Leaderboard Ad

അസഹിഷ്ണുതയുടെ വര്‍ത്തമാനം

0

എഴുത്തുകാരനാകാന്‍ മോഹിച്ച മിടുമിടുക്കനായ ഒരു വിദ്യാര്‍ത്ഥിക്ക് ‘എന്‍റെ ജനനമാണ്‌ എന്‍റെ മരണത്തിന് കാരണം’ എന്നെഴുതിവെച്ച് സ്വന്തം മരണത്തെ സ്വീകരിക്കേണ്ടിവരുന്ന ഇന്ത്യയുടെ വര്‍ത്തമാനകാലം എത്ര മാത്രം അപകരിഷ്കൃതവും യാഥാസ്ഥിതികവുമാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട്. സ്വന്തം അമ്മ ആക്രമിക്കപ്പെട്ടാല്‍, കൊല്ലപ്പെട്ടാല്‍ കാണിക്കാത്ത വീറ് ഒരുപശുവിന്‍റെ അവശിഷ്ടം കണ്ടു എന്ന്പറഞ്ഞ് കുറ്റാരോപിതനായ, നിരപരാധിയായ ഒരു മനുഷ്യനെ കല്ലും, വടിയും, വാളുമായി അതിക്രൂരമായി കൊലപ്പെടുത്താന്‍ ഉണ്ടാകുന്ന കൂട്ടുകെട്ടുകള്‍ സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരെ അത്യഗാധമായി ഭയപ്പെടുത്തുന്നുണ്ട്.

മതവും മതവിശ്വാസതയും സ്വകാര്യമാല്ലാതാവുകയും അത് ആധിപത്യത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യപ്പെടുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യത്തിന് വലിയ സ്ഥാനമൊന്നും ഉണ്ടായിരിക്കില്ല. എന്ത് കഴിക്കണമെന്നും, എന്ത് ധരിക്കണമെന്നും, എങ്ങനെ എപ്പോഴൊക്കെ സഞ്ചരിക്കണമെന്നും ആക്രോശിക്കുകയും അതിനായി ആക്രമിച്ച് ഭയപ്പെടുത്തി അനുസരിപ്പിക്കുകയും ചെയ്യുന്നത് അസഹിഷ്ണുതയാണെന്ന് പറയുവാന്‍ അല്‍പ്പം ചില നാവുകളെങ്കിലുമുണ്ടാകുന്നു എന്നത് മതാധിപത്യത്തിനായി ശ്രമിക്കുന്നവരെ അസഹിഷ്ണുക്കളാക്കുന്നുണ്ട്.
ചോദ്യം ചെയ്തവര്‍ക്കെതിരായി ഉയര്‍ന്ന (അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയവരെ) ആക്രമണങ്ങള്‍ ഇത് വെളിപ്പെടുത്തുന്നു. അസഹിഷ്ണുത ഉണ്ടെന്നുപറഞ്ഞവര്‍ ആക്രമിക്കപ്പെടുന്നത് സഹിഷ്ണുതയാണോ ?
വിവിധ വിഭാഗങ്ങളുടെ സഹവര്‍ത്തിത്വമാണ് ഇന്ത്യ. ഇത് സഹിഷ്ണുതയിലൂടെ ഉയര്‍ന്നുവന്നതാണ്. വിവിധ മതങ്ങള്‍ മതനിരപേക്ഷമായി സഹിഷ്ണുതയോടെ പുലരുന്ന ഇന്ത്യയില്‍ സഹിഷ്ണുത വെടിയുന്ന ഒരുകൂട്ടത്തിന്‍റെ പ്രവര്‍ത്തി സഹവര്‍ത്തിത്വത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.

യുക്തിരഹിതമായ ഒരു സമൂഹം എത്ര വേഗത്തിൽ അപരിഷ്കൃതതെയെ പുല്‍കും എന്നറിയുന്ന സങ്കുചിത വാദികൾ യുക്തിയെ തന്നെയാണ് ; ശാസ്ത്രീയതയെ തന്നെയാണ് ആദ്യം ആക്രമിക്കുന്നത്. 80 കളുടെ അവസാനത്തോട് കൂടി തന്നെ സംഘടിതമായി ഇതിന് ശ്രമമുണ്ടായി. ലോക രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിനു വളമേകി ഇന്ത്യയെ ഇന്നത്തെ അവസ്ഥയിലേക്ക് നടത്തിയെടുക്കുകയായിരുന്നു . ശാസ്ത്ര ചിന്തയുടെയും ചരിത്രത്തിന്റെയും സ്ഥാനത് അശാസ്ത്രീയതയെയും പുരാണങ്ങളെയും പകരം വെക്കുകയായിരുന്നു. പുരാണങ്ങൾ ചരിത്രപരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന പൗരസമൂഹത്തെ പാരംമ്പര്യങ്ങളുടെയും ആത്മരതിയുടെയും ലോകത്തിലേക്ക് തല്‍പരകക്ഷികൾക്ക് നയിക്കാനായി. പുരാണങ്ങളും ഇപ്പോൾ തങ്ങൾക്കാവശ്യമുള്ളത് മാത്രമായി പകര്‍ത്തി എഴുതപ്പെടുകയാണ്. ഗോവധവും, പശുമാംസവും ചർച്ചകളിൽ പ്രധാന വിഷയമായി വരുമ്പോൾ പുരാണങ്ങളിലെ, ഭൂമിയിൽ ജീവിച്ച ദൈവ കഥാപാത്രങ്ങൾ വെട്ടയാടിപ്പോലും മാംസം ഭക്ഷിച്ചിരുന്നു എന്നത് മറച്ചു വെക്കുകയും ചെയ്യുന്നുണ്ട്.

ആധുനിക കാലത്ത് മതരാഷ്ട്രങ്ങളല്ല; ജനാധിപത്യ രാഷ്ട്രങ്ങളാണ് മനുഷ്യന്‍റെ മുന്നേറ്റത്തിനും സര്‍ഗ്ഗാത്മകതക്കും കരുത്തായി നില്‍ക്കുന്നത്എന്ന് തിരിച്ചറിയപ്പെടാത്തവരായി ഒരുവലിയ വിഭാഗത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിഞ്ഞ പ്രത്യയശാസ്ത്രം മതാന്ധതയുടേത് തന്നെയാണ്. ഇന്ത്യയിലെ ജനാധിപത്യ മുന്നേറ്റത്തില്‍ മതാന്ധതയേയും ജാതി സ്പര്‍ധയേയും കുടഞ്ഞെറിയുന്നതിന് വലിയ അളവില്‍ വളരെ മുന്നേ തന്നെ കഴിഞ്ഞ ഒരുസമൂഹമാണ് കേരളീയ സമൂഹം. എന്നാല്‍ മനുഷ്യ സ്നേഹികളെ സംബന്ധിച്ച് ഏറെ ആഹ്ലാദകരമാണ് ഇന്നത്തെ അവസ്ഥ എന്ന് പറയാനാവില്ല. പ്രാചീന സവർണ്ണാധിപത്യത്തിന്റെ കേന്ദ്രങ്ങളെയും, മുദ്രകളെയും, യുക്തിരഹിത ആചാരങ്ങളെയും ആക്രമിച്ച് കീഴ്പ്പെടുത്തി കൊണ്ടാണ് കേരളത്തില ജനാധിപത്യ സ്ഥാപനം സാധ്യമായതെന്നറിയുന്നവർ , സമൂഹത്തെ പുറകോട്ടു നടത്താൻ ഇത്തരം ആചാരങ്ങളെ തിരിച്ചെ ത്തിക്കെണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞാണ്‌ പ്രവര്‍ത്തിച്ചത്. ബ്രാഹ്മണ്യത്തിനും സവർണ താല്‍പര്യങ്ങള്‍ക്കും താക്കോൽ ദാന സമ്മതി സൃഷ്ടിചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1975 ൽ തന്നെ ” അതിരാത്രം” പഴയന്നൂരിൽ സംഘടിപ്പിക്കപ്പെടുന്നത്. സോമയാഗവും, പുത്രകാമേഷ്ടി യാഗവും,സർവ കാമേഷ്ടി യാഗവും, വിശ്വവേദ സത്രവുമെല്ലാം വലിയ പ്രചാരത്തോടെ സൃഷ്ടിക്കപ്പെട്ടു. സാംസ്കാരിക രംഗവും ഇതിനനുസരിച് മാറ്റപ്പെട്ടു. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി മുന്നേറിയ വിനോദമാധ്യമം സിനിമയും ടീവിയും ഇതിനായി ഉപയോഗിക്കപ്പെട്ടു. ഈ അന്തരീക്ഷമാണ് മതാന്ധതയെയും ഫാസിസത്തെയും പുണരാൻ കേരളീയനെയും സജ്ജമാക്കിയെടുത്തത്. വിവാഹാദി കുടുംബ ചടങ്ങുകളുടെ കാര്‍മികത്വം നമ്പൂതിരിയും സവർണനും ആകുന്നതു സമൂഹത്തിലെ സ്റ്റാറ്റസിന്റെ അടയാളമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നത് അത്ര ലളിതമോ നിരുപദ്രവകരമോ അല്ല എന്ന് നാം മനസിലാക്കണം.

കേരളത്തിന്‍റെ മുന്നേറ്റം കേവലം ഉപരിവിപ്ലവകരമല്ല എന്നത് യാഥാര്‍ഥ്യമാണ്. മതനിരപേക്ഷതയുടേയും മനുഷ്യ സ്നേഹത്തിന്റെതുമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍റെ ജനാധിപത്യപരമായ നിലനില്‍പ്പും മുന്നേറ്റവും ആഗ്രഹിക്കുന്ന മലയാളിയും പ്രസ്ഥാനങ്ങളും ഈ അകക്കാമ്പിനെ മിനുക്കിയെടുക്കേണ്ടതുണ്ട്. കേരള സമൂഹത്തിലും ജനാധിപത്യ മുന്നേറ്റത്തിന്റെ കാലത്ത് മണ്ണില്‍ മറഞ്ഞ പോലെ, കെട്ടിക്കിടക്കുന്ന അന്തവിശ്വാസങ്ങളും ചീഞ്ഞളിഞ്ഞ അനാചാരങ്ങളും പൊടിതട്ടിയെടുക്കാനുള്ള ഗ്രാമങ്ങളുണ്ടാകുന്നതിനെതിരായ ജാഗ്രത പുലര്‍ത്തണം. മതനിരപേക്ഷതയേയും മനുഷ്യത്വത്തേയും മുന്‍നിര്‍ത്തി മാത്രമേ ഇതിനു കഴിയുകയുള്ളൂ. കേരളത്തിന്‍റെ പുരോഗമനപരമായ മുന്നേറ്റത്തിന്റെ പാരമ്പര്യമുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വെല്ലുവിളികളോട് പൊരുതി ഈ പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Share.

About Author

വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന നേതാവ് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംഘടനകളുടെ മുന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഇപ്പോള്‍ സി.പി.ഐ.എം കുന്നംകുളം ഏരിയ സെക്രട്ടറി, സി.പി.ഐ.എം തൃശൂര്‍ ജില്ലാകമ്മറ്റി അംഗം തൃശ്ശൂര്‍ കുന്നംകുളം സ്വദേശി.

116q, 0.501s