനയിലെ മാറ്റങ്ങള്‍ ഈ പ്രശ്നമുണ്ടാക്കുന്നതായി യു.എസ് മെരിലാന്റ് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നു.

(3). മനുഷ്യരുടെ സദാചാരബോധം മസ്തിഷ്കത്തിലെ പല കോശങ്ങളുടെയും പങ്കാളിത്തം മൂലം രൂപപ്പെടുന്നതാണെന്ന്‍ വളരെ മുമ്പേ കണ്ടെത്തിയിട്ടുണ്ട്. സദാചാരബോധം, ആത്മസംയമനം തുടങ്ങിയ കാര്യങ്ങളുടെ മസ്തിഷ്ക്ക കടിഞ്ഞാണുകള്‍ക്ക് പരിക്കേറ്റാല്‍ അഥവാ ആക്ടീവ് കോശങ്ങളില്ലാതെ ജനിച്ചാല്‍ താന്തോന്നിത്തരം (erratic), സ്വന്തം കാര്യം സിന്ദാബാദ്‌, ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹ്യവിരുദ്ധഗുണഗണങ്ങളുള്ള മംഗലശ്ശേരി നീലകണ്ഠനായി മാറും. ചുരുക്കത്തില്‍ സദാചാര ധാര്‍മ്മിക ബോധങ്ങളൊന്നും ഉണ്ടാവില്ല. ഒരു സ്ഫോടനത്തില്‍ മസ്തിഷ്ക്കത്തിന് ഗുരുതരമായി പരിക്കേറ്റ ഫിനെസ്‌ ഗേജ് എന്ന വ്യക്തിയുടെ ഉദാഹരണം നോക്കാം. ശാന്തസ്വഭാവക്കാരനായിരുന്നു ഗേജ്. സ്ഫോടനത്തില്‍ വലിയൊരു ഇരുമ്പ്‌ കമ്പി ഗേജിന്റെ തലയിലെ ചില കോശങ്ങള്‍ തകര്‍ത്തുകൊണ്ട് തുളച്ചുകയറി. സംഭവിച്ചത് ഇതാണ് – അദ്ദേഹത്തിന്റെ വ്യക്തിത്വം പൂര്‍ണ്ണമായും നേരെ വിപരീതമായി. ആളൊരു ഭൂലോക താന്തോന്നിയായി മാറി !

പ്രധാനമായി വെന്റ്രോമീഡിയല്‍ – ഡോഴ്സോലാറ്ററല്‍ – അന്ടീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടക്സുകളാണ് സദാചാരബോധത്തിന്റെ പ്രധാനനിര്‍മ്മാതാക്കള്‍ . ഇവ കൂടാതെ അതിസങ്കീര്‍ണ്ണമായ നിരവധി മസ്തിഷ്ക സര്‍ക്യൂട്ടുകള്‍ ഇതിന്റെ ഭാഗബാക്കാവുന്നുണ്ട് എന്നതില്‍ നിന്ന് സദാചാരബോധം മനുഷ്യരില്‍ നിന്ന് പറിച്ചെറിയാന്‍ സാധിക്കില്ലെന്ന് ലളിതമായി പറയാം. മസ്തിഷ്കത്തില്‍ ഹാര്‍ഡ്‌വയറുചെയ്ത് കിടക്കുന്ന സങ്കീര്‍ണ്ണസര്‍ക്യൂട്ടുകള്‍ എങ്ങനെ കളയും?! പൊതുബോധം എന്നൊക്കെ നമ്മള്‍ പറയുന്ന പ്രതിഭാസം വെറുതേ കയറിയങ്ങുണ്ടായതല്ലെന്ന് സാരം ! ഇതിന്റെ നിര്‍മ്മാണരഹസ്യങ്ങള്‍ വെളിപ്പെടാന്‍ ജീനിന്റെ വഴികളിലൂടെ പരിണാമശാസ്ത്രവുമായി കുറെയേറെ പിന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. മനുഷ്യര്‍, ചിമ്പാന്‍സി, കുരങ്ങ് എലി തുടങ്ങിയവയുടെ ജിനോം മാപ്പുകളില്‍ നിന്ന് മനുഷ്യമസ്തിഷ്ക്കം പരിണാമശൃംഗലയില്‍ നിന്ന് എങ്ങനെ ഇന്നത്തെ രൂപത്തിലേക്കെത്തിയെന്ന് കണ്ടെത്താനുള്ള വഴികാട്ടിയെ കിട്ടിയതായി വാര്‍ത്തകളുണ്ട്. മസ്തിഷ്ക്കത്തിലെ ”കണ്ണാടി നാഡീകോശങ്ങള്‍ ” മനുഷ്യസംസ്ക്കാരം സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനെ കുറിച്ച് അവസാനഭാഗത്ത് പറയാം.

(4). ഇതുപോലെ പ്രതികാരവാഞ്ച പുരുഷമസ്തിഷ്ക്കത്തില്‍ ഹാര്‍ഡ്‌വയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികാരത്തെ കുറിച്ച് കേള്‍ക്കുമ്പോഴും കാണുമ്പോഴും ആണ്‍ മസ്തിഷ്കം കൂടുതല്‍ അനുകൂലത പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതും ശാരീരികമായിട്ടാണെങ്കില്‍ അത്രയും സന്തോഷം.! ”തല്ലിക്കൊല്ലെടാ അവനെ…” എന്ന് കേട്ടാല്‍ ചാടിയെഴുന്നേല്‍ക്കുമെന്നര്‍ത്ഥം. പുരുഷനെ അപേക്ഷിച്ച് സ്ത്രീമസ്തിഷ്ക്കത്തിന് ഇത് വളരെ കുറവാണത്രേ.
മസ്തിഷ്കം സൃഷ്ടിക്കുന്ന പലവക വികാരവിചാരങ്ങളുടെയും കേന്ദ്രങ്ങള്‍ ഇതിനകം മനസ്സിലായിട്ടുണ്ട്. നാണം എന്ന അവസ്ഥ മസ്തിഷ്ക്കവുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശുഭാപ്തിവിശ്വാസം പോലും മസ്തിഷ്ക്കം സൃഷ്ടിക്കുന്നതാണെന്ന കണ്ടെത്തല്‍ ഡിപ്രഷന്‍ രോഗചികിത്സക്ക് പുതിയ വഴി തുറന്നേക്കുമെന്നാണ് പ്രതീക്ഷ. നമ്മള്‍ ഒരു കാര്യത്തില്‍ താല്‍പ്പര്യം പുലര്‍ത്തുക അതുമായി ബന്ധപ്പെട്ട മസ്തിഷ്ക്കപ്രവര്‍ത്തനത്തിലെ ഗാമാസിഗ്നലുകള്‍ ബീറ്റാസിഗ്നലാവും വരെയാണ്. അതുകഴിഞ്ഞാല്‍ ഒന്നുകില്‍ അതൊരു ഹോബിയായി മാറും. ചില പ്രോസസിങ്ങുകള്‍ തലച്ചോര്‍ തന്നെ വേര്‍പ്പെടുത്തുന്നതോടെ ബോറടി അനുഭവിക്കാനും തുടങ്ങും. ധാര്‍മ്മിക സദാചാരബോധങ്ങള്‍ മസ്തിഷ്ക്കത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായി ഉറച്ചുകിടക്കുന്നെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കുറ്റവും, ശിക്ഷയും, മതനിയമങ്ങളും, സാമൂഹ്യമര്യാദകളുമടങ്ങിയ മനുഷ്യസംസ്ക്കാരങ്ങളെ മുഴുവന്‍ വീണ്ടും പഠനവിധേയമാക്കേണ്ടതുണ്ട്, സാഹിത്യസൃഷ്ടികളേയും സിനിമകളെയും പോലും.

(5). ഒരേ സാഹചര്യത്തില്‍ വളരുന്ന ഇരട്ടകള്‍ക്ക് വ്യത്യസ്ത സ്വഭാവങ്ങളുണ്ടാവുന്നത് കണ്ടിട്ടില്ലേ?! ഇതിനെ കുറിച്ച് ഗവേഷണം നടത്തിയപ്പോള്‍ മനസ്സിലായത് മസ്തിഷ്ക്കം വ്യത്യസ്തമായ ന്യൂറോണുകള്‍ വളര്‍ത്തുന്നുണ്ട് എന്നാണ്. ഇരട്ടകളായ എലികളില്‍ പരീക്ഷണം നടത്തി ഇത് സ്ഥിരീകരിച്ചു.

(6). ഇപ്പോഴത്തെ വലിയ വിവാദവും വാര്‍ത്തയുമാണല്ലോ ട്രാന്‍സ്‌ജെന്ററുകള്‍ അഥവാ ദ്വിലിംഗക്കാര്‍ . തലച്ചോറിലെ ഗ്രേമാറ്ററിലെ ബെഡ് ന്യൂക്ലിയസിലെ ചില പ്രശ്നങ്ങള്‍ ട്രാന്‍സ്‌ജെന്ററുകളെ സൃഷ്ടിക്കാന്‍ പ്രധാനപങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവും മുമ്പേ ഇതില്‍ വ്യതിയാനങ്ങള്‍ വരുത്തി കൃത്യമായ ലിംഗനിര്‍ണ്ണയം നടത്താനുള്ള വഴി ഭാവിയില്‍ ശാസ്ത്രത്തിന് തുറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പുതിയ ശാസ്ത്രവാര്‍ത്തകള്‍ .
ജൈവികലോകത്തേക്ക് കൂടി പോയാല്‍ മാത്രമേ ഒരു തീര്‍പ്പിലെത്താനുള്ള സാധ്യതയാവുകയുള്ളൂ. മസ്തിഷ്കവും, ജീനുകളും ഒപ്പം ഇതുവരെ ചിത്രത്തില്‍ വരാത്ത വില്ലന്മാരും ചേര്‍ന്ന് ഇന്നത്തെ ലോകം സൃഷ്ടിച്ചിരിക്കുന്നതെങ്ങനെയെന്ന് നോക്കാം.

(7). കുടുംബവ്യവസ്ഥയുടെ ഉല്‍ഭവവും നിലനില്‍പ്പും:
സ്വന്തം കുട്ടികളുണ്ടാവുമ്പോള്‍ സ്ത്രീകളിലെ ആഭിമുഖ്യ സ്വീകാര്യപ്രവണത വര്‍ദ്ധിപ്പിക്കുന്നതിനോട് മസ്തിഷ്കം ശക്തമായ അനുകൂല പ്രതികരണം നടത്തുന്നതായി പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കുട്ടികളുണ്ടാവുമ്പോള്‍ സ്ത്രീയിലെ മാതൃത്വം പൂക്കുന്നതെന്ന് പറയുന്നത്. ഏറ്റവും രസകരമായ കാര്യം അച്ഛന്മാരായ ആണുങ്ങളിലും പ്രസവിക്കാത്ത സ്ത്രീകളിലും ഇതേ വികാരം – അമ്മമാരുടെയത്ര തീക്ഷ്ണമല്ലെങ്കിലും, മസ്തിഷ്കം ആളിക്കത്തിക്കുന്നുണ്ട് എന്നതാണ്. എന്നാല്‍ അച്ഛന്മാരാവാത്ത – ബാച്ചിലര്‍ ആണുങ്ങളുടെ മസ്തിഷ്കം ഇത്തരം വികാരമേയുണ്ടാക്കുന്നില്ല ! മസ്തിഷ്കം എങ്ങനെ സ്വകാര്യകുടുംബവ്യവസ്ഥക്ക് രൂപം നല്‍കിയെന്നു ഇതില്‍ നിന്ന് വായിച്ചെടുക്കാം. പരിണാമഫലമായി ഈ പ്രതിഭാസങ്ങള്‍ ലഭിച്ചത് മനുഷ്യര്‍ക്ക്‌ മാത്രമല്ല. എലികളിലും മല്‍സ്യങ്ങളിലുമൊക്കെ ഇതേ കാര്യങ്ങള്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രണയത്തിന്റെ കാര്യം കൂടി പറഞ്ഞാലേ കുടുംബത്തിന്റെ ശാന്തിയും സമാധാനവും ലിങ്കാവുകയുള്ളൂ.
പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല, തലച്ചോറും ഇല്ല ! :

11218694_10153485671043255_4393516477594161600_n
രസകരമായ കണ്ടെത്തല്‍ നോക്കൂ. നമ്മള്‍ നമ്മുടെ പ്രണയിനിയെ കാണുമ്പോള്‍ മസ്തിഷ്കത്തിലെ യുക്തിചിന്ത, ന്യായവാദം തുടങ്ങിയവ നിയന്ത്രിക്കുന്ന ഫ്രണ്ടല്‍ കോര്‍ട്ടെക്സിലെ കോശങ്ങള്‍ പ്രയോഗക്ഷമമല്ലാതാവും. നമ്മുടെ ഇണയെ വിമര്‍ശനാത്മകമായി സമീപിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടും എന്നര്‍ത്ഥം. ലോകത്തെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞു നടക്കുന്നവര്‍ പ്രണയിനിയുടെ കാര്യത്തില്‍ മാന്യരാവുന്നത് വെറുതെയാണോ ?! ഫലം – വിപ്ലവാത്മക പ്രണയം, മാതൃകാജീവിതം.! പ്രണയം നഷ്ടപ്പെട്ടു പോയവരുടെ മസ്തിഷ്കത്തിലെ ഇന്സുലാര്‍ കോര്‍ട്ടെക്സ് അഥവാ ഇന്‍സുല ഉല്‍പ്പാദിപ്പിക്കുന്നത് അസഹ്യത, അസൂയ തുടങ്ങിയ വികാരങ്ങളാണ്. പ്രണയം ഇല്ലാതാവുമ്പോള്‍ ഡിവോഴ്സ് സംഭവിക്കുന്നതിന് ശാസ്ത്രീയവ്യാഖ്യാനമായല്ലോ.
മസ്തിഷ്കത്തിലെ പ്രണയ സര്‍ക്യൂട്ടും വെറുപ്പ് സര്‍ക്യൂട്ടും കൈമാറുന്നത് പ്യുറ്റമെന്‍, ഇന്‍സുല എന്നീ ഭാഗങ്ങളാണ്. പ്യുറ്റമെന്‍ ശരീരത്തെ ചലനാത്മകമാക്കാനുള്ള തയ്യാറെടുപ്പിന് ഉപയുക്തമാക്കുന്നതിനാല്‍ ഇണയെ സംരക്ഷിക്കാനുള്ള കരുതല്‍ നല്‍കുന്നതോടൊപ്പം വെറുക്കുന്നവരെ തടയാനുള്ള കരുതലും കടന്നാക്രമണത്തിനുള്ള തയ്യാറെടുപ്പും നല്‍കുന്നു. ഇന്‍സുല അസഹ്യതയും അസൂയയുമൊക്കെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്സുലാര്‍ കോര്‍ട്ടെക്സിലുള്ള ചികില്‍സ ഭാവിയില്‍ കെട്ടുറപ്പുള്ള കുടുംബങ്ങളെ ഉണ്ടാക്കിയെടുത്തേക്കാം. കുടുംബക്കോടതികള്‍ പൂട്ടുമോ ? ശാസ്ത്രത്തിന്റെ ഓരോ കാര്യങ്ങളേ !
പശ്ചാത്താപം ഉണ്ടാക്കുന്ന മസ്തിഷ്ക കോശങ്ങളെ പോലും ശാസ്ത്രം വേര്‍തിരിച്ചു കഴിഞ്ഞു. കുമ്പസരിക്കാതെ പശ്ചാത്തപിക്കാന്‍ ഒരു വഴിയൊരുങ്ങുന്നുണ്ട്. പശ്ചാത്തപിപ്പിച്ച് മനുഷ്യരെ നന്നാക്കാന്‍ ഇനി പള്ളിയും പള്ളീലച്ചനും കുമ്പസാരവും വേണ്ടി വരുമോ എന്തോ ! കുടുംബകോടതിയോടൊപ്പം പള്ളികളും പൂട്ടാം. ചുരുക്കത്തില്‍ വികാരവിചാരങ്ങളെല്ലാം മസ്തിഷ്ക്കം ഉണ്ടാക്കുന്നവയാണെന്ന് സാരം.
കുടുംബമാഹാത്മ്യം തുടരാം.. പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം, ജീനുകള്‍ അവയുടെ നിലനില്‍പ്പിന് വേണ്ടി നമ്മളെ ഉപയോഗിക്കുകയാണ് എന്നതാണ്. നമുക്കോ ഇക്കാണുന്ന ജീവജാലങ്ങള്‍ക്കോ അല്ല, ജീനുകള്‍ക്കാണ് നിലനില്‍ക്കേണ്ടത്. അതിനു വേണ്ടിയുള്ള ഒരു സംവിധാനമാണ് രക്തബന്ധത്വര എന്ന പ്രതിഭാസം. ഇത് കുടുംബമെന്ന സെറ്റപ്പുണ്ടാവാന്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് അനുകൂലമായ നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്ന ജീൻ മിക്ക ജീവികളിലും പരിണാമപരമായി ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിന്റെ ഒരു ഭാഗമേ മനുഷ്യരിലുള്ളൂ. ഈ ജീൻ അതിന്റെ അനേകം പതിപ്പുകളുണ്ടാക്കി എണ്ണം വർദ്ധിപ്പിച്ചാൽ രക്തബന്ധുക്കളോടുള്ള ഉപകാരത്വര ജീവികളിൽ ജന്മനാ ലഭിക്കുന്ന നിയമമായി മാറുന്നു. എന്റെ ജീന്‍സാമ്യം ബന്ധുക്കളിലുണ്ടാവാമെന്നതിനാല്‍ അവരെ സഹായിക്കുന്നത് എന്റെ ജീനുകള്‍ക്ക് ഗുണകരമാണ് എന്നതാണ് ഇതിലെ ഓട്ടോമേറ്റഡ് സംവിധാനം. ഇത് ബാക്ടീരിയ മുതല്‍ പക്ഷികളിലും മൃഗങ്ങളിലുമെല്ലാമുണ്ട്. എന്തിനധികം മരങ്ങളില്‍ പോലും ഇത് കണ്ടെത്തിയിട്ടുണ്ട്. പരസ്പരം സഹകരിച്ച് ഒരേ തറവാട്ടുകാരെ ഭക്ഷണലഭ്യതക്ക് സഹായിക്കുകയും അന്യജാതിയെ ആട്ടിയകറ്റുകയും ചെയ്യുന്ന പരിപാടി സസ്യങ്ങള്‍ക്കിടയിലുണ്ട്. ”ഫാമിലി ഫസ്റ്റ്” എന്നതാണ് ഇതിന്റെ അടിസ്ഥാനത്വര. കുടുംബപാരമ്പര്യവാദമൊക്കെ ശക്തിയാര്‍ജ്ജിച്ചത് ഇങ്ങനെയായിരിക്കുമോ എന്നാണെന്റെ സംശയം. മനുഷ്യര്‍ പരിണമിച്ച് ഹോമോസാപ്പിയന്റെ ഇന്നത്തെ നിലയിലെത്തിയപ്പോള്‍ പരിസരപങ്കാളിത്തം, സഹവാസം, സമൂഹം തുടങ്ങിയവക്ക് വിധേയമായി നിലനില്‍ക്കേണ്ട അവസ്ഥയിലെത്തുകയായിരുന്നു.
രക്തം ഭക്ഷണമാക്കുന്ന ചില വവ്വാലുകൾക്കിടയിൽ ആർക്കൊക്കെ രക്തം കടം കൊടുത്താൽ തിരിച്ചു കിട്ടും, ആർക്കൊക്കെ കൊടുത്താൽ ചതിക്കപ്പെടുമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുള്ളതായി ജീവശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സഹായികളെയും ചതിയന്മാരെയും ജീന്‍ വഴി മുന്‍കൂട്ടി തിരിച്ചറിഞ്ഞു കൊണ്ടാണിവ കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുക. ഇങ്ങനെ ഞെട്ടിപ്പിക്കുന്ന പല അത്ഭുതങ്ങളും ജൈവലോകത്ത്‌ നടക്കുന്നു. അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ജീനുകളെയും പ്രകൃതി നിര്‍ദ്ധാരണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു മൃഗം ജനിച്ചു മണിക്കൂറുകൾക്കകം അതിന്റെ ശത്രുവിനെ തിരിച്ചറിയുന്നത് ജീൻ കൈമാറ്റം വഴി ലഭിക്കുന്ന അറിവുകൊണ്ടാണ്. താറാവ് കുഞ്ഞുങ്ങളുടെ നീന്തലും, ഉറുമ്പിന്റെ തൊഴിലാളി ഐക്യവും, കാക്കയുടെ വര്‍ഗ്ഗബോധവും, തേനീച്ചയുടെ പാര്‍ലമെന്റുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. മനോഹരമായ കെട്ടിടനിര്‍മ്മാണങ്ങളുടെ രഹസ്യം ജൈവലോകത്തുണ്ട്. അതിന്റെ പരിണമിക്കപ്പെട്ട പതിപ്പുകള്‍ മാത്രമേ മനുഷ്യര്‍ ചെയ്യുന്നുള്ളൂ. ബോവര്‍ പക്ഷികള്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഒരുക്കുന്ന കൊട്ടാരം കണ്ടാല്‍ നമ്മളെന്ത് പറയും ? നാനാവര്‍ണ്ണങ്ങളിലുള്ള പൂക്കളും, ബൊക്കെകളും, മുട്ടത്തോടുകളും, എല്ലിന്‍ കഷ്ണങ്ങളുമൊക്കെ ശേഖരിച്ച് നടപ്പാതയും, പൂന്തോട്ടവും, മനോഹര ചുവരുകളും ഇവ നിര്‍മ്മിക്കുന്നു. ഇപ്പോള്‍ നിര്‍മ്മാണത്തിന് മാറ്റുകൂട്ടാന്‍ ഗ്ലാസ്‌ കഷ്ണങ്ങളും, സിഗരറ്റ്‌ ഫോയിലുകളും വരെ ഉപയോഗിക്കുന്നു. ആണ്‍പക്ഷി അഹങ്കാരത്തോടെ ഇണയെ കൂട്ടി തന്റെ വീട്ടിലേക്ക്‌ വരുന്നു. ഓരോ ബോവര്‍ പക്ഷിയും വ്യത്യസ്തമായ പുതിയ പുതിയ ഡിസൈനുകളിലാണ് എസ്റ്റിമേഷനും പ്ലാനും തയ്യാറാക്കുന്നത്. താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യർ അതിലൊരു കീടം മാത്രം. മസ്തിഷ്കം ജീന്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വളരാതെ മനുഷ്യനും ഒന്നും സാധ്യമല്ല. ജീനാണ് തലച്ചോറിനെ മുതല്‍ സകലതിനെയും എങ്ങനെയുണ്ടാക്കണമെന്ന് നിര്‍ണ്ണയിക്കുക. ജീനിനാണ് നിലനില്‍ക്കേണ്ടത്.
അതിജീവനത്തിൽ സംഭവിക്കുന്ന പരിണാമം പ്രത്യേകലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ജീനിൽ തന്നെ ഗുണത്തോടൊപ്പം ക്രൂരതകളും കണ്ടെത്താൻ കഴിയുന്നത്. ഏതൊരു ജീനിന്റെയും ഭാവി അത് സ്ഥിതി ചെയ്യുന്ന ശരീരത്തെ ആശ്രയിച്ചിരിക്കും. തലമുറകൾ കഴിയുന്തോറും ചില ജീനുകളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യും. ജീൻപൂളുകളിൽ വിവിധസംഘമുണ്ട്. ചേരാത്ത ജീനുകൾ കൂടിച്ചേരാനിടയായാൽ എൻസൈമുകളും ന്യൂറോ കെമിക്കലുകളും പ്രവർത്തിക്കാനാവാതെ അപ്രസക്തമായി പോവും. യോജിച്ചു പ്രവർത്തിക്കുന്ന ജീനുകളുടെ കൂട്ടായ്മയിലൂടെയാണ് സ്വഭാവഗുണങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്. സെൽഫിഷ് ജീനുകൾ കൈമാറുന്ന Coded Information കൃത്യതയോടെ ജൈവഗുണങ്ങൾ ഭാവിതലമുറയിലേക്ക് കൈമാറുന്നു. ഓരോ ജീനിന്റെയും നൂറു കണക്കിന് replicators എപ്പോഴും തയ്യാറായിരിപ്പുള്ളതിനാൽ എതെങ്കിലുമൊന്ന് പരാജയപ്പെട്ടാൽ മറ്റു replicators തൽസ്ഥാനമേറ്റെടുത്ത് ജൈവസ്ഥിരത ഉറപ്പാക്കും. ഒരു ജീവിയുടെ അതിജീവനം അതുൾക്കൊള്ളുന്ന ജീനുകളുടെ അതിജീവനത്തെയും സഹായിക്കുന്നു. അതങ്ങനെ നടന്നുകൊണ്ടേയിരിക്കുന്നു.

(8). ഒരു കുരങ്ങുപരീക്ഷണം :
മനുഷ്യന്റെ മസ്തിഷ്ക്കത്തെ ‘ഭീകരജീവി’യെന്ന്‍ തുടക്കത്തില്‍ വിശേഷിപ്പിച്ചതിനെ ശരിവെക്കുന്ന ഒരുദാഹരണം നോക്കൂ. മനുഷ്യമസ്തിഷ്ക്കത്തെക്കാള്‍ ‘നന്മ’ മറ്റ് മൃഗങ്ങളുടെ മസ്തിഷ്ക്കത്തിനാണെന്നതിന് തെളിവ്‌ – കുരങ്ങുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പാടാക്കി. ഒരു ലിവര്‍ വലിച്ചാല്‍ ഭക്ഷണമെത്തും. പക്ഷെ ലിവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ടടുത്ത കൂട്ടിലെ കുരങ്ങന് ഷോക്കടിച്ചു പിടയും. എന്തായിരുന്നു ഫലമെന്നോ ? ഇതുകണ്ട കുരങ്ങന്‍ ദിവസങ്ങളോളം പട്ടിണി കിടന്നത്രേ !! എലികളില്‍ നടത്തിയ പരീക്ഷണത്തിലും ഇതുതന്നെയായിരുന്നു ഫലം ! ‘നന്മയെ’ ബ്രാന്റ് ചെയ്യുന്ന മതങ്ങളുടെ അവകാശവാദങ്ങൾക്ക് ഇത് വായിക്കുമ്പോള്‍ നാണം തോന്നണം. പരിണാമത്തിലൂടെ മിക്ക ജീവജാലങ്ങൾക്കും ലഭ്യമായ ഒരു ജൈവഗുണത്തെ മനുഷ്യര്‍ മതത്തിന്റെ പേരിൽ ബ്രാന്റ് ചെയ്ത് സ്വന്തമാക്കുകയാണ് ചെയ്തുപോരുന്നത്.

(9). പ്രധാന ഭീകരര്‍ :
മസ്തിഷ്കത്തെ മറ്റാരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ ? ഉണ്ടെന്നാണ് പല കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത്. അനേകം ഉദാഹരണങ്ങളില്‍ ഒരെണ്ണം മാത്രം നോക്കൂ – ടെക്സോപ്ലാസ്മ എന്നൊരു ഏകകോശജീവിയുണ്ട്. ഇതിന് ജീവിക്കാന്‍ പൂച്ചയുടെയോ നമ്മുടെയൊ ഒക്കെ ശരീരം വേണം. എത്ര വിദഗ്ദ തീവ്രവാദികളാണിവരെന്ന്‍ നോക്കൂ – പൂച്ചയുടെ ശരീരത്തിനകത്ത് എത്താന്‍ ആദ്യമിവര്‍ എലികളുടെ ശരീരത്തില്‍ കയറിപ്പറ്റുന്നു. നേരെ എലിയുടെ തലച്ചോറിലേക്ക് പോവുന്നു. അവിടെയെത്തിയ ശേഷം മസ്തിഷ്ക്ക സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. മാറ്റമെന്നാല്‍ എലികള്‍ക്ക് പൂച്ചയോടുള്ള ജന്മസിദ്ധമായ പേടി പോലും ഇല്ലാതാക്കുന്നു. എലിയുടെ ശരീരം നന്നായി തടിച്ചുകൊഴുക്കുന്നു. പൂച്ചയുടെ ഗന്ധത്തിലേക്ക് എലി ആകര്‍ഷിക്കപ്പെടുന്നു. ഫലമോ ? പൂച്ച ഈസിയായി എലിയെ പിടിച്ച് ശാപ്പിടുന്നു. അങ്ങനെ ഈ തീവ്രവാദികള്‍ പൂച്ചയുടെ ശരീരത്തില്‍ കടന്ന് ജീവിതചക്രം പൂര്‍ത്തിയാക്കി മോക്ഷപ്രാപ്തി നേടുന്നു.! പരിണാമശാസ്ത്രത്തിന്റെ തെളിവുകള്‍ അന്വേഷിക്കുമ്പോള്‍ നമുക്ക്‌ ലഭിക്കുന്ന ജീവിക്കുന്ന തെളിവാണിത്. ഇങ്ങനെ കടന്നുകൂടിയ ഒരു ഔട്ട് സൈഡറായിരുന്നല്ലോ ആധുനിക മനുഷ്യലോകത്തിന്റെ ആദിമാതാവിലേക്കുള്ള കാരണഭൂത.
ടെക്സോപ്ലാസ്മ എന്ന ഈ ചങ്ങാതി മനുഷ്യരില്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത പെരുമാറ്റവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എലിയെ ഇങ്ങനെയൊക്കെ ആക്കാമെങ്കില്‍ മനുഷ്യരെ ആക്കാനാണോ പാട് ! മനുഷ്യരില്‍ പുരുഷന്മാരില്‍ ആശങ്ക, അസൂയ, നിര്‍ബന്ധബുദ്ധി തുടങ്ങിയവയും, സ്ത്രീകളില്‍ പ്രസന്നതയും, സത്യസന്ധതയും, പിടിവാശിയും, കടുത്ത സദാചാരശീലവുമൊക്കെയാണ് വരുന്ന മാറ്റങ്ങള്‍ . നോക്കൂ – ഇവയൊക്കെ ആരുടെ നിയന്ത്രണത്തില്‍ ? മസ്തിഷ്ക്കത്തിന്റെയോ അതോ ബ്രഹ്മവാദികളായ മനുഷ്യരുടെയോ? കോണ്‍ഷ്യസ്നെസ് – ആത്മീയവാദികള്‍ എന്തുപറയുമോ ആവോ ?! (മസ്തിഷ്ക്കത്തിലെ ഇടത് പാരിയെറ്റല്‍ ലോബിലെ സെല്ലുകളുടെ മാറ്റം കൊണ്ട് പാട്ടുപാടാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് പാട്ട് പാടാനുള്ള കഴിവ്‌ ലഭിക്കുമെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. അതുപോലെ വലത് ഭാഗത്തെ ലോബിലെ ഉദ്ദീപനം വഴി 6 മാസത്തേക്കെങ്കിലും ഗണിത കഴിവുകള്‍ (Mathematical Skills) വര്‍ദ്ധിപ്പിക്കാനുള്ള കലാപരിപാടി ഓക്സ്ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇടതുഭാഗം കലാപരമായ കഴിവുകള്‍ക്കും, വലതുഭാഗം ഗണിതകാര്യങ്ങള്‍ക്കുമാണ് മസ്തിഷ്ക്കം ഉപയോഗിക്കുന്നത്). കേരളത്തില്‍ പ്രചാരത്തിലുള്ള മിഡ് ബ്രെയിന്‍ ആക്ടിവേഷന്‍ എന്ന തട്ടിപ്പുമായി ഇതിന് ബന്ധമൊന്നുമില്ല.

പറഞ്ഞു വന്നത് നമ്മുടെ ശരീരത്തില്‍ അതിക്രമിച്ചു കയറുന്ന പരാഹ്ന ഭീകരരെ കുറിച്ചാണ്. ഈ തരത്തിലുള്ള എല്ലാതരം പരാഹ്നജീവികളുടെയും തീയറി ലളിതമാണ്. നമ്മള്‍ നമ്മുടെയിഷ്ടത്തിന് നമ്മുടെ വാസസ്ഥലത്തിന് മാറ്റം വരുത്തുന്നത് പോലെ ഇവര്‍ ഇവരുടെ ‘ഇഷ്ട’ത്തിനനുസരിച്ച് നമ്മളെയും മാറ്റും. ആ മാറ്റം കൊണ്ട് നമ്മളെ അവരുടെ കളിപ്പാട്ടങ്ങളാക്കി അവര്‍ മാര്‍ച്ച് ചെയ്ത് മുന്നോട്ടുപോയിക്കൊണ്ടിരിക്കും. മസ്തിഷ്ക്ക പ്രോഗ്രാമുകളൊക്കെ മാറ്റി എലിയെ കീ ആക്കാമെങ്കില്‍ മനുഷ്യമസ്തിഷ്ക്കപ്രോഗ്രാമുകളില്‍ കയറി കളിച്ചാല്‍ എന്തൊക്കെ സാധിക്കാം! പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതെയുള്ളൂ..! ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇനിയെത്ര വരാനിരിക്കുന്നു ?! മറ്റൊന്ന് പ്രയോണ്‍ പ്രോട്ടീന്‍ എന്ന ചങ്ങാതിയാണ്. അകത്തുചെന്നാല്‍ തലച്ചോറിനെ സ്പോഞ്ച് പോലെയാക്കി ഓര്‍മ്മകളെയെടുത്ത് അമ്മാനമാടും.

(10). സ്വതന്ത്രചിന്ത എന്നൊന്നുണ്ടോ ? :
ഇത്രയും വായിച്ചാല്‍ സ്വാഭാവികമായി വരുന്ന ഒരു സംശയമുണ്ട്. ”സ്വതന്ത്രമായി ചിന്തിക്കുക” എന്നൊന്നുണ്ടോ ? കാരണം എല്ലാം മസ്തിഷ്കവും ജീനും പുറമേ നിന്നുള്ള പരാഹ്നഭീകരരും ചേര്‍ന്നുള്ള പ്രവര്‍ത്തനഫലമത്രേ. അപ്പോള്‍ സ്വതന്ത്രചിന്തക്ക് സ്ഥാനമെവിടെ? ഉണ്ടാവാന്‍ വഴിയില്ലെന്നാണ് ന്യൂറോ ശാസ്ത്രജ്ഞരുടെ അഭിപ്രായം. നമ്മള്‍ സ്വതന്ത്രമായി തീരുമാനമെടുക്കും മുമ്പേ അകത്ത്‌ ആ തീരുമാനം കൈക്കൊണ്ട് കഴിഞ്ഞിട്ടുണ്ടാവും. നമ്മളാണ് തീരുമാനമെടുക്കുക എന്നത് നമ്മുടെ തോന്നല്‍ മാത്രമാണെന്നാണ് ന്യൂറോശാസ്ത്രജ്ഞരുടെ അഭിപ്രായം.

ന്യൂറോ കെമിക്കലുകളെ പ്രതിരോധത്തിലാക്കാത്ത സാഹചര്യങ്ങള്‍, മസ്തിഷ്ക്കം അനുകൂലിക്കുകയും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന വികാരങ്ങളടങ്ങിയ ഘടകങ്ങള്‍, പാരിയെറ്റല്‍ ലോബുകളുടെ ക്ഷമത തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദ്ധരിച്ച് മസ്തിഷ്ക്കം തന്നെ ‘തീരുമാനിക്കുന്നു’. നമ്മള്‍ ആ മായയില്‍ (illusion) തുടരുന്നു! തലച്ചോറിലെ ഫ്രണ്ടല്‍ ലോബിലെ ആന്റീറിയര്‍ സിംഗുലേറ്റും സുപ്രമാര്‍ജിനല്‍ ഗൈറസ്സും സ്വതന്ത്രചിന്തയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് എല്ലാം തിരിച്ചറിയാം, പക്ഷെ തീരുമാനമെടുക്കാനാവാതെ ആരെയോ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ”ഇച്ഛ” എന്നൊന്ന് ഉണ്ടാവാതിരിക്കാന്‍ ആന്റീറിയര്‍ സിംഗുലേറ്റ് അടിച്ചു പോയാല്‍ മതി (ശ്രീബുദ്ധന്‍ കേള്‍ക്കണ്ട).

സിംഗുലേറ്റ് രോഗവിമുക്തി നേടിയ ഒരു വ്യക്തിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു : ”എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. ഞാന്‍ എന്ത് ചെയ്യുന്നു എന്നും അറിയാം. പക്ഷെ നിങ്ങളുടെ ചോദ്യങ്ങളെ അവഗണിച്ചത് വേണ്ടെന്ന് വെച്ചിട്ടാണ്.” അതായത്‌ എല്ലാം മനസ്സിലായാലും നമ്മുടെ ആ ‘ആവശ്യം’ നടത്തിയെടുക്കാന്‍ ആന്റീറിയര്‍ സിംഗുലേറ്റ് ഇല്ലാതെ പറ്റില്ല. അതുപോലെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു രോഗാവസ്ഥയില്‍ നമ്മുടെ കൈകള്‍ നമ്മുടെ ആവശ്യപ്രകാരമല്ലാതെ എന്തെങ്കിലുമൊക്കെ ചെയ്യും. സിംഗുലെറ്റ്‌ ഭാഗികമായി തകരാറിലായ ഒരു സ്ത്രീയെ മസ്തിഷ്ക്കശാസ്ത്രം പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ വലതുകൈ ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുക്കാന്‍ നീങ്ങുമ്പോള്‍ ഇടതുകൈ ഉപയോഗിച്ച് ആ കൈകള്‍ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവരെപ്പോഴും !

”സ്വതന്ത്ര ചിന്ത” നമ്മുടെ ആവശ്യങ്ങള്‍ക്കപ്പുറം തലച്ചോറിന്‍റെ നിയന്ത്രണത്തിലാണ്. നമ്മുടെ തലച്ചോറിലേക്ക് എത്തുന്ന പുതിയ വിവരങ്ങള്‍ തലച്ചോറില്‍ നേരത്തെയുള്ള സ്മൃതിപഥത്തിലേക്ക് ലയിപ്പിച്ചു കൊണ്ടാണ് തലച്ചോര്‍ പുതിയ വിശ്വാസമോ ഊഹമോ ഒക്കെ സൃഷ്ടിക്കുക. പുതിയ വിവരങ്ങള്‍ മസ്തിഷ്ക്കത്തിലേക്ക് വരുമ്പോള്‍ അവിടെയുള്ള വിശ്വാസവ്യവസ്ഥയുടെ ഇടത് ഭാഗം അതിനെ തേച്ചുമിനുക്കി ക്ലിയറാക്കാന്‍ ശ്രമം നടത്തും. ഈ നടപടിക്രമം നടക്കുമ്പോള്‍ ചിലപ്പോള്‍ മസ്തിഷ്ക്കം അതിന്റെ സ്വാഭാവിക താളം നിലനിര്‍ത്താന്‍ ആ അറിവുകളെ തെറ്റായും കെട്ടിച്ചമച്ചും നമുക്ക്‌ ”മനസ്സിലാക്കി” തരും. കോണ്‍ഫാബുലേഷന്‍ എന്നാണ്‌ തലച്ചോറിന്റെ ഈ നടപടിക്രമത്തെ വിശേഷിപ്പിക്കുന്നത്. ഒരേ കാര്യങ്ങൾ വ്യത്യസ്ത തലച്ചോറുകള്‍ വ്യത്യസ്തമായി മനസ്സിലാക്കുന്നത് കണ്ടിട്ടില്ലേ ?! മതപുസ്തക വരികളുടെ പേരിലാണെങ്കില്‍ കാരണം കൊലപാതകങ്ങള്‍ വരെ നടക്കുന്നു. ഈഗോ കളയാനാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് വാദികള്‍ തട്ടിവിട്ടേക്കും. സത്യത്തില്‍ സ്വാഭാവിക താളം നിലനിര്‍ത്തി പൊരുത്തപ്പെടാനുള്ള തലച്ചോറിന്റെ ശ്രമമാണത്. ഫ്രോയിഡിയന്‍ മന:ശാസ്ത്രത്തിലെ പല കാര്യങ്ങളും അന്ധവിശ്വാസമായി തകരുകയാണ്.

11826023_10153485671363255_1664185514740535279_n
ഇതിന്റെ അടിസ്ഥാനത്തിൽ ജി. സുധാകരൻ പറഞ്ഞ വിവാദപ്രസംഗം ശരിയാണോ എന്ന് നോക്കാം :
”ഇപ്പോൾ ഒരു നടി ശ്രദ്ധിക്കപ്പെടാൻ അഭിനയിച്ചാൽ മാത്രം പോര. വസ്ത്രം കുറച്ച് (നഗ്നതാപ്രദർശനം) പ്രത്യേക തരത്തിൽ അഭിനയിച്ചാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാം…”
— ഇതാണ് സഖാവ് ജി. സുധാകരന്റെ പ്രസക്തമായ വാക്കുകൾ . അതായത് കലാപരമായ കഴിവുകൾക്ക് പുറമേ നഗ്നത കൂടി പ്രദർശിപ്പിച്ചാൽ അതിവേഗം ശ്രദ്ധിക്കപ്പെടുന്നു, അത് ശരിയല്ല എന്ന് സാരം. പുരുഷന്റെ സുഖത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ട ഇരകൾ മാത്രമാണ് ശരീരപ്രദർശനമോഡലുകൾ ! എന്തുകൊണ്ടെന്ന് ശാസ്ത്രീയമായി പരിശോധിക്കാവുന്നതാണ്.
നഗ്നതാ പ്രദർശനം ഇഷ്ടപ്പെടുന്ന പുരുഷമനസ്സ് ലോകത്തെ ഭരിക്കുന്നതിനാലും അത് പ്രത്യേക വികാരവുമായി ബന്ധപ്പെട്ടവ ആയതിനാലും നഗ്നതാപ്രദർശനങ്ങൾക്ക് പ്രോത്സാഹനം കിട്ടുന്ന കാഴ്ച്ച പാട്രിയാര്‍ക്കി ലോകത്ത് നമുക്കെങ്ങും കാണാം. ഏത് വലിയ പുരോഗമനവാദത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചാലും ”തുണിയഴിക്കൂ.. ഞാൻ കാണട്ടെ…” എന്നുതന്നെയാണ് മസ്തിഷ്ക്കം ആവശ്യപ്പെടുന്നത്.! അതുകൊണ്ടാണ് സഖാവ് സുധാകരൻ അതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ശ്രദ്ധേയനായത്. അത് ശാസ്ത്രീയമായി ശരിയാണോ എന്ന് നോക്കാം.
നഗ്നശരീരക്കാഴ്ച്ചകളെ മസ്തിഷ്ക്കം പ്രോസസ് ചെയ്യുമ്പോൾ :
മസ്തിഷ്ക്കം നഗ്നശരീരം കാണുമ്പോൾ അതിവേഗം റിയാക്റ്റ്‌ ചെയ്യുന്നതായി ശാസ്ത്രീയ ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സാധാരണ വസ്ത്രം, അല്പവസ്ത്രം, നീന്തൽ വസ്ത്രം തുടങ്ങിയവ പ്രത്യേകം തരംതിരിച്ച് മസ്തിഷ്ക്കത്തിലെ ഇലക്ട്രിക്കൽ ഉത്തേജനത്തെ ബ്രെയിൻ ഇമേജിംഗ് വഴി റെക്കോർഡ് ചെയ്താണ് പരീക്ഷണം നടത്തിയത്. ലൈംഗികാസക്തിയും അമിതമായ ലൈംഗികാസക്തിയുമൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടു. നഗ്നത കണ്ടപ്പോൾ 0.2 സെക്കന്റുകളുടെ വേഗതയിലാണ് മസ്തിഷ്ക്കം ആക്രാന്തം കാട്ടിയത്. വസ്ത്രങ്ങളിൽ നഗ്നതയുടെ അളവുകൾ കൂടി വരുന്നതിനനുസരിച്ച് ആക്രാന്തത്തിന്റെ അളവ് കൂടുന്നു. വസ്ത്രധാരണത്തിൽ ശരീരപ്രദർശനം ഉൾപ്പെടുത്തുമ്പോൾ ലൈംഗിക ചോദന ഉത്തേജിപ്പിക്കുന്ന പ്രക്രിയയിൽ മസ്തിഷ്ക്കം ഏർപ്പെടുന്നതായി കണ്ടെത്തി എന്നതാണ് ഗവേഷണം ചൂണ്ടിക്കാട്ടുന്നത്. താരതമ്യേന ഇന്റൻസിറ്റി കുറവെങ്കിലും സ്ത്രീ മസ്തിഷ്ക്കത്തിനും ഈ സ്വഭാവമുണ്ട്.

11045499_10153485671518255_4967155264597294520_o
അർദ്ധനഗ്നത കാണുമ്പോൾ പുരുഷമസ്തിഷ്ക്കം ആ ശരീരത്തെ ഒരു വസ്തുവായി മാത്രം കാണുന്നതായി പ്രിൻസ്റ്റൻ സർവ്വകലാശാലയുടെ മറ്റൊരു ഗവേഷണഫലവും വന്നിട്ടുണ്ട്. പ്രദർശിപ്പിക്കുന്ന വ്യക്തിയെ ഒരു മനുഷ്യജീവിയായി പോലും പരിഗണിക്കുന്നില്ലത്രേ ! അതായത് സാധാരണ വസ്തുക്കളെ കാണുമ്പോൾ പ്രവർത്തനക്ഷമമാവുന്ന മസ്തിഷ്ക്കഭാഗങ്ങളാണ് ഇവിടെയും പ്രവർത്തിക്കുന്നത്. സമൂഹത്തിലെ ഭീകരമായ പലകാര്യങ്ങളും ഇതിന്റെ വെളിച്ചത്തിലാണ് പരിശോധിക്കേണ്ടത് എന്നർത്ഥം.
പരിണാമ ശാസ്ത്രത്തിൽ ഇത് പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട് സ്വാഭാവികമായി ഉരുത്തിരിഞ്ഞ പ്രതിഭാസമാവാം. പക്ഷെ സാമൂഹ്യജീവിയെന്ന നിലയിൽ മനുഷ്യജീവിതത്തിൽ ഇവ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിക്കും എന്നതാണ് ഒരു കമ്മ്യൂണിസ്റ്റ് (കമ്മ്യൂണ്‍ എന്നാൽ സമൂഹം എന്നാണല്ലോ അർത്ഥം) എന്ന നിലയിൽ ചിന്തിക്കേണ്ടത്. വസ്ത്രസ്വാതന്ത്ര്യത്തിൽ കടന്നുകയറാനുള്ള വടിയായി ഇതിനെ കണക്കാക്കരുത്. പക്ഷെ മനസ്സിലാക്കേണ്ട മറ്റൊരു അപകടകരമായ വിഷയമുണ്ട്‌. അതാണ്‌ സുധാകരൻ ചൂണ്ടിക്കാട്ടിയത്.
പുരുഷന്റെ സുഖത്തിന് സൃഷ്ടിക്കപ്പെട്ട ഇരകൾ :
സ്ത്രീ നഗ്നത അന്നും ഇന്നും ഹെഗിമനിക് പാട്രിയാര്‍ക്കിയുടെ ആകര്‍ഷണത്തിനും സുഖത്തിനും വേണ്ടി സൃഷ്ടിച്ചെടുത്ത വിപണിയുടെ ഭാഗമാണ്. ചുരുക്കത്തിൽ പുരുഷലോകത്തിനു ആസ്വദിക്കാൻ ഉണ്ടാക്കിയെടുത്ത ട്രെന്റിനെ നമ്മൾ പിന്തുടരുകയും ന്യായീകരിക്കുകയുമൊക്കെ ചെയ്യുന്നു. നഗ്നത തുറന്നുകാട്ടുന്ന മോഡലുകള്‍ അതിന്റെ കൂലിപ്പണിക്കാരായ ഇരകള്‍ മാത്രമാണ്. ഒപ്പം മാർക്കറ്റ് പിടിച്ചടക്കാനുള്ള മുതലാളിത്ത ഫോർമുലകളുടെ എളുപ്പത്തിലുള്ള വിന്യാസവും. മോഡലിംഗിന്റെ സാമ്പത്തികസാധ്യത തുറന്നിടുന്ന വിപണിയിലെ പരസ്യ- സിനിമാരംഗത്ത് സോപ്പ്‌ മുതല്‍ ശീതളപാനീയങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് മാര്‍ക്കറ്റ്.

സായി കിരണ്‍

Share.

About Author

137q, 0.689s