Leaderboard Ad

പെയ്തൊഴിയാതെ

0

ഞാൻ അഹമ്മദാബാദിൽ കമ്പനിയുടെ സോണൽ കോൺഫറൻസിനു  പോയ്‌ മടങ്ങിവരുന്ന വഴിയാണ്. ബോംബെയിൽ വി ടി സ്റ്റേഷനിൽ കെണിഞ്ഞത് പോലായി. സമയം അപ്പോൾ രാത്രി പന്ത്രണ്ടര ആയിക്കാണും. വണ്ടി നാലുമണിക്കുർ ലെയിറ്റാണ്. “ലോകത്തിലെ ഏറ്റവും വലിയ റയിൽ ശൃ0ഖലയാണെന്ന് പറയാൻ കൊള്ളാം . പക്ഷെ ഒരൊറ്റ വണ്ടി പോലും സമയത്തിനോടുകയില്ല. എന്റെ ആത്മഗതം ആര് കേൾക്കാൻ. ഞാനെന്റെ ബ്രീഫ്‌കേയ്‌സും ബാഗുമായ് വിശ്രമിക്കാൻ സുരക്ഷിതമായ സ്ഥലം നോക്കി നടന്നു. ഭാഗ്യം എനിക്കായ് കാത്തിരുന്ന കോൺക്രീറ്റ്  ബെഞ്ചുകണ്ടപ്പോൾ  എനിക്ക് വല്ലാത്ത ആശ്വാസം തോന്നി.ഒരാഴ്ച ഭക്ഷണം കിട്ടാത്ത ആൾക്ക് പൊതിച്ചോറു കിട്ടിയപ്പോഴുണ്ടായ വ്യഗ്രതയോടെ ഞാൻ പെട്ടെന്ന് അവിടേക്കു ചെന്നു. ഞാൻ ബ്രീഫ്‌കേയ്‌സ് താഴെയും ബാഗ് ബഞ്ചിലും വച്ച് ഒന്ന് നിവർന്നിരിക്കാൻ ശ്രമിക്കുബോഴാണ് ബഞ്ചിന്റെ പിറകുവശത്തെ മൂലയിലായ് ഒരു ഭിക്ഷക്കാരിയും അവരുടെ ചെറിയ കുട്ടിയെയും ശ്രദ്ധയിൽപ്പെട്ടത്. ഞാൻ പെട്ടെന്ന് ബ്രീഫ്കേയ്സ് എടുത്ത് ബഞ്ചിനു മുകളിൽ വെച്ച.

                 ഞാൻ വണ്ടികാത്തിരുന്ന പ്ലാറ്റ്ഫോമിൽ  വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. നാല് മണിക്കൂർ ലെയിറ്റാണെന്നു  പറഞ്ഞാൽ അഞ്ചുമണിക്കൂർ വൈകി മാത്രമേ എത്തു എന്ന് അലിഖിതമാണെന്ന് എല്ലാവർക്കുമറിയാം. “നമ്മുടേതല്ലെ റെയിൽവെ ” . എന്നെപ്പോലെ ആരാ ഒറ്റയ്ക്കിവിടെ ഇതുപോലെ കാത്തിരിക്കുക. ഇവിടെ ആണെങ്കിൽ ഒരു ബുക്ക്സ്റ്റാൾകൂടി തുറന്നിട്ടില്ല. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഞാൻ നെടുവീർപ്പോടെ തിരിഞ്ഞും മറിഞ്ഞും ഇരുന്നു.      പെട്ടെന്ന് പിറകുവശത്ത് ചുരുണ്ട്കൂടിയിരുന്ന സ്ത്രീയുടെ അരികിൽനിന്നും കുട്ടി എഴുന്നേറ്റ് ബഞ്ചിന്റെ മുൻവശത്ത് വന്നു നിന്നു. മെല്ലെ മെല്ലെ അവൻ എന്റെ അരികിലേക്കെത്തി.

           കണ്ടാൽ എന്റെ ഉണ്ണിയുടെ പ്രായം വരും. നാലോ അഞ്ചോ വയസ്. നല്ല മുഖശ്രീയുള്ള കുട്ടി. പുൽനാമ്പിൽ വീണുകിടക്കുന്ന മഞ്ഞുതുള്ളിപോലെ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു , എങ്കിലും ദൈന്യത അവന്റെ മുഖത്ത് നിഴലിച്ചിരുന്നു. അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ അങ്ങിങ്ങായ്‌ കിറിയിട്ടുണ്ട്. അലക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കണം. അലസമായ് മുഖത്ത് വീഴുന്ന മുടി ഇടത് കൈകൊണ്ട് മാടിഒതുക്കുന്നുണ്ട്. എനിക്കവനോട് വാത്സല്യം തോന്നി. ഒന്നുമില്ലെങ്കിലും കുഞ്ഞല്ലേ . വല്ലതും സംസാരിക്കാൻ  ഒരാളായില്ലേ.

“ബേട്ടാ തുമരാ നാം ക്യഹെ.. നാം യുവർ നെയിം “

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു

“ആരെ ബേട്ടാ തുമരാ നാം ക്യഹെ.. നാം തോ നഹി “

    എന്റെ ശബ്ദം കേട്ടിട്ടാകണം ചുരുണ്ടുകിടക്കുന്ന സ്ത്രീ തല ഉയർത്തി എന്തോ സംസാരിച്ചു. ഭാഷ എനിക്ക് മനസിലായില്ല.എങ്കിലും അവനെ ശാസിച്ചതാണെന്നു മനസിലായി.  അവൻ പെട്ടെന്ന് സ്ത്രിയുടെ അടുത്തേക്ക് ഓടിചെന്നു. അവൾ അവനെ എന്തൊക്കയോ ശാസിച്ചിരുന്നു. എനിക്ക് പരിചയമില്ലാത്ത ഭാഷയാണെങ്കിലും ഹിന്ദിയുമായി നല്ല ബന്ധം ഉണ്ടായിരുന്നു.കുട്ടി എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.അപ്പോൾ അവളവനെ അവളുടെ അരികിലേക്ക് ചേർത്ത് കിടത്തി. പക്ഷെ അൽപ്പസമയത്തിനുള്ളിൽ അവൻ വീണ്ടും എന്റെ അരികിലെത്തി. എനിക്ക് സന്തോഷമായ്. എന്റെ ഭാഷ അവനു മനസിലാകാഞ്ഞിട്ടാണോ എന്നെനിക്കു സംശയമായതിനാൽ ഞാനവനോട് പിന്നൊന്നും ചോദിക്കാൻ നിന്നില്ല. ഞാൻ കണ്ണുകൾ കൊണ്ടും മുഖം കൊണ്ടും അവനോടു കോപ്രായങ്ങൾ കാണിച്ചു. അവൻ ചിരിക്കുന്നുണ്ടായിരുന്നു. അവൻ ബാഞ്ചിലെക്കു കയറി ഇരുന്നു. അവനെന്റെ വിക്രിയകൾ വളരെ രസിക്കുന്നുണ്ടായിരുന്നു. പെട്ടെന്നവൻ എന്നോട് ചോദിച്ചു

“ആപ് കഹാ ജാരഹാഹെ”

ഞാനൊന്ന് ഞെട്ടി. ങേ! ഇവനാള് കൊള്ളാമല്ലോ  ഇവനപ്പോൾ ഭാഷ അറിയാഞ്ഞിട്ടല്ല.

 “തുംകൊ ഹിന്ദി മാലും?

 അവൻ തലയാട്ടി

 “നാം ക്യാ ഹെ?

പ്രേം

 “ഗുഡ് നെയിം

     അവൻ നിഷ്കളങ്കമായ് ചിരിച്ചു. അവൻ ചിരിക്കുമ്പോൾ ഒരു മകൻ അച്ഛനോട് പ്രകടിപ്പിക്കുന്ന സ്നെഹമാണോ അവന്റെ മനസിലുണ്ടായതെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലഒരുപക്ഷെ അവൻ അച്ഛൻ ഏതെന്നറിയാതെ വളർന്നവനാകുമോ. എന്റെ ചിന്തകൾ വഴിമാറിപ്പോകുമ്പോൾ അവൻ എന്നെ വിളിച്ചു.

 “ആപ്ക്ക നാം ക്യാഹെ?”

വിശ്വൻ, വിശ്വനാഥ്

വിസനാദ് ?”

ഹാ.. വിശ്വനാഥ്

      അവൻ പുഞ്ചിരിച്ചു . അവനെന്റെ ബ്രീഫ്കേസിനു മുകളിൽ അവന്റെ കുഞ്ഞു വിരലുകൾ കൊണ്ട് താളം പിടിച്ചു.  അവനെ അവന്റെ തലയിലെ പേനുകൾ വല്ലാതെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഇരുകൈകൾക്കൊണ്ടും തല ചൊറിഞ്ഞു ശബ്ദമെന്നെ കേൾപ്പിക്കുന്നുണ്ട്. മറ്റു ഭിക്ഷക്കാരിൽനിന്നും വേറിട്ടു ഞാൻ അവനിൽ കണ്ടത് മൂക്കൊലിപ്പൊ ദുർഗന്ധമോ അവനില്ല എന്നതാണ്. മുഷിഞ്ഞ ഉടുപ്പാണെങ്കിലും ഇടയ്ക്കവൻ അത് വൃത്തിയാക്കുന്നുണ്ടാകാം.

 ഭാഗ്യം. ഒരു ചായക്കാരനെ ദുരെ ഞാൻ കണ്ടപ്പോൾ ചാടി എഴുന്നേറ്റു.

 “ആരെ ഭായ് ഇതറാവോ , മുജേ എക്ക് ചായ ദേദോ

 ചായക്കാരൻ അടുത്തെത്തി .

 “തീൻ ചായ

     ഞാൻ ചായക്ക് പറഞ്ഞപ്പോൾ പ്രേം ഒന്നുഷാറായിരുന്നുഅവനു മനസിലായ് അതിലൊന്ന് അവനും കൂടി ഉള്ളതാണെന്ന് .

 “എന്താ സാറെ വണ്ടി ലേറ്റാണല്ലേ

 ” മലയാളിയാണല്ലേ

 “റെയിൽവേയിൽ മലയാളികളല്ലേ കൂടുതലും. ഇവിടെ ജോലി ചെയ്യുന്നതിൽ കൂടുതലും മലയാളികളാണ്.

 “സാറെന്താ വൈകിയത്.  പത്തുമണിക്ക് വണ്ടി ഉണ്ടായിരുന്നല്ലോ?

       “ഒന്നും പറയണ്ട, ഞാൻ അഹമ്മദാബാദിൽനിന്നും വരുന്നവഴിയാണ്.ഡയറക്റ്റ് ട്രെയിൻ ഇല്ലാത്തതിനാൽ ഇവിടെ വരേണ്ടിവന്നു. എത്തിയപ്പോഴാണറിഞ്ഞത് വണ്ടി നാലുമണിക്കുർ ലേറ്റ് ആണെന്ന്

       “അക്കാര്യം പറയാണ്ടിരിക്കുന്നതാണ് ഭേദം. പക്ഷെ ഞങ്ങള് രക്ഷപ്പെടുന്നത് വണ്ടി ലേറ്റ് ആയാലാണ്. സാറ് കണ്ടോ, കൂടിവന്നാല്‍ ഒരു നാല് ചായ മാത്രേ ഇതിൽ ബാക്കിയുള്ളൂ. ഞാൻ കച്ചവടം  മതിയാക്കി റൂമിലേയ്ക്ക് പോകാൻ ഒരുങ്ങിയതാ. വണ്ടി കൃത്യസമയത്തെത്തിയാൽ പ്ലാറ്റ്ഫോമിൽനിന്നും ആരാ ചായവാങ്ങാൻ നിക്കുക.”

 ഞങ്ങൾ ഇരുവരും ചിരിച്ചു

 ഞങ്ങളുടെ സംഭാഷണം കുട്ടിയും ഗ്രഹിച്ചിരിക്കണം, അവനും നമ്മളുടെ ചിരിയുടെ ഭാഗമായി.

 “ഇവിടിപ്പോ സാറിന് കമ്പനികളുണ്ടല്ലോ,

 “സാറിനെവിടേയ്ക്കാ പോണ്ടത്

 “ഞാൻ പയ്യന്നൂരാ, നിന്റെ വീടെവിടെയാ

 “കാസർകോടാ, നാട്ടി പോയിട്ട്  ഒരുവർഷയി

 “നമ്മളപ്പോ അടുത്ത നാട്ടുകാരാണല്ലോ

          അവൻ മന്ദഹസിച്ചു, സംസാരത്തിനിടയിൽ മൂന്ന് ഗ്ലാസിൽ ചായ നിറച്ചു. പറഞ്ഞതു പോലെ നാലാമത് ഒരു ഗ്ളാസ് ചായകൂടി മാത്രമേ അവന്റെ പാത്രത്തിൽ കാണുമായിരുന്നുള്ളു. ഗ്ലാസ്സിൽ ചായ  നിറച്ചതിനു ശേഷം അവൻ എന്റെ മുഖത്ത് നോക്കി. ഒരു ചായ സ്ത്രീക്ക് കൊടുക്കുവാൻ ഞാൻ ആംഗ്യം കാണിച്ചു. ഒരു ഗ്ളാസ് അവൻ കുട്ടിക്ക് കൊടുത്തു.

 “ഏയ് ഉഠാവോ ചായ് പീയോ

         അവന്റെ ശബ്ദം കേട്ട് ഞരങ്ങിയും മൂളിയും സ്ത്രീ തല പൊക്കി നോക്കി. പിന്നെ എഴുന്നേറ്റു നിന്നു. ഞാൻ അവളെ ശ്രദ്ധിച്ചു. മുഖശ്രീയുള്ള സ്ത്രീ, പക്ഷെ അഴുക്കുപുരണ്ട് മുഖത്തെ  പ്രകാശം മങ്ങിയിരിക്കുന്നു.

എന്തോ കടുത്തവേദന മനസ്സിൽ പേറിനടക്കുന്നവളായിരിക്കണം. ആ മുഖത്ത് നിഴലിക്കുന്ന വികാരം ദുഃഖത്തിൻറെതു മാത്രമാണ്. അവൾ കൈനീട്ടി ബഞ്ചിൽ വച്ചിരുന്ന ചായയെടുത്ത് മെല്ലെ ചുണ്ടോടടുപ്പിച്ചു. ചായക്കാരന് അവരെ പരിചയമുള്ളതാണെന്ന് എനിക്ക്തോന്നി.

      “നാലുവർഷമായി സാറേ ഇവളിവിടെ. പ്രസവിച്ച്  അഞ്ചു മാസമുള്ളപ്പോ ഇവനേയും കൊണ്ട് വന്നതാ. പിന്നെ എവിടിയും  പോയിട്ടില്ല. മറ്റ് തെണ്ടികളെപ്പോലെ  കളവോ, തോന്ന്യാസോ ഇവക്കില്ല  അന്നന്നേക്കുള്ളത് കിട്ടിയ ഏടെങ്കിലും ചുരുണ്ടോളും. പ്പിന്നെ മറ്റേ എടപാടൊന്നും ഇവക്കില്ല. ആരും ഓളെ പേടിച്ചടുത്ത് പോവൂല.   ഓളെ  മാറാപ്പില്  ഒരു  കത്തീണ്ട്.     കൊറച്ചാൾക്കാര് അയ്ന്റെ വിവരറിഞ്ഞതാ. ഇവിടുത്ത പണിക്കാർക്കെല്ലാം ഓളെ നല്ല മതിപ്പാ. അതുകൊണ്ട് ഓളെ എല്ലാരും സഹായിക്കും.കണ്ടാ നല്ല കുടുംബത്തി പെർന്നതാണെന്നു തോന്നും. ആരോ വയറ്റിലാക്കിയപ്പോ വീട് വിട്ടതായിരിക്കും.”

     അവന്റെ സംസാരം അവൾ മനസിലാക്കി ഇരിക്കണം, അവനെ  ഒന്ന് സുക്ഷമായ് നോക്കിയിട്ട് അവൾ തിരിഞ്ഞിരുന്നു.

 ” ഞാൻ പോന്ന് സാറെ, പോയിട്ട് വേണം കഞ്ഞിണ്ടാക്കാൻ

 ഞാനവന് പൈസ കൊടുത്തു. അവൻ രണ്ട് ചായയുടെ പൈസ എടുത്ത് ബാക്കി എനിക്ക് തന്നു.

 ” ഇതു മതി സാറേ, എന്റെ കച്ചോടം കൈഞ്ഞതല്ലേ, സാറിപ്പം വന്നയിനാലാ ഇതുകൂടി ചെലവായെ. ഞാൻ പോട്ടെ സാറേ

 “ഓക്കേ കാണാം

     അവൻ കുട്ടിയുടെ ശരീരത്തിൽ സ്നേഹത്തോടെ തലോടി കടന്നു പോയി. ഞാനും കുട്ടിയും സാവധാനം ചായ കുടിച്ചു. അപ്പോഴാ സ്ത്രീ എഴുന്നേറ്റു. തെഴുത്തിൽ നിന്ന് എഴുന്നേറ്റ പശു കിടാവിനെ  പോലെ ശരീരമൊന്നാകെ ഉൻമേഷത്തിലാക്കി ഇരുന്ന തുണി ഒന്ന് കുടഞ്ഞ് അവിട തന്നെ ഇരുന്നു. ഞാനവളെ അടിമുടി ഒന്ന് നോക്കി. നാട്ടിൽ പാട്ട പെറുക്കാൻ വരുന്ന തമിഴത്തി സ്ത്രീകളെ ചെറുപ്പക്കാർ പറയുന്ന കമന്റാണ് ഓർമ്മയിൽ വന്നത് ഒരുവാര സോപ്പ് കൊണ്ടൊന്നു കുളിപ്പിച്ചെടുത്താൽ അടിപൊളി ചരക്കാ

      ചായക്കാരൻ പറഞ്ഞതുപോലെ ഇവൾ ഏതെങ്കിലും നല്ല കുടുംബത്തിൽ പിറന്നതായിരിക്കും. അവൾ  ഏറെ സുന്ദരിയായിരുന്നു. എണ്ണതേക്കാത്ത ചെമ്പൻ മുടി അവളുടെ പിൻഭാഗം മറച്ചിരുന്നു    പഴകിയ സാരി അങ്ങിങ്ങു കീറിയിട്ടുണ്ട്. അവളുടെ ശരീരം അവളാൽ കഴിയുന്നത് പോലെ    സാരികൊണ്ടു മറയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. സ്ത്രീകളുടെ പച്ച മാംസത്തിനായ് വെറിപുണ്ട് നടക്കുന്നവരെ അവൾ അടുപ്പിക്കാറില്ലെന്നറിഞ്ഞപ്പോൾ അവളോട് ബഹുമാനം തോന്നി. പാവം എന്തായിരിക്കും ഇവൾക്ക് സംഭവിച്ചത്, എങ്ങനെ ഇവളിവിടെ എത്തിപ്പെട്ടുപുതിയ വാർത്തകൾ കണ്ടെത്തുന്ന ഒരു ജേര്‍ണലിസ്റ്റിന്റെ മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോൾ.  ഞാൻ അവളെ ശ്രദ്ധിക്കുന്നതായ് അവൾക്കു തോന്നിയിരിക്കണം, അവൾ എന്റെ മുഖത്തേയ്ക്കൊന്നു തുറിച്ചുനോക്കി. ഞാനൊന്നു പരുങ്ങി. ഞാൻ അവളോട് ചിരിക്കാൻ ശ്രമിച്ചു. അവൻ ബഞ്ചിലിരിക്കുന്ന മകനെ അടുത്തേക്കു വിളിച്ചു. അവൻ മനസില്ല മനസ്സോടെ അവളുടെ അരികിലേയ്ക്ക് ചെന്നു. അവളുടെ ഭാഷ എനിക്ക് മനസിലായിലിങ്കിലും കുട്ടിയോട് ഉറങ്ങാനുള്ള  ആജ്ഞയാണെന്നു മനസിലായ്. എന്റെ മൂഡുപോയ്

         മറ്റു പ്ലാറ്റ്ഫോമുകളിൽ വണ്ടി വന്നും പോയ്കൊണ്ടുമിരുന്നു. എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. മറ്റു ബഞ്ചുകളിൽ ഉണ്ടായവരൊക്കെ ഉറക്കത്തിലായ്. എനിക്കെങ്ങനെ ഉറക്കം വരാനാ. കമ്പനിയുടെ പ്രധാനപ്പെട്ട ഫയലുകളൊക്കെ എന്റെ കൈവശമല്ലേ ഉള്ളത്. പിന്നെ എനിക്കെങ്ങനെ ഉറക്കം വരും.

 ഭാഗ്യം വണ്ടി വരുന്നുണ്ട്. ഞാൻ ചാടി എഴുന്നേറ്റു

അരെ സാബ് വോ ആപ്കാ ഗാഡി നഹി ഹെ. വോ സിർഫ് എക്ക് എൻജിൻ ഹെ

        സ്ത്രീയുടെ ശബ്ദം കെട്ടപ്പോൾ എനിക്കാദ്യം വിശ്വാസം വന്നില്ല. എങ്കിലും ഞാൻ യാഥാർത്ഥ്യത്തിലേക്ക് വന്നു, ചായക്കാരൻ പറഞ്ഞതുപോലെ നാലഞ്ചു വർഷത്തെ പരിചയമായിരിക്കണം വണ്ടിയാണോ എൻജിൻ തനിച്ചാണോ വരുന്നതെന്ന് ശബ്ദം കേട്ടാൽ തിരിച്ചറിയാൻ  അവൾക്കു കഴിയുന്നത്. ഭാഗ്യം അപ്പോൾ ഇവൾ എന്നോട് സംസാരിക്കും.

  “സാബ് ആപ്ക ഗാഡി അഭി നഹി ആയേഗാ. ദോ ഖണ്ഡ ഓർ റുഖ്നാ പടേഗാ

 “യെ തുംകൊ കൈസേ മാലും

 ” യെ സ്റ്റേഷൻ സെ കിത്നഗാഡി ആതാ ഹെ ജാ താഹെ വോ സബ് ഹംകൊ ജാൻത്ത ഹെവോ ആദ്മി ആപ്കോ സച് ബൊലാ, മേ കിത്ന സാൽസേ ഇതർ ഹെ

 “അഛാഹോ….മേ ക്യാ കരേഗ ബഹൻ

 ഞാൻ അവളെ ബഹൻ എന്ന് വിളിച്ചപ്പോൾ അവൾക്കെന്നോട് എന്തോ മമത തോന്നി കാണണം. അവൾ മകൻ ഉറങ്ങിയോ എന്ന് ശ്രദ്ധിച്ചു, പിന്നീടവൾ എന്റെ മുഖത്തേക്ക് നോക്കി.

 “നാം ക്യാഹെ

മേരാ?”

 അതെ എന്നർത്ഥത്തിൽ ഞാൻ അവളോ തലയാട്ടി

 “മീര

 അവൾ പേര് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കൗതുകം തോന്നി. പ്രേം , മീര എന്ത് നല്ല പേരുകളാണ്

 “ഇഥർ കഹാം സെ ആയ

 “ബംഗ്ലാദേശ്സെ

 “ബംഗ്ലാദേശ്സെ! ബംഗ്ലാദേശ് സെ ഇഥർ കൈസേ ആയേഗാ

             അവൾ മുഖം കുനിച്ചുനിന്നു. ഞാൻ അവളെ കുറിച്ച് ചോദിക്കുന്നത് ഇഷ്ട്ടപ്പെടുന്നില്ല എന്ന്എനിക്കുതോന്നി.എന്റെ ഏകാന്തതയ്ക്ക് ശമനമെന്നോണം അവൾ സംസാരിച്ചു തുടങ്ങിയതാണ് പക്ഷെ അവളോട് എന്ത് ചോദിക്കണം എന്നതിനെക്കുറിച്ചു ഒരു മുൻകരുതൽ വേണമെന്ന് തോന്നി. അല്ലെങ്കിൽ തന്നെ യാചകരുടെ കാര്യമെന്തിനാ ഞാൻ അന്വേഷിക്കുന്നത്. ഇവരെ വല്ലവിധത്തിലും എനിക്ക് സഹായിക്കാൻ പോലും സാധ്യമല്ല. അവൾ വീണ്ടും കിടക്കാനുള്ള പുറപ്പാടിലാണ്. എന്തെങ്കിലും പറയാനുള്ളതുപോലെ കിടക്കുന്നതിനുമുന്പ് തലയുയർത്തി ഒന്നെന്നെ നോക്കി.

           “മെരെക്കോ കോയി ഭായ് നഹി ഹെ ആപ്കോ ദേഖ്കി ഹംകൊ അഛാ ലഗ്താഹേ. ഇസ് സാൽ തക് മേരാ കഹാനി സുൻകർ  മെരപാസ് കോയ്നഹി ആയ. സബ്കോ സിർഫ് മെരാ ശരീർ ചാഹ്താഹെ. ആപ് അലഗ് ഹെ സാബ്

   ഞാൻ അവളോട് സ്നേഹത്തോടെ മന്ദഹസിച്ചു. ഞാൻ അവളെ കൂടുതൽ ശ്രദ്ധിച്ചു. ഒരുകാലത്ത് തേജസുള്ള മുഖമായിരിക്കാം, പക്ഷെ എപ്പോൾ കണ്ണുകളുടെ ശോഭ മങ്ങിയിരിക്കുന്നു. കവിളുകൾ ദൈന്യതയാൽ വാടിയിരിക്കുന്നു. ചുണ്ടുകൾ കറുത്ത് ചുരുണ്ടിരിക്കുന്നു. എപ്പോളൊരു ഇരുപത്തഞ്ചു വയസായ്ക്കാണുമെങ്കിലും ഒരു നാൽപ്പതു വയസ്സിന്റെ പ്രായം തോന്നിക്കും.

 ” ഇഥർ കൈസേ ആയ

     അവൾ ഒരു ദിർഘനിശ്വാസം വിട്ടു, ഒരു നീണ്ട കഥപറച്ചലിന്റെ തുടക്കത്തിനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നി. കുട്ടിക്കാലത്തു അമ്മയുടെ മടിയിലിരുന്ന് കഥകേൾകുന്ന കൗതുകത്തോടെ ഞാൻ അവളെത്തന്നെ ശ്രദ്ധിച്ചിരുന്നു. അവൾ മെല്ലെ തുടങ്ങി .   

               ബംഗ്‌ളാദേശിലെ  ഒരു കർഷക കുടുംബത്തിലായിരുന്നു അവളുടെ ജനനം. ചെറുപ്പത്തിലേ അമ്മ മരിച്ചു,അവളോടുള്ള അദമ്യമായ സ്നേഹം കാരണമായിരിക്കാം അച്ഛൻ വേറെ കല്ല്യാണം കഴിച്ചില്ല. അവളുടെ കുട്ടിക്കാലത്തു അച്ഛൻ ജോലിക്കുപ്പോകുമ്പോൾ അടുത്ത വീട്ടിലെ സ്ത്രകളാണ് അവളെ ശ്രദ്ധിച്ചിരുന്നത്. അവളുടെ അടുത്തകൂട്ടുകാർ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഉണ്ടായിരുന്നു.

      കാലാനുസൃതമായ് അവളും വളർന്നു. സൗഹൃദം വളർന്ന് സുഹൃത്തതായ പ്രേം അവളുടെ മനസിനെ കിഴടക്കിയ സമയമായിരുന്നു അത്. പ്രേം അവളുടെ അച്ഛനൊപ്പം വയലിലായിരുന്നു ജോലിചെയ്തിരുന്നത്. മീരയുടെ അച്ഛനും അവനെ വലിയ കാര്യമായിരുന്നു. അച്ഛന് ഭക്ഷണവുമായി വയലിലേയ്ക്ക് പോകുമ്പോൾ മീര പ്രേമിനെ തന്റെ പ്രണയസ്വപ്നങ്ങളിലെ രാജകുമാരനായ പ്രതിഷ്ഠിക്കും. പിന്നെ അവളുടെ സംസാരമൊക്കെ അത്തരത്തിലായിരിക്കും.

    ബംഗ്‌ളാദേശിലെ നെൽവയലുകൾക്ക് കേരളത്തിലെ വയലുകളുടെ അത്രയും സൗന്ദര്യം ഏതായാലും ഉണ്ടാകുവാൻ വഴിയില്ല.  എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങുമ്പോൾ ഞാൻ ഒന്ന് അനങ്ങി ഇരുന്നു. അവൾ കഥ തുടർന്നു.

    പ്രേമിനും അവളെ ഇഷ്ട്ടമായിരുന്നു. ആ ഇഷ്ട്ടം പ്രണയമാണെന്ന് മറ്റുള്ളവരും പെട്ടെന്ന് മനസിലാക്കി. ആരും അവർക്കൊരു തടസമായ് നിന്നില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ അവരുടെ വിവാഹം നടക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. വയലിലെ കിളികൾക്കൊപ്പം അവരും പാറിനടന്നു. അതിനിടയിൽ അവളുടെ പ്രിയ കൂട്ടുകാരികളുടെ വിവാഹം കഴിഞ്ഞു. അവളുടെ ഏകാന്തതയ്ക്കു ഏക ആശ്രയം പ്രേമുമായുള്ള സൗഹൃദമായിരുന്നു.

   സന്ധ്യ കഴിഞ്ഞാൽ അവൾ എന്നും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. രാത്രിയായാൽ അവൾക്ക് കൂട്ടുകിടക്കാൻ അടുത്ത വീട്ടിലെ പരിമൾ എന്ന കുട്ടി വരുമായിരുന്നു.അവനന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. മീരയ്ക്കവാനായിരുന്നു ഏക ആശ്വാസം. സ്കൂൾ പാഠ്യവിഷയങ്ങൾ പഠിച്ചുകഴിഞ്ഞാൽ  ഉറങ്ങാൻ നേരമാകുമ്പോൾ അവൻ മീരയുടെ വീട്ടിൽ എത്തും.  അവളുടെ അച്ഛൻ പാതിരാത്രി ആയിരിക്കും ചിലപ്പോൾ എത്തുക. അത്താഴം സ്വയം എടുത്ത് കഴിച്ചുകിടക്കുന്നതു അച്ഛൻ ശീലമാക്കിയിരുന്നു.

            പ്രേമും,മീരയും വിവാഹസ്വപ്നങ്ങൾ നെയ്തിരുന്നകാലം അവൾക്കു പതിനാറും, അവനു ഇരുപത്തിമൂന്നും വയസ്. വീട്ടുകാർ തമ്മിൽ അവരുടെ വിവാഹക്കാര്യം സംസാരിക്കുന്നതായി അവർ അറിഞ്ഞു.

അവളെന്ന് ആരാലും മോഹിച്ചുപോകുന്ന സൗന്ദര്യത്തിനുടമയായിരുന്നെന്ന് അവളെന്നെ ഓർമിപ്പിച്ചു.

         കരിമിഴികണ്ണുകളും, കാശ്മീരാപ്പിളൊത്ത കവിളുകളും, അശോക പൂ പോലുള്ചുണ്ടുകളും അവളെ സുന്ദരി ആക്കിയിരിക്കും എന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു.

” സാബ് ആപ്പ്  സുൻ താ ഹേ”

” ഹ – മേ..”

  ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നവനെ പോലെ ഞാൻ പരുങ്ങി. വീണ്ടും അവളുടെ വാക്കുകളിൽ ലയിച്ചു

        അവധി ദിവസമായൊരുനാൾ അവളും പ്രേമും വൈകുന്നേരം നടക്കാനിറങ്ങി. വയൽവരമ്പിലൂടെ കൈകോർത്ത് നടന്നവർ അറിയാതെ സ്വപ്നങ്ങൾ നെയ്തുകൂട്ടി. യാത്ര ഒരു പുൽത്തകിടിയിൽയെത്തിയപ്പോൾ അവർ അവിടെ ഇരുന്നു. പ്രണയസല്ലാപങ്ങൾക്കിടയിൽ അവനാദ്യമായ് അവളുടെ കവിളിൽ ചുംബിച്ചു. അവളുടെ മാറിലെ ചൂടേറ്റു. അവളുടെ മടിയിൽ തലചായ്ച്ചു. സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. അവളവിടുന്നെഴുന്നേറ്റ് പുൽച്ചെടിയുടെ പൂവിറുത്ത് ഹാരമുണ്ടാക്കി പരസ്പ്പരം അണിഞ്ഞു. ഇളംകാറ്റവർക്ക് പനിനീർ തൂകി. തെങ്ങോലകൾ ചാമരം വീശി കിളികളും  നെല്ലോലകളും അതിനു സാക്ഷിയായ് നിന്നു.. അവർ ആലിംഗനം ചെയ്തു. ആ അസുലഭ നിർവൃതിയിൽ അവർ ഒരുനിമിഷം പരിസരം മറന്നു. അവർ അന്ന് പിരിയാൻ ഏറെ പാടുപെട്ടു.

       വീട്ടിലെത്തിയപ്പോൾ അവളെത്തിരക്കി അച്ഛൻ പടിക്കൽ നിൽപുണ്ടായിരുന്നു. കാരണം തിരക്കിയപ്പോൾ കൂട്ടുകാരിയോടൊപ്പം പുറത്തുപോയതാണെന്നു കള്ളം പറഞ്ഞു. അന്നവൾക്ക് അത്താഴമുണ്ടാക്കുവാൻ തീരെ താൽപര്യം ഉണ്ടായിരുന്നില്ല. പ്രേമിന്റെ കൂടെയുള്ള നല്ലനിമിഷങ്ങൾ മനസിലോർത്തു ദിവാസ്വപ്നത്തിലായിരുന്നു. അവളിലുണ്ടായ പെട്ടെനുള്ളമാറ്റം കണ്ട് അച്ഛൻ അവളെ ശാസിക്കാതിരുന്നില്ല.

            വൈകുന്നേരമായപ്പോൾ അച്ഛൻ കവലയിലേക്കുപോയി. പരിമൾ വരാൻ ഇനിയും സമയമെടുക്കും. മോർണിംഗ് ഡ്യൂട്ടി കഴിഞ്ഞഞ്ഞതുപോലെ സൂര്യൻ അസ്തമിക്കാനുള്ള പുറപ്പാടിലാണ്. അവൾക്കന്ന് നേരത്തെ ഭക്ഷണം കഴിച്ചു കിടക്കണമെന്നു തോന്നി. കിടന്നെങ്കിലും ഉറക്കം വന്നില്ല. അവൾ സ്വപ്‌നങ്ങൾ നെയ്തുകൊണ്ടിരുന്നു. പെട്ടെന്നെന്തോ ശബ്ദം കെട്ടവൾ ഞെട്ടിയുണർന്നു. പരിമൾ എത്തിയിരിക്കുന്നു. മീര അന്ന് നേരത്തെ കിടക്കുന്നതുകണ്ട് അവനത്ഭുതപ്പെട്ടിരിക്കാം  . മീര  ഉറക്കം നടിച്ചുകിടന്നു. അവൻ ആവളുടെ അടുത്ത് പായവിരിച്ചു കിടന്നു. അവൻ പെട്ടെന്ന് ഉറങ്ങി. മീര ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. യാമങ്ങളുടെ ഏതോ നിമിഷത്തിൽ അവൾ പരിമളിനെ അറിയാതെ സ്പർശിച്ചു. അവന്റെ ശരീരത്തിൽനിന്നും പുരുഷഗന്ധം അവളിലേക്കിരച്ചു കയറി. അന്ന് പ്രേം അവൾക്കുപകർന്നു നൽകിയ അതെ ഗന്ധം അവൾ പരിമളിൽനിന്നും അനുഭവപെട്ടു. അവളിൽ വല്ലാത്തൊരു വികാരമുണർന്നു. അവളറിയാതെ അവന്റെ കവിളിൽ  ചുംബിച്ചു. നെറ്റിയിലും ചുണ്ടിലും പിന്നെ അവനെ അവളിലേക്ക്‌ ലയിപ്പിച്ചു. അവൻ ഞെട്ടിയുണർന്നെങ്കിലും അവളവനെ കിഴ്പെടുത്തിയിരുന്നു. അവളുടെ അബോധമനസിൽ  അവളവനെ പ്രേം ആയി കണ്ടു. അവളുടെ മൃദുല മേനിയുടെ ചൂടവനറിഞ്ഞപ്പോൾ അവനും വികാര പരവശനായി. അവൻ ഇതുവരെ അനുഭവപ്പെടാത്തൊരു വികാരം അവളിലുലൂടെ അറിഞ്ഞു. അവൾ പ്രേമിന് വേണ്ടി കരുതിയതെല്ലാം അവനു  നൽകേണ്ടിവന്നു. ഒരുനിമിഷം അവൾക്കു തിരിച്ചറിവുണ്ടായപ്പോൾ അവൾ ഞെട്ടിയുണർന്നു. എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊള്ളാനാവാതെ  അവൾ വല്ലാതെ പരിഭ്രമിച്ചു. അവൾക്കുണ്ടായ ദുരന്തമോർത്തു അവൾ ഭയപ്പെട്ടു. അവളുടെ എല്ലാമെല്ലാമായ പ്രേമിനെ വഞ്ചിച്ചു എന്ന് ആ നിമിഷം അവൾക്കു മനസിലായി. ഒരുനിമിഴത്തിന്റെ ദൗർബല്യത്തിൽ താൻ എല്ലാം നഷ്ട്ടപെട്ടവളായെന്നുള്ള ചിന്ത അവളിൽ ഭീതി ഉളവാക്കി. അവൾ കണ്ണിറുക്കി അടച്ചു. നേരം പുലരരുതേ എന്ന് പ്രാർത്ഥിച്ചു.

    കിഴക്കൻ ചക്രവാളത്തിൽ വെള്ളികിറാൻ തുടങ്ങി. കൊള്ളിമീൻകണക്കെ സൂര്യകിരണങ്ങൾ ജനലവഴി അവളുടെ കണ്ണിലേക്കു പ്രവേശിച്ചു. അവൾ കണ്ണുതുറന്നു നോക്കിയപ്പോൾ അടുത്ത് പരിമൾ ഉണ്ടായിരുന്നില്ല. അവളോടന്ന് യാത പറയാതെ അവൻ പോയിക്കഴിഞ്ഞിരുന്നു.

    അവളെഴുന്നേറ്റു  കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. കണ്ണുകൾ കരഞ്ഞു വീർത്തിരിക്കുന്നു. കുടത്തിൽ നിന്നും വെള്ളമെടുത്ത് ഒരുപാട് തവണ മുഖം കഴുകി. കണ്ണിലെ നീറ്റൽ മാറുന്നില്ല. അച്ഛനവളുടെ ചായ കാത്തിരിപ്പുണ്ടാകും എന്ന തിരിച്ചറിവിൽ അവൾ അടുക്കളയിലേക്കോടി  പെട്ടെന്ന് അച്ഛന് മാത്രം ചായയിട്ടു.  ചായയുമായി അച്ഛനരികിലെത്തിയപ്പോൾ അവളുടെ മുഖഭാവം കണ്ടു അച്ഛൻ തിരക്കി. തലവേദനയാണെന്നു കള്ളം പറയേണ്ടിവന്നു. അവിടുന്ന് വീടിനുപിറകുവശത്തു വന്നിരുന്നു ഒരുപാട് നേരം കരഞ്ഞു. എന്ത് ചെയ്യണമെന്ന് ഒരുപിടിയും കിട്ടുന്നില്ല.  മരണത്തെക്കുറിച്ചു അന്നവൾ ആദ്യമായ് ചിന്തിച്ചു തുടങ്ങി. പക്ഷെ ആ ചിന്ത അവൾക്കു അധികനേരം കൊണ്ടുനടക്കാൻ ആകുമായിരുന്നില്ല. കാരണം അവൾക്കു പ്രേമിനെ സ്നേഹിച്ചു കൊതി തീർന്നില്ല. അവൾ രാത്രിയിൽ ഉണ്ടായ സംഭവം മറക്കാൻ ശ്രമിച്ചു. എന്തങ്കിലും മനസ് പ്രക്ഷുബ്ധമായിരുന്നു. അന്നവൾക്ക് വീടിനു വെളിയിൽ   ഇറങ്ങാൻ  കഴിഞ്ഞില്ല. ഒരു മുനിയെപോലെ  ഇരുന്നിടത്തുതന്നെ  ഇരുന്നു.

    അന്ന് ദിവസത്തിനു ഏറെ ദൈർഖ്യം ഉള്ളതായി അനുഭവപ്പെട്ടു. സൂര്യന്റെ അസ്തമനത്തിനായ്  അവൾ കാത്തിരുന്നു. അപ്രതീക്ഷിതമായ പരിമൾ അന്ന് നേരത്തെവന്നു. അവൾക്കവനെ അഭിമുഖീകരിക്കാൻ ഭയമായിരുന്നു. ഇന്നലെ നടന്ന സംഭവം അവൻ ആരോടെങ്കിലും പറഞ്ഞിരിക്കുമോ എന്നതായിരുന്നു അവളുടെ മനസിനെ അലട്ടികൊണ്ടിരുന്നത്. അവളോടോന്നും സംസാരിക്കാൻ നിൽക്കാതെ അവൻ ചെന്ന് പായവിരിച്ച് കിടന്നു. ഇന്നലെ എന്തെങ്കിലും സംഭവിച്ചതായി അവന്റെ ഭാവത്തിൽ ഒന്നുമില്ലായിരുന്നു. അവൾ തെല്ലാശ്വാസിച്ചു. എങ്കിലും അവൾക്കന്ന് ഉറങ്ങാൻ കിടക്കാൻ ഭയം തോന്നി. ഏറെ വൈകി പരിമൾ ഉറങ്ങി എന്ന് ഉറപ്പിച്ചശേഷമാണ് ഉറങ്ങാൻ ചെന്നത്.

          പക്ഷെ സമയം ഏറെ വൈകുന്നതിനുമുമ്പു അവളുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് അവൻ പെരുമാറി. അവൻ ഉറങ്ങിയതുപോലെ നാടിക്കുകയായിരുന്നു ഒരു വേട്ടമൃഗത്തിന്റെ വീറോടെ അവനവളെ കിഴ്പെടുത്താൻ ശ്രമിച്ചു. അവൾ കുതറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇന്നലെ അവൾ നടത്തിയ ലൈംഗിക കേളികളെക്കുറിച്ചു എല്ലാവരോടും പറയുമെന്ന് ഭീഷണിപ്പെടുത്തി. അവൾക്കു ശബ്‌ദിക്കാൻ കഴിഞ്ഞില്ല. അവളുടെ തൊണ്ട വരണ്ടതായ് അനുഭവപെട്ടു. മനസുമരവിച്ച അവളുടെ ശരീരം അവൻ വേണ്ടുവോളം ആസ്വദിച്ചു. പിന്നീടുള്ള ഓരോ രാത്രികളും അവൾ അവനു അടിമപ്പെടേണ്ടിവന്നു.  അവളുടെ നിസ്സഹായത അവനു പ്രചോദനമായി. ആ രഹസ്യം അതുകൊണ്ടുതന്നെ അവനാരോടും പുറത്തുപറഞ്ഞതുമില്ല

    പിന്നീടുള്ള ദിവസങ്ങളിൽ അവൾ പ്രേമിൽനിന്നും ഒഴിഞ്ഞുമാറി. പക്ഷെ അവൻ അവളെ അന്വേഷിച്ച് അവളുടെ വീട്ടിലെത്തി. അവൾക്കവനെ അഭിമുഖീകരിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവളുടെ ഈ മാറ്റം അവനെ വല്ലാതെ വേദനിപ്പിച്ചു. അവന്റെടുത്തുനിന്നും വല്ല അവിവേകവും സംഭവിച്ചുവോ എന്നതായിരുന്നു അവന്റെ പേടി. അന്ന് വയൽ വരമ്പിലുടെ കൈകോർത്തു പുൽതകിടി വരെ നടന്നതും  ചുംബിച്ചതും  കെട്ടിപിടിച്ചതും അവൻ ഓർത്തു. അവനെ എന്തിനാണ് അവഗണിക്കുന്നതെന്ന ചോദ്യത്തിന് അവൾ മറുപടി പറയാനാകാതെ കുഴഞ്ഞു. അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. അവൾ പേടിയാൽ തലകുനിച്ചുനിന്നു. ഇപ്പോൾ എങ്ങനെ നാണിച്ചാൽ വിവാഹസമയമെടുത്താൽ എന്തായിരിക്കും നാണമെന്ന അവന്റെ ചോദ്യത്തിന് ചിരിക്കാൻ ശ്രമിച്ചതല്ലാതായ അവൾ മറുപടി ഒന്നും കൊടുത്തില്ല. പ്രേമിനെ അന്നവൾ ആദ്യമായ് പെട്ടെന്നൊഴിവാക്കാൻ ശ്രമിച്ചു. മനസ്സിലെന്തോ മുറിവേറ്റവനെപോലെ പ്രേം അവളോട്‌ യാത്രപറഞ്ഞു. അവൾ കതകടച്ചു. ജനാലവഴി അവനെ കാണാവുന്ന ദുയൂരം വരെ നോക്കി, പിന്നെ കരച്ചിൽ പൊട്ടിക്കരച്ചിലായ്.

    ദിവസങ്ങൾക്കു ഒച്ചിന്റെ വേഗമേ ഉണ്ടായിരുന്നുള്ളു. പ്രേമിനെ കാണാൻ അവൾ എന്നും ആഗ്രഹിച്ചു. എങ്കിലും അവൾ അവനെ വഞ്ചിച്ചു എന്നോർക്കുമ്പോൾ അവൾ വല്ലാതെ സങ്കടപ്പെട്ടു. അവൾ അവനറിയാതെ അവൻ ജോലിചെയ്യുന്നിടത്തുചെന്ന് അവനെ കാണാൻ ശ്രമിച്ചു.

     ഒരുദിവസം അവളുടെ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി വയലിൽ കളപറിക്കാൻ  പോകേണ്ടിവന്നു. സാധാരണ വയലിൽ പോകാൻ കാരണം കണ്ടെത്തുന്നവൾ ഇപ്പോൾ പോകാൻ വിമുഖത കാണിക്കുമ്പോൾ അച്ഛനവളിൽ സംശയം തോന്നിത്തുടങ്ങി. മകൾക്ക് ഇപ്പോൾ പഴയതുപോലെ ചങ്ങാതിമാരുടെ കൂടെ കറക്കമില്ല, സംസാരമില്ല, കുസൃതികളില്ല! അച്ഛൻ അവളെ ശ്രദ്ധിച്ചതല്ലാതെ ചോദിച്ചറിയാനൊന്നും ശ്രമിച്ചില്ല. യാമങ്ങൾ ചെല്ലുംതോറും വെയിലിന്റെ തീക്ഷ്ണതകൂടി. അവൾക്കു തളർച്ച അനുഭവപ്പെടുന്നതുപോലെ തോന്നി. നിമിഷനേരങ്ങൾക്കുള്ളിൽ അവൾ വയലിൽ കുഴഞ്ഞുവീണു. അച്ഛൻ ഓടിവന്നു താങ്ങി എടുത്ത് വീട്ടിലെത്തിച്ചു. എന്താണുസംഭവിച്ചതെന്നറിയാതെ അയൽവീട്ടുകാർ ഓടിയെത്തി. മുതിർന്ന സ്ത്രീകൾ അവളെ സുശ്രുക്ഷിച്ചു. അതിനിടയിലാരോ ഡോക്ടറെ എത്തിക്കാനുള്ള ഏർപ്പാടാക്കി. മുഖത്ത് വെള്ളം തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു, പക്ഷെ തളര്ച്ച മാറിയിരുന്നില്ല. അരമണിക്കുറിനുള്ളിൽ ഡോക്ടർ എത്തി എന്താണ് മകൾക്കു സംഭവിച്ചതെന്നറിയാതെ അവളുടെ അച്ഛൻ വല്ലാതെ പരിഭ്രമിച്ചു.

    ഡോക്ടർ പരിശോധനകാഴിഞ്ഞു. മുൻപരിചയമില്ലാത്തതിനാൽ ഡോക്ടർ കൂടുതലൊന്നും ആലോചിക്കാതെ സന്തോഷത്തിൽ എല്ലാവരോടും കൂടി വാർത്ത അറിയിച്ചു. അവളുടെ അടിവയറ്റിൽ ഒരു ജീവാൻ തുടിക്കുന്നു. അവൾ നടുങ്ങി. കൂടെ ഉള്ളവർ മുക്കത്ത്   വിരൽവച്ചു. അവളുടെ അച്ഛൻ തരിച്ചിരുന്നുപോയി.

    വിവരം കാട്ടുതീപോലെ ഗ്രാമം മുഴുവൻ പടർന്നു. എല്ലാവരും പ്രേമിനെ കുറ്റവാളിയാക്കി. അവൻ അവളെ ചതിക്കുകയായിരുന്നെന്നും ഇപ്പോൾ അവളെ കാണാൻ വരാറില്ലെന്നുമൊക്കെ നാട്ടിൽ വാർത്തപരന്നു. വിവരം പ്രേമിന്റെ ചെവിയിലും ഉടനെ എത്തി . “ വണ്ടിനറിയാതെ  പൂവിലെ തേൻ നുകരാൻ കഴിയുമോ?” പ്രേം ഒരു ഭ്രാന്തനെപോലെ അവളുടെ വീട് ലക്ഷമാക്കി ഓടി. അവിടെ അവൾ ഒറ്റയ്ക്കായിരുന്നു. അവനെ കണ്ടതും അവൾ വീട്ടിനകത്തുകയറി വാതിലടച്ചു. അവൻ കതകിനു മുട്ടിവിളിച്ചു. അവൾക്കു തുറക്കാനുള്ള മനസ്സില്ലായിരുന്നു. വാതിൽ ചവിട്ടിപൊളിക്കും എന്ന് ഭീഷണി പ്പെടുത്തത്തിനോക്കി. അപ്പോൾ അവൾ വാതിൽ തുറക്കുവാൻ നിർബന്ധിതയായ്. അവൻ അകത്തുകടക്കുംമുൻബ് അവൾ ഓടിച്ചെന്ന് അവന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു. അവൻ അവനെത്തന്നെ വിശ്വസിക്കാൻ കഴിയാതെയായി. എന്താണ് അവളോട്‌ ചോദിക്കേണ്ടതെന്ന് ഒരുനിമിഷം അവൻ മറന്നു. അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചു. കുനിഞ്ഞിരുന്നു മുഖമുയർത്തി കണ്ണുകൾ തുടച്ചു. അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവളുടെ തേങ്ങൽ അവനെ അസ്വസ്ഥനാക്കി.

    അവനു അവളിൽനിന്നും ഒരുകാര്യമേ അറിയേണ്ടതുള്ളൂ ഉത്തരവാദി ആരാണ്? അവൻ അതവളോട് പലവട്ടം ചോദിച്ചു. അവളുടെ തൊണ്ട വരളുന്നതായി അവൾക്കനുഭവപ്പെട്ടു. ശബ്ദം തൊണ്ടയിൽ കുരുങ്ങി. എന്താണ് പറയേണ്ടതെന്നറിയാതെ അവൾ കുഴങ്ങി. അവൾക്കു അടിമുടി വിറയലാനുഭവപ്പെട്ടു. അവളുടെ അവശത കണ്ടപ്പോൾ പ്രേമിനവളോട് അലിവുതോന്നി. പിന്നീടവൻ അവളോട്‌ കൂടുതലൊന്നും ചോദിച്ചില്ല. മനസ്സിലെന്തോ ആലോചിച്ചു അവനവളോട് യാത്രപറയാതെ അവിടുന്നിറങ്ങി .

   ഗ്രാമത്തിൽ ഇരുവരെക്കുറിച്ചും പല കഥകളും പ്രചരിച്ചു. പൊടിപ്പും തൊങ്ങലുംചേർത്ത് അവതാരകരുടെ ഇഷ്ട്ടത്തിനനുസരിച്ചു കഥകൾ മെനഞ്ഞുണ്ടാക്കി. ജനങ്ങളെ അഭിമുഖികരിക്കാനുള്ള വിഷമം മൂലം അവനും വീടിനു വെളിയിൽ ഇറങ്ങാതെയായ്. പക്ഷേ ഇരുവരുടെയും വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാര്യങ്ങൾ പുതിയ വഴിത്തിരിവിലേക്കായ്. അവരുടെ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനമായി.

   തിരുമാനമറിഞ്ഞു പ്രേം സത്യം വീട്ടുകാരോട് പറഞ്ഞു. അവളുടെ വയറ്റിൽ വളരുന്നത് തന്റെ ജീവനല്ലെന്നു വിശ്വസിപ്പിക്കാൻ പക്ഷെ അവനായില്ല. എല്ലാവര്ക്കും മീരയെ അത്രയ്ക്ക് വിശ്വാസമായിരുന്നു. അവന്റെ എതിർപ്പ് ആരും അത്രവലിയ കാര്യമായ് എടുത്തില്ല. അതുകൊണ്ടുതന്നെ  അവൻ പരാതി നാട്ടുകൂട്ടത്തെ അറിയിച്ചു.

മീര അവളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവ് എന്നിലേക്ക്‌ പകർന്നുകൊണ്ടേ ഇരുന്നു. കുമ്പസാരക്കൂട്ടിലിരുന്ന വൈദികനെപ്പോലെ ഞാനെല്ലാം കേട്ടിരുന്നു.തമിഴ് സിനിമയിലെ പോലെ നാട്ടുകൂട്ടം അവളുടെ ഗ്രാമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതറിഞ്ഞപ്പോൾ കൂടുതൽ കൗതുകത്തോടെ തുടർന്ന് കേട്ടു.

   തുടർന്ന് വന്ന ഞായറാഴ്‌ചതന്നെ നാട്ടുകൂടാത്തതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പ്രമാണിയുടെ ആജ്ഞപ്രകാരം ഇരുവരെയും വിളിച്ചുവരുത്തി. ഇരുവർക്കും പറയാനുള്ളതെന്താണെന്നു അറീയിക്കുവാൻ പറഞ്ഞു. പ്രേം താന്റെ  ഭാഗം വിശദികരിച്ചു. അതിനാൽ തന്നെ വിവാഹത്തിനൊരുക്കമല്ലെന്നും അറിയിച്ചു. മീര മൗനിയെപ്പോലെ തലകുനിച്ചുനിന്നതല്ലാതെ ഒന്നും സംസാരിച്ചതേ ഇല്ല. തിർപ്പുകൽപ്പിക്കാൻ ഒരാഴ്ചത്തെ അവധിക്കുവെച്ച് നാട്ടുകൂട്ടം അന്നേദിവസം പിരിഞ്ഞു.

   പ്രേമിന്റെയും മീരയുടെയും പ്രശ്‍നം നാട്ടിൽ ചുടുപിടിച്ചതോടുകൂടി  പരിമൾ അവളുടെ വീട്ടിൽ വരാതായി. മറ്റുള്ളവർ മീരയെ ഒരു ദുഷിച്ച പെണ്ണായി ഒറ്റപ്പെടുത്തുവാൻ തുടങ്ങി. പക്ഷെ അപ്രതീക്ഷിതമായ പലസഭവങ്ങളും മറ്റൊരുഭാഗത്ത് തുടക്കമിട്ടിരുന്നു. ആട്ടിൻചോരയുടെ രുചിയറിഞ്ഞ്  വളര്‍ത്തുനായ വീടുവിട്ടിറങ്ങി തെരുവുനായ ആയ കഥപോലെ പരിമളിന്റെ മനസിനെയും  ലൈംഗികാസക്തി  ഭ്രമിപ്പിച്ചിരുന്നു.

   പതിവിലും വിപരീതമായി പരിമൾ സ്കൂൾ വിട്ട് അവന്റെ വീട്ടിലേക്ക് ഓടിക്കയറുന്നത് അവൾ ജനാലവഴി കണ്ടു. വീട്ടിനകത്തുചെന്ന് ഞൊടിയിടയിൽ തന്നെ ഒരു പൊതിയുമായ് ഓടിയകലുന്നതും കണ്ടു. അവളുടെ ആശങ്കകൾക്ക് ഉടനെ ഉത്തരം ലഭിച്ചു. മതിഭ്രമം വന്നവനെപ്പോലെ  സ്കൂളിൽ ചെന്ന് മുത്രപ്പുരയിൽ ഒളിച്ചിരുന്ന് പെൺകുട്ടിയെ കയറിപ്പിടിക്കുക്കുകയും കുട്ടി ബഹളമുണ്ടാക്കിയപ്പോൾ ഓടിരക്ഷപെടുകയും. ആ വരവിൽ അവന്റെ വീട്ടിൽനിന്നും കൈയ്യിൽകിട്ടിയ വസ്ത്രവുമെടുത്ത്  എവിടെക്കോ ഓടി അകലുകയുമായിരുന്നു. പരിമളിനെ പിന്നിട് ആ ഗ്രാമത്തിൽ കണ്ടില്ല. അവളറിയാതെ അവളുടെ അടിവയറ്റിൽ കൈവച്ചു. ഒരു ജിവൻ തുടിക്കുന്നതവളറിഞ്ഞു. പരിമളിന്റെ തിരോധാനം കൂടി ആയപ്പോൾ അവളുടെ മനസ്സിൽ വികാരങ്ങളുടെ വേലിയേറ്റം തന്നെ അനുഭവപ്പെട്ടു.

   വീണ്ടും നാട്ടുകൂട്ടം വിളിച്ചുചേർക്കേണ്ട ദിവസമടുത്തു. മീരയോട് അവളുടെ അച്ഛൻപോലും സംസാരിക്കാതായി.  അച്ഛൻ പലതവണ ഉപദേശിച്ചും, ശകാരിച്ചും, അനുനയിപ്പിച്ചു നോക്കിയിട്ടും നടന്ന സംഭവങ്ങൾ അവൾ പറഞ്ഞില്ല. അവൾക്കെന്തോ അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവൾക്കന്നു ആത്മാർത്ഥ സുഹൃത്തുക്കൾ എന്നുപറയാൻ ആരും ഉണ്ടായില്ല. തന്റെ പ്രാണനായ പ്രേമിനെ വഞ്ചിച്ച കുറ്റബോധം, ദുരന്തത്തിനുത്തരവാദി താൻ മാത്രമാണെന്ന തിരിച്ചറിവ് അവളെ അഗാധ ദുഖത്തിലാഴ്ത്തി.

     മറുവശത്ത് പ്രേമിന്റെ ജീവിതവും സംഘർഷഭരിതമായിരുന്നു. പ്രേം അവളെ വിവാഹം ചെയ്യാൻ തയ്യാറല്ലെന്നറിഞ്ഞതുമുതൽ അവന്റെ അച്ഛൻ അവനും അന്ത്യശാസനം നൽകിയിരുന്നു. അടുത്ത നാട്ടുകൂട്ടത്തിൽ അവൻ വിവാഹ സമ്മതം നടത്തിയില്ലെങ്കിൽ അവന്റെ അച്ഛന്റെ മരണം അവൻ കാണേണ്ടി വരുമെന്ന് അറിയിച്ചു. പ്രേം അവസാന ശ്രമമെന്നോണം മീരയെ ഒരുവട്ടം കൂടി കാണാൻ തീരുമാനിച്ചു.  ഒട്ടും സമയം കളയാതെ അവൻ അവളുടെ അടുത്തെത്തി. മീരയ്ക്ക്  ഒരുവിധത്തിലും അവനു മുഖംകൊടുക്കാതിരിക്കാൻ  കഴിഞ്ഞില്ല. സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് അവൻ അവളോട്‌ പറഞ്ഞു. അവൻ അവളെ വിവാഹം ചെയ്യാൻ തയ്യാറാണെന്നും പക്ഷെ അതിനുമുൻപ്‌ അവളുടെ വയറ്റിൽ വളരുന്നത്  ആരുടെ ജീവനാണെന്ന്‌ അവനറിയണമെന്നും അവൻ പറഞ്ഞു. അവൾക്ക് തേങ്ങിക്കരഞ്ഞതല്ലാതെ ഒന്നുമവനോട് പറയാൻ കഴിഞ്ഞില്ല. അവൻ വീണ്ടും നിരാശനായ് അവിടുന്ന് മടങ്ങി.  അവൾ ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി.

       മീരയുടെ വേദന അവൾ എനിക്കും പകർന്നുതന്നതായ് എനിക്കനുഭവപ്പെട്ടു. അവളുടെ ജീവിതാനുഭവങ്ങൾ കേട്ട് ഞാനും വല്ലാത്തൊരു സങ്കടത്തിലായി. തൊണ്ട വരളുന്നതായ് അനുഭവപ്പെട്ടു. ബാഗിലുണ്ടായ മിനറൽവാട്ടർ കാവിൾ നിറയെ ഒഴിച്ചു.  ബോട്ടിൽ അവളുടെ നേരെ നീട്ടി. അവൾ വേണ്ടെന്നരീതിയിൽ തലയാട്ടി. അവൾ വീണ്ടും തുടർന്ന്.

   അടുത്ത പ്രഭാതം ആ ഗ്രാമത്തെ ഉണർത്തിയത് ഒരു ഞെട്ടുന്ന വാർത്തയുമായായിരുന്നു. ധാന്യപ്പുരയിൽ സൂക്ഷിച്ച കീടനാശിനിയാൽ  പ്രേം ജീവനൊടുക്കി. വാർത്ത അവളുടെ കാതിലെത്തിയതും അവൾ ബോധരഹിതയായ്. വീട്ടിൽ അച്ഛനുണ്ടായതിനാൽ മുഖത്ത് വെള്ളം തളിച്ചപ്പോൾ അവൾ ഉണർന്നു. അയൽവീട്ടിലെ സ്ത്രീകൾ ഓടിവന്നു അവരുടെ ആശ്വാസവാക്കുകൾ അവളിൽ അമ്പുകൾ തറക്കുന്നതു  പോലായിരുന്നു. വന്നവർ ചിലർ അവനെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അവൾ നെഞ്ചുപിളരുമാറുച്ചത്തിൽ ഉച്ചത്തിൽ

നിലവിളിച്ചുകൊണ്ടിരുന്നു. പ്രേമിന്റെ മൃതദേഹം അവസാനമായി കാണുവാൻ പലരും പറഞ്ഞുനോക്കി. തനിക്കിനി ആ ചേതനയറ്റ ശരീരം കാണാനുള്ള മനക്കരുത്തുണ്ടാകില്ല എന്നവൾക്കറിയാം. അവൾ വീണ്ടും ബോധരഹിതയായ് കുഴഞ്ഞുവീണു. അവൾ സ്വബോധത്തിലെത്തുമ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. അവളുടെ ചുറ്റിലും രാവിലെ ഉണ്ടായിരുന്ന ആരെയും കണ്ടില്ല.    അവളുടെ അച്ഛൻ മുറ്റത്തു ചാരുകസേരയിൽ ഇരുന്നു എന്തൊക്കയോ പറയുന്നത് അവൾക്ക്‌ കേൾക്കാം. പതിവിലും ഏറെ മദ്യപിച്ചതായി ശബ്ദം കേട്ടപ്പോൾ അവൾക്ക്‌ തോന്നി.

     പ്രകൃതിൽ ഇരുളടഞ്ഞു.  രാത്രിയുടെ മധ്യാനത്തിൽ ഒരുറച്ച തീരുമാനവുമായ് അവളെഴുന്നേറ്റു. പ്രേമിനേറ്റവും  ഇഷ്ട്ടപ്പെട്ട ജാകെറ്റ് അവൾ ധരിച്ചു. അവളുടെ നിക്ഷേപത്തിലുണ്ടായ പണവും, വസ്ത്രങ്ങളും എടുത്ത് അവൾ വീടിനു പുറത്തുകടന്നു. അന്ന് ഇരുട്ടിനു കാഠിന്ന്യം കൂടുതലായിരുന്നു. ചിവിടുകളുടെയും, നായ്ക്കളുടെ ഓരിയിടലും ഭയപ്പെട്ടിരുന്ന അവൾക്കന്ന് ബോധമനസിൽ ഒന്നും കേൾക്കാത്ത പോലെയാണനുഭവപ്പെട്ടത് . മുന്നിൽ ഒരൊറ്റ ലക്‌ഷ്യം മാത്രം, പുലരുംമുമ്പ് ഗ്രാമം വിടണം.

മീര ഒന്ന്  നിശ്വസിച്ചു

“ഫിർ തു ഇഥർ കൈസേ ആയ? പാസ്പോർട് കൈസേ മില”

“പാസ്പോർട്”

   അവൾ ചിരിക്കാൻ ശ്രമിച്ചു. അവളുടെ ജീവിത വഴിത്തിരിവുകളുടെ കഥാന്ത്യത്തിലായിരുന്നു സംസാരം. ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ ചെവികൂർപ്പിച്ചിരുന്നു

   അവളുടെ നീണ്ട യാത്രക്കൊടുവിൽ അവളെത്തിപ്പെട്ടത് അതിർത്തിയിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു. ഒരുപാട് യാദനകൾ അനുഭവിച്ചെങ്കിലും അവളുടെ ഉദരത്തിലുള്ള ജീവനെ ഓർത്തവൾജീവിതം മുന്നോട്ടുതന്നെ കൊണ്ടുവന്നു. യാദൃശ്ചികമായി ആ അഭയാർത്ഥി കേന്ദ്രത്തിൽ വച്ച് ഒരു ഇന്ത്യൻ ഡോക്ടറെ കണ്ടുമുട്ടുകയുണ്ടായ്. മകന് ജന്മം നൽകുമ്പോൾ അദ്ദേഹമാണ് അവളെ  ശുശ്രുഷിച്ചതും, സഹായിച്ചതും . അങ്ങനെ കുഞ്ഞിന് രണ്ടുമാസമായപ്പോൾ മറ്റഭയാർത്ഥികളോടൊത്ത്  അവളും ഇന്ത്യയിലെത്തിപ്പെട്ടു. ബാഗ്ലാദേശിൽനിന്നും  പലായനം ചെയ്തവർ  ഇന്ത്യയിലെത്തി പലതായ് പിരിഞ്ഞു. അലഞ്ഞുതിരിഞ്ഞു പല ജോലികളും ചെയ്തു. ഒടുവിൽ ഇവിടെ എത്തിയതിൽപിന്നെ മറ്റെവിടേക്കും പോയില്ല. മകനെ വളർത്തിവലുതാക്കണം എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ അവൾക്കിന്നുള്ളു. വീട്ടിൽനിന്നിറങ്ങിയ നാളുകളിൽ അച്ഛനെ ഓർത്തൊരുപാട് കരഞ്ഞിരുന്നു. തനിക്കുവേണ്ടി മാത്രം ജിവിച്ചതാണച്ഛനെന്ന  ഓർമ്മ വല്ലാതെ അവളെ വേട്ടയാടിയിരുന്നു. അവളെ പ്രാണനുതുല്യം സ്നേഹിച്ച പ്രേമിനെയും അവൾ മരണത്തിലേക്ക് നയിച്ചിട്ടും എന്ത്കൊണ്ടു അവൾക്ക്‌ മരണത്തിലേക്ക് ചെന്നെത്തൻ കഴിയാതിരുന്നത് എന്ന് അവൾ അത്ഭുതത്തോടെ എന്നോട് പറഞ്ഞു.

ഒരുപക്ഷെ മകന്റെ ജനനത്തോടെ എല്ലാം മറക്കുകയായിരുന്നെന്ന് എനിക്ക് തോന്നി.

   അവൾ പ്രാണനുതുല്യം സഹിച്ചതുകൊണ്ടാണ് മകന് പ്രേം എന്ന പേരിട്ടത്. അവളുടെ മനസിലിൽനിന്നും പ്രേം അവളുടെ ജീവിത പങ്കാളിയായ് തന്നെ അവൾ വിശ്വസിക്കുന്നു. അതുകൊണ്ടു മാത്രമാണ് ഇത്രയും കാലമായ് അന്യ പുരുഷൻ അവളുടെ ശരീരം തൊടാൻ അവൾ അനുവദിക്കാഞ്ഞത് . ഒരു സ്ത്രീ പുരുഷനെ ഇത്രമാത്രം സ്നേഹിച്ചിരുന്നെന്നു എന്നെ അവൾ കാട്ടിത്തന്നു ഒരു ദുർബലനിമിഷത്തിൽ അവളെ  വേട്ടയാടിയ ദുരന്തം ലോകത്തിൽ ഒരാൾക്കും ഉണ്ടാകില്ലെന്ന് അവളെന്നെ ഓർമിപ്പിച്ചു.

     അവൾ ജീവിതാനുഭവം  എന്നോട് പറഞ്ഞുകഴിഞ്ഞപ്പോൾ ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലെ അവൾ നിശ്വസിക്കുന്നുണ്ടായിരുന്നു എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണുകൾ തുടച്ചു. ഒരു സ്ത്രീയും എത്രമേൽ മാനസികമായ വേദന അനുഭവിച്ചുകാണില്ലെന്നു എനിക്ക് തോന്നി. എല്ലാം കേട്ടപ്പോൾ അവളോട്‌ കരുണയോ, ദയയോ, സ്നേഹമോ എന്താണ് മനസ്സിൽ തോന്നിയതെന്നറിയില്ല. അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടോയെന്നു  ഞാൻ ശ്രദ്ധിച്ചു. ഉറവവറ്റിയ അരുവിപോലെ അവളുടെ കണ്ണുകൾ വറ്റിവരണ്ടിരുന്നു. അവൾ ഒഴുക്കിയ കണ്ണുനീർ ചാലുകൾ അവളുടെ മുഖത്ത് മറയില്ലാതിരിക്കുന്നതും അതുകൊണ്ടായിരിക്കാം.

   അവളെ ഞാൻ എന്ത് പറഞ്ഞാണാശ്വസിപ്പിക്കുക. ആ കുട്ടിയുടെ അച്ഛനെ എന്നെങ്കിലും അവൾക്ക്‌ കാണാൻ കഴിയുമോ. പരിമളും അവളെ പോലെ അഭയാർത്ഥിയ് ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടാകുമോ. എന്റെ ചിന്തകൾ കാടുകയറി.

“സാബ് ആപ്ക്കാ ഗാഡി ആ രഹാഹെ”

ഞാൻ വേദനയോടെ അവളുടെ മുഖത്തുനോക്കി

“മേ ആപ്‌കോ മേരാ കഹാനി സബ് ബോൽക്കെ  മേരാ ദിൽ ഹൽക്ക ഹോഗയാ. യിസ്‌ സമേ മേ ബഹുത്ത് ഖുഷി ഹുവാ . അഭിത്തക്ക് മേരാ കഹാനി കിസിക്കോ നഹി ബതായ. മേ ആപ്‌കോ സബ് സച്ചിസേ ബതായാ “

  അവൾ നിഷ്ക്കളങ്കമായ് എന്നോട് മന്ദഹസിച്ചു. ചുമടിറക്കിയ കാളയെപ്പോലെ മനസിലെ വേദന അവൾ പങ്കുവച്ചപ്പോൾ ഏറെ സന്തോഷവതിയായി കണ്ടു. അഞ്ചാറുവർഷം മനസ്സിൽ കൊണ്ടുനടന്ന വേദന അവൾ എന്നോട് പറഞ്ഞുകഴിഞ്ഞപ്പോൾ കുറ്റം ഏറ്റുപറഞ്ഞ കുറ്റവാളി മാപ്പുസാക്ഷിയായ് രക്ഷപ്പെട്ടെന്ന്  എനിക്ക് ബോധ്യമായ്.

വണ്ടി പാളങ്ങൾ ചവിട്ടി മെതിച്ച്‌ എന്റെ മുന്നിൽ കുതിച്ചെത്തി. ഞാൻ അവളെയും കുട്ടിയേയും മാറിമാറി നോക്കി.

“ബച്ചാ ത്തോ സൊരഹാഹേ സാബ് “

മീരാ, തു ബെട്ടാക്കോ ബോലോ മേ ചാലാഗയാ. ലാസിം ഇഥർ ആനേക്ക സമേ  ആപ്‍ലോഗോംക്കോ  മിലുംഗാ”

“അച്ഛാ സാബ് മേ ഇഥർ ഹെതോ ലാസിം ആപ്‌കോ ദേഖേഗ”

അവളതുപറയുബോൾ പ്രത്യാശയുടെ നിഴലാട്ടം ആ കണ്ണുകളിൽ ഞാൻ കണ്ടു

  ഞങ്ങൾ പിരിയാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും. ഞാൻ ബാഗുമെടുത്ത് വണ്ടിയിലേക്ക് കയറി. അവളോട് യാത്രപറയുബോൾ തൊണ്ടയിടറുന്നതായ് അനുഭവപ്പെട്ടു. ഞാൻ അവളുടെ നേരെ കൈ വീശി. അവളും പ്രത്ത്യഭിവാദ്യം ചെയ്തു. സ്റ്റേഷൻ മാസ്റ്ററുടെ വിസിൽ മുഴങ്ങി. വണ്ടി ഇഴഞ്ഞുനീങ്ങാൻ തുടങ്ങി. ഞാൻ തല ജനാലയ്ക്കരികുചേർത്തുവച്ചു. മീര മകനെ അവളോട്‌ ചേർത്ത് കിടത്തുകയാണ്. കോൺക്രീറ്റ് ബഞ്ച് അവളെ എന്റെ കാഴ്ചയിൽനിന്നും മറയ്ക്കുന്നതുവരെ ഞാൻ അവളെ നോക്കി. വണ്ടി പ്ലാറ്റ്ഫോം വിട്ട് ചുരുളമടിച്ചു പാഞ്ഞു.   സ്റ്റേഷനുകൾ ഓരോന്നായി താണ്ടി മുന്നോട്ടു പോകുമ്പോൾ ഭിക്ഷക്കാരിലൊക്കെ ഞാൻ മീരയെ കണ്ടു. അവരുടെ വേദന ഞാൻ അറിഞ്ഞു. ജിവിതത്തിൽ എന്തെല്ലാം വേദനകൾ ചുമന്നു നടക്കുന്നവരായിരിക്കാം ഇവർ ഓരോരുത്തതും എന്ന് ഞാൻ ആദ്യമായ് ചിന്തിച്ചു. കാലത്തിന്റെ ചക്രവ്യുഹത്തിൽ പെട്ട് ഗതികിട്ടാതെ അലയുന്ന മീരമാർക്കു വേണ്ടി അന്നാദ്യമായി രണ്ടുതുള്ളി കണ്ണുനീർ സമർപ്പിച്ചു.

Share.

About Author

134q, 0.597s