Leaderboard Ad

ഉദുമയുടെ രാഷ്ട്രീയം

0

“”ഞങ്ങൾ കേവലം നാല്  കർഷകർ മാത്രമാണ്. ഇന്ത്യയിലെ ദശലക്ഷങ്ങൾ കർഷകരാണ്. ഞങ്ങളെ അവർക്ക് തൂക്കിക്കൊല്ലാം. പക്ഷെ ആ ലക്ഷങ്ങളെ നശിപ്പിക്കാൻ ഭരണകൂടത്തിനാവില്ല. ഞങ്ങളെ മുന്നോട്ടു നയിക്കുന്നതും ആ വിശ്വാസമാണ്. നിങ്ങൾ കൊണ്ടുവന്ന ഇന്ത്യയിലാകമാനമുള്ള കർഷകർ അയച്ച കത്തുകൾ ഞങ്ങളിൽ ഖേദം ഉണ്ടാക്കുന്നു എന്തു കൊണ്ടെന്നാൽ ഇനി അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾക്ക് പറ്റില്ലല്ലോ. ഞങ്ങൾക്ക് പശ്ചാത്താപമില്ല, നാടിനു വേണ്ടി രക്ത സാക്ഷിത്വം വരിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഞങ്ങൾക്ക് ഇനിയും ജീവിതമുണ്ടെങ്കിൽ അതും പോരാട്ടങ്ങൾക്കായി ഞങ്ങൾ സമർപ്പിക്കും “”

കയ്യൂർ രക്തസാക്ഷികൾ തൂക്കു മരത്തിൽ കയറുന്നതിനു തൊട്ടു മുന്പ് പറഞ്ഞ വാക്കുകളാണ് മുകളിൽ ചേർത്തത്.

കർഷക സമരങ്ങൾ ചുവപ്പിചെടുത്ത കാസറഗോഡ് ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് നല്ല വേരോട്ടം ഉള്ള മണ്ണ് കൂടിയാണ്. 5 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് (തൃക്കരിപ്പൂർ , കാഞ്ഞങ്ങാട്, ഉദുമ) ഇടതു പക്ഷമാണ് കഴിഞ്ഞ കാൽനൂറ്റാണ്ട്‌ കാലമായി വെന്നിക്കൊടി പാറിക്കുന്നത്. മഞ്ചേശ്വരം, കാസറഗോഡ് എന്നിവ മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലങ്ങളും. 2006-ൽ മഞ്ചേശ്വരം LDF പിടിച്ചെടുത്തുവെങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ ലീഗ് മണ്ഡലം തിരിച്ചു പിടിച്ചു.

അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാസറഗോഡ് 1984 ലാണ് പ്രത്യേക ജില്ലയായി മാറുന്നത്. സപ്തഭാഷാ സംഗമ ഭൂമി, പുകയില കൃഷിയുടെ നാട്, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്‌ സ്ഥാനം നേടിക്കൊടുത്ത ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല, ഭാഷാ ന്യൂനപക്ഷങ്ങൾ ധാരാളമുള്ള ജില്ല അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് കാസറഗോഡ് ജില്ലക്ക്.

25 വർഷമായി ഇടതു പക്ഷം വിജയക്കൊടി പാറിക്കുന്ന മണ്ഡലമാണ് ഉദുമ. 1987-ൽ പി രാഘവനിലൂടെ തുടങ്ങിയ ജൈത്ര യാത്ര 25 വർഷം പിന്നിട്ട് കെ കുഞ്ഞിരാമനിൽ എത്തി നിൽക്കുന്നു. ഇതിനിടയിൽ ഉദുമ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം (26000-ൽ പരം വോട്ടുകൾ) നേടി കെവി കുഞ്ഞിരാമൻ മണ്ഡലത്തെ കൂടുതൽ ചുവപ്പിച്ചു. ഉദുമയുടെ ആ കടും ചുവപ്പിനെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് മണ്ഡല പുനർനിർണയത്തിൽ കൊണ്ഗ്രെസ് ഇടപെട്ടതും അവരുടെ ശക്തികേന്ദ്രമായ മുളിയാർ പഞ്ചായത്തിനെ കാസറഗോഡ് മണ്ഡലത്തിൽ നിന്നും വേർപ്പെടുത്തി ഉദുമയിലെക്ക് മാറ്റുന്നതും ഇടതു പക്ഷത്തിന്റെ ശക്തി കേന്ദ്രമായ അജാനൂർ പഞ്ചായത്തിന്റെ കാഞ്ഞങ്ങാട് മണ്ഡലത്തിലേക്ക് മാറ്റുന്നതും. എന്നിട്ടും ഉദുമ ചുവന്നു തന്നെ നിന്നു. 9000-ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചെങ്കൊടി ഒന്നുകൂടി ഉദുമയുടെ നീലവിഹായസ്സിൽ പാറി പറന്നു കളിച്ചു.

2014 ലോകസഭാ തിരഞ്ഞെടുപ്പിൽ ആ ചുവപ്പിനു മങ്ങലേറ്റു. പലകാരണങ്ങളാൽ ഇടതു പക്ഷം ഉദുമ മണ്ഡലത്തിൽ പിറകിലായി. ടി സിദ്ദിക്ക് എന്ന കൊണ്ഗ്രെസ് സ്ഥാനാർഥി 800 വോട്ടിന് ഉദുമയിൽ ലീഡ് നേടി. 25 വർഷത്തിനിടയിൽ ആദ്യമായി ഉദുമയിൽ ഒരു ഇടതു സ്ഥാനാർഥി പിറകിലായി! സ്ഥാനാർഥി നിർണയത്തിലെ പിഴവും യുവവോട്ടർമാരുടെ നിലപാടുകളും സംഘടനാ പ്രശ്നങ്ങളും നിർണായക ഘടകങ്ങളായി മാറിയപ്പോൾ പി കരുണാകരൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പക്ഷെ 2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തങ്ങളുടെ മേധാവിത്വം വീണ്ടെടുത്തു. സംഘടനാ പ്രശ്നങ്ങൾ നിലനിൽക്കവേ തന്നെ 8000 വോട്ടിന്റെ ഭൂരിപക്ഷം ഇടതു പക്ഷം ഉദുമയിലെ പഞ്ചായത്തുകളിൽ നേടി.

കെ സുധാകരന്റെ പലായനം:

കേരള രാഷ്ട്രീയത്തിലെ മാഫിയാ സംസ്കാരത്തിന്റെ മുഖമാണ് കെ സുധാകരൻ. കണ്ണൂരിൽ അക്രമ രാഷ്ട്രീയത്തിന്റെ വിത്ത് പാകിയ ആൾ. വർഗീയതയുടെ വിഷബീജങ്ങൾ കണ്ണുരിനെ കുരുതിക്കളമാക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ സിപിഐഎം വിരോധത്തിന്റെ പേരിൽ അവർക്ക് സർവ പിന്തുണയുമായി സുധാകരൻ ഉണ്ടായിരുന്നു. വോട്ട് കച്ചവടത്തിൽ മിടുക്കനായ സുധാകരൻ കണ്ണൂരിൽ ലോക്സഭയിലേക്ക് ജയിച്ചത് RSS – BJP വോട്ടുകൾ കച്ചവടം നടത്തിയാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞത് നാം കേട്ടതാണ്. മണൽ മാഫിയകളുടെ സംരക്ഷകനായ സുധാകരൻ മുസ്ലിം ലീഗിനും അണികൾക്കും വീരപുരുഷനാകുന്നത് അതിന്റെ പേരിലാണ്. പികെ ശ്രീമതി എന്ന ജനകീയ മുഖത്തോട് ഏറ്റുമുട്ടി തോറ്റ സുധാകരൻ കണ്ണൂരിൽ MLA സ്ഥാനം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് പികെ രാഗേഷ് എന്ന കോണ്ഗ്രസ് നേതാവ് വിമതനായി രംഗപ്രവേശം ചെയുന്നത്. കണ്ണൂരിലെ സുധാകരന്റെ അപ്രമാദിത്വത്തെ രാഗേഷ് സുധാകരനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. കൊണ്ഗ്രസ്സിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ കണ്ണൂർ കോർപ്പറേഷൻ ഇടതു പക്ഷം പിടിച്ചടക്കിയതിൽ രാഗേഷ് നല്കിയത് ചെറുതല്ലാത്ത സംഭാവനയാണ്. സുധാകരൻ കണ്ണൂർ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തനാകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. സുധാകരൻ കണ്ണൂർ ജില്ലയിൽ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും താൻ റിബലായി മൽസരിക്കുമെന്ന് പികെ രാഗേഷിന്റെ പ്രഖ്യാപനം സുധാകരന് കൂനിന്മേൽ കുരു പോലെയായി. അങ്ങനെയാണ് സുധാകരൻ ഉദുമയിലെക്ക് പലായനം ചെയ്യുന്നത്.

ഉദുമയുടെ ചുവന്ന മണ്ണിലേക്ക് :

സുധാകരനെ ഉദുമയിലെക്ക് കൊണ്ടുവരുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ലീഗ് നേതൃത്വവും CK ശ്രീധരന്റെ നേതൃത്വത്തിലുള്ള ചില കോണ്ഗ്രസ് നേതാക്കളും ആയിരുന്നു. രണ്ടു കൂട്ടർക്കും കൃത്യമായ അജണ്ടകളും ഉണ്ടായിരുന്നു. അനധികൃത പൂഴി കടത്തും മാഫിയാ പ്രവർത്തനത്തിന്റെ വിപുലീകരണവുമായിരുന്നു ലീഗിന്റെ ലക്ഷ്യമെങ്കിൽ പാർട്ടിയിലെ യുവനേതാവ് പെരിയ ബാലകൃഷ്ണനെ ഒതുക്കുകയായിരുന്നു CK ശ്രീധരന്റെയും കൂട്ടരുടെയും ലക്‌ഷ്യം. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ പെരിയ ബാലകൃഷ്ണന്റെ പേരായിരുന്നു UDF സ്ഥാനാർഥിയായി ആദ്യം മുതൽ ഉയർന്നു കേട്ടിരുന്നത്. അദ്ദേഹത്തെ ഒതുക്കാൻ സുധാകരന്റെ പലായനം ജില്ലയിലെ കോണ്ഗ്രസ് നേതാക്കളിൽ ചിലർ സമർത്ഥമായി ഉപയോഗപ്പെടുത്തി.

അധാർമികവും അപകടം നിറഞ്ഞതുമായ ഇടപെടലുകൾ:

സുധാകരൻ ഉദുമയിലെക്ക് വരുമ്പോൾ കൂടെ തന്റെ മാഫിയാ രാഷ്ട്രീയ സംസ്കാരവും കൊണ്ടു വന്നിരുന്നു എന്നതിന് ഒട്ടേറെ ദ്രിഷ്ടാന്തങ്ങളുണ്ട്. ഒരു ചാനൽ സംവാദത്തിനിടെ സുധാകരന് അഹിതമായ ചോദ്യം ചോദിച്ച ആളെ കായികമായി കൈകാര്യം ചെയ്താണ് സുധാകരന്റെ അനുയായികൾ നേരിട്ടത്. സുധാകരൻ ഉദുമയിൽ എറിഞ്ഞത് കറുപ്പും വെളുപ്പും അടങ്ങിയ കോടികളാണ്. വോട്ടിനു പണം നൽകി പലവിധ പ്രലോഭനങ്ങൾ. സംഘപരിവാരത്തിന്റെ വോട്ടുകൾ മറിക്കാനുള്ള ശ്രമങ്ങൾ. അതിൽ നല്ലൊരളവിൽ സുധാകരൻ വിജയിച്ചു. 25000-ത്തിൽ പരം വോട്ടുകൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേടിയ ബിജെപിയുടെ വോട്ട് ഉദുമയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 5000 ത്തോളം കുറഞ്ഞു. കേരളത്തിൽ മിക്കയിടത്തും BDJS നെ അടക്കം കൂട്ടുപിടിച്ച് വോട്ട് വർധിപ്പിച്ച ബിജെപിക്ക് ഉദുമയിൽ അവരുടെ ജില്ലയിലെ മുതിർന്ന നേതാവ് മത്സരിച്ചിട്ടും വോട്ട് കുറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസവും ഈ ഐക്യം പ്രകടമായിരുന്നു. പലയിടങ്ങളിലും ബിജെപിക്ക് ബൂത്ത്‌ എജെന്റ് ഉണ്ടായിരുന്നില്ല.

പൊരുതിനിന്ന ധീര സഖാക്കൾ :

ഉദുമ പിടിക്കാൻ സുധാകരൻ കാടിളക്കി വന്നപ്പോൾ ഉദുമയുടെ ചുവന്ന മണ്ണിനെ ചുവപ്പിച്ചു തന്നെ നിർത്താൻ ഊണും ഉറക്കവും ഉപേക്ഷിച്ച് പൊരുതി നിന്നു സഖാക്കൾ. എല്ലാ അധാർമിക ഇടപെടലുകളേയും അതിജീവിച്ച് ഉദുമയിൽ വീണ്ടും ചെങ്കൊടി ഉയരത്തിൽ പാറിക്കാൻ കഴിഞ്ഞത് അത്തരമൊരു നിശ്ചയദാർഡ്യം കൊണ്ടാണ്. അസത്യങ്ങളുടെ വലിയൊരു മലവെള്ളപ്പാച്ചിൽ തന്നെ ഉദുമയിൽ സുധാകരനും കൂട്ടരും സൃഷ്ടിച്ചു, മറുവശത്ത് പണത്തിന്റെ ധാരാളിത്തവും മാഫിയ രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രയോഗവും. ഉദുമയെ കലാപ കലുഷിതമാക്കാൻ സുധാകരൻ അടവുകളെല്ലാം പയറ്റിയപ്പോൾ കണ്ണ് തുറന്നിരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. അവരാണ് ഇടതു പക്ഷത്തെ വീണ്ടും ജയിപ്പിച്ചത്. UDF-ന് മൃഗീയ ഭൂരിപക്ഷമുള്ള ചെമ്മനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രം കൂടിയാണ്. കാസറഗോഡ് ജില്ലയിലെ മുസ്ലിം ലീഗിന്റെ രീതിശാസ്ത്രത്തെ, അവരുടെ അണികളുടെ സാംസ്കാരിക നിലവാരത്തെ പറ്റി അറിയുന്നവർക്ക് മനസ്സിലാകും എന്തുകൊണ്ട് ലീഗിന്റെ കേന്ദ്രത്തെ പറ്റി പ്രത്യേക പരാമർശം നടത്തി എന്ന്. മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്ന മുസ്ലിം ലീഗിനോട് സംസ്കാരമില്ലായ്മയും ബുദ്ധിശൂന്യതയും കള്ളക്കടത്ത് അടക്കമുള്ള മാഫിയാ സംസ്കാരവും ചേരുമ്പോൾ അത് കാസറഗോട്ടെ മുസ്ലിം ലീഗായി. SDPI, ജമാ-അത്ത് തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകളേക്കാൾ അപകടകരവും തീവ്രവുമാണ് കാസറഗോഡ് ജില്ലയിലെ മുസ്ലിം ലീഗിന്റെത് എന്ന് അനുഭവങ്ങളിൽ നിന്നും ഉറപ്പിച്ചു പറയാൻ പറ്റും. മനുഷ്യനെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്ന, ആക്രമിക്കുന്ന അപരിഷ്കൃത തെമ്മാടികൂട്ടമാണ്‌ കാസറഗോഡുള്ള ലീഗിന്റെ അണികൾ. അവരുടെ കായികമായ ആക്രമണത്തെ ധൈര്യപൂർവം നേരിട്ടതിന്റെ കൂടി ഫലമാണ് ഉദുമയിലെ ഇടതു വിജയം. കള്ളവോട്ട് ചെയ്യാൻ സുധാകരൻ തന്നെ ആഹ്വാനം ചെയ്യുന്നത് നാമെല്ലാം കേട്ടു. അത് തന്നെയായിരുന്നു ലീഗിന്റെ സ്വാധീന മേഖലകളിൽ അവർ കാലങ്ങളായി നടപ്പിലാക്കികൊണ്ടിരുന്നതും. അതിനെ ചോദ്യം ചെയ്‌താൽ ബൂത്ത്‌ എജെന്റുമാരെയടക്കം തല്ലിയോടിക്കാരാണ് ലീഗ് ചെയ്യുക. പക്ഷെ ഇത്തവണ സഖാക്കൾ ഉറച്ചു തന്നെയായിരുന്നു. വിശേഷിച്ച് ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലെ സഖാക്കൾ ഞങ്ങളെ തല്ലിക്കൊന്നാലും കള്ളവോട് ചെയ്യാൻ ലീഗിനെ അനുവദിക്കില്ല എന്ന ഉറച്ച നിലപാടെടുത്തപ്പോൾ സുധാകരൻ കണക്കുകൂട്ടിയ ഭൂരിപക്ഷം ഈ പഞ്ചായത്തുകളിൽ കിട്ടാതെ പോയി. സുധാകരനെ മുട്ടുകുത്തിക്കുന്നതിൽ പ്രധാന ഘടകമായി വന്നതും ആ ധീരമായ ഇടപെടൽ ആയിരുന്നു.

നേരത്തെ പ്രതിപാദിച്ചതു പോലെ സംഘടനാപരമായ ചില പ്രശ്നങ്ങൾ ഉദുമയുടെ ഭാഗമായ ബേടകം ഏരിയയിൽ ചെറിയതോതിൽ ഉണ്ട്. അതിൽ നിന്നു മുതലെടുപ്പ് നടത്താം എന്ന ധാരണ സുധാകരനെന്ന കുറുക്കൻ ബുദ്ധിക്കാരന് ഉണ്ടായിരുന്നു. കൊണ്ഗ്രെസ്സ് അണികളെ പോലെ കാലുവാരാനും സംഘടനാ പ്രശ്നങ്ങളെ തിരഞ്ഞെടുപ്പിലേക്ക് നീട്ടി ചെങ്കൊടിയെ ഈ മണ്ണിൽ താഴ്‌ത്തി കെട്ടാനും ഞങ്ങളെ കിട്ടില്ല എന്ന ഉറച്ച നിലപാട് സിപിഐഎമ്മിനെ സ്നേഹിക്കുന്ന ജനത എടുത്തപ്പോൾ കെ കുഞ്ഞിരാമന് ഏറ്റവും വലിയ ഭൂരിപക്ഷം നല്കിയത് ബേടകം ഏരിയക്ക് കീഴിൽ വരുന്ന പഞ്ചായത്തുകൾ ആയിരുന്നു. ബെടകത്തെ വിഭാഗീയതയുടെ വിളനിലം എന്ന് ചാപ്പ കുത്തുന്നവർക്ക് കൂടിയുള്ള മറുപടിയാണ് അവർ നൽകിയത്.

അഭിമാനപൂർവം ആറാമതും ഇടതുപക്ഷം:

ഉദുമയുടെ ചുവപ്പ് നല്ല കട്ടിയുള്ളതാണ് .. അതങ്ങനെയൊന്നും മായില്ല … മായാൻ ഈ നാട് സമ്മതിക്കില്ല .. ഏറെയേറെ അഭിമാനമുണ്ട് ഉദുമയിലെ ജനതയെയോർത്ത്. ഈ തിരഞ്ഞെടുപ്പിൽ കള്ളപ്പണവും മദ്യവും ഒഴുക്കി ഉദുമയെ വിലക്ക് വാങ്ങാം എന്നൊരു ധാരണ സുധാകരനും സുധാകരനെ ഉദുമയിലേക്ക് കൊണ്ടുവന്ന കാസറഗോട്ടെ ലീഗിനും കൊണ്ഗ്രെസ്സിനും ഉണ്ടായിരുന്നു. അതിനൊന്നും വഴങ്ങുന്നവരല്ല ഞങ്ങൾ എന്ന് നെഞ്ചുറപ്പോടെ വിളിച്ചു പറഞ്ഞു ഉദുമയിലെ ജനം. സുധാകരന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കാൻ അവസരം കിട്ടിയ ഒരു വോട്ടറെന്ന നിലയിൽ അതിയായ ആഹ്ലാദമുണ്ട്… തിരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ കൊണ്ഗ്രെസ്സ് അണികൾ സുധാകരന്റെ ബലത്തിൽ ഉദുമയിൽ കാണിക്കുന്ന നെഗളിപ്പിനെ പറ്റി മുന്പ് പ്രതിപാദിച്ചു. മെയ്‌ 19 നു സുധാകരൻ കണ്ണൂരിലെക്ക് പരാജിതനായി വണ്ടി കയറും അതുകൊണ്ട് സുധാകരനെ കണ്ട് വല്ലാതെ നെഗളിപ്പ് വേണ്ട എന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു. അക്ഷരംപ്രതി ഞങ്ങളത് പാലിച്ചു. കണ്ണൂരിൽ രാഗേഷിനെ പേടിച്ച് ഉദുമയിലെക്ക് ഓടിയ സുധാകരൻ ഉദുമയിലെ കൊണ്ഗ്രെസ്സുകാർക്ക് പുലിയായിരിക്കാം, പക്ഷെ ഉദുമയിലെ ചുവപ്പിനെ പ്രണയിക്കുന്നവർക്ക് സുധാകരൻ വെറും ഭീരുവാണ്, രാഗേഷിനെ പേടിച്ചോടിയ രാഷ്ട്രീയ ഭീരു. പുലിയായി വന്ന സുധാകരനെ എലിയാക്കി ഉദുമ തിരിച്ചയച്ചു …

ഉദുമ സമാധാനം കാംക്ഷിക്കുന്നവരുടെ നാടാണ്. ഇടതുപക്ഷത്തിനു നല്ല മേധാവിത്വം ഉണ്ടെങ്കിലും മറ്റുള്ള രാഷ്ട്രീയ പാർടികളിൽ വിശ്വസിക്കുന്നവരും ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്ന നാട് . അവിടെ കണ്ണൂരിൽ ചെയ്തത് പോലെ അശാന്തിയുടെ വിത്ത് മുളപ്പിക്കാനാണ് കെ സുധാകരൻ ശ്രമിച്ചത്‌. സമാധാനപരമായി, സൌഹൃദത്തോടെ നാടിനെ മുന്നോട്ടു കൊണ്ടുപോകണമെന്നും , നന്മയുടെ രാഷ്ട്രീയം ഇവിടെ പുലരണമെന്നും ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. സുധാകരൻ വന്ന് അട്ടഹസിച്ചാൽ അങ്ങനെയൊന്നും വിരണ്ടുപോകുന്നവരല്ല സിപിഐഎംകാർ . കള്ളപ്പണത്തിന്റെയും കള്ളിന്റെയും ഗുണ്ടകളുടെയും ഹുങ്കിൽ ഉദുമയുടെ സ്വൈര്യ ജീവിതം തകർക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ സമ്മതിദാനാവകാശത്തിലൂടെ മറുപടി നൽകി ഉദുമയിലെ പ്രബുദ്ധ സമൂഹം.

സമർപ്പണം:

ഈ വിജയത്തിന്റെ നേരവകാശികളായ ചിലരുണ്ട്. ഈ വിജയം ആദ്യം സമർപ്പിക്കപ്പെടെണ്ടതും അവർക്കാണ്….
ഈ ചുവന്ന പുലരി കാണാൻ കഴിയാതെ പാതി വഴിയിൽ വീണുപോയ നിരവധി രക്തസാക്ഷികളുടെ ധീര സ്മരണകളിരമ്പുന്ന മണ്ണാണ് ഉദുമയുടെത്…സ്വന്തം രക്തം കൊണ്ട് ഈ നാടിനെ ചുവപ്പിച്ചവർ… മാനടുക്കത്തെ സഖാവ് വിജയൻ, ബേത്തലത്തെ സഖാവ് ബാലകൃഷ്ണ നായക്ക്, വീട്ടിയാടിയിലെ സഖാവ് അപ്പച്ചൻ, ചാമക്കൊച്ചിയിലെ സഖാവ് നാരായണ നായക്ക്, ദേലംപാടിയിലെ സഖാവ് രവീന്ദ്ര റാവു… അങ്ങനെ നിരവധി സഖാക്കൾ.. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മാത്രം നിരവധി രക്തസാക്ഷികൾ … ലീഗുകാർ കൊന്നുതള്ളിയ കീക്കാനത്തെ സഖാവ് മനോജ്‌ , കൊണ്ഗ്രെസ്സുകാർ കൊന്നുതള്ളിയ ഉദുമയിലെ സഖാവ് ബാലകൃഷ്ണൻ …വീണിട്ടും വീഴാതെ ഇന്നും ആവേശമായ സമര യൌവനങ്ങൾ .. ഭരണകൂട തേർവാഴ്ച്ചയുടെയും കള്ളക്കേസുകളിലൂടെയും കഴിഞ്ഞ അഞ്ചു വർഷമായി നിരന്തരം വേട്ടയാടപ്പെട്ട സഖാക്കൾ… എല്ലാ വേട്ടയാടലുകളെയും വകഞ്ഞുമാറ്റിക്കൊണ്ട് പ്രക്ഷോഭ സമരങ്ങളിലെക്ക് ആർത്തലച്ചു കയറിവന്ന അസംഖ്യം സമരസഖാക്കൾ….
ആവേശവും അഭിമാനമുണ്ട് ഈ സഖാക്കളെയോർത്ത്.. തച്ചുതകർക്കാൻ ഒരുങ്ങിപുറപ്പെട്ടവരോട് അങ്ങനെയൊന്നും തോൽക്കാനും കീഴടങ്ങാനും മനസ്സില്ല എന്ന് നെഞ്ചു വിരിച്ചു തന്നെ വിളിച്ചു പറഞ്ഞവരാണിവർ. അവർ തന്നെയാണ് ഈ വിജയത്തിന്റെ നേരവകാശികൾ.

ലേഖകന്‍ : ജതിന്‍  ദാസ്‌

Share.

About Author

136q, 0.827s