Leaderboard Ad

എന്താണ് ദേശസ്നേഹം?

0

ഇന്‍ഡ്യ എന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യകൂടിയ ജനാധിപത്യ രാജ്യം അതിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഫെയ്സ്ബുക്കിലും കവലകളിലും ദേശഭക്തിയും ദേശസ്നേഹവും കവിഞ്ഞൊഴുകുന്നു. പ്രൊഫൈലുകളും കവര്‍ ഫോട്ടോകളും ബാനറുകളും നിറയെ ത്രിവര്‍ണവും ഉദ്ഘോഷങ്ങളും. നാളെ മുതല്‍ കൊടിയിറക്കം, പിന്നെ നമ്മള്‍ വീണ്ടും പഴയപടി തന്നെ.

തെറ്റിദ്ധരിക്കരുത്, പ്രണയിക്കാന്‍ ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നപോലെ വാലന്റൈന്‍സ് ദിനത്തെ വിമര്‍ശിക്കുന്നവരുടെ ലൈനിലല്ല ഈ പറച്ചില്‍‍. ഇവിടെ സംശയിക്കുന്നത് ദേശസ്നേഹം എന്ന, പൊതുബോധത്തില്‍ കൊണ്ടാടപ്പെടുന്ന വികാരത്തെയാണ്. എന്താണ് ദേശസ്നേഹം? സ്വന്തം മാതൃരാജ്യത്തോടുള്ള സ്നേഹം എന്നാകും മറുപടി. അതെങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ളിക് ദിനത്തിനും പതാക ഉയര്‍ത്തി, ഭാരത് മാതാകീ ജയ് വിളിച്ച് പിരിഞ്ഞുപോകുന്നതാണോ? ഇനി വര്‍ഷം മുഴുവന്‍ ഭാരത് മാതാ കീ ജയ് വിളിച്ചാലും അത് ദേശസ്നേഹം ആകില്ല. സ്വന്തം അമ്മയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് എല്ലാ ദിവസവും രാവിലേയും വൈകിട്ടും എന്റെ അമ്മ ലോകത്തിലെ ഏറ്റവും നല്ല അമ്മയാണ് എന്ന് ആവേശത്തോടെ ഉരുവിട്ടാല്‍ അമ്മയുടെ വയറ് നിറയില്ല, അമ്മയ്ക്ക് രോഗമുണ്ടെങ്കില്‍ അത് മാറുകയുമില്ല. അവിടെ പ്രവൃത്തി തന്നെ വേണം. അത് അമ്മയെ സഹായിക്കലാണ്, ശുശ്രൂഷിക്കലാണ്, പരിചരിക്കലാണ്.

ഇവിടെ അമ്മ സ്വന്തം രാജ്യമാണെങ്കില്‍ ജന്മം തന്ന ഒരു വ്യക്തിയെ പരിചരിക്കുന്നത്ര എളുപ്പമാകില്ല കാര്യങ്ങള്‍. അതിന് ഒരു രാജ്യത്തിന്റെ പുരോഗതിയ്ക്ക് പൗരര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പഠിക്കേണ്ടിവരും, അതിലെ ശരിതെറ്റുകള്‍ വ്യക്തമായി തിരിച്ചറിയേണ്ടി വരും, പ്രാവര്‍ത്തികമാക്കാനുള്ള കഴിവ് ആര്‍ജിക്കേണ്ടിവരും. ജനാധിപത്യ വ്യവസ്ഥയില്‍ ഓരോ പൗരന്റേയും ചിന്തയും പ്രവൃത്തിയും രാജ്യത്തെ മൊത്തത്തില്‍ സ്വാധീനിക്കാന്‍ പ്രാപ്തമാണ്. പ്രത്യക്ഷത്തില്‍ തോന്നുന്നില്ല എങ്കില്‍ പോലും അതൊരു വലിയ ഉത്തരവാദിത്തമാണ്. ഉദാഹരണത്തിന് ഒരു വീട്ടുകാര്‍ തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുകയാണ്. അതൊരു തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണെന്ന് തോന്നാം. എന്നാല്‍ ഓര്‍ത്തുനോക്കൂ, അവര്‍ ഒരു കുട്ടിയെ അധികം ജനിപ്പിക്കുമ്പോള്‍ രാജ്യത്തിന് ഒരു പൗരന്‍ കൂടുന്നു. ഇത് ആ കുട്ടി മുട്ടിലിഴഞ്ഞുനടക്കുമ്പോള്‍ പ്രത്യക്ഷമായേക്കില്ല, അയാള്‍ വളര്‍ന്നൊരു മുതിര്‍ന്ന പൗരനാകുമ്പോള്‍, അയാളും വിവാഹം ചെയ്ത് പുതിയ വീടുവച്ച് മാറുമ്പോള്‍, അടുത്ത തലമുറയെ ജനിപ്പിച്ച് കൂടുതല്‍ അംഗസംഖ്യ രാജ്യത്തോട് ചേര്‍ക്കുമ്പോള്‍, രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് നിരവധി അവകാശികള്‍ പുതിയതായി വരുന്നു. വിഭവങ്ങളില്‍ വര്‍ദ്ധനവ് വരാത്തിടത്തോളം, അത് ഓരോരുത്തര്‍ക്കുമുള്ള പങ്ക് കുറയ്ക്കലാണ്.

നമ്മള്‍ സര്‍ക്കാര്‍ ഉദ്യോഗം ചെയ്യുമ്പോള്‍, ഒരു പ്യൂണ്‍ എന്ന നിലയിലായാല്‍ പോലും നമ്മളുടെ ജോലി ഈ രാജ്യത്തിന്റെ മൊത്തം നടത്തിപ്പിന്റെ ഭാഗമാണ് (സര്‍ക്കാര്‍ ‘സര്‍വീസ്’ എന്നാണല്ലോ അതിനെ വിളിക്കുന്നതും). അത് നമ്മള്‍ കൃത്യമായി ചെയ്തില്ല എങ്കില്‍ അത് പരോക്ഷമായ രാജ്യദ്രോഹം തന്നെയാണ്. നമ്മളിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നില്ല, വിദ്യാഭ്യാസ വകുപ്പ് മുതല്‍ യൂണിവേഴ്സിറ്റികളും, കോളേജുകളും, സ്കൂളുകളും, അങ്കണവാടികളും, അവിടങ്ങളിലെ സ്ഥാവര ജംഗമ വസ്തുക്കളും ഉള്‍പ്പടെ, അവര്‍ക്കായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഭീമമായ സാമ്പത്തിക നിക്ഷേപങ്ങള്‍ എത്രയാണെന്ന്. അത് പാഴാക്കലും- പഠിക്കേണ്ട സമയത്ത് പഠിക്കേണ്ടത് പഠിക്കാതിരിക്കുന്നത് പോലും- രാജ്യദ്രോഹമായാണ് കലാശിക്കുന്നത്.

നിങ്ങള്‍ ഏത് കടയില്‍ നിന്ന് ഏത് നിര്‍മാതാവിന്റെ സാധനം വാങ്ങുന്നു എന്നതുപോലും പരോക്ഷമായി ഈ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കാം. ഇങ്ങനെ രാജ്യത്തെ 130 കോടി ജനങ്ങളുടേയും തീരുമാനങ്ങളുടെ ആകെത്തുകയാണ് ഈ രാജ്യം.അതും ശ്രദ്ധിക്കേണ്ടതാണ്- ഇത് നീ, ഞാന്‍, അവര്‍, ഇവര്‍ എന്ന രീതിയിലല്ല, നമ്മള്‍ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെയാണ് ഈ രാജ്യത്തിന്റെ ശില്‍പികള്‍ അത് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പറഞ്ഞ മാതിരിയുള്ള ‘ദൈനംദിനരാജ്യസ്നേഹം’ ആണ് ഈ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്, ഉച്ചത്തിലുള്ള കീ-ജേയ് വിളികളല്ല. അതായത്, യഥാര്‍ത്ഥ രാജ്യസ്നേഹം ഇത്തിരി മെനക്കേടുള്ള പണിയാണ്. പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും സ്റ്റാറ്റസിട്ടും നിര്‍വഹിക്കാവുന്ന ഈസി ജോലിയല്ല. (ഓരോ ഷെയറിനും ഒരു ഡോളര്‍ വച്ച് ഫെയ്സ്ബുക്ക് കൊടുക്കുമെന്നൊക്കെ കാണുമ്പോള്‍, ഈസിയായി ചാരിറ്റി പ്രവര്‍ത്തനം ചെയ്യാന്‍ അവസരം കിട്ടിയ സന്തോഷത്തില്‍ അപ്പപ്പോ ഷെയര്‍ ചെയ്ത് സന്തോഷിക്കുന്നവരാണ് നമ്മള്‍ എന്നത് ഇതുമായി ചേര്‍ത്ത് വായിക്കാം)

മേല്‍പ്പറഞ്ഞത് ഐഡിയല്‍ അവസ്ഥയാണ്. യാഥാര്‍ത്ഥ്യം ഇതല്ല എന്ന് നമുക്കറിയാം. പൗരന്റെ ഏറ്റവും ശക്തിയേറിയ ആയുധമായ വോട്ടിങ് പോലും ചടങ്ങ് പോലെയോ അനാവശ്യമായോ കാണുന്നവരാണ് നമ്മള്‍. വോട്ടിടല്‍ ബാലറ്റ് മെഷീനില്‍ സംഭവിക്കുന്നതല്ലെന്നും സ്ഥാനാര്‍ത്ഥിയേയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളേയും വസ്തുനിഷ്ഠമായി വിലയിരുത്തി, കൂട്ടിക്കിഴിക്കലുകള്‍ നടത്തി ഒരുപാട് ചിന്ത ചെലവാക്കി സാധിച്ചെടുക്കേണ്ട ഒരു വലിയ ഉത്തരവാദിത്തമാണെന്നും നമ്മള്‍ അംഗീകരിക്കുകയുമില്ല. നമ്മുടെ തന്നെ തീരുമാനങ്ങളാണ് നമ്മെ ഭരിക്കുന്നത് എന്ന് നമ്മള്‍ തിരിച്ചറിയുന്നുമില്ല.

അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യാഥാര്‍ത്ഥ്യമാണ്. ദാരിദ്ര്യവും ബാലവേലയും സ്ത്രീപീഡനങ്ങളും അവകാശധ്വംസനങ്ങളും ചൂഷണങ്ങളും യാഥാര്‍ത്ഥ്യമാണ്. ഇതിനെതിരേ നമ്മള്‍ എന്ത് ചെയ്തു/ചെയ്യുന്നു എന്നാലോചിക്കുക. അറി‍ഞ്ഞോ അറിയാതെയോ എത്ര തവണ ഇതിനൊക്കെ നമ്മള്‍ ചൂട്ട് പിടിച്ചുകൊടുത്തു എന്നാലോചിക്കുക. തെറ്റുകള്‍ തിരിച്ചറിയുക, തിരുത്തുക- അവിടെയാണ് രാജ്യസ്നേഹം.

രണ്ട് കൂട്ടരെയാണ് കൂടുതല്‍ കാണാന്‍ കഴിയുന്നത്- ഒരു കൂട്ടര്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ ഭൗതികസാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് ഇവിടെ പുരോഗതിയില്ല എന്ന് ആവലാതി പറയുന്നു. ലോകജനസംഖ്യയുടെ 17%-നെ പരിമിതമായ വിഭവങ്ങളുമായി തീറ്റിപ്പോറ്റാന്‍ ബാധ്യസ്ഥമായ ഒരു രാജ്യത്തെ, വെറും ഒന്നോ രണ്ടോ ശതമാനം ജനങ്ങളുടെ മാത്രം കാര്യം നോക്കേണ്ട വികസിത യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഒരു സിനിമാ വാചകം കടമെടുത്ത് പറഞ്ഞാല്‍, ഒരു രാജ്യവും പെര്‍ഫക്റ്റല്ല, അതിനെ പെര്‍ഫക്റ്റാക്കി മാറ്റേണ്ടി വരും.

വേറൊരു കൂട്ടര്‍ ഈ രാജ്യം ഒരു ബോട്ടാണെങ്കില്‍ തങ്ങളിരിക്കുന്ന ആ ബോട്ട് പണ്ടൊരു വലിയ ക്രൂയിസ് കപ്പലായിരുന്നു എന്നും വേറേ ആരൊക്കെയോ വന്ന് ഇതിനെ തകര്‍ത്ത് ഒരു കൊച്ചുബോട്ടാക്കി മാറ്റിയതാണെന്നും വിശ്വസിക്കുന്നു. മറ്റേതൊരു രാജ്യത്തേയും പോലെ ഗുണദോഷസമ്മിശ്രമായ ഒരു ചരിത്രമാണ് നമുക്കുള്ളത്. ആ ഗുണങ്ങളൊക്കെ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും മടിയുണ്ടാകേണ്ട കാര്യമില്ല. ജാതിവ്യവസ്ഥ ഉള്‍പ്പെടെയുള്ള നിരവധി പഴയകാല ദുഷിപ്പുകളെ (അത് പഴയകാലത്ത് മാത്രമുണ്ടായിരുന്നതാണ് എന്ന ധ്വനിയില്ല) പിന്നിലേക്ക് തിരിഞ്ഞ് നോക്കി കുറ്റം പറയുന്നതില്‍ പ്രയോജനമില്ല, ആ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് വേണ്ടത്. അതിനെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇന്നെങ്കിലും അതൊക്കെ ആവര്‍ത്തിക്കാതെ നോക്കലാണ് രാജ്യസ്നേഹമുള്ള, രാജ്യനന്മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. എന്നാല്‍ അടിക്കടി രാജ്യസ്നേഹം പറയുന്നവരാരും അതിനെതിരേ ചെറുവിരല്‍ അനക്കുന്നതുപോലും കാണുന്നില്ല എന്ന് മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും അതിനൊക്കെ വെള്ള പൂശാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. ബോട്ടില്‍ വെള്ളം കേറുന്നതും അതിന്റെ ചുമരുകളും പള്ളയും തുരുമ്പിക്കുന്നതും അവര്‍ കാണുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്ന ഈ ബോട്ടിലിരുന്ന് ഇപ്പോഴും പണ്ടത്തെ ഇല്ലാത്ത ക്രൂയിസ് കപ്പലിന്റെ പടം വരയ്ക്കാനാണ് പല പ്രഖ്യാപിത രാജ്യസ്നേഹികള്‍ക്കും താത്പര്യം. ആ പടം കൊണ്ട് രാജ്യത്തിനില്ലെങ്കിലും, അവര്‍ക്ക് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.

ഇതൊക്കെ പറയുമ്പോഴും ഓര്‍ക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്. രാജ്യാതിര്‍ത്തികള്‍ ഭരണസൗകര്യത്തിനായുള്ള രാഷ്ട്രീയ ഉപകരണങ്ങള്‍ മാത്രമാണ്. മനുഷ്യരെ വേര്‍തിരിക്കാനുള്ള വൈകാരിക ഉപകരണങ്ങളല്ല. പാകിസ്ഥാനായാലും അമേരിക്കയായാലും ചൈനയായാലും നമ്മളെപ്പോലെ തന്നെയുള്ള മനുഷ്യരാണ് അവിടങ്ങളിലും. നല്ലവരും കെട്ടവരും (ആ വേര്‍തിരിവ് പോലും ആപേക്ഷികമോ അവ്യക്തമോ ആണ്) എല്ലായിടത്തുമുണ്ട്. നമ്മള്‍ നമ്മുടെ കുടുംബത്തേയും അവര്‍ അവരുടെ കുടുംബത്തേയും എന്ന രീതിയില്‍ ജോലി പങ്കിട്ടെടുത്ത് മാനവരാശിയെ ഒന്നോടെ അഭിവൃദ്ധിപ്പെടുത്തുക എന്നതാണ് വിശ്വമാനവികതയുടെ സന്ദേശം.

രാഷ്ട്രീയ അതിരുകളാകരുത് വൈകാരിക എതിരുകള്‍ സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യദിനം ഒരു രാഷ്ട്രീയ ഓര്‍മ്മപ്പെടുത്തലായി കണക്കാക്കാം. മേല്‍പ്പറഞ്ഞപോലെ, നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ നമുക്ക് അധികാരം ഉള്ള അവസ്ഥ ഉണ്ടാക്കാന്‍, വ്യത്യസ്ത ആശയങ്ങളുമായി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ (നമുക്കിന്ന് യോജിക്കാന്‍ കഴിയുന്നതോ അല്ലാത്തതോ ആയിക്കോട്ടെ) മരണം വരിക്കല്‍ ഉള്‍പ്പടെ നിരവധി ത്യാഗങ്ങള്‍ ചെയ്ത അസംഖ്യം വ്യക്തികളെ നാം ഓര്‍ക്കേണ്ടതാണ്. അവരോടൊക്കെയുള്ള കടപ്പാടും ബഹുമാനവും പ്രകടിപ്പിക്കുന്നതോടൊപ്പം അവര്‍ ലക്ഷ്യമിട്ട സ്വാതന്ത്ര്യവും ജനാധികാരവും യുക്തമായി ഉപയോഗിക്കണമെന്നുള്ള ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ (ഓര്‍മ്മപ്പെടുത്തല്‍ വേണം, കാരണം നമ്മളത് മിക്കപ്പോഴും മറക്കുന്നു) ഈ ദിവസം. രാജ്യത്തെക്കുറിച്ച് നമ്മള്‍ അഭിമാനിക്കുന്നതിനേക്കാള്‍ നല്ലത്, നമ്മളെക്കുറിച്ച് രാജ്യത്തിന് അഭിമാനം തോന്നുന്ന അവസ്ഥ സൃഷ്ടിക്കലാണ്.

Credit : VaisakhanThampi

Share.

About Author

116q, 0.502s