Leaderboard Ad

വാല് മുറിഞ്ഞ വെള്ളാപ്പള്ളി

0

‘സദ്‌കര്‍മ്മങ്ങള്‍’ കൊണ്ട് തനിക്കു ചുറ്റും സ്വയം ശത്രുക്കളെ സൃഷ്ടിച് വാലുമുറിച്ചു പുലിവാല് പിടിച്ചയാളാണ് സമുദായ നേതാവില്‍ നിന്ന് രാഷ്ട്രീയക്കാരന്‍റെ കുപ്പായത്തിലേക്കിറങ്ങിച്ചെന്ന കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്‍ അവര്‍കള്‍.

രാജാക്കന്മാർക്കു വാതുവയ്പ്പിൽ ജയിക്കാന്‍ വേണ്ടി അവരുടെ പോരുമൃഗമായി നിന്നുകൊടുത്ത പൂർവ്വിക വിഡ്ഢിത്തം തലമുറകൾക്കുശേഷം വെള്ളാപ്പള്ളിയിലൂടെ വീണ്ടും കാണേണ്ടിവരുന്നു. ജാതി-വർണ്ണ- വ്യവസ്ഥിതിയും അതിലെ ഉച്ചനീചത്വഘടനയും പ്രാമാണിത്തത്തോടെ നിലനിന്നപ്പോൾ അതിന്‍റെ ഗുണഭോക്താക്കളായിരുന്നവരുടെ വക്താക്കൾ അതേ ഉച്ചനീചത്വഘടനയോടെയുള്ള ഹിന്ദുത്വത്തിനുവേണ്ടി പോരിനിറങ്ങുമ്പോൾ പുതിയ പോരുമൃഗത്തിന്‍റെ രൂപമാണ് വെള്ളാപ്പള്ളി നടേശന്.

ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനായി രൂപം കൊടുത്ത ശിവഗിരി ധര്‍മ്മ സംഘത്തിലെ സന്യാസിമാരെ യോഗത്തിന്‍റെ യൂണിയനുകളില്‍ കയറ്റരുതെന്ന അപ്രഖ്യാപിതവിലക്ക് തുടങ്ങിയിട്ട് വര്‍ഷമേറെ കഴിഞ്ഞിരിക്കുന്നു. ആത്മീയകേന്ദ്രമായ ശിവഗിരിയെ തകര്‍ക്കാനും ഗുരുദേവശിഷ്യന്മാരായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കാനും അവരുടെ പ്രവൃത്തികള്‍ തടസപ്പെടുത്താനും ശ്രമിച്ച കഥകള്‍ എല്ലാ ഗുരുദേവ വിശ്വാസികള്‍ക്കുമറിയാം. തനിക്കു അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് പ്രചരിപ്പിച്ച് ശിവഗിരി തീര്‍ഥാടനത്തിന്‍റെ ശോഭ കുറയ്കാന്‍ ഇദ്ദേഹം നടത്തിയ കുതന്ത്രങ്ങള്‍ പ്രസിദ്ധമാണ്. എല്ലാ സ്ഥാനമാനങ്ങളും മുഴുവന്‍ സമ്പത്തും തനിക്കും തന്‍റെ കുടുംബത്തിനും വേണമെന്ന സ്വാര്‍ത്ഥതയാണ് ശിവഗിരിയിലെ സന്യാസിമാരെയും ആത്മീയതയെയും പവിത്രമായ ഗുരുദേവദര്‍ശനങ്ങളെയും വെള്ളാപ്പള്ളി നടേശന്‍ ഭയക്കുന്നതിനുള്ള കാരണം.

ഈ ഭയം മറച്ചുവച്ചുകൊണ്ട് വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് പൊതുസമൂഹത്തെ ഭയപ്പെടുത്തി കാര്യസാധ്യം നേടുകയെന്നതാണ് നടേശതന്ത്രം . മുന്‍കാലങ്ങളില്‍ കുറച്ചൊക്കെ വിജയിക്കാന്‍ കഴിഞ്ഞ ഈ തന്ത്രം, പൊതുജനവും സമുദായ അംഗങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയെന്നത്തിന്‍റെ സൂചനയാണ് ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.

കാലാകാലങ്ങളില്‍ വരുന്ന കേന്ദ്ര സര്‍ക്കാരുകളോട് നടേശന്‍ മുതലാളി കാണിക്കുന്ന വിധേയത്വത്തിന് നിരവധി മാനങ്ങളുണ്ടെന്നാണ് പിന്നാമ്പുറ കഥ . നിരോധിത സംഘടനയായിരുന്ന എല്‍. ടി. ടി. ഇ ക്ക് മണ്ണെണ്ണ വിറ്റതും രേഖകളില്ലാതെ വയര്‍ലെസ്സ് സെറ്റ് കൈവശം വച്ചതുമായ കേസുകളും ഒപ്പം കൂനിന്മേല്‍ കുരുപോലെ ഇന്‍കംടാക്സ് റെയ്ഡും പൊങ്ങിവന്ന സമയത്താണു സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റ് ലേബലുള്ള വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രം ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരുമായി ആദ്യം അടുക്കുന്നത്. ആ അടുപ്പം ഗുണം ചെയ്തതുകൊണ്ടാവാം തുടര്‍ന്നുവന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഈഴവ സമുദായ നേതാവായ നടേശന്‍ മുതലാളി.

കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ സോണിയക്ക് കസവ് സാരി കൊടുത്ത മുതലാളി പണ്ട് വാജ്‌പേയി സര്‍ക്കാരിനോടും ഇപ്പോള്‍ മോഡി സര്‍ക്കാരിനോടും കാട്ടുന്ന സ്നേഹവും വിധേയത്വവും സമുദായ ഉന്നതിക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ കൂടെ നിര്‍ത്താനുള്ള കുടില തന്ത്രമാണ്. ഇത് തന്നെയാണ് വെള്ളാപ്പള്ളി എക്കാലവും പയറ്റിപ്പോരുന്നതും. തന്‍റെ കഴുത്തില്‍ കുരുക്ക് വീഴാതിരിക്കാനുള്ള അടവ് മാത്രമാണ് സമുദായസ്നേഹമെന്ന മുഖംമൂടി. എന്നാലിത്തവണ മുതാളിയുടെ മോഹം ഒരു പടികൂടി കടന്നായിരുന്നു. സ്വന്തം സാമ്പത്തിക അഭിവൃദ്ധി എന്നതിനപ്പുറം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഗുരുദേവദര്‍ശനത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത മകനെ ഈഴവ സമുദായത്തിന്‍റെ ലേബലില്‍ ഒരു കരയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം ചരടുവലികള്‍ നടത്തിയത്. അതിനദ്ദേഹം തിരഞ്ഞെടുത്ത വഴി ഏറ്റവുമെളുപ്പത്തില്‍ കേരളത്തില്‍ വിറ്റഴിക്കാമെന്ന് വെറുതെ വ്യാമോഹിച്ച വര്‍ഗീയതയുടെതായിരുന്നു; സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റ് മുഖമൂടിയില്‍ നിന്ന് സംഘപരിവാര്‍ കളസത്തിലെക്കുള്ള ചുവടുമാറ്റം.

തന്‍റെ നിലനില്‍പ്പിനും അപ്രമാദിത്വത്തിനും വിഘാതമാകുന്നത് സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന കമ്യൂണിസ്റ്റ് അനുഭാവികള്‍ ആയിരിക്കുമെന്ന തിരിച്ചറിവ് അയാളിലെ വര്‍ഗീയ മുഖത്തെ കൂടുതല്‍ അനാവരണം ചെയ്തു . സമുദായ അംഗങ്ങളില്‍ വര്‍ഗീയ വിഷം കുത്തിവച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നകറ്റുക എന്ന ഗൂഡ തന്ത്രമായിരുന്നു പ്രതിരോധമായി വെള്ളാപ്പള്ളി നടേശന്‍ പയറ്റിയത്. എസ്സ്. എന്‍. ഡി. പി. ശാഖകളെയും മൈക്രോഫിനാന്‍സ് യൂണിറ്റുകളെയും അതിനായി അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചു. കേരളസമൂഹത്തില്‍ വര്‍ഗീയതയുടെ പത്തിവിരിച്ചാടുന്ന വിഷപ്പാമ്പ് ശശികല ടീച്ചറെപ്പോലും കവച്ചുവയ്ക്കുന്ന പ്രസ്താവനകളുമായി അദ്ദേഹം സംഘപരിവാറിന്‍റെ ഇഷ്ടതോഴനായി മാറുകയായിരുന്നു. കോഴിക്കോട് സഹജീവിയുടെ രക്ഷക്കായി ജീവത്യാഗം ചെയ്ത നൌഷാദെന്ന മനുഷ്യസ്നേഹിക്കുപോലും മതത്തിന്‍റെ ചിഹ്നം ചാര്‍ത്താന്‍ അദ്ദേഹം നടത്തിയ ശ്രമം ആസൂത്രിതമായിരുന്നു; ഭൂരിപക്ഷ വര്‍ഗീയതയുടെ രക്ഷകനാണ്‌ താനെന്ന് ബോധ്യപ്പെടുത്തുവനുള്ള ബോധപൂര്‍വ്വമായ ശ്രമം.

കേരളത്തില്‍ താമരവിരിയിക്കാന്‍ പറ്റിയ ഏറ്റവും വളക്കൂറുള്ള ചെളിയുടെ ഉടമയെ കണ്ട സംഘപരിവാറും അവരുടെ നേതൃത്വവും നടേശന്‍ മുതലാളിക്ക് കൈയ്യയച്ചു സഹായം ചെയ്തുകൊണ്ടിരുന്നു. അമിത് ഷാ – നരേന്ദ്ര മോഡി കൂട്ടുകെട്ടിന്റെ പിന്തുണയാണ് തന്‍റെ മുതല്‍ക്കൂട്ടെന്ന് സമൂഹത്തെ കാണിക്കുന്നതിലും അദ്ദേഹം പുറകിലായിരുന്നില്ല . സംസ്ഥാന ബിജെപി നേതൃത്വത്തെ ഒഴിവാക്കി ബിജെപി കേന്ദ്രനേതൃത്വവുമായി നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ കാണിച്ച വ്യഗ്രതയുടെ പിന്നിലെ ലക്ഷ്യവും ഇത് തന്നെയായിരുന്നു .അതില്‍ ഒരുപരിധിവരെ വിജയം കാണാനും കഴിഞ്ഞു എന്നുവേണം കരുതാന്‍.

സമുദായ നേതാവിന്‍റെ ലേബലില്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ട് സ്വയം നാറുകയെന്നത് കണിച്ചുകുളങ്ങരയിലെ മുതലാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല . അദ്ദേഹത്തിന്‍റെ തട്ടകമായ ആലപ്പുഴയില്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ പിന്തുണ നലികിയോ അവരൊക്കെ തോറ്റതും ആര്‍ക്കെതിരായി നിപാടെടുത്തിട്ടുണ്ടോ അവരൊക്കെ ജയിച്ച ചരിത്രവും ഈ സമുദായ നേതാവിന് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ് . എന്നാല്‍ സമുദായത്തിന്‍റെ മറവില്‍ തന്‍റെയും കുടുംബത്തിന്‍റെയും ഉപജാപക സംഘത്തിന്‍റെയും താല്പര്യം സംരഷിക്കാന്‍ രാഷ്ട്രീയമായ മുന്നേറ്റം എന്ന ലക്‌ഷ്യം മുന്‍നിറുത്തിയാണ് ഇത്തവണ വെള്ളാപ്പള്ളി നടേശന്‍ കരുക്കള്‍ നീക്കിയത് .

പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളത്തിന്‍റെ വടക്കും തെക്കും മധ്യത്തിലും നടത്തിയ സമുദായസംഗമങ്ങള്‍ ഇതിന്‍റെ ആദ്യപടിയായിരുന്നു. നാരായണഗുരുവെന്ന വികാരത്തെ തൊട്ടുണര്‍ത്തി സംഗമങ്ങളില്‍ അണിനിരത്തിയ ലക്ഷങ്ങള്‍ തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിച്ചിടത്ത് വെള്ളാപ്പള്ളി നടേശന്‍ എന്ന സമുദായ നേതാവിലെ കൌശലക്കാരന്‍റെ പതനം തുടങ്ങുകയായിരുന്നുവെന്ന് പറയാം.
കാലം കാത്തുവച്ച അനിവാര്യമായ പതനം !!.
തന്‍റെ മുന്‍കാല രാഷ്ട്രീയ നിലപാടുകളുടെ പരാജയം നല്‍കിയ പരിഹാസ്യമുഖം കുത്തി നോവിക്കുന്നതുകൊണ്ടാവാം സംഘപരിവാര്‍ ബന്ധം ആധികാരികമായി തുടങ്ങിയത്തിനുശേഷം നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലില്ലാതെ സമുദായ ലേബലില്‍ മത്സരിക്കക്കുകയെന്ന അങ്ങേയറ്റം തന്ത്രപരമായ നീക്കം നടത്താന്‍ വെള്ളാപ്പള്ളി നടേശനിലെ ബിസിനസ്സുകാരനെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ചില മേഖലകളില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കുവാന്‍ കഴിഞ്ഞെങ്കിലും അത് കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിന്‍റെ അംഗബലവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറിയൊരു ശതമാനം മാത്രമായിരുന്നു എന്നതാണ് വസ്തുത. രാഷ്ട്രീയമായ സ്വാധീനങ്ങള്‍ക്കപ്പുറം മതം ജാതി സമുദായം പ്രാദേശികം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്. ഒരു സമുദായ സംഘടനെയെ സംബന്ധിച്ച് അവരുടെ ശക്തി തെളിയിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വേദി. അവിടെയാണ് സമുദായ ജനസംഖ്യയുടെ പത്തില്‍ താഴെ ശതമാനത്തിന്‍റെ പിന്തുണ മാത്രം നേടാന്‍ സാധിച്ച ഒരു സ്വയം പ്രഖ്യാപിത വിശുദ്ധന്‍റെ യഥാര്‍ത്ഥ പതനത്തിന്‍റെ ആരംഭം.

ജില്ലാപഞ്ചായത്തിലെയോ ബ്ലോക്ക് പഞ്ചായത്തിലെയോ ഒരു വിജയം പോലും അവകാശപെടാന്‍ കഴിയാതെ ഏതാനും ചില ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ വിജയത്തിലോതുങ്ങി സമുദായ പാര്‍ട്ടിയുടെ വിളംബര പടയോട്ടം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്സ്. എന്‍. ഡി. പി നേതൃത്വം കൈക്കൊണ്ട പരസ്യമായ രഹസ്യ തീരുമാനം സിപിഎം ലേബലില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുവാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കണമെന്നതായിരുന്നു. തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസ്സിന് വോട്ട് കൊടുത്താലും വേണ്ടില്ല സി. പി. ഐ. എമ്മിനെ തോല്‍പ്പിക്കണം എന്ന ലക്‌ഷ്യവുമായി കരുക്കള്‍ നീക്കിയ വെള്ളാപ്പള്ളി നടേശന്‍റെ രാഷ്ട്രീയ പരാജയത്തിന്റെ ആഴം അറിയാന്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊല്ലം ആലപ്പുഴ ജില്ലകളില്‍ സി. പി. ഐ. എം നേടിയ തിളക്കമാര്‍ന്ന വിജയം മാത്രം മതിയാവും. കോട്ടയം ജില്ലയിലെ ഈഴവ സമുദായത്തിന് മൃഗീയ ഭൂരിപക്ഷമുള്ള തിരുവാര്‍പ്പ്, അയ്മനം, കുമരകം പഞ്ചായത്ത് ഭരിക്കുന്നത്‌ ഇടതുപക്ഷമാണെന്ന് കൂടി അറിയുക.

സംഘപരിവാര്‍ സൗഹൃദം പൂത്തുലുയുമ്പോഴും ഉമ്മന്‍ചാണ്ടിയുമായുള്ള സംബന്ധം രഹസ്യമായി കൊണ്ടുപോകുന്നതിലും വെള്ളപ്പാള്ളി നടേശനിലെ കൌശലക്കാരന്‍ വിജയിച്ചിരുന്നു. ഉമ്മന്‍ചാണ്ടി നല്‍കിയ ചില ഉറപ്പിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സമുദായത്തിന്റെ ലേബലില്‍ ബി. ഡി. ജെ. എസ്സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയം. സംഘപരിവാറിനോട് ഇഴപിരിയാത്ത സൌഹൃദവും കോണ്‍ഗ്രസ്സിനോട്‌ മൃദുവായ സമീപനവും കൈക്കൊണ്ടുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ലായ ഈഴവ സമുദായ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി അതുവഴി നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വ്യക്തിപരമായ വിജയവും സിപിഎമ്മിന്‍റെ പതനവും സ്വപ്നംകണ്ടുകൊണ്ടുള്ള രാഷ്ട്രീയ ചുവടുവയ്പ്പ്. എന്നാല്‍ വെള്ളപ്പാള്ളി നടേശന്‍റെ കണക്കുകൂട്ടലുകള്‍ക്കുമേലെ കരിനിഴല്‍ വീഴിത്തിക്കൊണ്ട് സിപിഎമ്മും വിശിഷ്യാ കേരളം രാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കുന്ന വി. സ്സ് അച്യുതാനന്ദനും ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ വെള്ളപ്പാള്ളി നടേശനും സമുദായ നേതൃത്വവും മുന്നോട്ടു വച്ച കാല്‍ പിന്നോട്ട് വയ്ക്കുന്ന കാഴ്ചയാണ് കേരളസൂഹം കണ്ടത്.

മൈക്രോഫിനാസ്, ശാശ്വതീകാനന്ദ വിഷയങ്ങള്‍ സജീവ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരുവാനും അവ സമുദായ അംഗങ്ങളുടെ ഇടയില്‍ത്തന്നെ ചര്‍ച്ചയാക്കുവാനും ഇടതുപക്ഷം വിജയിച്ചപ്പോള്‍ പ്രതിരോധം പോലും തീര്‍ക്കാനവാതെ പിന്മാറാന്‍ നിര്‍ബന്ധിതനായ വെള്ളാപ്പള്ളി നടേശന്‍ മനസ്സുകൊണ്ട് പരജായം ഉറപ്പിചിരുന്നുവെന്നു വേണം കരുതാന്‍. ബിജെപി പിന്തുണയോടെ 37 മണ്ഡലങ്ങളിലാണ് ബി.ഡി.ജെ. എസ് മത്സരിച്ചത്. പല മണ്ഡലങ്ങളിലും വിജയം സ്വയം ഉറപ്പിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത് തന്നെ . കേരള രാഷ്ട്രീയത്തിലെ ‘കറുത്തകുതിര’ യെന്ന് മഞ്ഞ – അന്തി പത്രങ്ങളും എഴുതി സുഖിപ്പിച്ചു. സി.പി.ഐ.എം.ന്‍റെ അടിത്തറയിളകിയെന്നുള്ള പ്രചാരണം തന്നെയായിരുന്നു രഹസ്യമായി കോണ്‍ഗ്രസ്സ് പരസ്യമായി ബിജെപി -ബിഡിജെഎസ് സഖ്യവും നടത്തിയത് . അതിന്‍റെ ചുവടുപിടിച്ചാണ് പ്രധാന മത്സരം കോണ്‍ഗ്രസ്സും എന്‍.ഡി. എ യുമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ കുട്ടനാടന്‍ പ്രസ്താവന തന്നെ.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള എസ്സ്. എന്‍ ഡി. പി. ശാഖകളെയും മൈക്രോഫിനാന്‍സ് യൂണിറ്റുകളെയും സമുദായ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തി, കേരളത്തിലങ്ങോളമിങ്ങോളം പറന്നു നടന്നു വര്‍ഗീയ മാലിന്യം വിതറാന്‍ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ ഹെലികോപ്റ്ററുമായി കാടിളക്കി നടത്തിയ പ്രചാരണം, ഗുരുവിനെ ഒരേ സമയം ദൈവമായും സമുദായ നേതാവായും കാണുന്ന സമുദായത്തിലെ ന്യൂനപക്ഷം വരുന്ന ഭക്തശിരോമണികളില്‍ ഉണ്ടാക്കിയ ആവേശം ചെറുതല്ല. ആവേശ തള്ളിച്ചയില്‍ ബീ. ഡി. ജെ. എസ്സ് ഭരണം വരെ സ്വപ്നം കണ്ടുപോയി ഇവര്‍.
എന്നാല്‍ മെയ്‌ 19 നു പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം വെല്ലാപ്പള്ളിയെപോലും ഞെട്ടിച്ചുകളഞ്ഞു. കേരളജനസംഖ്യയുടെ നാലില്‍ ഒരുഭാഗത്തെ സംഭാവന ചെയ്യുന്ന സമുദായത്തിന്റെ ലേബലില്‍ വന്ന പാര്‍ട്ടിക്ക് ഒരു സ്ഥലത്തുപോലും ജയിക്കാനോ എന്തിനധികം പറയുന്നു രണ്ടാംസ്ഥാനത്ത് വരാന്‍ പോലും സാധിച്ചില്ല എന്നതാണ് രസകരമായ വസ്തുത. സമുദായത്തിന്‍റെ ഘടനയും പ്രവര്‍ത്തനവും ഇതിലും എത്രയോ അസംഘടിതമായി നിലകൊണ്ട ഇന്നലെകളില്‍ എസ്സ്. ആര്‍. പി എന്ന ഇതേ സമുദായ പാര്‍ട്ടി നേടിയെടുത്ത വിജയത്തിന്‍റെ നിഴല്‍ പോലുമാകാന്‍ കഴിയാത്ത ദയനീയ പ്രകടനം എന്നതാണ് വസ്തുത….
അതെ സമയം എന്‍. ഡി. എ സഖ്യകക്ഷിയായ ബിജെപി ഒരിടത്ത് ജയിച്ചു ചരിത്രം കുറിക്കുകയും എഴിടത്ത് രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ മത്സരിച്ച എല്ലായിടത്തും ഇരുപതിനായിരത്തോളം വോട്ടു നേടി മുന്നേറ്റം ഉണ്ടാക്കിയെന്നു നടേശന്‍ മുതലാളിയുടെ ആജ്ഞാനുവൃന്ദം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് വെള്ളപ്പാള്ളി നടേശനും എസ്സ്. എന്‍. ഡി. പി യോഗവും മനസ്സിലാക്കി കഴിഞ്ഞു എന്നതാണ് സത്യം. ആ സത്യം അറിയണമെന്നുണ്ടെങ്കില്‍ മലമ്പുഴയിലെ സ: അച്യുതാനന്തന്‍റെ വിജയവും, ഉടുമ്പഞ്ചോലയിലും പീരുമെട്ടിലും ഏറ്റുമാനൂരും ഇടതുപക്ഷം നേടിയ തിളക്കമാര്‍ന്ന വിജയവും മാത്രം പരോശോധിച്ചാല്‍ മതിയാവും. മലമ്പുഴയില്‍ സ: വി എസ്സ് അച്യുതാനന്ദനെതിരായ എല്ലാ നീക്കങ്ങളും നടത്തിയത് വെള്ളപ്പാള്ളി നടേശന്‍ നേരിട്ടായിരുന്നു . വിഎസ്സി ന്‍റെ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ കിഴക്കുദിക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയിപ്പോള്‍ കണിച്ചുകുളങ്ങര മുറ്റത്തേക് നോക്കി കൊഞ്ഞനം കുത്തുകയാണ്. വെള്ളാപ്പള്ളി നടേശന്‍റെ വ്യക്തിപരമായ കടുത്ത എതിര്‍പ്പിനിടയിലും ഇടുക്കിയിലെ ഉടുമ്പഞ്ചോലയില്‍ എം എം മണിയെന്ന മണിയാശാന്‍ നേടിയ വിജയം സമുദായ നേതാവിന്‍റെ മുഖത്തേറ്റ കനത്തപ്രഹരമാണ്.

വ്യക്തിപരമായി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ. എസ് പാര്‍ട്ടിയും വളരയേറെ ജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലമാണ് ആലപ്പുഴയിലെ കുട്ടനാട്. ഈഴവ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലം; പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മണ്ഡലം. ഇവിടെ സമുദായ പാര്‍ട്ടി പിടിക്കുന്ന ഓരോവോട്ടുകളും എല്‍ ഡി എഫിന്‍റെ പരാജയത്തിന്റെ ആഴം കൂട്ടുമെന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ട മണ്ഡലം. എതിര്‍സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുമായപ്പോള്‍ വിഘടിച്ചുപോകുന്ന ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ വിജയം എളുപ്പമാക്കുമെന്ന് ബി ഡി ജെ എസ്സ് ഉറപ്പിച്ച മണ്ഡലത്തില്‍ ഫലം വന്നപ്പോള്‍ അവര്‍ മൂന്നാംസ്ഥാനത് പോയി എങ്കില്‍ അതിന്‍റെ അര്‍ഥം മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന ഈഴവ സമുദായം നേതൃത്വത്തിന്‍റെ ഫത്വ തള്ളിക്കളഞ്ഞു എന്നുതന്നെയാണ്. സ്വന്തം തട്ടകമായ ആലപ്പുഴയിലെ ഈ പരാജയം വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചും സമുദായ നേതൃത്വത്തെ സംബന്ധിച്ചും വ്യക്തിപരമായ പരാജയമാണ് . കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സി. പി. എം സ്ഥാനാര്‍ഥിയുടെ വിജയവും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈഴവ ഭൂരിപക്ഷമേഖലയായ തിരുവാര്‍പ്പ്, അയ്മനം, കുമരകം, നീണ്ടൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ ലെ തോമസ്‌ ചാഴിക്കാടനോട് 1800 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മാത്രം ജയം നേടിയ സുരേഷ് കുറുപ്പ് ഇത്തവണ ബി ഡി ജെ എസ്സിനെ ശക്തനായ സ്ഥാനാര്‍ഥി കോട്ടയം യൂണിയന്‍ പ്രസിഡന്‍റ് കൂടിയായ കെ ജി തങ്കപ്പന്‍ മണ്ഡലത്തില്‍ നിറഞ്ഞു നിന്നപ്പോഴും തന്‍റെ ഭൂരിപക്ഷം 5 ഇരട്ടിയായുയര്‍ത്തി തിളക്കമാര്‍ന്ന വിജയം നേടിയത് വ്യക്തിപരമായി ബി ഡി ജെ സിന്‍റെ പരാജയം കൂടിയാണ്.

അങ്ങിനെ കേരള രാഷ്ട്രീയത്തിലെ കറുത്ത കുതിരയാവാന്‍ അതുവഴി വിലപേശലിന്റെ രാഷ്ട്രീയം സ്വപ്നംകണ്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ നീക്കങ്ങള്‍ക്ക്‌ പ്രബുദ്ധരായ സമുദായ അംഗങ്ങള്‍ പുറംതിരിഞ്ഞു നിന്നുകൊണ്ട് മറുപടി കൊടുത്തുവെന്നതാണ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ബി.ഡി. ജി. എസ് എന്ന പാര്‍ട്ടിയുടെ രൂപീകരണവും നിയമസഭാതിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും, ആള്‍ബലംകൊണ്ടും പണംകൊണ്ടും സമൂഹത്തിന് മുന്‍പില്‍ കരുത്തനെന്ന മുഖം അണിഞ്ഞിരുന്ന വെള്ളാപ്പള്ളി നടേശനെന്ന നേതാവിന്‍റെ വ്യക്തിപരമായ പരാജയവും, അനിവാര്യമായ പതനത്തിന്‍റെ തുടക്കവുമായി വേണം കരുതാന്‍. ബിജെപിയുമായി വേദി പങ്കിടുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ കൊണ്ഗ്രസ്സുമായി ഉണ്ടായിരുന്ന രഹസ്യ ബാന്ധവം മറ്റാരെക്കാളും നന്നായി മനസ്സിലാക്കിയ ബിജെപി സംസ്ഥാന നേതൃത്വം മുന്‍പത്തെപ്പോലെ സമുദായ പാര്‍ട്ടിയെ അംഗീകരിക്കാന്‍ മുതിരില്ല.
ബിജെപിയുടെ മുന്നേറ്റത്തില്‍ ബി. ഡി. ജെ. എസ്സ് ന് കാര്യമായ പങ്കില്ലെന്നാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആ വിഷയം അവര്‍ കേന്ദ്രനേതൃത്വത്തെയും വേണ്ടവിധം ധരിപ്പിച്ചതിന്റെ ഫലമാണ് തുഷാര്‍ വെള്ളാപ്പള്ളിയെ മറികടന്ന് സുരേഷ്ഗോപി നേടിയ രാജ്യസഭാംഗത്വം . ഈ നീക്കം വെള്ളാപ്പള്ളിയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട് എന്നുവേണം കരുതാന്‍.
കഴിഞ്ഞ കുറേനാളുകളായി നിഴലിനോട്‌ യുദ്ധംചെയ്യുന്നതുപോലെ സിപിഎമ്മിനെ ശത്രുപക്ഷത്തു നിറുത്തി ആക്രമിക്കുക എന്നതായിരുന്നു എസ്സ്. എന്‍. ഡി. പി നേതൃത്വം സ്വീകരിച്ചിരുന്ന തന്ത്രം . അതുകൊണ്ടുതന്നെ അധികാരത്തില്‍ ഏറിയിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്നും കാര്യമായ ഒരു പരിഗണനയും വെള്ളാപ്പള്ളി നടേശന് ലഭിക്കുവാന്‍ സാധ്യതയില്ല. അങ്ങിനെ വരുമ്പോള്‍ സമുദായത്തിന് അര്‍ഹമായത് നേടിയെടുക്കാന്‍ കഴിയാതെ വരുന്ന നേതൃത്വത്തോട് എതിര്‍പ്പ് ഉയരുക സ്വാഭാവികമാണ് . രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണവും സംഘപരിവാര്‍ ശക്തികളുമായുള്ള അടുപ്പവും സമുദായ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ നീരസവും എതിര്‍പ്പും ചെറുതല്ല.

ഇലക്ഷന്‍ സമയത്ത് തന്നെ പെട്ടിത്തെറികള്‍ പ്രകടമായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പരജായം സംഭവിച്ചതോടെ ഈ എതിര്‍പ്പുകള്‍ പ്രത്യക്ഷമാവുകയും അത് വലിയരീതിയിലുള്ള മാറ്റങ്ങള്‍ക്കു കാരണമാവുകയും ചെയ്യാനാണ് സാധ്യത. അതിന്‍റെ ലക്ഷണങ്ങള്‍ പല കോണുകളില്‍ നിന്നും കണ്ടുതുടങ്ങിയിട്ടുണ്ട്. ഒപ്പം സാനു മാഷിനെപ്പോലുള്ളവരെ മുന്‍നിറുത്തി എസ്സ്. എന്‍.ഡി പി യോഗത്തെ വെള്ളാപ്പള്ളി നടേശന്‍റെ നീരാളിപ്പിടിയില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സി പി എം നേതൃത്വത്തില്‍ അണിയറയില്‍ നടന്നുവരുന്നു . ഇതിന്‍റെ പശ്ചാത്തലത്തിലാണ് യൂണിയന്‍ ശാഖാ ഓഫീസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നും എസ് എന്‍ ഡിപിക്കു ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമില്ലെന്നുമുള്ള യോഗത്തിന്‍റെതായി പുറത്തുവന്ന പ്രസ്താവനഎന്നത് ശ്രദ്ധേയമാണ്. ഒപ്പംവര്‍ഷങ്ങളായി വെള്ളാപ്പള്ളി നടേശനെ അകലത്തില്‍ നിറുത്തിയിരിക്കുന്ന ശിവഗിരി മഠത്തിന്‍റെ സഹായത്തോടെ ഗുരുദേവ വിശ്വാസികളെ സമുദായ ചിന്തയുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തമാക്കി ഗുരുവിന്റെ പാതയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നുവരുന്നതും ഭീതിയോടെയാണ് നടേശന്‍ മുതലാളിയും ഉപജാപക സംഘവും നോക്കിക്കാണുന്നത്.
എസ് എന്‍ ഡി പി യോഗത്തിന്‍റെ ജനറല്‍ സെക്രട്ടറിയെന്ന നിലയിലും വക്തിപരമായും നിരവധി അഴിമതി ആരോപണങ്ങളും കൊലപാത കുറ്റവും ആരോപിക്കപ്പെടുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. ശിവഗിരി മഠം മുന്‍ മഠാധിപതി ശാശ്വതീകാനന്ദ സ്വാമികളുടെ മരണത്തില്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ നിലക്കുന്നവരില്‍ പ്രമുഖനാണ് എസ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി. സ്വാമികളുടെ മരണം സംബന്ധിച്ചു പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സ്ഥിതിക്ക് പുനരന്വേഷണം വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയും മുന്‍ ആഭ്യന്തരമന്ത്രിയുമായുള്ള അടുപ്പം കൊണ്ട് അവയെയൊക്കെ മറികടക്കാന്‍ വെള്ളാപ്പള്ളി നടേശന് കഴിഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ സംഗതികള്‍ അത്രകണ്ട് പന്തിയല്ല . എസ്സ് എന്‍ ഡി പി യോഗം ഏറ്റവും വലിയ വിജയമായി അവകാശപ്പെടുന്ന മൈക്രോഫിനാന്‍സില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് തുറന്നു പറഞ്ഞത് മുന്‍ പ്രതിപക്ഷനേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ്സ് അച്യുതാനന്ദനാണ് . അടൂരിലും , കൊടുങ്ങലൂരും , ഇടുക്കിയിലും മാത്രമല്ല മറ്റു പലയിടത്തും മൈക്രോഫിനാന്‍സിന്‍റെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു . കേവലം സാങ്കേതികത്വം പറഞ്ഞു യോഗ നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയുന്ന ഒന്നല്ല മൈക്രോഫിനാസ് തട്ടിപ്പ് . മൈക്രോഫിനാന്‍സ് പദ്ധതിക്കായി പിന്നോക്കവികസന കോര്‍പറേഷനില്‍ നിന്നും 3 ശതമാനം പലിശയ്ക്കു ലഭിച്ചപണമാണ് കൊള്ള പലിശയ്ക്കു സമുദായ അംഗങ്ങള്‍ക്ക് നല്‍കിയത്. ആ തട്ടിപ്പിന് കുട പിടിക്കാനാണ് ബാറിലെ പഴയകണക്കു എഴുത്തുകാരനായ കെ.കെ. മഹേശനെ മൈക്രോഫിനാന്‍സ് പദ്ധതിയുടെ കോ.ഓര്‍ഡിനെറ്റര്‍ ആക്കിയത്. സ്വതന്ത്രമായ ഒരന്വേഷണം എത്തിച്ചേരുക മുന്‍പ് വി എസ്സ് പറഞ്ഞതുപോലെ സമുദായ നേതാവിന്‍റെ അഴികള്‍ക്കു പിന്നിലെ ജീവിതത്തിലേക്കായിരിക്കും.

കൊല്ലം എസ്.എന്‍. കോളേജിന്‍റെ കനകജൂബിലിആഘോഷ കമ്മിറ്റി കണ്‍വീനര്‍ ആയിരിക്കെആഘോഷ പരിപാടിക്ക് വേണ്ടി സമാഹരിച്ച 35,44,437 രൂപയില്‍ ചെലവ് ചെയ്ത 15,26,775 രൂപ കഴിച്ചു മിച്ചമായ 20,17,662 രൂപയുടെ പേരില്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തികകുറ്റാന്വേഷണം വിഭാഗത്തിന്‍റെ നടപടി നേരിടുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍ . ഇവയ്ക്കു പുറമെയാണ് സ്വന്തം കുടുംബാംഗങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ എന്ന സാമ്പത്തിക സ്ഥാപനം നടത്തിയ സാമ്പത്തിക തിരിമറികളുടെ ആരോപണം, നികുതി വെട്ടിപ്പ് എന്നിങ്ങനെ പലവിഷയങ്ങളും ഉറയില്‍ നിന്നൂരിയ വാളുപോലെ നടേശന്‍ മുതലാളിയുടെ തലക്കു മീതെ ആടുകയാണ് . സ്വാഭാവികമായും ഇടതുപക്ഷ സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ മുന്നോട്ടു വന്നാല്‍, എസ്സ് എന്‍ ഡി പിയോഗം ജനറല്‍ സെക്രട്ടറി മാത്രമല്ല നേതൃത്വത്തിലെ മറ്റുപലരോടുമോപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും കുടുങ്ങുക തന്നെ ചെയ്യും. ഇത് മറ്റാരെക്കാളും നന്നായി അറിയുന്നത് കൊണ്ടാണ് തന്‍റെ മുന്‍നിലപാടുകളില്‍ മലക്കംമറിച്ചില്‍ നടത്താന്‍ അദ്ദേഹം തയ്യാറായത് . കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തുന്ന പ്രസ്താവനകള്‍ അതിന്‍റെ സൂചനയാണ് . സ്വന്തം താല്‍പര്യപ്രകാരം നിയമിക്കപ്പെട്ട ഡിജിപിയെ നീക്കം ചെയ്തിട്ടും അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല അതിനെ ഭരണം മാറുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക നടപടിയെന്ന് പറഞ്ഞു ലഘുകരിക്കാനാണ് ശ്രമിച്ചത്. പിണറായി വിജയന്‍റെ തുടക്കം ബഹുകേമമെന്ന് പറയാനും മടിച്ചില്ല.

ഇന്നിപ്പോള്‍ ഒരുപടി കൂടി കടന്ന് ബി ഡി ജെ എസ്സിനെ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. യോഗത്തിന്‍റെ ഓഫീസുകളോ ഹാളുകളോ ബിഡിജെഎസിന്റെ പാര്‍ട്ടി യോഗങ്ങള്‍ക്ക് നല്‍കരുതെന്നും സമുദായത്തെ ബിജെപിയുടെ വാലാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞത് സി പി എമ്മിനെ സുഖിപ്പിച്ചു രക്ഷപെടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് . കപട സമുദായസ്നേഹത്തിന്‍റെ മറവില്‍ഇദ്ദേഹവും അനുചര വൃന്ദവും സമുദായത്തോട് ചെയ്യുന്ന അനീതികളുടെ പട്ടിക വളരെ വലുതാണു . 09.11.2003ല്‍ SNDP യോഗ കൌണ്‍സില്‍ തീരുമാന പ്രകാരം മൈക്രോക്രെഡിറ്റ് കോര്‍പറേഷന്‍രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടു ആ തീരുമാനം നടപ്പിലാക്കാതിരിക്കുക വഴിയോഗ അംഗങ്ങള്‍ക്ക് നേരിട്ട് മൈക്രോഫിനാന്‍സ് ലഭിക്കുന്നതിനു ഉള്ള അവസരം ഇല്ലാതാക്കി. മാത്രമല്ല നൂറു കണക്കിന് അംഗങ്ങള്‍ക്ക് തൊഴില്‍ സാധ്യത ഉണ്ടായിരുന്നത് നഷ്ടപെടുത്തുകയും ചെയ്തു. ഇതിലൂടെ ഇന്ന് 1000 കോടിക്ക് മേല്‍ ടേണ്‍ ഓവര്‍ ഉള്ള ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ യോഗത്തിന് സ്വന്തമായിരിക്കുവാനുള്ള അവസരം ഇല്ലാതാക്കിയതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തമിഴ്നാട്ടിലെ ശങ്കരന്‍കോവിലില്‍ ഉപയോഗശൂന്യമായ 25 ഏക്കര്‍ വസ്തു സെന്റിന് വെറും 1000 വെച്ച് വെള്ളാപ്പള്ളിയുടെ അനന്തിരവന്‍ ആര്‍,കെ, ദാസും ബന്ധുക്കളും 2002 നു മുന്‍പ് വാങ്ങിയിരുന്നത് യോഗത്തിന്കോളേജ് തുടങ്ങാന്‍ എന്നപേരില്‍ സെന്‍റിന് 25000 രൂപയ്ക്ക് വാങ്ങിയതുമൂലം നഷ്ടമായത് സമുദായത്തിന്‍റെ പണമാണ് . ഈഴവ സമുദായത്തിന്‍റെ അഭിമാന ചിഹ്നമായ കൊല്ലം ശങ്കേര്‍സ് ആശുപത്രി പണയപെടുത്തി 5 കോടി രൂപ കടമെടുത്തത് എന്തിനായിരുന്നുവെന്ന് ഇന്നും വെളിപ്പെടുത്തിയിട്ടില്ല. നാളെ ശങ്കേര്‍സ് ആശുപത്രി ബാങ്ക് ജപ്തി ചെയ്താലും നഷ്ടം സമുദായത്തിന് മാത്രം. യോഗത്തിന് ലഭിച്ച മെഡിക്കല്‍കോളേജ് വേണ്ടെന്നു യോഗം കൌണ്‍സിലില്‍ വെച്ച് തീരുമാനിച്ചത് അതിലുള്ള ഡോ.വിജയന്‍റെയും, ഡോ.അനില്‍കുമാറിന്‍റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ്. കണ്ടെത്തിയ ന്യായം മെഡിക്കല്‍കോളേജ് നഷ്ടമാണെന്നും. എന്നാല്‍അധികം കഴിയുംമുന്‍പ് വെള്ളാപ്പള്ളി നടേശന്‍ രക്ഷാധികാരി ആയി ഒരുസ്വകാര്യമെഡിക്കല്‍കോളേജ് എറണാകുളത്തു പ്രവര്‍ത്തനം തുടങ്ങിയതും സമുദായത്തിന്‍റെ മാത്രം നഷ്ടം! വ്യാജ യൂനിറ്റ് ഉണ്ടാക്കി മിക്രോഫിനന്‍സ് തട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ ചെങ്ങന്നൂര്‍ യൂണിയനെതിരെ ചെങ്ങന്നൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എഫ്.ഐ.ആര്‍ ഇട്ടു ഉത്തരവായിരിക്കുന്നു. ഇനി എത്ര യൂണിയനുകള്‍ കോടതി കേറാന്‍കിടക്കുന്നു എന്ന്കണ്ടറിയാം. ഇങ്ങനെ ആരോപണങ്ങളുടെ ഒരു നിരതന്നെയുണ്ട് .

പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണു ബിജെപിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നാടകവും. ഈ സുഖിപ്പിക്കലില്‍ വീണുപോകാതിരിക്കാനുള്ള വിവേകം കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ടെന്നാണ് ഭൂരിപക്ഷം സമുദായ അംഗങ്ങളും കരുതുന്നത്. തങ്ങളെ വഞ്ചിക്കുന്ന നേതൃത്വത്തെ മാതൃകാപരമായി നിയമംവഴി ശിക്ഷിക്കാനുള്ള അധികാരമാണ് അവര്‍ ഇടതുപക്ഷത്തെ ഏല്‍പ്പിച്ചിരിക്കുന്നത് . ഒപ്പം ഗുരുവിന്‍റെ ആശയം ഉള്‍ക്കൊള്ളുന്ന ഒരു നവനേതൃത്വത്തിന്‍റെ നിര്‍മ്മിതിയും.

Share.

About Author

136q, 0.647s