Leaderboard Ad

രണ്ട് കഥകള്‍:- എഴുതികൊണ്ടിരിക്കുന്നവ

0

ഇരുട്ടിനെക്കുറിച്ചാണ്
ആദ്യമായെഴുതുക.
പിന്നെയൊന്ന്
നിറങ്ങളെക്കുറിച്ചാണ്.
ഇരുട്ടിനുള്ളിൽ;
നിശബ്ദമായൊഴുകുന്ന നദികള്‍.
ചലിക്കുവാനാവാതെ
ചില നിഴലുകള്‍.
ഇതൊന്നുമല്ലാതെ
കൂട്ടിച്ചേർക്കപ്പെടുന്ന ചില
സങ്കൽപ്പങ്ങളുണ്ട്.
(മായ്ക്കപ്പെട്ട നഖക്ഷതങ്ങൾ
മൗനത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയ
നിലവിളികൾ).
കഥാപാത്രങ്ങൾ
ഇവയൊക്കെ തന്നെയാണ്.
(പൂക്കളെയും
മഴവില്ലിനെയും
ചിത്രശലഭങ്ങളെയും
ഞാൻ മനപ്പൂർവ്വം മറക്കുകയാണ്..!)

ഇരുട്ടിന്‍റെ കഥയില്‍ നിറങ്ങള്‍ക്ക്
എന്നത് പോലെ തന്നെ
നിറങ്ങളുടെ കഥയില്‍
ഇരുട്ടിനും വലിയ പ്രാധാന്യമൊന്നുമില്ല.
എങ്കിലും
ചിലപ്പോഴൊക്കെ സംഭവിച്ചു പോയേക്കാവുന്ന അപ്രതീക്ഷിതമായ ചില വഴിത്തിരുവുകൾ
ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് നടക്കുക.
ചില തെളിവുകള്‍!
(ആരും കാണാതെ പോകുന്നവ)
മുറിഞ്ഞ ചിറകുകള്‍
കൊഴിഞ്ഞ പൂക്കള്‍
ഒലിച്ചുപോയനിറങ്ങൾ.

ഇരുട്ടിന്‍റെ ഞരമ്പുകളിലൂടെ
ചിത്രശലഭങ്ങളുടെ
ശ്മശാനത്തിലേയ്ക്കുള്ള
ഒറ്റവഴി കണ്ടെത്തിയിടത്തുവച്ചു
എന്റെ കഥകള്‍ മുറിഞ്ഞു പോവുകയാണ്‌.
വാക്കുകള്‍ നഷ്ടമായി,
കാഴ്ചകളില്ലാതെ
അപൂർണ്ണമായി തന്നെ
എന്റെയുള്ളിൽ അവശേഷിക്കുകയാണ്.
————————————————————————–

ശൂന്യമായ ചിലയിടങ്ങളിൽ നിന്നും
വാക്കുകള്‍ മുളയ്ക്കുന്നുണ്ട്.
ഓരോ ഇലയനക്കത്തിലും
ഇരുട്ടിലും നിറങ്ങളിലും
കഥകൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.
എഴുതപ്പെട്ടകഥകളുടെ തുടർച്ചകൾ;
അവയിപ്പോൾ തേടിയെത്തുന്നത്
നിങ്ങളെയാവുമെന്നു മാത്രം!!!

Share.

About Author

118q, 0.577s