Leaderboard Ad

യാത്രാവിവരണം : കിഴക്കന്‍ കടലിന്‍െറ തീരത്ത്.

0

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വൈകുന്നേരം ചിലവഴിച്ചതിന്റെ തലേന്ന് ഞാൻ ഒരു ക്രിക്കറ്റ്‌ സെലെക്ഷനിൽ ആയിരുന്നു, തൃശ്ശൂര്. അന്ന് പകല് മുഴുവൻ മഴ പെയ്തതിനാൽ സെലെക്ഷനായി രാത്രി വരെ കാത്തിരിക്കേണ്ടി വന്നു. റേഡിയോ മംഗോയുടെ ഒഫീഷ്യൽ ക്രിക്കറ്റ്‌ സെലെക്ഷൻ കാമ്പിലെ നനഞ്ഞ പിച്ചിൽ രാത്രി ഏഴര മുതൽ പന്തെറിഞ്ഞു തുടങ്ങി .അത് പത്തു മണി വരെ നീണ്ടു. സെലെക്ഷൻ ലിസ്റ്റിൽ പേരുമിട്ടു തൃശ്ശൂരിലെ പ്രോഗ്രാം മാനേജർ മധു ഏട്ടൻ അറേഞ്ച് ചെയ്ത ഹോട്ടെലിലെക്കു ഞങ്ങൾ മടങ്ങി. സുഹൃത്തുക്കളായ ജെനിത് സുനിൽ പ്രജോദ് അരുണ്‍ രാജ് എന്നിവര് അതിർത്തി വിട്ടു ധനുഷ്കോടി പിടിക്കാനുള്ള പ്ലാനിൽ ആരുന്നു. ഞാൻ പിറ്റേ ദിവസത്തെ അവധിക്കായി ആലപ്പുഴയിലേക്കും. റൂമിൽ വന്നു കുളി കഴിഞ്ഞു ഡ്രസ്സ്‌ ചെയ്തു ബാഗുമെടുത്ത്‌ ആലപ്പുഴയിലേക്ക് ഇറങ്ങിയ ഞാൻ യാത്ര പറയാനെന്ന ചടങ്ങിനു റേഡിയോ മന്ഗോയുടെ ജീവാത്മാവും പരമാത്മാവും സർവോപരി ബിഗ്‌ ബി യുമായ ബെൻസി അയ്യംപളളിയുടെ റൂമിലേക്ക്‌ കയറിയത് നിയോഗം! അവിടെ പ്രവീണ്‍ ചെറുതറ ഉൾപ്പടെ കര ലോകത്തും ജല ലോകത്തും പ്രശസ്തരായവർ അണി നിരന്നു “വർത്തമാനം പറയുന്നു” . ആലപ്പുഴയിലേക്കുള്ള യാത്രക്ക് കൈ വീശിയ എന്റെ മുന്നിലേക്ക്‌ ഒരു ചുവപ്പ് കൊടിയെന്ന പോലെ ബെന്സിയേട്ടൻ ചോദിച്ചു.
“ആലപ്പുഴയിലേക്ക് തന്നെ പോകണം എന്നുണ്ടോ ?? ധനുഷ്കോടി നിന്റെ ജീവിതം മാറ്റി മറിക്കാൻ സാധ്യത ഉള്ള ഒരു സ്ഥലമാണ്”.
ജെനിതും കൂട്ടരും ബാഗും പാക്ക് ചെയ്തു റൂമിൽ എത്തിയിരുന്നു. ജീവിതം ഇനി എന്നാണു മാറി മറിയുക എന്ന് ചിന്തിച്ചു നടന്നിരുന്ന ഞാൻ അപ്പോൾ തന്നെ ബ്രേക്ക്‌ ചവിട്ടി reverse gear ഇട്ടു. കോഴിക്കോട്ടേക്ക് വിളിച്ചു മാനേജർ അരുണിനോട് പറഞ്ഞു. ജീവിതം മാറി മറിയാൻ സാധ്യത ഉണ്ട്, ഒരു നാല് ദിവസത്തെ ലീവ് വേണം. ജീവിതം മാറി മറിയുന്ന കാര്യം ആയോണ്ട് മാത്രം അരുണ്‍ എന്ന സുഹൃത്ത്‌ കൂടിയായ ബോസ്സ് ലീവ് അടിച്ചു കയ്യിൽ തന്നു. തൃശ്ശൂർ നഗരം കൂടുതൽ ഭംഗിയുള്ളതായി എനിക്ക് തോന്നി.

നാല് ബസ്‌ ടിക്കറ്റ്‌ മധുരയിലേക്ക് അവർ ബുക്ക്‌ ചെയ്തിട്ടുണ്ട്. എനിക്കുളളതിനായി ഇനി ശ്രമിക്കേണ്ടതുണ്ട്‌. അവസാന നിമിഷത്തിൽ ടിക്കറ്റ്‌ ലഭിക്കുമോ എന്ന ആശങ്കയിൽ ഞങ്ങൾ ശക്തൻ സ്റ്റാന്റിലെ ട്രാവൽ ഓഫീസിലേക്ക് നടക്കുമ്പോൾ ബെന്സിയേട്ടന്റെ മുറിയിൽ അവർ പൂർവാധികം ശക്തിയോടെ വർത്തമാനം പറയുന്നുണ്ടായിരുന്നു.
ട്രവൽസിലെ അണ്ണാച്ചിയോടു കാര്യം പറഞ്ഞു. ഒരു ടിക്കറ്റ്‌ കൂടി അർജെന്റ് ആയി വേണം !
“മുടിയാത് തമ്പീ ,ബസ്‌ ഫുല്ലാച്ച് “.
ഒരു ദയവുമില്ലാണ്ട് അണ്ണാച്ചി പറഞ്ഞു. പക്ഷെ ജീവിതം മാറി മറിയുന്ന കാര്യം
ആയോണ്ട് ഞാൻ വിട്ടില്ല. കാലു പിടിച്ചാണേലും കാര്യം സാധിച്ചെടുക്കാൻ ഇടയ്ക്കു എനിക്കൊരു വൈധഗ്ധ്യം ഉണ്ട്.
അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് അങ്ങ് കാര്യം തുറന്നു പറയുന്നോണ്ടാണ്. സംഗതി ഏറ്റു.
ടിക്കറ്റ്‌ ചാർജ് വാങ്ങി അണ്ണാച്ചി ബസിനുള്ളിൽ പിന്നിലായി ടൂൾ ഇടുന്ന പെട്ടി ചൂണ്ടി കാട്ടി. അതിലിരുന്നോളാൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വൈകുന്നേരത്തിലേക്ക് ആ ബസ്‌ ഫസ്റ്റ് ഗിയറിട്ടു. സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു .

തൃശ്ശൂർ മധുര റൂട്ടിൽ ബസ്‌ ഓടുമ്പോൾ ഒരു ധ്യാനിയെ പോലെ പെട്ടിപ്പുറത്ത് ഇരുട്ടിൽ ഞാൻ ലയിച്ചിരുന്നു, ഈ യാത്ര എനിക്കെന്താവും കരുതിയിട്ടുണ്ടാവുക എന്ന ബോധ്യം ഇല്ലാണ്ട്. പഴനി വരെ ഇരുന്നുറങ്ങിയും ഇടയ്ക്കു ഞെട്ടി എഴുന്നേറ്റു ചിന്തിച്ചും അന്തം വിട്ടിരുന്നു. പുറത്തേക്കു നോക്കിയിട്ടും ഒന്നും കാണാനാവുന്നില്ല. ഇരുട്ട്, പിന്നെ അതിനും മുകളിലും ഇരുട്ട്. വണ്ടി പായുന്നു !

രാത്രിയിൽ എപ്പോഴോ പഴനി എത്തി. മലമുകളിൽ ഉദിച്ചു നിൽക്കുന്നു എന്നോണം പളനി മുരുക ക്ഷേത്രം ദീപാലങ്കാരത്തിൽ ഭക്തി പ്രഭ ചൊരിയുന്നു. ബാക്ക് ഗ്രൗണ്ടിൽ തമിഴ് ഭക്തി ഗാനം. ഒരു ഫാമിലി പഴനിയിൽ ഇറങ്ങിയതിനാൽ എനിക്ക് സീറ്റ്‌ പ്രമോഷൻ ആയി. പെട്ടിപ്പുറം ശൂന്യമായി.
മധുരയിൽ ഞങ്ങൾ രാവിലെ ആറിനു മുൻപേ എത്തി. ചാണകത്തിൻെറയും ചന്ദനത്തിരിയുടെയും ലിപ്ടോൻ കോഫിയുടെയും ഗന്ധം. അതിനും മുകളിൽ ഭക്തിയുടെ ഗന്ധം. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ ഫ്രെയിമിൽ !

ഉൾ വിളി ശക്തമായി ഉണ്ട്. കൊഴുപ്പ് കൂടിയ പാലിൽ ഒരു സ്ട്രോങ്ങ്‌ ചായ അടിച്ചപ്പോൾ ഉൾ വിളി ഒന്നൊന്നര വിളിയായി. “നാൻ ആണയിട്ടാൽ അത് നടന്തു വിട്ടാൽ ….എം ജീ ആറി ന്റെ ഓർമ്മ പേറി ഒരു റേഡിയോ ചിലക്കുന്നു !

മധുര modern toilet ലേക്ക് ഞങ്ങളെ ഉൾവിളി എത്തിച്ചു. ഒരു പെട്ടിക്കട. അതിനുളളിലേക്ക് വാതിൽ, അവിടെ വിശാലമായ ഉൾവിളി നിവാരണ മുറികൾ. ഇവിടെയും പുകഞ്ഞ് തളളുന്ന ചന്ദനത്തിരി ഗന്ധം. ഒരു പ്രശ്നമുളളത് അകത്ത് കയറിയപ്പോൾ ഒറ്റ ടോയ്ലറ്റിലും വാതിലിന്ന് കൊളുത്തില്ല !
തളളി പിടിച്ചിരിക്കണം.
”എവളോം പണ്ണീട്ടോം,ഇത് പണ്ണമാട്ടമാ” പ്രേംജി അമരൻ style ൽ ഡയലോഗും കാച്ചി വാതിലും തളളിപ്പിടിച്ചിരുന്നു ഉൾവിളി അകറ്റി. പുറത്തിറങ്ങിയപ്പോൾ സ്വാമിമാരുടെ നീണ്ട നിര. ഞാനും നീട്ടി വിളിച്ചു, ജനിത് സാമീ, പ്രജോദ് സാമീ, അരുൺ സാമീ, സുനിൽ സാമീ…എങ്കെ ഇരിക്കെടാ….?”
ഷഫീക്ക് സാമീന്ന് ഒരു ചേർച്ചയില്ലാത്തോണ്ട് അവരെന്നെ ശിവാവ് എന്ന് വിളിച്ചു.
” എടാ ശിവാവേ ഇങ്ക ഇരുക്കെടാ” ,ജനിതിൻെറ ശബ്ദം. ജനിത്തിനറിയാം സിനിമ സ്റ്റയിൽ !

കുളിച്ച് വൃത്തിയായി ഒരു കാവിക്കൈലി ഇടത്തോട്ടുടുത്ത് മധുരൈ മീനാക്ഷി അമ്മൻ കോവിലിലേക്ക്. അതൊരു അത്ഭുത ലോകമാണ്. AD 1623 നും 1655 നും ഇടയിലെ വർഷങ്ങളിൽ നിർമ്മിച്ച 14 ഗോപുരങ്ങൾ ഉളള വൻ ക്ഷേത്രം. ഏകദേശം 33,000 ത്തിന് മുകളിൽ വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. പുതുതായി ലോകാത്ഭുതങ്ങളിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുപ്പത് നിർമ്മിതികളിൽ ഒന്ന് മധുരക്ഷേത്രമാണ്. ക്ഷേത്രത്തിൻെറ നിർമ്മിതിയുമായി റിലേറ്റ് ചെയ്ത് ഒത്തിരി എെതീഹ്യങ്ങൾ ആ നാട്ടിലുണ്ട്. അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല. ലഡുവാണ് ഇവിടുത്തെ നൈവേദ്യം. ക്ഷേത്രത്തിലങ്ങുമിങ്ങും ചുറ്റിക്കറങ്ങിയും നല്ല ഫ്രെയിമുകളിൽ ജനിത്തിൻെറ ഫോട്ടോഗ്രാഫിക് ടാലൻറിലും ഞങ്ങളുടെ സമയം മുന്നോട്ട് പോയി.

ക്ഷേത്രത്തിലെ ആയിരം തൂണുകളുടെ ഇടനാഴിയിൽ വെച്ച് ഞാനൊരു ആന്ത്രാ സ്വദേശിയായ അദ്യാപകനെ പരിചയപ്പെട്ടു. അവിടെ ഒരു ഗ്രാമത്തിലെ കുട്ടികളുടെ സ്കൂളിൽ ഇംഗ്ളീഷ് അദ്യാപകനാണ്. MA MED ഒക്കെ ഉണ്ടേലും ആളുടെ English വളരെ പരിതാപകരമാണ്. അയാളോട് English സംസാരിച്ചത്ര ആത്മവിശ്വാസത്തിൽ വേറൊരാളോടും സംസാരിക്കാൻ പിന്നീട് എനിക്ക് കഴിഞ്ഞിട്ടില്ല. താഴ്ന്ന് നിക്കുന്നോൻെറ പിടലിക്ക് തന്നെ ചവിട്ടണമല്ലോ wink emoticon

പുറത്തിറങ്ങി ഭക്ഷണം കഴിച്ചു, അതങ്ങനെ പറഞ്ഞാൽ പറ്റില്ല നല്ല ഒന്നാം തരം തമിഴ് വെജിറ്റേറിയൻ ഊണും കഴിച്ച്, മോരും കുടിച്ച് മധുര മാട്ടുത്താവണി ബസ്സ്റ്റാൻഡിലേക്ക് ഞങ്ങൾ നടന്നു. അതിനടുത്താണ് തിരുമലൈ നായ്ക്കർ പാലസ്. പ്രത്യേകിച്ച് കാണാനൊന്നുമില്ല. കേരളത്തിലെ കൊട്ടാരങ്ങളുടേത് പോലെ അത്ര മനോഹരമായ വാസ്തു വിദ്യയോ പ്രകൃതിയോടിണങ്ങിയ നിർമ്മിതിയോ അല്ല. ഒരു വലിയ പുരാതന കെട്ടിടം. വലിയ മതിലുകൾ, വലിയ വരാന്ത, വലിയ തൂണുകൾ, വലിയ പടവുകൾ, ഒക്കെ വലുതാണ്. ഏതോ വലിയേ രാജാവായിരുന്നിരിക്കണം wink emoticon

മാട്ടുത്താവണി സജീവമായ പച്ചക്കറി, ഫ്ളവർ മാർക്കറ്റാണ്. പൊരി വെയിലിലും ഉഷാറ് കച്ചവടം നടക്കുന്നു. തമിഴ് നാട് സർക്കാർ ബസ്സിൽ രാമേശ്വരത്തേക്ക് സൈഡ് സീറ്റ് പിടിച്ചു ഞങ്ങൾ. നേരം ഉച്ച കഴിഞ്ഞു. വരണ്ടതും ചൂടുളളതുമായ പ്രദേശങ്ങളിലൂടെ,
വെയിലിൻെറ വിജനതകളിലൂടെ ഒരു യാത്ര. വരണ്ട ഭൂമിയിൽ നട്ടെല്ല് കുത്തി ഉറവയെടുത്ത് കൃഷി ചെയ്യുന്ന തമിഴൻെറ ഏദൻ തോട്ടങ്ങൾ ചുറ്റുപാടും കാണാം.

”മധുര-രാമേശ്വരംഹൈവേ”
NH 49. പ്രശസ്ഥമായ പാമ്പൻ പാലം ഉളള റോഡ്. ഇതിലൂടെ പോകുമ്പോൾ കാണുന്ന ചില സ്ഥലപ്പേരുകൾ നമ്മുടെ ഒാർമ്മയിലെവിടെയോ കിടന്നിട്ടുളളതോ കേട്ടിട്ടുളളതോ ആവും. രാമനാഥ പുരം, മണ്ഡപം തുടങ്ങീ സ്ഥലപ്പേരുകൾ കേൾക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്, ആരാണ് മനസ്സിൽ വരുന്നത്. അതെ രാജീവ് ഗാന്ധി വധവും തുടർന്നുളള അന്വേഷണങ്ങളിലുമൊക്കെ ഈ സ്ഥലപ്പേരുകൾ വാർത്തകളിൽ സജീവമായിരുന്നു. ബസിലേക്ക് പെട്ടെന്നൊരു തമിഴ് ഈഴ വിപ്ലവ കാറ്റടിച്ചു. റോഡിന് സമാന്തരമായി തന്നെ മധുര-രാമേശ്വരം റെയിൽ പാത. ഏകദേശം മൂന്ന് മണിക്കൂറാണ് യാത്രാ ധൈർഘ്യം. ബസ് ഒരു രക്ഷയുമില്ലാതെ കുതിച്ച് പായുകയാണ്. അത്ര മനോഹരമായ റോഡാണത്. പാമ്പൻ പാലം വെയിലിൽ ചുട്ടു പഴുത്ത് കിടക്കുന്നു. റോഡ് പാലവും റെയിൽ പാലവും ഉണ്ടെങ്കിലും ശരിക്കും പാമ്പൻ എന്ന പേര് ആദ്യം കിട്ടിയത് റെയിൽ പാലത്തിനാണ്. 2345 മീറ്റർ നീളമുണ്ട് ഈ പഹയൻ പാമ്പന് !

ശ്രീലങ്കയുമായുളള സാമിപ്യമാണ് ചരക്ക് ഗതാഗതത്തിന് വേണ്ടി പാമ്പൻ പാലം നിർമ്മിക്കാൻ ബ്രിട്ടീഷ് കാരെ പ്രേരിപ്പിച്ചത്. 1964 ഡിസംബർ 22 ന് ഉണ്ടായ സൈക്ളോൻ ദുരന്തത്തെ തുടർന്ന് പാലം പുനർ നിർമ്മിക്കാൻ നേതൃത്വം നൽകിയത് മലയാളിയായ
E ശ്രീധരൻ സാറാണ്. ഇൻഡ്യയുടെ പ്രധാന നിർമ്മിതികളിൽ ഒന്നായി തെക്ക് കിഴക്കേ അറ്റത്ത് പാമ്പൻ പാലം നെഞ്ച് വിരിച്ച് തിരമാലകളെ പുൽകുന്നു.

വളരെ ശാന്തമായൊരു വൈകുന്നേരവുമായാണ് രാമേശ്വരം ഞങ്ങളെ സ്വാഗതം ചെയ്തത്. നീണ്ട നാല് മണിക്കൂർ യാത്രയുടെ ക്ഷീണമൊന്നും തോന്നിയില്ല. സുനിലിൻെറ മുഖം പതിവിലും ഭക്തി സാന്ദ്രമാണ്. ജനിത് കാമറക്കണ്ണിലൂടെ കാര്യങ്ങൾ അടുത്തു കാണുന്നു. അരുൺരാജ് ഒരു ധ്യാനിയെ പോലെ ശാന്തനാണ്. പ്രജോദാവട്ടെ അടുത്ത ഹോട്ടൽ എവിടെയെന്നുളള അന്വേഷണത്തിലും. ഞാൻ ധനുഷ്കോടി എന്ന വിപ്ലവ ഭൂമിക കാണൊനുളള ആവേശത്തിലായിരുന്നു.

വീതിയില്ലാത്ത തെരുവീഥികൾക്കിരു വശങ്ങളിലും പഴയ കെട്ടിടങ്ങളിൽ തമിഴ് ബ്രാഹ്മണർ താമസിക്കുന്നു. ഉച്ചഭാഷിണിയിൽ ഭക്തി പ്രഭാഷണങ്ങൾ. മെല്ലെ നടന്ന് അമ്പലത്തിനടുത്ത് തന്നെ ഒരു മുറി തരപ്പെടുത്തി. സാമാന്യം തരക്കേടില്ലാത്തൊരു മുറി. ജനാല തുറന്നാൽ കടല് കാണാം.കടലിൽ നിരത്തിയിട്ടിരിക്കുന്ന കുഞ്ഞു കുഞ്ഞു ബോട്ടുകൾ. പിന്നെയുമകലെ,കാഴ്ചക്കപ്പുറത്ത് രാവണൻെറ ലങ്കയും !

Colleagues ആണെങ്കിലും അഞ്ച് bachelors ൻെറ യാത്ര ആണെങ്കിലും യാത്രയിലുടനീളം ഒരു ഒാഫീസ് ഗോസിപ്പോ അനാവശ്യ സംസാരങ്ങളോ ഞങ്ങൽക്കിടയിൽ ഉണ്ടായിട്ടില്ല എന്നത് വാസ്ഥവമാണ്. കണ്ടും കേട്ടും ഗന്ധമറിഞ്ഞും ഞങ്ങൾ യാത്രയിൽ തന്നെയായിരുന്നു !

വൈകുന്നേരം അരുണും സുനിലും അമ്പല ദർശനം കഴിഞ്ഞ് തീരത്തേക്ക് വന്നു. കുളിക്കുന്നവർക്കായി കടലിലേക്ക് പടവുകൾ കെട്ടിയിരിക്കുന്നു. തീരത്തോട് ചേർന്ന് ഉയരത്തിൽ കലുങ്ക്.അതിന് മുകളിലിരിക്കാം. ഞാനും ജനിത്തും നേരത്തേ ഇരിപ്പുറപ്പിച്ചിരുന്നു. രാമേശ്വരത്തിൻെറ കാറ്റിനും ഭക്തിയുടെ ഗന്ധം.പക്ഷെ കൂടുതൽ ഞാനറിയാൻ ആഗ്രഹിച്ചത്
അവിടുത്തെ കാറ്റിൽ ഒളിഞ്ഞു കിടക്കുന്ന വിപ്ലവ ഗന്ധത്തെയാണ് !

18 കിലോമീറ്റർ അപ്പുറം കടലിൽ ശ്രീലങ്ക. പ്രിയതമയെ അന്വേഷിച്ച് വടക്കേ ഇൻഡ്യയിൽ നിന്നും തികച്ചും വിത്യസ്ഥമായ സംസ്കാരം ഉളള ഇവിടേക്ക് വന്ന്, പതിവഴിയിൽ തടസ്സമായി ഒരു സമുദ്രം തന്നെ ഉണ്ടായിട്ടും അത് താണ്ടിയ ശ്രീരാമനെ ഈ തീരത്തിൻെറ പശ്ചാതലത്തിൽ ചിന്തിക്കുമ്പോൾ കൂടുതൽ ലെജൻഡ് ആയി തോന്നുന്നു. ശ്രീരാമനിലെ ഹൈന്ദവ ബിംബത്തെ മാത്രേ സംഘ്പരിവാറുകൾ ഉയർത്തി കാട്ടുന്നുളളു. അതേ അവർക്ക് രാഷ്ട്രീയ ഗുണം ചെയ്യൂ. ശ്രീരാമനിലെ മാനവികത ഉയർത്തിക്കാട്ടുമ്പോൾ വർഗീയ വേർതിരിവോ, ന്യൂനപക്ഷ അടിച്ചമർത്തലോ സാധ്യമാവില്ല !
ശ്രീരാമനിൽ പ്രണയമുണ്ട്, പ്രവാസമുണ്ട്, വിരഹമുണ്ട്, അന്വേഷണ യാത്രയുണ്ട്, സാഹസികതയുണ്ട്, സംഘർഷമുണ്ട്,
യുദ്ധമുണ്ട്, വീണ്ടെടുക്കൽ ഉണ്ട്, നിസ്സഹായത ഉണ്ട്, ഒടുവിൽ പിരിയലും ഉണ്ട്. അതാണ് ശ്രീരാമൻെറ മാനവികത. രാമേശ്വരം ശ്രീരാമനെ കൂടുതൽ ലെജൻഡാക്കുന്നു !

രാമൻെറ രാഷ്ട്രീയം കഴിഞ്ഞാൽ രാമേശ്വരത്തിൻെറ അടുത്ത രാഷ്ട്രീയവും, സാമൂഹികവും കുറേ കൂടി തീവ്രമാണ്. തമിഴ് ഈഴ വാദവും ആഭ്യന്തര യുദ്ധങ്ങളും ലങ്കയിൽ സജീവമായിരുന്ന കാലത്ത് തൊട്ടടുത്തുളള രാമേശ്വരത്തേക്കും അതിൻെറ ചൂട് കാറ്റുകൾ അടിച്ചിരുന്നു. അക്കാലത്ത് ജീവൻ മാത്രം മുറുകെ പിടിച്ചു രാമേശ്വരം, ധനുഷ്കോടി തീരങ്ങളിലേക്ക് പ്രീയപ്പെട്ടവരുമായി നീന്തിക്കയറിയ തമിഴരെ കുറിച്ചുളള ചിന്ത അരുണിനെ അസ്വസ്ഥമാക്കി. അതെ,രാമേശ്വരം വിപ്ലവ ഭൂമികയാണ് !

കാറ്റ് ഞങ്ങളെ ചുററി അടിക്കുന്നു. ആ കാറ്റ് അന്ന് നൽകിയ ശാന്തതയോളംഇന്നോളം ഒരു വൈകുന്നേരത്തിനും അത്ര സമാധാനം തരാൻ കഴിഞ്ഞിട്ടില്ല. എത്ര നേരം ഞങ്ങളങ്ങനെ അത് നുകർന്ന് തീരത്തിരുന്നൂന്നറിയുമോ?

അതിരാവിലെ കുളിച്ച് അമ്പലദർശനം കഴിഞ്ഞ് വന്ന ഞങ്ങളെയും കാത്ത് ഒരു ചുവന്ന ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. ഒരു കുഞ്ഞിച്ചെക്കൻ ഡ്രൈവർ, രാമൻ !
രാമൻ ഒരു 17 കാരനായിരുന്നു അന്ന്. ലൈസൻസ് ഉണ്ടാവാൻ പോലും സാധ്യതയില്ല. പക്ഷ ITI കഴിഞ്ഞ രാമൻ സ്വപ്നങ്ങൾ കാണാൻ പടിപ്പിച്ച കലാം സാറിൻെറ രാമേശ്വരത്തെ അധ്വാനിക്കുന്ന തമിഴ് യുവത്വത്തിൻെറ പ്രതിനിധിയാണ്. ഞങ്ങളുമായ് രാമൻെറ ജീപ്പ് ധനുഷ്കോടിയിലേക്ക് പറന്നു. യാത്രയിലുടനീളം രാമൻ ജീപ്പിൽ play ചെയ്തത് തമിഴ് ദേശഭക്തി ഗാനങ്ങളായിരുന്നു. ഈ മണ്ണ് ഞങ്ങളുടേതാണെന്ന് വിളിച്ച് പറയാൻ എപ്പോഴും അവരാഗ്രഹിക്കുന്നത് പോലെ. ഉടലേ മണ്ണുക്ക്…ഉയിരേ തമിഴ്ക്ക്. ജീപ്പ് പായുന്നു !

ഈ റോഡിനിരുവശവും മനോഹര കാഴ്ചകളാണ്. ഒരു യൂറോപ്യൻ ഗ്രാമത്തിലെന്ന പോലെ കാറ്റാടികളും വിശാലമായ വെളളക്കെട്ടുകളും ഒക്കെയായി ഒരു പ്രദേശം. നടുക്കൂടെ കറുത്ത റോഡ്, മുകളിൽ നീല ആകാശം, കാറ്റാടികളുടെ നിറം, വെളളക്കെട്ട്, അവിടെ മിന്നുന്ന സൂര്യൻ. മൊത്തത്തിൽ ഒരു ഗൗതം മേനോൻ സിനിമ കളർ ടോൺ.ദൈവമേ നീ ആണ് റിയൽ ആർട്ട് ഡയറക്ടർ !

ധനുഷ്കോടിയുടെ തുടക്കം ചെറിയൊരു പോലീസ് ചെക്ക്പോസ്റ്റ് ഉണ്ട്. പരിശോധന കഴിഞ്ഞാൽ അകത്തേക്ക് പോകാം. അത് വരെയുളള കാഴ്ചകളിൽ നിന്നും വിത്യസ്ഥമായി ഒരു മണൽ പ്രദേശവും 15 മീറ്റർ ചുറ്റളവിൽ രണ്ട് കടലുകളും. ജീപ്പ് മണലിൽ പൂഴാണ്ട് കൃത്യമായ വഴിയിലൂടെ രാമൻ വണ്ടി ഒാടിക്കുന്നു. 64 ലെ സൈക്ളോണിൽ തകർന്ന കെട്ടിടങ്ങൾ. പളളിയും ഹോസ്പിറ്റലും റെയിൽവേ സ്റ്റേഷനും ഒക്കെയും നാമ മാത്രമായി പഴയ ഒാർമ്മകളെ പേറുന്നു. ദുരന്തത്തിൽ രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്കുളള ഒരു നിറഞ്ഞ ട്രെയിനുൾപ്പെടെ പാമ്പൻ പാലത്തിൽ നിന്നും ഒലിച്ച് പോയിരുന്നു !!!

അറബിക്കടലിനെക്കാൾ ഭംഗി ബംഗാൾ കടലിനാണെന്ന് തോന്നി. വെയിലും ആകാശവും കടലും കൂടി ലയിച്ചിരിക്കുന്നു. ഭംഗി എത്രയാണെങ്കിലും ധനുഷ്കോടിയുടെ കടലിടുക്കിന് മരണത്തിൻെറ വാസനയാണ്. ഇൻഡ്യാ ഗവൺമെൻറ് താമസയോഗ്യമല്ലാ എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലം. പക്ഷെ ഇവിടെ ജനിച്ചത് കൊണ്ട് പ്രതികൂല സാഹചര്യത്തിലും രണ്ട് കടലിടുക്കുകൾക്കിടയിൽ താമസിക്കുന്ന കുറേ മുക്കുവ കുടുംബങ്ങളുണ്ടിവിടെ. അവിടുത്തെ സ്ത്രീകളൊരുക്കിയിരിക്കുന്ന കരകൗശല സ്റ്റാളുകളിൽ നിന്ന് സന്ദശകർ എന്തെങ്കിലും വാങ്ങിയാൽ വലിയൊരു സഹായമാണവർക്ക്. കക്കയും മുത്തും ഒക്കെ കൊണ്ട് ആഭരണങ്ങൾ ഉൾപ്പടെ നിർമ്മിതികൾ അവർ നിരത്തിയിരിക്കുന്നു!

ഇവിടെ നിന്ന് കടലിൽ പോകുന്ന മുക്കുവരും ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നു. 18 KM മാത്രം ദൂരെയുളള ലങ്കയുടെ അതിർത്തി ലംഘിക്കുന്നൂന്നും പറഞ്ഞ് അവരുടെ നേവി ധനുഷ്കോടിയിലെ പാവങ്ങളെ വെടിവെച്ചിടുന്നത് സ്ഥിരം വാർത്തയാണ്. ആക്ടിവിസ്റ്റ് ലീനാ മണിമേഘലയുടെ ‘സെങ്കടൽ’ എന്ന docu fiction ആ പ്രശ്നത്തെ കുറിച്ചുളളതാണ്!

രാഷ്ട്രീയപരമായി സെൻസിറ്റീവ് place ആണ് ധനുഷ്കോടി. ഇൻഡ്യയുടെ രഹസ്യ പോലീസിൻെറ നിരീക്ഷണം ഉളള സ്ഥലം. കടലിലേക്കിറങ്ങി ആഴത്തിൽ ലയിക്കുന്ന ഭൂമിക.
ആത്മഹത്യ ടെൻടൻസി ഉളളവർക്ക് ധനുഷ്കോടിയുടെ അറ്റം മരണം കൊതിപ്പിക്കും. ആകാശത്തിലേക്കിറങ്ങി കിടക്കുന്ന
കടലിൻെറ ആഴത്തിലേക്കങ്ങ് പോകാൻ തോന്നും. അവിടെ കുളിക്കുക എന്ന വലിയ ബുദ്ധി മോശം ഞാൻ കാട്ടുകയുണ്ടായി. ധനുഷ്കോടിയുടെ തീരങ്ങൾക്ക് ആഴക്കൂടുതലാണ്. ശരിക്കും പറഞ്ഞാൽ നടുകടൽ. അങ്ങോട്ടേക്ക് ഭൂമി ഇറങ്ങിക്കിടക്കുന്നു എന്ന് മാത്രം. വെളളത്തിലിറങ്ങിയപ്പോഴേ മനസ്സിലായ് കാൽ ആഴങ്ങളിലേക്കാണ് പോകുന്നതെന്ന്. അടിതെറ്റിയാൽ ശരീരം ഇൻറർനാഷണൽ ലെവലിൽ ഒഴുകി നടക്കും. ഒന്നുകിൽ ലങ്കയിലെ തലൈ മാന്നാർ തീരം, അല്ലെങ്കിൽ കുറച്ചകലെ മ്യാൻമാറിൻെറ തീരത്ത് ശവം പൊങ്ങും !

ചിരിച്ചും കളിച്ചും ഫോട്ടോ എടുത്തും ഒക്കെയാണ് അവിടെ ചിലവഴിച്ചതെങ്കിലും സാമൂഹികമായും വൈകാരികമായും രാഷ്ട്രീയമായും ഒക്കെയുളള ഈ പ്രദേശത്തിൻെറ ഗൗരവം ഞങ്ങളുൾക്കൊണ്ടിരുന്നു. ഇൻഡ്യൻ എഡ്ജിൻെറ ഒാരത്ത് കടലിലേക്കും നോക്കി ഞങ്ങളങ്ങനെ വിസ്മയിച്ച് നിന്നു !

തിരിച്ച് അന്ന് രാത്രി കന്യാകുമാരിക്ക് വണ്ടി കയറി. പാമ്പൻ പാലത്തിന് മുകളിലൂടെയുളള രാത്രി ട്രയിൻ യാത്രയിൽ വാതിലിനടുത്ത് കൈകോർത്ത് പിടിച്ച് ഞാനും പ്രജോദും ആർത്തലക്കുന്ന സമുദ്രത്തിൻെറ ഭയം നുകർന്നു.
ആ ട്രെയിൻ യാത്രയിൽ ഒത്തിരി പുതിയ കഥാപാത്രങ്ങളെ കണ്ടു. രാമേശ്വരത്ത് നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന,ബോംബെയിൽ നിന്ന് ഒറ്റക്ക് വന്ന ഗായത്രി അമ്മ. ആരെ കണ്ടാലും ഉച്ചത്തിൽ ഹട്ട് ഹട് എന്നലറി ശല്യം സൃഷ്ടിച്ച ഹട് ഹട് ചങ്ങായി, ഈ ചങ്ങായിയുടെ ബാഗ് മോഷ്ടിക്കുകയും മധുരയിലെത്തിയാൽ മലയാളിത്താൻമാരായ ഞങ്ങളെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത റൗഡി ചങ്ങായി അങ്ങനെ യാത്രയുടനീളം റിച്ചായിരുന്നു, അനുഭവങ്ങളായിരുന്നു , ഒരു പൊടിക്ക് സാഹസികവുമായിരുന്നു.

മൂന്ന് കൊല്ലങ്ങൾക്കിപ്പുറം പ്രവാസത്തിൻെറ വിരസതയിൽ ആ യാത്രാനുഭവം എഴുതാൻ പ്രേരിപ്പിച്ചതും ആ അനുഭവങ്ങളുടെ ക്രിയാത്മക ചൂട് തന്നെയാണ്. ബെൻസിയേട്ടൻ പറഞ്ഞത് പോലെ ജീവിതം മാറി മറിഞ്ഞൊന്നുമില്ലെങ്കിലും പുതിയ കാഴ്ചകളും കാഴ്ച്ചപ്പാടുകളും തന്നൊരു യാത്ര ആയിരുന്നു അത്.
രാഷ്ട്രീയവും ഭക്തിയും ചരിത്രവും ദുരന്തവും ഒക്കെ ചേർന്ന് കിടക്കുന്നൊരു ഭൂമികയുടെ ‘ആട്ടോഗ്രാഫ്’ ഞങ്ങളുടെ മനസ്സിൽ ഒരുപോലെ പതിഞ്ഞു !!!

Share.

About Author

അമ്പലപ്പുഴ സ്വദേശിയാണ് ഷഫീഖ്. 'നെല്ലിക്ക' എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകൻ. ഫ്രീലാൻസ് എഴുത്തുകാരൻ, റോഡിയോ പ്രൊഫഷണൽ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

116q, 0.529s