Leaderboard Ad

ജെ എന്‍ യുവില്‍ സംഭവിക്കുന്നതെന്ത്?

0

ജെ.എൻ.യു.ദേശവിരുദ്ധ സ്ഥാപനമായി മാറുന്നു എന്ന പ്രചാരവേലകൾ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കയാണ്.അത് അടച്ചിടണമെന്നും നെഹ്രുവിന്റെ പേരുമാറ്റി ഹെഗ്‌ഡെവാറുടെ പേരു ചേർക്കണമെന്നും ഹിന്ദുമഹാസഭ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായുള്ള വാർത്തകളും പുറത്തുവന്നു കഴിഞ്ഞു.. വാർത്ത പ്രകാരം 11 BJP എം.പിമാരും ഈ മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

JNU ഇപ്പോൾ രാജ്യവിരുദ്ധകേന്ദ്രമാണെന്നും അതിന് നേതൃത്വം കൊടുക്കാൻ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ കനയ്യ കുമാര്‍ തയ്യാറായി എന്നുമാണ് ഇവരുടെ വാദം.എന്നാൽ ഇത് തെളിയിക്കുന്നതിനുള്ള ഒരു രേഖയും ഇന്നേവരെ ഹാജരാക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല.

അതേ അവസരം ABVP വിദ്യാർത്ഥികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സംഘപരിവാര്‍ ഇതു മായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ആവട്ടെ കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണെന്ന് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കനയ്യക്കെതിരെ ആ നിയമം നിലനിൽക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പറയേണ്ടിവന്നു എന്നതാണ് .ഇതിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തെ എതിർക്കില്ലെന്ന് ഡൽഹി പോലീസ് മേധാവി പറഞ്ഞതായും വാർത്തയും പുറത്തുവന്നിട്ടുണ്ട്.

സംഘപരിവാറിന്റെ JNUനെ തകർക്കാനുള്ള ഈ അജണ്ടകളുമായി യോജിക്കില്ലെന്നു പറഞ്ഞ് ABVP യുടെ ചില ഭാരവാഹികൾ ആ സംഘടനയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

കനയ്യയെ കോടതിയിൽ ഹാജരാക്കുന്നത് തടയാനും അദ്ദേഹത്തെ ആക്രമിക്കാനുമുള്ള പദ്ധതികൾ പട്യാല കോടതി വളപ്പിൽ വക്കീൽ വേഷമിട്ട സംഘപരിവാറുകാർ നടത്തുകയുണ്ടായി . കോടതി മുറിക്കകത്തു പോലും വിദ്യാർത്ഥികളെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. BJP യുടെ MLA ഒ.പി ശർമയുടെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം അരങ്ങേറിയത്.

കോടതിയിലെ അനിഷ്ട സംഭവങ്ങളെ പരിശോധിക്കൂന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം എത്തിയ മുതിർന്ന അഭിഭാഷകരെ പോലും RSS – സംഘപരിവാർ സംഘം ആക്രമിക്കുകയുണ്ടായി. സുപ്രീംകോടതി അയക്കുന്ന പ്രതിനിധികൾ യഥാർത്ഥത്തിൽ സുപ്രീം കോടതിയുടെ പ്രതിനിധികളാണ്. അവരെയും ആക്രമിക്കുന്ന സ്ഥിതിയാണ് സംഘപരിവാര്‍ സ്വീകരിച്ചത്. അതായത് ജുഡീഷറിയെ പോലും വിലകല്‍പിക്കില്ല എന്ന നിലപാടാണ് അവര്‍ ഇതിലൂടെ സ്വീകരിച്ചത്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ JNU ൽ ആരംഭിക്കാൻ കാരണമെന്താണ്? വൈവിധ്യമാർന്ന നിരവധി പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന ക്യാമ്പസാണ് JNU.ഇടതുപക്ഷ രാഷ്ട്രീയത്തിനു മേൽക്കൈ ഉണ്ടെങ്കിലും ഇന്ത്യയിലെ വ്യത്യസ്തങ്ങളായ രാഷ്ട്രീയത്തിന്റെ പ്രതികരണവും സ്വാധീനവും JNUൽ ഉണ്ട്. അതിന്റെ ഭാഗമായിത്തന്നെ നിരവധി ചർച്ചകൾ അവിടെ ഉയർന്നു വരാറുണ്ട്.

തൂക്കിക്കൊലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ JNUവില്‍ സജീവമായി ഉയര്‍ന്ന് വന്നിട്ടുണ്ട്. അഫ്സൽ ഗുരുവിന്റെ തൂക്കിലൊലയുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് ചില വിദ്യാർത്ഥികൾ അനുവാദം ചോദിച്ചു.ഇടതുവിദ്യാര്‍ത്ഥികള്‍ ആരും ഈ പരിപാടിയുടെ സംഘാടകരിലുണ്ടായിരുന്നില്ല. സര്‍വകലാശാലാ അധികൃതർ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ പരിപാടി ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പായി ABVPയുടെ പരാതിയെത്തുടര്‍ന്ന് ഈ പരിപാടിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു.

രണ്ടു തരം നയങ്ങൾ സ്വീകരിക്കുന്നുവെന്ന പ്രശ്നം ഇവിടെ ഉയർന്നുവന്നതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. സംഘര്‍ഷത്തിനിടയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും കാശ്മീര്‍ സംബന്ധമായ മുദ്രാവാക്യങ്ങളും ഉയര്‍ന്ന് വന്നു.

എന്നാൽ ഈ മുദ്രാവാക്യം വിളിയിലും മറ്റും സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റിന് പങ്കില്ല.മുദ്രാവാക്യം വിളിച്ചവരാകട്ടെ സംഘർഷം കലുഷിതമാക്കാൻ ചിലABVP പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന വീഡിയോ .ക്ലിപ്പിംഗ് പുറത്തു വന്നു. എന്നാൽ അതിന്റെ പേരിൽ അവരാരെയും ചോദ്യം ചെയ്യാനോ കസ്റ്റടിയിൽ എടുക്കാനോ കേന്ദ്രസർക്കാർ തയ്യാറായില്ല.

അഫ്സൽ ഗുരുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഉയർന്നുവന്നു. പൊതുബോധത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമായാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചതെന്ന പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.

കാശ്മീരിലിപ്പോൾ PDP യും BJP യും ചേർന്ന് ഭരിക്കുന്നു. PDP യാകട്ടെ അഫ്സൽഗുരു വധത്തിന് എതിരാണ്. അദ്ദേഅഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കാശ്മീരിലേക്ക് കൊണ്ടുവരണമെന്ന കാഴ്ചപ്പാടും അവർക്കുണ്ട്.ഇത്തരം സംഘടനയുമായി സഖ്യം ചേർന്ന് കാശ്മീർ ഭരിക്കുന്നവരാണ് BJP. അതിനു യാതൊരു പ്രയാസവുമില്ലാത്ത BJP ക്കാരാണ് ഇപ്പോൾ അഫ്സല്‍ ഗുരുവിന്റെ പേര് പറഞ്ഞ് ദേശീയവികാരത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ജനാധിപത്യവാദികൾക്കെതിരെയും ഇടതുപക്ഷ പ്രവർത്തകർക്കെതിരെയും പ്രചണ്ഡമായ പ്രചാരവേലകൾ നടത്തുന്നത്.

ഇതിന്റെ തുടർച്ചയിൽ ദേശീയ വാദികൾ സംഘപരിവാറുകാരാണെന്നും കമ്യൂണിസ്റ്റുകാരും ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും ദേശദ്രോഹികളാണ് എന്നുമുള്ള പ്രചാരവേലകളും നടന്നുകൊണ്ടിരിക്കയാണ്.

ഈ സംഭവങ്ങൾ കാണുമ്പോൾ ജർമ്മനിയിലെ പാർലമെന്റ് കമ്യൂണിസ്റ്റുകാർ കത്തിച്ചു എന്നും അതിനാൽ അവർ രാജ്യദ്രോഹികളും വേട്ടയാടപ്പെണ്ടേവരുമാണെന്ന പ്രചാരവേലകൾ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ പ്രചരിപ്പിച്ചു. അതിന്റെ പേരിൽ കമ്യൂണിസ്റ്റുകാരെയും ദേശീയ വാദികളെയും ആക്രമിക്കുക എന്ന അജണ്ട അവർ നടപ്പിലാക്കി.

തുടർന്ന് നിരവധി കമ്യൂണിസ്റ്റുകാരും ദേശീയവാദികളും കൊല്ലപ്പെട്ടു. ഫാസിസ്റ്റുകള്‍ തന്നെ പാർലമെന്റിന് തീ കൊടുത്തശേഷം അത് കമ്യൂണിസ്റ്റുകാർക്കെതിരായി പ്രയോഗിക്കുകയാണ് ചെയ്തത് .

ഇത്തരം ശക്തികൾ ചെയ്തു വെച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം തങ്ങൾക്ക് ആധിപത്യമുറപ്പിക്കുന്നതിനു വേണ്ടി ഗൗരവമായ ചർച്ചകൾ നടത്തുന്ന കേന്ദ്രങ്ങളെയും ബുദ്ധിജീവികളെയും തകർക്കുക എന്നുള്ളതായിരുന്നു. മാത്രമല്ല പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അത്തരം ചർച്ചകള്‍ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങളെയും ജുഡീഷ്യറിയെയും സമ്മർദ്ദത്തിലാക്കുന്ന പ്രവർത്തനവും ആരംഭിച്ചു.

ഗോൾവാൾക്കർ “നാം നമ്മുടെ ദേശീയത നിർവ്വചിക്കുന്നു” എന്ന പുസ്തകത്തിൽ പറഞ്ഞത് ജർമ്മനിയിലെ ഹിറ്റ്ലറില്‍ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട് എന്നായിരുന്നു. മാത്രമല്ല RSS സ്ഥാപക നേതാവായ V.S. മൂഞ്ചെ മുസ്സോളിനിയെ സന്ദര്‍ശിച്ച് അതിന്റെ സംഘടനാരൂപം RSS ലേക്ക് പകർന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറ്റാലിയൻ ഫാസിസത്തിന്റെയും ഹിറ്റ്ലറുടെ ഫാസിസത്തിന്റെയും ചുവടുപിടിച്ചുള്ള RSS ന്റെ ശൈലി തന്നെയാണ് നമ്മുടെ രാജ്യത്തും പ്രയോഗിക്കാൻ ശ്രമിക്കുന്നത്.

വസ്തുതകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകും.പൂനെ ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുക ,ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ദളിത് വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിക്കുക, JNUനെ തകർക്കുക ഇങ്ങനെ രാജ്യത്തെ ബൗദ്ധിക കേന്ദ്രങ്ങളും തങ്ങള്‍ക്കെതിരെയുള്ള 1ചിന്താ രീതികളുംതകര്‍ക്കുക എന്ന കാഴ്ചപ്പാടാണ് ഇതിലുള്ളത്.

രാജ്യദ്രോഹ നിലപാടുകൾ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി അന്വേഷിക്കണമെന്നതിൽ ആർക്കും ഒരു തർക്കവുമില്ല. എന്നാൽ തങ്ങളുടെ കൂടെയുള്ളവർ എടുക്കുന്ന നിലപാടുകൾ ശരിയാണ് എന്ന് പ്രഖ്യാപിക്കുകയും മറ്റുള്ളവർ ചെയ്യുന്ന ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ തെറ്റായിത്തീരുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ രാജ്യത്തുടനീളം ദൃശ്യമാകുന്നത്.

സംഘപരിവാറിന്റെ ഇത്തരം അജണ്ടകളുടെ പശ്ചാത്തലത്തി‌ല്‍ കമ്യൂണിസ്റ്റുകാർ ദേശവിരുദ്ധരാണ് എന്ന പ്രചാരവേലകളും തീവ്രമായി നടപ്പിലാക്കപ്പെടുകയാണ്. രസകരമായ വസ്തുത അവർ പറയുന്ന സമരങ്ങളൊന്നും തന്നെ RSS നടത്തിയതല്ല എന്നതാണ്. ഉദാഹരണമായി ക്വിറ്റ് ഇന്ത്യ സമരം. അത് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരമാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ ചിതാഭസ്മം സൂക്ഷിക്കുന്നവരാണ് ഇത്തരം ന്യായങ്ങളുമായി വരുന്നത് എന്നത് വിചിത്രമാണ്. ആടിനെ പട്ടിയാക്കുന്ന സംഘപരിവാറിന്റെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ലോകത്ത് ഫാസിസ്റ്റ് രീതികൾ നടപ്പിലാക്കാൻ ആഗ്രഹിച്ച ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും പാതയിലൂടെയാണ് സംഘപരിവാർ നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്. അതു കൊണ്ട് ജെ.എൻ.യു.ലെത് കേവലമൊരു സര്‍വകലാശാലയുടെ പ്രശ്നമല്ല. അവിടെ നടക്കുന്ന സമരം രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ സംരക്ഷണത്തിനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. അതു കൊണ്ട് ഇത്തരം പോരാട്ടവുമായി നാം ഐക്യപ്പെടേണ്ടതില്ലേ?

Share.

About Author

116q, 0.477s