Leaderboard Ad

കാലികറ്റ് സര്‍വ്വകലാശാലയിലെ സമരം എന്തിന്? ആര്‍ക്കു വേണ്ടി ?

0

വിജ്ഞാനത്തിന്‍റെ ഏറ്റവും പുതിയ തലത്തിലേക്ക് മാനവ സമൂഹത്തെ നയിക്കാന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സ്ഥാപനങ്ങളാണ് സര്‍വകലാശാലകള്‍. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഇരിപ്പിടങ്ങളായ സര്‍വകലാശാലയില്‍ ഭരണം നടത്തുന്നത് ജനാധിപത്യ ഭരണസമിതികളാണ്.

സര്‍വകലാശാലയുടെ പരമാധികാരി ഗവര്‍ണ്ണര്‍ (ചാന്‍സലര്‍), വിദ്യാഭ്യാസ മന്ത്രി (പ്രൊ.ചാന്‍സലര്‍), വൈസ് ചാന്‍സലര്‍, പ്രൊ.വൈസ് ചാന്‍സലര്‍, സിണ്ടിക്കേറ്റ്, സെനറ്റ്. സിണ്ടിക്കേറ്റ് ധാരണകള്‍ സെനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് വൈസ് ചാന്‍സലര്‍ നടപ്പിലാക്കും. ഇതാണ് സര്‍വകലാശാലയിലെ ഭരണ സംവിധാനം. ആക്റ്റ് സ്ടാറ്റ്യൂറ്റിന് വിധേയമായിട്ടാണ് സര്‍വകലാശാല പ്രവര്‍ത്തിക്കേണ്ടത്. മുകളില്‍ പറഞ്ഞതെല്ലാം  ഒരു സര്‍വകലാശാലയില്‍ നടക്കേണ്ട കാര്യങ്ങള്‍. ദോഷം പറയരുതല്ലോ, ഇതൊന്നും കഴിഞ്ഞ മൂന്നര വര്‍ഷമായി കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നില്ല. കാരണക്കാര്‍ ആരെന്ന ചോദ്യം വരുമ്പോള്‍ തലകുനിച്ച് നില്‍ക്കേണ്ടിവരുന്നത് ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന യുഡിഎഫ് സര്‍ക്കാറിനാണ്, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിനാണ്, വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിനാണ്. ഐക്യമുന്നണി-സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ വിദ്യാഭ്യാസ രംഗം വിവാദ കലുഷിതമാകുക പതിവാണ്. അത് ഇത്തവണയും തെറ്റിച്ചില്ല. പടച്ച തമ്പുരാന്‍റെ പേരുള്ള വിദ്യാഭ്യാസ മന്ത്രി അധികാരമേറ്റ നാള്‍ മുതല്‍ അധ്യാപക-വിദ്യാര്‍ഥി സമൂഹം ഒന്നടങ്കം സാക്ഷാല്‍ പടച്ചോന് വരെ ഇരിക്കപ്പൊറുതി കൊടുക്കാത്തവിധം പ്രാര്‍ത്ഥിക്കുകയാണ്. കാരണം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും സര്‍വോപരി വര്‍ഗീയതയെ പരിപോഷിപ്പിക്കുന്നതുമായ നയങ്ങളാണ്. ഹയര്‍സെക്കന്‍ഡറി മുതല്‍ ഓപ്പണ്‍ സ്കൂള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമുദായവല്‍ക്കരിച്ചും ഉന്നത വിദ്യാഭ്യാസരംഗം സര്‍ക്കാരിലെ  ഘടക കക്ഷികള്‍ക്കും അവരുടെ വോട്ട് ബാങ്ക്-സമുദായ സംഘടനകള്‍ക്കും വീതം വച്ചു. ആ വീതം വെപ്പാണ്‌ ഇന്ന് കേരളത്തിലെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നോക്കിയാല്‍ ഇത് മനസ്സിലാക്കാം. “അത്തിക്കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്‍” എന്ന് പറഞ്ഞപോലെ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സര്‍വകലാശാലകളിലേക്ക് “യോഗ്യരായ” അധികാരികളെ കണ്ടെത്താന്‍ കഴിയാതെ യു.ഡി.എഫ് ഘടക കക്ഷികളും സമുദായ സംഘടനകളും നെട്ടോട്ടമോടി. ഒടുവില്‍ കണ്ടെത്തിയവര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലാത്തതിനാല്‍ പുറത്തുപോകേണ്ടി വന്നു, MG യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പുറത്താക്കേണ്ടിവന്നത് നാം കണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കാകട്ടെ ആദ്യം തീരുമാനിച്ച എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്ററെ ഒഴിവാക്കേണ്ടി വന്നു. ഒടുവില്‍ കണ്ടെത്തിയ ആളാകട്ടെ, വിജിലെന്‍സ് കേസുകള്‍ കൊണ്ടും തല തിരിഞ്ഞ പരിഷ്ക്കാരങ്ങള്‍ കൊണ്ടും സര്‍വകലാശാലയെ വിവാദ ഭൂമിയാക്കി മാറ്റി.

ഷെഹ്ബാസ് അമന്‍ സമരത്തിനോപ്പം...

ഷെഹ്ബാസ് അമന്‍ സമരത്തിനോപ്പം…

1968ല്‍ ഇ.എം.എസ് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാലിക്കറ്റ് സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കുന്നത്. 46 വര്‍ഷത്തെ പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്നും ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്ന വിദ്യാര്‍ഥി രോദനങ്ങള്‍ക്ക് ഉത്തരവാദി ആരെന്ന ചോദ്യത്തിനുത്തരം 2011 ആഗസ്റ്റ്‌ 12നു സര്‍വകലാശാലയുടെ വിസി ആയി ചുമതലയേറ്റ എം അബ്ദുല്‍സലാം എന്നാണ്. വിവാദങ്ങള്‍ക്ക് ഇടവേളകള്‍ നല്‍കാതെ അദ്ദേഹം മൂന്ന് വര്‍ഷമായി സര്‍വകലാശാല ഭരിയ്ക്കുന്നു. ഒരു സര്‍വകലാശാലയില്‍ നിന്നല്ല, വലിയങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുപോലും ഉയര്‍ന്നു കേള്‍ക്കാത്ത വിവാദങ്ങള്‍ ആണ് അബ്ദുസലാം കേള്‍പ്പിച്ചത്. ഏറ്റവും ഒടുവിലിതാ സര്‍വകലാശാലയില്‍ മീന്‍ കച്ചവടം നടത്താന്‍ വരെയുള്ള തീരുമാനങ്ങളില്‍ എത്തിയിരിക്കുന്നു. എന്തൊക്കെയായിരുന്നു ആ വിവാദങ്ങള്‍ എന്നൊന്ന് നോക്കാം.പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും തകിടം മറിച്ചു. ഒന്നര മാസക്കാലമായി സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. പഠന വകുപ്പുകള്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയെ നോക്കുകുത്തിയാക്കി. സെനറ്റ്, സിണ്ടിക്കേറ്റ് എന്നിവയെ നിശ്ചലമാക്കി. 75 ലക്ഷം ചിലവിട്ട് സര്‍വകലാശാലാ വളപ്പിലെ കാട് വെട്ടി വെളുപ്പിച്ചു! തന്നെ നിയമിച്ചവര്‍ക്കുള്ള പാരിതോഷികമായി സര്‍വകലാശാലയിലെ ഭൂമി ദാനം ചെയ്തു. കേണല്‍ പദവി നേടിയെടുക്കാന്‍ എന്‍സിസിയ്ക്ക് എട്ടേക്കര്‍ ഭൂമി അനുവദിച്ചു. യുജിസിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയെന്ന പേരില്‍ പതിനൊന്നാം പദ്ധതിക്കാലത്ത് അനുവദിക്കപ്പെട്ട 14 കോടി രൂപയില്‍ 8 കോടി തിരികെ നല്‍കി. പുതിയ ഭരണകാര്യാലയം രൂപ കല്‍പ്പന ചെയ്യാന്‍ ലക്ഷങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. യുജിസി നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇഷ്ടക്കാര്‍ക്ക് സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു. ക്യാമ്പസ്സിലെ ഗവേഷകര്‍ക്ക് ബയോമെട്രിക് ഹാജര്‍ നടപ്പിലാക്കി. സ്വന്തക്കാര്‍ക്ക് മാര്‍ക്ക് ദാനം തുടര്‍ക്കഥയാകുന്നു. ഇതിനെല്ലാം എതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ 200 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ല എന്ന ഉത്തരവിറക്കിയാണ് വിസി അതിനെ നേരിട്ടത്. ഏറ്റവുമൊടുവില്‍ മാസങ്ങളായി പരീക്ഷകള്‍ നടക്കാതിരിക്കുകയും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പരീക്ഷകളുടെ പോലും പരീക്ഷാ ഫലവും  മാര്‍ക്ക്‌ ലിസ്റ്റും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാരം വരെ നടത്തേണ്ട അവസ്ഥ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായി.

1614376_604114079693585_2823818436801037202_o

സര്‍വകലാശാല ക്യാമ്പസ്സില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കുടില്‍ കെട്ടി സമരം നടത്തുകയാണ്. ഹോസ്റ്റലിലെ അസൌകര്യങ്ങള്‍ മൂലമുള്ള കടുത്ത ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 650 വിദ്യാര്‍ഥികള്‍ക്ക് മാത്രം സൌകര്യമുള്ള ഹോസ്റ്റലില്‍ ഇപ്പോള്‍ 1200 പേരാണ് താമസിക്കുന്നത്. പുരുഷ ഹോസ്റ്റലിലെ കുടുസ്സുമുറിയില്‍ 4 വിദ്യാര്‍ഥികള്‍ വരെ താമസിക്കേണ്ട അവസ്ഥ വരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വേണ്ടത്ര സുരക്ഷയോ ചുറ്റുമതില്‍ പോലും  ഇല്ലാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ ഈ വിഷയങ്ങള്‍ പരിഹരിക്കില്ലെന്നു മാത്രമല്ല, സ്വാശ്രയ വിദ്യാര്‍ഥികളെ കൂടി ഹോസ്റ്റലില്‍ താമസിപ്പിക്കണം എന്നാണ് വിസി തീരുമാനം എടുത്തിരിക്കുന്നത്. ആഴ്ചകളോളമായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തോട് ധിക്കാര പരമായ നിലപാടാണ് വിസി സ്വീകരിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവര്‍ണ്ണര്‍ വിളിച്ച യോഗത്തില്‍ പോലും ലാത്തിച്ചാര്‍ജിന്റെയും സമരങ്ങളുടെയും കഥയാണ്‌ വിസിക്ക് പറയാന്‍ ഉണ്ടായിരുന്നത്. വിവാദങ്ങള്‍ ഓരോന്നായി ഉയരുമ്പോളും “തന്നെ നിയമിച്ചവര്‍ പറഞ്ഞാല്‍ മാത്രമേ തിരിച്ചു പോകൂ” എന്നാണ് ഈ മാന്യന്‍റെ വാദം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അസുരവിത്തായി വൈസ് ചാന്‍സലര്‍ മാറുമ്പോളും ഈ നിയമിച്ചവരുടെ മൌനം ആശങ്കയുളവാക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനുള്ള ചട്ടുകമായി ഈ പദവിയെ കാണുന്ന ഭരണ കര്‍ത്താക്കളില്‍ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാനാണ്?

10801673_604130879691905_6151182311185818476_n

ഒരുകാലത്ത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്‍റെ നെടുംതൂണായിരുന്ന ഈ പ്രസ്ഥാനത്തിന്‍റെ തകര്‍ച്ച കണ്ടു നില്‍ക്കാനാകില്ല.ഇവിടെ പതാകകള്‍ തീ മഴയായി പെയ്യുകയാണ്..അരുതെന്ന് വിളിച്ചുപറയാന്‍ തെരുവുകളില്‍ നിന്ന് ആയിരം നാവുകള്‍ ഉയരേണ്ടതുണ്ട്..അനീതിയ്ക്ക് മുന്നില്‍ മൌനികള്‍ ആകാതെ ശബ്ദിക്കുക തന്നെ വേണം..ഇല്ലെങ്കില്‍ വരും തലമുറകള്‍ പോലും നമ്മെ കുറ്റക്കാരെന്ന് വിളിക്കും..

-സമീഷ്‌ എം.

Share.

About Author

137q, 0.738s